
'എത്ര നാളായി കേസ് കൊടുത്തിട്ട്? അതെന്താ എന്റെ പതിനായിരത്തിന് ഒരു വിലയുമില്ലേ? പോലീസിനെന്താ അവിടെ പണി?' ഇത്തരം സംഭാഷണങ്ങള്‍ ജീവിതത്തിലും സിനിമയിലും നാം പല തവണ കേട്ടിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ പോലീസിന്റെ അനാസ്ഥ കൊണ്ടാണോ പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത്? സൈബര്‍ തട്ടിപ്പ് നടന്നുകഴിഞ്ഞാല്‍ എന്താണ് പോലീസിന്റെ റോള്‍?
സിനിമകളില്‍ കാണുന്ന പോലെ അത്ര എളുപ്പത്തിലല്ല സൈബര്‍ കേസുകളില്‍ പ്രതികളെ പിടികൂടുന്നത്. സൈബര്‍ കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ ശിക്ഷ വാങ്ങി നല്‍കാന്‍ സാധിക്കുമെങ്കിലും പ്രതിയെ പിടികൂടുന്നത് പ്രയാസകരമാണ്. ചില അന്വേഷണങ്ങള്‍ മുന്നോട്ടുപോകുന്നതില്‍ ഒരുപാട് പരിമിതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തട്ടിപ്പുകള്‍ വ്യാപകമാണ്. എന്നാല്‍, അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകൾ പൊതുവേ കുറവാണെന്ന് മാത്രം.
Also Read
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ തട്ടിപ്പുകളിലെ അന്വേഷണം പലപ്പോഴും എത്തിനില്‍ക്കാറുള്ളത് ഏതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും. അന്വേഷണത്തിനൊടുവില്‍ പലപ്പോഴും ലഭിക്കാറുള്ളത് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഐ.പി. അഡ്രസ്സുകളാണ് അല്ലെങ്കില്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയും.
അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു കേസിന്റെ അന്വേഷണം എത്തിയത് ഒരു ബംഗാളി കര്‍ഷക സ്ത്രീയിലാണ്. തട്ടിപ്പ് നടത്തിയത് ആ സ്ത്രീയുടെ പേരിലെടുത്ത സിം ഉപയോഗിച്ചായിരുന്നു. തന്റെ പേരില്‍ സിം ഉള്ള കാര്യം അവര്‍ അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ വ്യാജ സിം കാര്‍ഡുകള്‍ എടുക്കുന്നവര്‍ അന്യസംസ്ഥാനങ്ങളില്‍ കൂടുതലാണ്. 100 രൂപ കൊടുത്താല്‍ സ്വന്തം ആധാര്‍ കാര്‍ഡ് പോലും അപരിചിതര്‍ക്ക് നല്‍കുന്നവരും ധാരാളം. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ കേസ് വഴിമുട്ടും.
പലപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോയി പോലീസ് അന്വേഷണം നടത്താറുണ്ട്. ചിലപ്പോള്‍ കുറ്റക്കാരെ കണ്ടെത്താനാകാതെ തിരികെ മടങ്ങും. മറ്റു ചിലപ്പോള്‍ പിടികൂടുന്ന പ്രതിയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തില്‍ പഴയ കേസുകള്‍ കൂടി തെളിയും. ഇപ്രകാരം നിരവധി ഇരകള്‍ക്ക് പണം തിരികെ നല്‍കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. 10,000 രൂപ നഷ്ടമാകുന്ന കേസിൻ്റെ ഉറവിടം ചിലപ്പോൾ ബംഗാൾ ആയിരിക്കും. അവിടെ വരെ പോയി പ്രതികളെ പിടികൂടാൻ ശ്രമിച്ചാൽ നഷ്ടമായ തുകയിലും ഏറെയായിരിക്കും ചെലവ്.സൈബര്‍ കേസുകളുടെ ഏറ്റവും വലിയ പ്രത്യേകത ഡിജിറ്റല്‍ തെളിവുകളുടെ സാന്നിധ്യമാണ്. ഉപയോഗിച്ചിരുന്ന ഫോണ്‍, സിം ലൊക്കേഷന്‍ തുടങ്ങി ഒരുപാട് മാര്‍ഗങ്ങളിലൂടെ കേസ് തെളിയിക്കാനാകും. സാക്ഷിമൊഴി പോലും വേണമെന്നില്ല.
വലിയ സംഘമാണോ എളുപ്പം കുടുക്കാം
ഒറ്റയ്ക്കും ചെറുതും വലുതുമായ സംഘങ്ങളായും തട്ടിപ്പ് നടത്തുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. സംഘം വലുതാണെങ്കില്‍ പിടികൂടാന്‍ എളുപ്പമാണെന്നാണ് പോലീസിന്റെ അനുഭവം. കൂട്ടത്തില്‍ ഒരാളുടെ അശ്രദ്ധ മതി മറ്റുള്ള സംഘാംഗങ്ങളെ പിടികൂടാന്‍. അഞ്ചില്‍ കൂടുതല്‍ ആളുകളുള്ള ഗ്യാങ്ങിനെ വലയിലാക്കാനാണ് എളുപ്പം. മൂന്നില്‍ താഴെ ആളുകള്‍ ഉള്ള സംഘങ്ങള്‍ എപ്പോഴും കൃത്യമായ പ്ലാനിങ് ഉള്ളവര്‍ ആയിരിക്കുന്നതായിട്ടാണ് പോലീസ് നിരീക്ഷിച്ചിട്ടുള്ളത്. ഇക്കൂട്ടരെ പിടികൂടാന്‍ പ്രയാസമാണ്. കഠിനമായ അന്വേഷണം തന്നെ ഇവരെ പിടികൂടാന്‍ വേണ്ടി വരാറുണ്ട്.
![]() |
ഒരാളുടെ ബിസിനസ് നമ്പര്‍ കൈക്കലാക്കുകയെന്നത് എളുപ്പമാണ്. എന്നാല്‍, സ്വകാര്യ നമ്പറുകള്‍ അത്ര എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിക്കില്ല. മൊബൈല്‍ സ്റ്റോറുകളിലൂടെയോ മറ്റോ ആയിരിക്കും ഇത്തരം നമ്പറുകള്‍ കൈമോശം വരുന്നത്. കോവിഡ് കാലത്ത് പല വിധ സേവനങ്ങള്‍ക്കായി നമ്പര്‍ നല്‍കിയതും ലക്കി ഡ്രോകളില്‍ നമ്പര്‍ എഴുതിയിടുന്നതും ഇത്തരക്കാര്‍ അവരുടെ സോഴ്‌സാക്കി മാറ്റുന്നു.
ഇം.എം.ഐ. കൊടുത്ത പണി
കേരളത്തിലെ ഒരു പ്രമുഖ മാളില്‍ നിന്ന് റൂഫിങ്ങിന്റെ പേരും പറഞ്ഞ് പെെസ തട്ടിയെടുത്തയാളെ കുടുക്കിയ പോലീസിന്റെ നടപടി പ്രശംസനീയമാണ്. അധികൃതരെ പറ്റിച്ച് 40 ലക്ഷവുമായി കടന്നുകളഞ്ഞയാളെ അതീവ ജാഗ്രതയോടെയാണ് പോലീസ് പിടികൂടിയത്. കുറ്റകൃത്യം നടന്ന് മാസങ്ങള്‍ക്ക് ശേഷവും തട്ടിപ്പുനടത്തിയ ആളെക്കുറിച്ച് പോലീസിന് തെളിവു ലഭിച്ചിരുന്നില്ല. കൂട്ടുപ്രതികള്‍ ഇല്ലാത്തതുകൊണ്ട് തട്ടിപ്പുകാരന്‍ എന്തെങ്കിലും തെറ്റ് വരുത്താനുള്ള സാധ്യത കുറവായിരുന്നു. തട്ടിപ്പു നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഇയാള്‍ പിന്നീട് ഉപയോഗിച്ചില്ല. ഇക്കാരണം കൊണ്ടുതന്നെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചില്ല.
