
കൊച്ചി: നാഷണല്‍ സൂപ്പര്‍ക്രോസ് ബൈക്ക് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ വിക്ടറി സ്റ്റാന്‍ഡില്‍ ജേതാവായി നിന്നത് റയാന്‍ എന്ന മലയാളി കോളേജ് വിദ്യാര്‍ഥിയാണ്. റണ്ണറപ്പായി വില്‍മര്‍ എന്ന പ്ലസ്ടുക്കാരനും ഇതേ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി എക്ടര്‍ എന്ന ഒന്‍പതാം ക്ലാസുകാരനും നിന്നപ്പോള്‍ അത് സഹോദരങ്ങളുടെ സമാനതകളില്ലാത്ത നേട്ടത്തിന്റെ സാക്ഷ്യപത്രമായി. അവിടെയും തീരുന്നില്ല ഇവരുടെ നേട്ടത്തിന്റെ അപൂര്‍വത. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ അച്ഛനും അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും ഒരുമിച്ച് ഇതുപോലെ ബൈക്ക് റേസിങ് ട്രാക്കില്‍ വിജയം നേടിയിരുന്നു.
ഫോര്‍ട്ട്കൊച്ചി ചുള്ളിക്കലിലെ മര്‍ച്ചന്റ് നേവിക്കാരനായ ജോസ് ഗ്രെയിനറുടെയും അധ്യാപികയായ ആനറ്റ് ഹേമയുടെയും മക്കളാണ് റയാനും വില്‍മറും എക്ടറും. കൊച്ചിന്‍ കോളേജില്‍ അവസാന വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയാണ് റയാന്‍ ഹെയ്ഗ്. വില്‍മര്‍ വാലന്റിനോ ചിന്മയ സ്‌കൂളില്‍ പ്ലസ് ടു സയന്‍സിന് പഠിക്കുന്നു. ഇതേ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് എക്ടര്‍ ഇസാക്ക്.
ബൈക്ക് റേസിങ്ങില്‍ കമ്പമുള്ള ജോസ് പതിനാലാം വയസ്സിലാണ് റയാനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്സ് ഓഫ് ഇന്ത്യയുടെ പ്രത്യേക ലൈസന്‍സ് നേടി പരിശീലനം തുടങ്ങിയ റയാന്‍ അതിവേഗമാണ് ബൈക്കോട്ടത്തില്‍ വിദഗ്ധനായത്. ആദ്യം കൊച്ചി മുണ്ടംവേലിയിലെ സ്വകാര്യ ട്രാക്കില്‍ പരിശീലനം തുടങ്ങിയ റയാന്‍ 2018-ല്‍ കൊച്ചിയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍പ്പിനിടെ മഹേഷ് എന്ന ട്രെയിനറെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. മഹേഷിന്റെ കീഴില്‍ തൃശ്ശൂരില്‍ പോയി പരിശീലിച്ച റയാന്‍ പിന്നീട് ബെംഗളൂരുവിലെ ദേവ് വെങ്കിടേഷിന് കീഴിലെത്തിയതോടെ അപാരമായ മികവുള്ള പ്രൊഫഷണല്‍ തലത്തിലേക്ക് ഉയര്‍ന്നു. ഇത്തവണത്തെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആറ് റൗണ്ട് മത്സരങ്ങളില്‍ എട്ട് റേസ് വിന്നും ഒരു സെക്കന്‍ഡും ഉള്‍പ്പെടെ 203 പോയിന്റ് നേടിയാണ് റയാന്‍ ചാമ്പ്യനായത്.
ചേട്ടന്റെ ബൈക്ക് റേസിങ് ഭ്രമം കണ്ട് ആകൃഷ്ടരായാണ് വില്‍മറും പിന്നാലെ എക്ടറും ഈ രംഗത്തേക്കെത്തുന്നത്. എല്ലാ ദിവസവും തീവ്രമായ വ്യായാമങ്ങളും പരിശീലനവും നടത്തിയാണ് ഈ സഹോദരങ്ങള്‍ റേസിങ് രംഗത്ത് മുന്നേറുന്നത്. എല്ലാ ദിവസവും രാവിലെ 50 കി.മീറ്ററോളം സൈക്കിള്‍ ചവിട്ടുന്നത് ഉള്‍പ്പെടെയുള്ള വ്യായാമങ്ങളാണ് റയാന്‍ ചെയ്യുന്നത്. ഇവരുടെ വീട്ടില്‍ ഇപ്പോള്‍ 10 ലക്ഷം രൂപ വില വരുന്ന കെ.ടി.എം. 250 എസ്.എക്‌സ്.എഫും എട്ട് ലക്ഷത്തിന്റെ കാവസാക്കി കെ.എക്‌സ് 100-ഉം ഉള്‍പ്പെടെ പത്തോളം റേസിങ് ബൈക്കുകളുണ്ട്. ഈ സഹോദരങ്ങളുടെ റേസിങ് രംഗത്തെ താത്പര്യം കണ്ട് കോളേജിലും സ്‌കൂളിലും കൂട്ടുകാരും അധ്യാപകരും നല്ല പിന്തുണ നല്‍കുന്നുണ്ട്.
Content Highlights: Three brothers from Kochi win big at the National Supercross Championship
Published: 29 Jan 2025, 09:32 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented