സൂപ്പർ ബൈക്കുകളുടെ തലതൊട്ടപ്പനെ നിശ്ചയിക്കുന്ന ട്രാക്കാണ് മോട്ടോ ജിപിയുടേത്. 2023-ൽ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ഇന്ത്യ ആദ്യമായി സൂപ്പർ ബൈക്കുകളുടെ ഈ പടയോട്ടത്തിന് വേദിയായത്. നിർമാണത്തിലും സാങ്കേതിക മികവിലും പ്രശസ്ത ഡ്രൈവർമാർ പാടിപ്പുകഴ്ത്തിയ ട്രാക്കിൽ പിന്നീട് അന്താരാഷ്ട്ര മത്സരം നടന്നില്ല. ഇന്ത്യയിൽ തുടർച്ച നഷ്ടപ്പെട്ട ഈ മോട്ടോർ സ്‌പോട്ടിനെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളിലാണ് ഉത്തർപ്രദേശ് സർക്കാർ എന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

മോട്ടോ ജിപിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ, എവിഡബ്ല്യു ഗ്ലോബലുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. മുൻ മോട്ടോ ജിപി റൈഡർ കരേൽ എബ്രഹാം സ്ഥാപിച്ച മോട്ടോർസ്‌പോർട് ഈവന്റ്‌സ് ആൻഡ് അഡൈ്വസറി കമ്പനിയാണ് എവിഡബ്ല്യു ഗ്ലോബൽ. മുമ്പ് മോട്ടോ ജിപി സംഘടിപ്പിച്ച ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിനെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയിൽ മോട്ടോ ജിപിക്ക് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളിലാണ് എവിഡബ്ല്യു ഗ്ലോബൽ എന്നാണ് വിവരം.

മോട്ടോ ജിപി പോലെയുള്ള മോട്ടോ സ്‌പോർട്‌സുകൾക്ക് വലിയ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ നടക്കുന്നതിനോ സ്‌പോൺസർമാരെ കണ്ടെത്തുന്നതിനോ മാത്രമല്ല യുവ പ്രതിഭകളെയും കണ്ടെത്താൻ ഇത് വഴിയൊരുക്കും. ഭാവിയിൽ മോട്ടോ ജിപിയിൽ മത്സരിക്കാൻ സാധ്യതയുള്ള ഇന്ത്യയിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ഇവിടെ മോട്ടോ ജിപി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എവിഡബ്ല്യു മേധാവി അഭിപ്രായപ്പെട്ടു.

മോട്ടോ ജിപിക്ക് പുറമെ, ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പും ഇന്ത്യയിൽ എത്തിക്കാനുള്ള പദ്ധതികളിലാണ് എവിഡബ്ല്യു ഗ്ലോബൽ. എവിഡബ്ല്യുവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ബൈക്ക് റേസിങ്ങിന് വലിയ ആരാധകരുള്ള വിശാലമായ വിപണിയാണ് ഇന്ത്യ. 2026 ഓഗസ്റ്റ് മാസത്തിന് മുമ്പ് ഇന്ത്യയിൽ റേസിങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്നാണ് ടൂ വീലേഴ്‌സ് മോട്ടോർ റേസിങ് പ്രെമോഷണൽ ഡയറക്ടർ റോൺ ഹോങ് അഭിപ്രായപ്പെടുന്നത്.

മോട്ടോ ജിപി തിരിച്ചെത്തിക്കുന്നതിനായി എവിഡബ്ല്യു ഗ്ലോബൽ സർക്കാരുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വളരെ പ്രൊഫഷണൽ രീതിയിൽ തന്നെ ബൈക്ക് റേസിങ് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ഈ സഹകരണം വഴിയൊരുക്കും. ഉത്തർപ്രദേശിലേയും ഇന്ത്യയിലേയും മുഴുവൻ ബൈക്ക് ആരാധകർ സൂപ്പർ ബൈക്കുകളുടെ ട്രാക്കിലെ ഇരമ്പലിനായി കാത്തിരിക്കുകയാണെന്നും ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌ഫോർമേഷൻ കമ്മീഷൻ സിഇഒ മനോജ് കുമാർ സിങ് അഭിപ്രായപ്പെട്ടു.

Source