പക്ഷേ, മാസങ്ങള്‍ക്ക് ശേഷം തട്ടിപ്പുകാരന്‍ ഒരു 'അബദ്ധം' കാണിച്ചു. പുതിയ വാഹനം വാങ്ങുന്നതിനുള്ള ഇ.എം.ഐക്കായി തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച നമ്പര്‍ ഇയാള്‍ കൊടുത്തു. ബാങ്കിന്റെ ലോണ്‍ ഡീറ്റെയില്‍സില്‍ ഈ നമ്പര്‍ ആക്ടീവായ നിമിഷം തന്നെ കേരള സൈബര്‍ പോലീസ് ആ നമ്പര്‍ ട്രാക്ക് ചെയ്യുകയും ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് യുവാവിന്റെ വിശദാംശങ്ങള്‍ എടുക്കുകയും ചെയ്തു. പ്രതി മധ്യപ്രദേശുകാരനായതിനാല്‍ പോലീസ് മധ്യപ്രദേശിലെ പോലീസുമായി ബന്ധപ്പെട്ടു. ഈ നമ്പരിലേക്ക് ഒരു ചലാന്‍ അയക്കാന്‍ ആവശ്യപ്പെടുകയും പിഴ അടയ്ക്കാന്‍ വരുന്നയാളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രതി പോലീസ് പിടിയിലുമായി.
റമ്മി-ആളുകള്‍ അറിഞ്ഞുകൊണ്ട് വീഴുന്ന ചതിക്കുഴി
മറ്റ് കേസുകള്‍ പോലെയല്ല സൈബര്‍ കുറ്റകൃത്യങ്ങള്‍. ഈ കേസുകള്‍ക്ക് കൃത്യമായ ഡിജിറ്റല്‍ തെളിവുകളുണ്ട്. എത്ര വിദഗ്ധരായ തട്ടിപ്പുകാരന്‍ ആണെങ്കിലും ചെറിയ പഴുതുകള്‍ ഇവര്‍ അറിയാതെ അവശേഷിപ്പിക്കാറുണ്ട്. റമ്മി പോലുള്ള ചൂതാട്ട ആപ്പുകള്‍ വഴി തട്ടിപ്പിന് ഇരയാകുന്നവരും ഏറെയാണ്. ഇതിനെ സൈബര്‍ തട്ടിപ്പിന്റെ ഗണത്തില്‍ സാധാരണ പെടുത്താറില്ല. ഇതെല്ലാം ആളുകള്‍ അറിഞ്ഞുകൊണ്ട് സ്വമേധയാ ചെന്നുവീഴുന്നതാണ്. ചില കേസുകള്‍ അന്വേഷിച്ച് പോലീസെത്തുന്നത് പലപ്പോഴും ഗോവയിലെ കസിനോകളിലായിരിക്കും. ആളെ ട്രാക്ക് ചെയ്യാൻ പറ്റുമെങ്കിലും പലപ്പോഴും പണം വീണ്ടെടുക്കാൻ സാധിക്കാറില്ല.
പെെസ വാങ്ങി പരാതിക്കാർ പിന്മാറുമ്പോൾ
പോലീസ് നേരിടുന്ന മറ്റൊരു വെല്ലുവിളിയുണ്ട്, ഒത്തുതീർപ്പ്. പ്രതിയും ഇരയും തമ്മിൽ ഒത്തുതീർപ്പായാൽ പിന്നെ പോലീസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടാവില്ല.
'സെെെബർ തട്ടിപ്പിന് ഇരയായവർ പ്രതികളുമായി ഒത്തുതീർപ്പ് നടത്തുന്ന ധാരാളം അവസരങ്ങളുണ്ടായിട്ടുണ്ട്. നാളുകൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ അന്യസംസ്ഥാനത്തുനിന്നാകും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നത്. ഈ പ്രതി റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ കേസ് കൊടുത്തവരുമായി ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിക്കും. ചിലപ്പോൾ തട്ടിപ്പുകാരുടെ കൂട്ടാളികൾ നേരത്തെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങാറുണ്ട്. നഷ്ടമായ പെെസ തിരിച്ചുകിട്ടുമെന്ന ഘട്ടമെത്തുമ്പോൾ പ്രതികളുമായി ഒത്തുതീർപ്പിന് ഇരയായവർ തയാറാകും. പരാതിക്കാർ പിന്മാറുന്നതോടെ കേസ് തള്ളിപ്പോകും. പ്രതി രക്ഷപ്പെടുകയും ചെയ്യും'-
തിരുവനന്തപുരം സെെബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ
പത്തോ ഇരുപതോ തട്ടിപ്പ് നടത്തി മൂന്നോ നാലോ കേസുകളില്‍ ഒത്തുതീര്‍പ്പിന് മുതിര്‍ന്നാലും തട്ടിപ്പുകാരന് ലാഭമേയുള്ളൂ. അവര്‍ തട്ടിപ്പ് തുടരുകയും ചെയ്യും. 31 ദിവസം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങി പ്രതി കേസ് ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
.
തട്ടിപ്പ് പണം വന്നാല്‍ ബാങ്ക് അക്കൗണ്ടിന് വീഴും പൂട്ട് , അറിയണം അക്കൗണ്ട് ഫ്രീസിങ്
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ശ്രീരാജിന് ഒരാഴ്ച ജോലിചെയ്ത കൂലിയായി 6200 രൂപ അക്കൗണ്ടില്‍ ഗൂഗിള്‍ പേ വഴിയാണ് കിട്ടിയത്. ഓണത്തിന് പച്ചക്കറി വാങ്ങി പണം നല്‍കാന്‍ നോക്കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ല. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പഞ്ചാബ് സൈബര്‍ സെല്‍ അക്കൗണ്ട് തടഞ്ഞുവച്ചതായി മനസ്സിലാക്കി. അന്വേഷണത്തില്‍ ബിറ്റ്‌കോയിന്‍ ഇടപാടില്‍ വിനിമയം ചെയ്യപ്പെട്ട തുകയാണ് ഇയാളുടെ അക്കൗണ്ടില്‍ എത്തിയതെന്ന് കണ്ടെത്തി. തട്ടിപ്പ് നടത്തിയ ആള്‍ കൈമാറ്റംചെയ്ത മുഴുവന്‍ തുകയും ബാങ്ക് തടഞ്ഞുവച്ചിരിക്കയാണ്. ഇനി കേസ് നടത്തി നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ ഈ തുക ശ്രീരാജിന് തിരികെ ലഭിക്കൂ.
![]() |
കേരളത്തിന്റെ ചില ഭാഗങ്ങളില്‍ വ്യാപകമായി അക്കൗണ്ടുകള്‍ ഫ്രീസായി പോകുന്നുവെന്ന പരാതി അടുത്തകാലത്ത് ഉയര്‍ന്നിരുന്നു. അതിനുള്ള കാരണമിതാണ്. സൈബര്‍ തട്ടിപ്പിലൂടെ നിങ്ങളുടെ പണം നഷ്ടപ്പെട്ടതായി പരാതിപ്പെടുകയാണെങ്കില്‍ ആ പണമെത്തുന്ന അക്കൗണ്ടെല്ലാം ഫ്രീസ് ചെയ്യുന്ന നടപടിയാണ് ബാങ്ക് ആദ്യം സ്വീകരിക്കുക. ഇത് വന്‍പരാതിയായി മാറിയതോടെ പണം പോകുന്ന അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട തുക മാത്രം ഫ്രീസാകുന്ന നടപടിയിലേക്ക് ചുവടുമാറിയിരുന്നു. നിലവില്‍ അക്കൗണ്ട് ഫ്രീസ് ആയാലും നിങ്ങളുടെ അക്കൗണ്ടിലെത്തിയ തട്ടിക്കപ്പെട്ട പണം ആരാണ് നല്‍കിയതെന്ന വിവരം പോലീസിനെ അറിയിച്ചാല്‍ അക്കൗണ്ട് വീണ്ടും ആക്ടീവാകും.
| സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഐ.ഡി. പ്രൂഫ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ പരാതി നിങ്ങളുടെ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് റഫര്‍ ചെയ്യും. അവിടെനിന്ന് സൈബര്‍ പോലീസ് സ്‌റ്റേഷനിലേക്ക് രജിസ്റ്റര്‍ കൈമാറുന്നതോടെ കേസിന്റെ മറ്റു നടപടികളുമായി പോലീസിന് മുന്നോട്ടു പോകാനും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കഴിയുന്നതോടുകൂടി പോലീസ് ബാങ്കുമായി ബന്ധപ്പെട്ട് പരാതിക്കാരന് നഷ്ടമായ പണം വീണ്ടെടുക്കുന്നതിനുളള നടപടികള്‍ ആരംഭിക്കും. ആദ്യ നടപടി പണം പോയ അക്കൗണ്ട് ഫ്രീസ് ചെയ്യുക എന്നുള്ളതാണ്. അഥവാ നിങ്ങളുടെ കയ്യില്‍നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തുന്നതോടെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൈസ എത്തിയ അക്കൗണ്ടുകള്‍ ഫ്രീസാവുകയും ആ തുക തൊട്ടടുത്ത ദിവസങ്ങളില്‍ തിരിച്ചുലഭിക്കുകയും ചെയ്യും. |
ലീൻ മാർക്കിങ്ങിലും ഡെബിറ്റ് ഫ്രീസിലും വലയുന്ന നിരപരാധികൾ
ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന സ്വന്തം പണത്തിൽനിന്ന് ഒരു രൂപ പോലും എടുക്കാനാകാത്ത നിരവധി സംഭവങ്ങൾക്ക് നാം ദൃക്സാക്ഷികളായിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പണമെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി ഈയടുത്ത് മരവിപ്പിച്ചിരുന്നു. പെട്ടെന്നൊരു ദിവസം അക്കൗണ്ട് ഫ്രീസ് ആയിപ്പോയവരാകട്ടെ ഒന്നുമറിയാത്ത നിരപരാധികളും. എങ്ങനെയാണ് തെറ്റൊന്നും ചെയ്യാത്ത ഒരാളുടെ പണം ഫ്രീസ് ആകുന്നത്? ഒരു ദേശസാൽകൃത ബാങ്കിന്റെ ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റിൽ ജോലിചെയ്യുന്ന അഭിഭാഷകൻ സംസാരിക്കുന്നു,
'ഈയടുത്ത കാലത്തായി ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സൈബര്‍ തട്ടിപ്പുകള്‍. ബാങ്കിലേക്ക് ഒരു ദിവസം വരുന്ന 10 കോളുകളിൽ ഏഴും സൈബര്‍ തട്ടിപ്പ് സംബന്ധിച്ചതായിരിക്കും. ലീന്‍ മാര്‍ക്കിങ്, ഡെബിറ്റ് ഫ്രീസ്, കസ്റ്റമര്‍ റിക്വസ്റ്റ് തുടങ്ങിയവ സംബന്ധിച്ചായിരിക്കും ഈ കോളുകള്‍, അതിനെപ്പറ്റി വിശദമായി പിന്നീട് പറയാം. കേന്ദ്ര സർക്കാർ ആരംഭിച്ച സൈബർ ക്രെെം റിപ്പോർട്ടിങ് പോര്‍ട്ടലിൽ വരുന്ന പരാതികളെ അടിസ്ഥാനപ്പെടുത്തിയാകും മിക്ക കോളുകളും.
സൈബര്‍ തട്ടിപ്പുകള്‍ക്ക് പാത്രമായ ഒരാൾക്ക് അയാളുടെ പരാതി ഈ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. ആര്‍ക്കെതിരെയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിലെ ഒരു ന്യൂനത. പരാതി നൽകുമ്പോൾ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ആകുകയും അതത് പോലീസ് സ്റ്റേഷനിലേക്ക് കേസ് ഫോര്‍വേഡ് ആകുകയും ചെയ്യും. ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിനെതിരെ പരാതി രജിസ്റ്റര്‍ ആകുകയാണെങ്കില്‍, ആ ബാങ്ക് അക്കൗണ്ടിൽ പരാതിയിൽ പറയുന്ന പണമിടപ്പാടിനെ പറ്റി അന്വേഷിക്കുന്നഅതിനൊപ്പം, അക്കൗണ്ടിലെ പണമിടപ്പാടുകൾ പൂർണമായും നിർത്തിവയ്ക്കാനോ (debit freeze) പരാതിയും പറയുന്ന സംഖ്യ മാത്രമായി തടഞ്ഞു വയ്ക്കാനോ (lien marking) പോലീസിന് നേരിട്ടോ ഈ പോർട്ടൽ വഴിയോ ആവശ്യപ്പെടാം.
ഇവിടെ നേരിടുന്ന പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാല്‍, ഈ പൈസയുടെ ലെയറിങ് മാത്രമാണ് നമ്മള്‍ നോക്കുന്നത്. അതായത്, എവിടെയെങ്കിലും സൈബര്‍ തട്ടിപ്പ് നടന്ന തുക ഏതെങ്കിലും വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക് യു.പി.ഐ. വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ വരികയും ആ തുകയ്ക്ക് മേൽ, സൈബർ ക്രൈം പറഞ്ഞ പോർട്ടലിൽ പരാതി രേഖപെടുത്തുകയും ചെയ്‌താൽ, പിന്നീട് ആ തുക നമുക്ക് പിന്‍വലിക്കാനോ മറ്റൊരാള്‍ക്ക് അയക്കാനോ കഴിയില്ല. തട്ടിപ്പ് നടന്ന ഉറവിട അക്കൗണ്ട് മുതല്‍ ആ തുക കൈമാറുന്ന അക്കൗണ്ടുകള്‍ ഓരോ ലെയറുകളായാണ് കണക്കാക്കുക. ആ തുക എത്ര അക്കൗണ്ടുകളിലേക്ക് പോകുന്നോ ആ അക്കൗണ്ടുകളൊക്കെ ലെയറിങ് വഴി ബാങ്ക് ലീന്‍ മാര്‍ക്ക് ചെയ്യും. പോലീസ് നിര്‍ദേശമനുസരിച്ചായിരിക്കും ഇത് ചെയ്യുന്നത്. ഡെബിറ്റ് ഫ്രീസ് ചെയ്താല്‍ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും ബ്ലോക് ആവും. എന്നാല്‍, ലീന്‍ മാര്‍ക്കില്‍ തട്ടിപ്പ് നടന്ന തുക അല്ലെങ്കില്‍ പോലീസ് പറയുന്ന തുക മാത്രമേ പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയുള്ളൂ.
ഇത്തരം അവസരങ്ങളില്‍ തട്ടിപ്പ് കേസുകളിലെ തുക ഒട്ടനവധി അക്കൗണ്ടുകളിലേക്ക് ലെയര്‍ ചെയ്ത് പോകാറുണ്ട്. ഒന്നും അറിയാത്ത നിരപരാധികളുടെ പണത്തെ ഇത് ബാധിക്കുന്നു. ഇവരുടെ തുകയാണ് പോലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞ് വെച്ച് തട്ടിപ്പിനിരയായവര്‍ക്ക് തിരികെ നല്‍കുന്നത്. ഒരാള്‍ക്ക് നീതി ലഭിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അവിടെ നീതി നഷ്ടമാകുന്നുണ്ട് എന്നുള്ള പ്രശ്‌നവും ഇവിടെയുണ്ട്. തട്ടിപ്പ് നടത്തുന്നവര്‍ മിക്കപ്പോഴും യാതൊരു തരത്തിലും ബാധിക്കപ്പെടാതെ സ്വെെര്യമായി വിഹരിക്കുകയും ചെയ്യുന്നു.
ഈയിടെ ഗുജറാത്ത് പോലീസിന്റെ ഒരു നിർദേശം ബാങ്കുകൾക്ക് ലഭിച്ചിരുന്നു. ഗുജറാത്ത് പോലീസിൽനിന്ന് ആദ്യ 6 ലെയറുകളിലേക്കുള്ള ലീന്‍ മാര്‍ക്കിങ് നിർദേശം വന്നാൽ ഉടനടി അക്കൗണ്ട് ഡെബിറ്റ് ഫ്രീസ് ചെയ്യണം എന്നായിരുന്നു നിർദ്ദേശം. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ടില്‍ 50,000 രൂപ ഉണ്ടെന്ന് വെക്കുക. തട്ടിപ്പുകാരുടെ 200 രൂപ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് വന്നാലും, നിങ്ങളുടെ അക്കൗണ്ട് ആദ്യ 6 ലെയറിൽ ഉൾപ്പെട്ടുവെങ്കിൽ, ആ തുക മുഴുവൻ ഡെബിറ്റ് ഫ്രീസ് ആകും. ഇത് ഒരു അക്കൗണ്ടിന്റെ മാത്രം കാര്യമല്ല. ആ ഫ്രോഡ് തുക വന്ന എല്ലാ ലെയറുകളിലും വരുന്ന അക്കൗണ്ടുകൾക്ക് ഫ്രീസ് ബാധകമാകും. അങ്ങനെ ഒന്നും അറിയാത്ത ഒരുപാട് നിരപരാധികള്‍ ബാധിക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.
ബാങ്കുകള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴപ്പിക്കുന്ന ഒരു നിര്‍ദേശമുണ്ട്. കസ്റ്റമറുമായി അക്കൗണ്ട് ഫ്രീസിങ്ങിനെപ്പറ്റി യാതൊരു വിവരങ്ങളും പങ്കുവെക്കരുത് എന്നുള്ളതാണ്. ഇതാണ് ഏറ്റവും വലിയ പ്രശ്‌നം. അക്കൗണ്ട് ഫ്രീസായി കസ്റ്റമര്‍ ബാങ്കില്‍ വന്ന് ചോദിക്കുമ്പോള്‍ ബാങ്കിന് എന്താണ് സംഭവം എന്ന് തുറന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ വരും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്‍.ഇ.എ. അതായത് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ നിര്‍ദേശമുണ്ടെങ്കില്‍ അതിനാണ് ബാങ്കുകള്‍ പ്രാധാന്യം കൊടുക്കേണ്ടത്. കസ്റ്റമറും ബാങ്കുമായുള്ള ബന്ധത്തെ വരെ ബാധിക്കുന്ന ഒന്നായി ഇത് മാറുന്നുണ്ട്. ചില ബാങ്കുകള്‍ക്കെതിരെ കേസുകള്‍ വരെ ഇതിന്റെ പേരിൽ നടക്കുന്നുണ്ട്. എന്നാല്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം കുഴപ്പിക്കുന്ന നിര്‍ദേശങ്ങളൊന്നും ഉണ്ടാകാറില്ല. ഫ്രോഡ് തുക മാത്രം ലീന്‍ മാര്‍ക്ക് ചെയ്ത് തിരികെ പിടിക്കുന്നതാണ് കേരള പോലീസിന്റെ രീതി.
സാധാരണ ഇങ്ങനെ ഡെബിറ്റ് ഫ്രീസ് വരുമ്പോള്‍ കേരള ഹൈക്കോടതിയെ സമീപിക്കാനാണ് കസ്റ്റമഴ്സിനോട് ബാങ്ക് പറയുന്നത്. ഇത്തരം കേസുകളില്‍ ലീന്‍ മാര്‍ക്ക് ചെയ്ത തുക അതായത് ഫ്രോഡ് തുക മാത്രം ഫ്രീസ് ചെയ്ത് അക്കൗണ്ടിലെ ബാക്കി തുക ഉപയോഗിക്കാന്‍ കസ്റ്റമഴ്സിനെ അനുവദിക്കണമെന്ന് ചില കേസുകളിൽ കോടതി പറഞ്ഞിട്ടുണ്ട്. അതായത് വെറും 400 രൂപയ്ക്ക് വേണ്ടി 4 ലക്ഷം രൂപ ഡെബിറ്റ് ഫ്രീസ് ചെയ്യരുത്. ഓരോ കേസുമായി കോടതിയിലെത്തുന്നവരോട് കോടതി പറയുന്നതാണ് ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ജനറല്‍ റൂളിങ് ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ നിരവധി നിരപരാധികള്‍ ബാധിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് സൈബര്‍ തട്ടിപ്പുകളെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. തട്ടിപ്പിനിരയായവര്‍ മാത്രമല്ല ഇതൊന്നുമറിയാത്ത എത്രയോ പേര്‍ ഇത്തരത്തില്‍ ബാധിക്കപ്പെടുന്നുണ്ട്. ഇത് ക്രെഡിറ്റ് സ്‌കോറിനെയടക്കം ബാധിക്കുന്ന വിഷയമാണ്.
ഈയിടെ യു.കെയില്‍ പഠിക്കാന്‍ പോകാനിരുന്ന ഒരു യുവാവിന് ഇത്തരത്തില്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. യു.കെയില്‍ പോകണമെങ്കില്‍ അത്യാവശ്യം നല്ലൊരു തുക ഫിക്‌സഡ് ഡെപ്പോസിറ്റ് കാണിക്കണം. അതുകൊണ്ടുതന്നെ ഏകദേശം 10 ലക്ഷത്തോളം രൂപ ബാലന്‍സ് അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഈ തുകയില്‍ ചെറിയ കുറവുണ്ടായപ്പോള്‍ ഇയാളുടെ അമ്മാവന്‍ ഒരു 60,000 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തു. ദൗര്‍ഭാഗ്യവശാല്‍ അമ്മാവന്റെ അക്കൗണ്ട് ലെയര്‍ 3 ആയിരുന്നു. അതോടെ യുവാവിന്റെ അക്കൗണ്ട് ലെയര്‍ 4 ആയി. പോലീസിന്റെ നിര്‍ദേശം ലഭിച്ചതോടെ അക്കൗണ്ട് ബാങ്ക് ഡെബിറ്റ് ഫ്രീസ് ചെയ്തു.
ഈ 60,000 രൂപ കാരണം 10 ലക്ഷവും ഫ്രീസ് ആയി. ഇതോടെ വിദ്യാർഥി ഫീസ് അടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. ബാങ്കിനെ സമീപിച്ചപ്പോള്‍ തങ്ങളുടെ നിസ്സഹായാവസ്ഥ ബാങ്കും പറഞ്ഞു. ഒരാളുടെ ഭാവിയുടെ കാര്യമായതിനാല്‍ എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കാനും ബാങ്ക് നിര്‍ദേശം നല്‍കി. അങ്ങനെ കോടതിയില്‍ നിന്ന് ഓർഡര്‍ ലഭിച്ച ശേഷം മാത്രമാണ് ഡെബിറ്റ് ഫ്രീസ് മാറ്റി അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിച്ചത്. ഇത്തരത്തില്‍ ബാധിക്കപ്പെടുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. അതിനാല്‍ സാധാരണക്കാരും തെറ്റു ചെയ്യാത്തവരും ഇത്തരത്തില്‍ ബാധിക്കാത്ത തരത്തില്‍ നിമയമനടപടികള്‍ ആസുത്രണം ചെയ്യേണ്ടതും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതിന്റെയും ആവശ്യകത വളരെ വലുതാണ്'
പരമ്പരയുടെ അവസാന ഭാഗം നാളെ(വെള്ളിയാഴ്ച) രാവിലെ 10.30-ന്:
നഗ്നദൃശ്യങ്ങള്‍, ഭീഷണി, തകരുന്ന മാനസികാരോഗ്യം | സൈബര്‍ സാമ്പത്തിക തട്ടിപ്പ്; വേണം ജാഗ്രത 05
(വായനക്കാര്‍ നേരിട്ടിട്ടുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കാം. മെയില്‍ ഐ.ഡി- onlinedeskmbi@mpp.co.in)
(തുടരും)
Content Highlights: cyber financial frauds in kerala series role of police in cyber crime
Published: 19 Oct 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented