
നിങ്ങളുടെ വാട്സാപ്പിലേയ്ക്ക് സുഹൃത്ത് ഒരു അപകടസ്ഥലത്ത് നിന്നുള്ള ഫോട്ടോ അയക്കുന്നു. പരിഭ്രാന്തിയോടെ കുറച്ച് കാശ് ആവശ്യപ്പെടുന്നു. നിങ്ങളെന്ത് ചെയ്യും. ഉറപ്പായും അയച്ച് നൽകും, നൽകണം. പക്ഷേ അയക്കുന്നത് സുഹൃത്തിനാണെന്ന് എന്താണ് ഉറപ്പ്? പ്രൊഫെെൽ പിക്ചർ കണ്ടുവല്ലേ? മുൻകാല ചാറ്റ് പരിശോധിച്ചോ? സുഹൃത്താണ് മെസേജ് അയച്ചതെന്ന് ഉറപ്പിച്ചോ?
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ തട്ടിച്ച വ്യാജ 'എം.ഡി'
ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ എംഡി ഒരു അത്യാവശ്യ മീറ്റിങ്ങിനായി ദുബായിൽ പോയിരിക്കുന്ന സമയത്ത് ഒരു വാട്സാപ്പ് സന്ദേശം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് ലഭിക്കുന്നു. എം.ഡിയുടെ ചിത്രമുള്ള വാട്സാപ്പില്‍ നിന്നാണ് മെസേജ്. താൻ ഒരു അത്യാവശ്യ മീറ്റിങ്ങിലാണെന്നും ബിസിനസ് സംബന്ധമായി അടിയന്തരമായി 42 ലക്ഷം രൂപ താന്‍ നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം എന്നുമായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിന് പിന്നാലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എംഡിയെ വാട്സാപ് കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്കിലായതിനാൽ പിന്നീട് വിളിക്കാമെന്ന് മെസേജ് വന്നു. ഉടൻ തന്നെ പണം അയയ്ക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതോടെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം പണം അയച്ചുകൊടുത്തു. അധികം വെെകാതെ പറ്റിയ അമളി ഓഫീസർക്ക് മനസിലായി. മെസേജ് അയച്ചത് എം.ഡിയല്ല, ഏതോ തട്ടിപ്പുകാരനാണ്. നിസാരമായി ഒരു വ്യാജ വാട്സാപ്പ് പ്രൊഫെെൽ ഉണ്ടാക്കിയെടുത്ത് തട്ടിയത് 42 ലക്ഷം. ഇത്തരത്തിൽ നൂറുകണക്കിന് തട്ടിപ്പുകളാണ് കേരളത്തിൽ നടക്കുന്നത്.
ഇത്ര നിസാരമായി നടത്താനാകുമോ തട്ടിപ്പ്
തട്ടിപ്പുകൾ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കുന്നത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കുന്നു. ആളുകളെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തുക എന്ന തന്ത്രമാണ് പ്രധാനമായും തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. സെെബർ തട്ടിപ്പുകളെ പ്രധാനമായും രണ്ടായി തിരിക്കാം. ഒന്ന് നമ്മുടെ ആവശ്യങ്ങളെയും അത്യാര്‍ത്തിയെയും മുതലെടുത്തുകൊണ്ട് പ്രലോഭനങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന രീതിയാണ്. പരമ്പരയുടെ ആദ്യഭാഗങ്ങളിൽ പ്രതിപാദിച്ച ലോൺ ആപ്പ് തട്ടിപ്പും ഓൺലെെൻ ലോട്ടറി തട്ടിപ്പുകളുമൊക്കെ ഈ ഗണത്തിൽപ്പെടും. രണ്ടാമത്തേത് നമ്മുടെ അജ്ഞതയെയും അശ്രദ്ധയെയും മുതലാക്കുന്ന തട്ടിപ്പുകളാണ്. ഒ.ടി.പി വിളിച്ച് ചോദിച്ച് തട്ടിപ്പ് നടത്തുന്നതും മറ്റും ഇതിൽപ്പെടും.
എത്ര സമ്പത്തുണ്ടെങ്കിലും, എത്ര പണം കിട്ടിയാലും മതിയാകാത്തവരും പെട്ടെന്ന് പണക്കാരാവണമെന്ന് ആഗ്രഹമുള്ളവരും നിരവധിയുണ്ട്. അവരെ ലക്ഷ്യം വെക്കുന്ന വലിയൊരു സംഘം വലവിരിച്ച് കാത്തുനിൽക്കുകയാണ്. ചെറിയ തുക ഇരയായി കോർത്തുവെച്ച് തട്ടിപ്പുകാർ ഇത്തരം മനുഷ്യരെ കുടുക്കും. വലിയൊരു സംഖ്യയും കൊണ്ടാകും തട്ടിപ്പുകാർ മടങ്ങുക. ഓൺലെെൻ ഗെയിമുകളിലും ലോട്ടറികളിലും പണം നഷ്ടമാക്കുന്നതിൽ ഭൂരിഭാഗവും ഇക്കൂട്ടരാണ്.

പണത്തിനായുളള നെട്ടോട്ടത്തിനിടയിലാണ് മറ്റൊരു വിഭാഗം സെെബർ കെണിയിൽ വീഴുന്നത്. ആവശ്യങ്ങളോ അത്യാവശ്യങ്ങളോ ആയിരിക്കും സെെബർ തട്ടിപ്പുകളിലെ ഇരകളാക്കി ഇവരെ മാറ്റിയത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുന്നതിനിടയിൽ കെണിയിൽ വീണുപോയവരാണ് ഇക്കൂട്ടർ. ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ പെടുന്ന ഭൂരിഭാഗം പേരും ഇത്തരക്കാരാകും. പല സാമ്പത്തിക തട്ടിപ്പ് കേസുകളിലും മാനസികമായി തളർന്ന് പോകുന്നതും ഈ വിഭാഗക്കാരാണ്.
അജ്ഞതയാണ് തട്ടിപ്പിലേയ്ക്ക് നയിക്കുന്ന മറ്റൊരു ഘടകം. വ്യാജ സന്ദേശങ്ങളിലും മോഹനവാഗ്ദാനങ്ങളിലും ഇവർ പെട്ടെന്ന് വീണുപോകും. കറന്റ് ബില്ലടയ്ക്കാൻ വരുന്ന വ്യാജ സന്ദേങ്ങൾ ഇവർ വിശ്വസിക്കും, ഒടിപികൾ പറഞ്ഞുകൊടുക്കും. സെെബർ ലോകത്തെക്കുറിച്ച് കൃത്യമായ അവബോധം ഇത്തരക്കാർക്ക് ആവശ്യമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അറിവുള്ള, വിദ്യാഭ്യാസമുള്ള ഒരുപാടുപേരും തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഒരു വ്യാജ സന്ദേശം വരുമ്പോൾ ഒന്നിരുത്തി ചിന്തിച്ചാൽ മതി തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ. പക്ഷേ എടുത്തുചാടി അപകടം വിളിച്ചുവരുത്തുന്നു. ഒന്നുകൂടി ഉറപ്പുവരുത്താനുള്ള ക്ഷമയില്ലാത്തത് കൊണ്ട് കൂടിയാണിങ്ങനെ സംഭവിക്കുന്നത്.
തട്ടിപ്പുകാർ വിദഗ്ധന്മാരായതിനാല്‍ വീണുപോകുന്ന കേസുകളുമുണ്ട്. കോഴിക്കോട് നടന്ന എ.ഐ തട്ടിപ്പ് ഇതിനൊരു ഉദാഹരണമാണ്. സാങ്കേതിക വിദ്യയുടെ ഇരുണ്ട വശമാണ് ഈ തട്ടിപ്പുകാരുടെ ആയുധം.
'2022-ൽ സെെബർ പോലീസ് സ്റ്റേഷനിൽ വന്നതിൽ ഏകദേശം 90 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികൾ വെറും പത്ത് ശതമാനമായിരുന്നു. സെലിബ്രിറ്റികൾക്ക് എതിരേ മോശം കമന്റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക പോലുള്ളവയായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ 2023 ആയപ്പോഴേക്കും കാര്യങ്ങൾ മാറി. ലഭിച്ച പരാതികളിൽ 99 ശതമാനവും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായി തീർന്നു. ലോൺ തട്ടിപ്പ്, ഒ.എൽ.എക്സ് മുഖേനയുള്ള തട്ടിപ്പ് എന്നിവയാണ് സാമ്പത്തിക തട്ടിപ്പിൽ കൂടുതലായി വരുന്നത്. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോൺ ആപ്പ് തട്ടിപ്പുകൾ ഉടലെടുക്കുന്നത്. ഓൺലൈൻ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളിൽ വീഴ്ത്തുന്ന സംഘവും സജീവമാണ്' - കോഴിക്കോട് സെെബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ
ഉത്തരേന്ത്യക്കാർ ഒരു ലക്ഷം ഒക്കെ നഷ്ടമാകുമ്പോൾ നിർത്തും, പക്ഷേ മലയാളികൾ...
മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം അന്വേഷണത്തിന് പോകുമ്പോൾ അവിടുത്തെ സ്ഥിതി കേരളത്തേക്കാള്‍ ദയനീയമാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ അവിടെ നഷ്ടപ്പെടുന്ന പൈസയുടെ വലിപ്പം കുറവാണ്. അവിടെയുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയൊക്കെ നഷ്ടമാകുമ്പോൾ തട്ടിപ്പാണെന്ന് മനസ്സിലാകുകയും നിർത്തുകയും ചെയ്യും.
കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്ടപ്പെട്ടാലും കുറച്ചുകൂടി പൈസ ഇറക്കി എല്ലാം തിരികെപ്പിടിക്കാനുള്ള ശ്രമമാണ് കൂടുതൽ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഭീമമായ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെ പൈസ ലഭിക്കുന്നതിനോടുള്ള താല്പര്യം ആണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിന് കാരണം.
പട്ടാളക്കാരുടെ പേരിലും തട്ടിപ്പ്, ഒ.എൽ.എക്സിലെ ചതിക്കുഴികൾ
റീസെല്ലിങ് ആപ്പ് ആയ ഒ.എൽ.എക്സ് മുഖേനയുള്ള തട്ടിപ്പ് വ്യാപകമാണ്. ഒ.എല്‍.എക്‌സ് സൈറ്റിലെ ആക്ടിവിറ്റികള്‍ മനസ്സിലാക്കിയ ശേഷമാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. പട്ടാളക്കാരുടെ പേരും തട്ടിപ്പിലേയ്ക്ക് വലിച്ചിഴയ്ക്കാറുണ്ട്. ഒ.എൽ.എക്സ്. വഴി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന തട്ടിപ്പുകാരൻ ബന്ധപ്പെടുന്നു. പട്ടാളത്തിലാണെന്നും ലീവില്ലാത്തതിനാൽ നേരിട്ട് വരാൻ ആവില്ലെന്നും പറയുന്നു.
തുടർന്ന് ഗൂഗിൾ പേയുടെ കാര്യം പറയും. തനിക്ക് പെെസ അയക്കേണ്ടയാളുടെ യു.പി.ഐ ഐഡി കണ്ടെത്താൻ സാധിക്കുന്നില്ലെന്നും 10 രൂപ അയച്ച് തരാനും ആവശ്യപ്പെടുന്നു. ബാക്കി ഇടപാട് തുടർന്ന് നടത്താമെന്നും അറിയിക്കുന്നു. ചെറിയ തുകയായതിനാൽ സാധനം വിൽക്കാനുള്ളയാൾ പണമയക്കുന്നു. ചിലപ്പോൾ ലിങ്ക് ആകും പട്ടാളക്കാരനെന്ന് പറഞ്ഞയാൾ അയക്കുക. അതിൽ ക്ലിക്ക് ചെയ്ത് പണമയക്കാനും ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ട് ഡീറ്റെയിൽസ് ലഭിക്കുകയോ ലിങ്ക് തുറക്കുകയോ ചെയ്താൽ പിന്നെ പണം കാലിയാകും.
ക്രെഡിറ്റ് കാർഡിൽ നിന്ന് ലോണെടുക്കുന്ന തട്ടിപ്പുകാർ
ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴിയും തട്ടിപ്പ് വ്യാപകമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിന് പുറമേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ലോണെടുപ്പും വ്യാപകമാണ്. അക്കൗണ്ടിൽ നിന്ന് പൈസ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിനു പുറമേയാണ് തട്ടിപ്പുകാർ ലോൺ എടുക്കുന്നത്.
നമ്മുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും തേർഡ് പാർട്ടി ആപ്പുകളിൽ നിന്നുമാണ് ഇക്കൂട്ടർ ലോണെടുക്കുന്നത്. 10 ലക്ഷം വരെ രൂപ ലോണെടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സെർച്ച് പാറ്റേൺ നോക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ചില ഷോപ്പുകൾ തട്ടിപ്പുകാർക്ക് നമ്പർ ചോർത്തി കൊടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില മൊബൈൽ സർവീസ് കടകളും ഡേറ്റ ചോർത്തലിന്റെ പ്രധാന ഉറവിടമാണ്.
അവബോധം സിനിമയിലൂടെയും… ഓപ്പറേഷൻ ജാവ പറയാൻ ശ്രമിച്ചത്
ഡിജിറ്റല്‍ സാക്ഷരതയുടെ കുറവും അശ്രദ്ധയുമാണ് സെെബർ തട്ടിപ്പുകാരുടെ ഇൻവെസ്റ്റ്മെൻ്റ്. സെെബർ ലോകത്തെ തട്ടിപ്പുകളെപ്പറ്റി വളരെ വിശദമായി ചർച്ച ചെയ്ത സിനിമകളിലൊന്നാണ് ഓപ്പറേഷൻ ജാവ. ആ ചിത്രത്തിൻറെ സംവിധായകൻ തരുണ്‍ മൂർത്തിയുടെ വാക്കുകള്‍.
![]() 'ഓപ്പറേഷൻ ജാവ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടു. സിനിമ ചെയ്യുന്നതിന് മുമ്പ് സൈബർ സെല്ലുമായി 2013-ൽ എം.ടെക് കംപ്യൂട്ടർ സയൻസ് പാസ്സായ ആളാണ് ഞാൻ. അന്നുവരെ പഠിച്ച ഒരു പുസ്തകത്തിലും ഞാൻ സൈബർ അറ്റാക്കിനെപ്പറ്റിയോ, സെക്യൂരിറ്റിയെ പറ്റിയോ, സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചോ കുറ്റകൃത്യങ്ങളെ കുറിച്ചോ പഠിച്ചിട്ടില്ല. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതെല്ലാം ഉണ്ടോ എന്നറിയില്ല. സിനിമ ചെയ്യുന്നതിന് മുമ്പ് സൈബർ തട്ടിപ്പിന് ഇരയായവരെ പരിചയപ്പെട്ടിരുന്നു. അതിൽ വലിയ വലിയ കേസുകൾ തെളിയിച്ചതായി ഞാൻ കേട്ടിട്ടില്ല. ഡേറ്റ 5000 രൂപയുടെ വാച്ച് 500 രൂപയ്ക്ക് കിട്ടുമെന്ന് അറിഞ്ഞാൽ എത്ര വിദ്യാഭ്യാസമുള്ളവനും ആ ലിങ്ക് തുറന്ന് നോക്കും. മനുഷ്യന്റെ ഉള്ളിലെ ആർത്തി തന്നെയാണ് അവർ തട്ടിപ്പിന് ഇരയാവാനുള്ള പ്രധാന കാരണം. ഈ തട്ടിപ്പുകൾ തിരുത്താൻ ആരും ശ്രമിക്കുന്നില്ല, അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ബോധവത്കരണത്തേക്കാളുപരി ഗോ വിത് ദ ട്രെൻഡ് ആണ് ഇവിടെ സംഭവിക്കുന്നത്. അതിൽ മാറ്റം വരണമെങ്കിൽ ഇതിന്റെയൊക്കെ അടിത്തറയിൽ നിന്ന് തന്നെ തുടങ്ങണം. അല്ലെങ്കിൽ വലിയ ദുരന്തം തന്നെയാണ് മുന്നിലുള്ളത്' |
മുൻകരുതലെടുക്കാം….
മൊബെെലില്‍ ഇൻസ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് വായിച്ചുനോക്കാതെ കൊടുക്കുന്ന പെര്‍മിഷനുകള്‍ക്ക് ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഒരിക്കല്‍ പെർമിഷൻ കൊടുത്താല്‍ അപ്പോള്‍തന്നെ നിങ്ങളുടെ ഫോണിലേക്ക് ആപ്പിൻ്റെ നിർമാതാക്കള്‍ക്ക് പ്രവേശനം ലഭിക്കും. പിന്നീട് പെര്‍മിഷന്‍ ഓഫ് ചെയ്താലും നേരത്തെ അവർ കൊണ്ടുപോയ ഡേറ്റ പോയത് തന്നെയാണ്. അതിനാല്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെടാതെ ഇരിക്കാൻ അനാവശ്യ പെർമിഷനുകള്‍ ഒഴിവാക്കുക മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. പെര്‍മിഷനുകള്‍ ഒഴിവാക്കിയാല്‍ ആ ആപ്ലിക്കേഷനുകള്‍ ഒന്നും പ്രവർത്തിക്കില്ല.
ലോണ്‍ ആപ്പുകളില്‍ നിങ്ങള്‍ എടുത്ത പൈസയും ന്യായമായ പലിശയും തിരിച്ചടച്ചിട്ടുണ്ട് എങ്കില്‍ അനാവശ്യ പിഴപ്പലിശയോ മറ്റു ഫീസുകളോ തരാനാവില്ല എന്നുതന്നെ ഭീഷണിയുമായി വിളിക്കുന്നവരോട് പറയുക. ഭീഷണിസന്ദേശങ്ങള്‍ അയച്ചാല്‍ അതിന്റെ സ്ക്രീന്‍ഷോട്ട് എന്നിവ ചേർത്ത് പോലീസില്‍ പരാതി നൽകുക. ഒരിക്കലും ഭീഷണിക്ക് വഴങ്ങി അനാവശ്യ ഫീസ് അടക്കുകയോ ടെന്‍ഷനടിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
|
സുരക്ഷിതമാകണം നമ്മുടെ ഉപകരണങ്ങളും
- ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക - വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണമായ പാസ്‌വേഡുകൾ വേണം ഉപയോഗിക്കാൻ. ജനന തീയതിയോ പേരോ പോലെ എളുപ്പത്തിൽ ഊഹിക്കാവുന്ന വിവരങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുക. ഓരോ ഓൺലൈൻ അക്കൗണ്ടിനും വ്യത്യസ്‌ത പാസ്‌വേഡ് ഉപയോഗിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ സ്റ്റോർ അംഗീകൃത പാസ്‌വേഡ് മാനേജർ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
- ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) - നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിൽ 2FA (ടു-ഫാക്ടർ ഓതന്റിക്കേഷൻ) പ്രവർത്തനക്ഷമമാക്കുക. നിങ്ങളുടെ പാസ്‌വേഡിന് പുറമേ, നിങ്ങളുടെ മൊബൈലിലേക്ക് അയയ്‌ക്കുന്ന ഒറ്റത്തവണ കോഡ് പോലുള്ള ഒരു ഓതന്റിക്കേഷൻ ആവശ്യപ്പെടുന്നതിലൂടെ ഒരു അധിക സുരക്ഷ അക്കൗണ്ടുകൾക്ക് ലഭിക്കും.
- വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കുക - ഒരു വെബ്‌സൈറ്റിൽ ഏതെങ്കിലും സാമ്പത്തിക അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ്, അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കുക. വെബ്‌സൈറ്റ് URL-ൽ HTTPS, അഡ്രസ് ബാറിലെ പാഡ്‌ലോക്ക് ഐക്കൺ എന്നിവ പരിശോധിക്കുക, വെബ്‌സൈറ്റിന്റെ URL ശരിയാണ്, അക്ഷരങ്ങൾ മാറ്റി കബളിപ്പിക്കുകയല്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം വായിക്കുക.
- ഫിഷിംഗ് ഇ-മെയിലുകൾ സൂക്ഷിക്കുക - ആവശ്യമില്ലാത്ത ഇ-മെയിലുകൾ, പ്രത്യേകിച്ച് സെൻസിറ്റീവ് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ളതോ സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്മെന്റുകൾ ഉള്ളവയോ സൂക്ഷിക്കുക. അയച്ചയാളുടെ ഇ-മെയിൽ വിലാസം പരിശോധിച്ചുറപ്പിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്‌മെന്റുകളുടെ ആധികാരികത ഉറപ്പില്ലെങ്കിൽ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.
- വ്യക്തിഗത വിവരങ്ങൾ പങ്കിടരുത് - ഇ-മെയിൽ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടുന്നത് പൂർണമായും ഒഴിവാക്കുക. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനങ്ങളും ഇത്തരത്തിൽ തന്ത്രപ്രധാനമായ വിവരങ്ങൾ അഭ്യർത്ഥിക്കില്ല.
- നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുക - അനധികൃതമോ സംശയാസ്പദമോ ആയ ഇടപാടുകൾക്കായി നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ്, മറ്റ് സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ എന്നിവ പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടനടി നിങ്ങളുടെ ധനകാര്യ സ്ഥാപനത്തെയോ ബാങ്കിനെയോ അറിയിക്കുക.
- നിങ്ങളുടെ ഡിവെെസുകൾ അപ്ഡേറ്റാക്കുക - ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകളും ആന്റിവൈറസ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറും സ്‌മാർട്ട്‌ഫോണും മറ്റ് ഉപകരണങ്ങളും അപ്ഡേറ്റഡായി നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ ഒരു ഫയർവാൾ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.
- സുരക്ഷിതമായ അല്ലെങ്കിൽ പരിചിതമായ വൈഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക - പബ്ലിക് വെെഫൈ നെറ്റ്‌വർക്കുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് പൂരിണമായും ഒഴിവാക്കുക. അവ സുരക്ഷിതമല്ല. അഥവാ നിങ്ങൾക്ക് പബ്ലിക് വൈഫൈ നെറ്റ്വർക്ക് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ, മുൻകരുതലായി ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അഥവാ VPN ഉപയോഗിക്കാവുന്നതാണ്.
- സ്വയം ബോധവാന്മാരാകുക, പഠിക്കുക - സാധാരണയായി നടന്നുവരുന്ന അല്ലെങ്കിൽ മാധ്യമങ്ങളിൽ വരുന്ന ഓൺലൈൻ തട്ടിപ്പുകളെയും തന്ത്രങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക. പെട്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത, അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഓഫറുകളിൽ നിന്ന് മാറിനിൽക്കുക. ശരിയായി അന്വേഷിക്കാതെ സാമ്പത്തിക ഇടപാടുകൾ പരിചയമില്ലാത്തവരുമായി ഓൺലെെനിൽ നടത്തരുത്.
- നിങ്ങളുടെ സ്വകാര്യ രേഖകൾ ഒരിക്കലും പങ്കുവെക്കാതിരിക്കുക - പാസ്‌പോർട്ട്, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ പോലുള്ള ഡോക്യുമെന്റ് ഓൺലെെനായി പരിചയമില്ലാത്തവരുമായി പങ്കുവെക്കാതിരിക്കുക.
സോഷ്യൽ മീഡിയ പറയുന്ന പ്രായം 13, സുരക്ഷിതരോ നമ്മുടെ കുട്ടികൾ
സെെബർ തട്ടിപ്പുകാർ പ്രായമായവരെ മാത്രമല്ല, വിദ്യാർഥികളേയും ലക്ഷ്യമിടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളാണ് സെെബർ തട്ടിപ്പുകളുടെ ഇരയാകുന്നത്. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്.
![]() എം. എ (ക്രിമിനോളജി), എൽഎൽ.എം ആപ്പുകളുടെ റേറ്റിങ്ങും റിവ്യൂവും പരിശോധിക്കണം - അഡ്വ. വിമൽ കുമാർ എ.വി നമ്മുടെ നിയമങ്ങളിൽ കുട്ടി എന്നാൽ 18 വയസിൽ താഴെയുള്ള വ്യക്തി എന്നാണ് അർഥമാക്കുന്നത്. ഇതിന് ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമില്ല. ഇന്ത്യയിൽ ഇന്ന് മൊബൈൽ ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് കുട്ടികൾ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് അവർ തന്നെ നിജപ്പെടുത്തിയിരിക്കുന്ന പ്രായം 13 വയസ്സാണ് ( ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ). എന്നാൽ സ്കൂൾ കുട്ടികളിൽ പലരും ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. വിദേശരാജ്യങ്ങളെപ്പോലെ പ്രോക്സി സംവിധാനം ഉപയോഗിച്ച് സർക്കാർ മോണിറ്റർ ചെയ്യുന്ന ഒരു ഇന്റർനെറ്റ് സംവിധാനമല്ല ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളിൽ കാലതാമസം നേരിടുകയും ചെയ്യുന്നു. ഇന്ത്യയിലെ കുറ്റകൃത്യങ്ങളിൽ പലതും വിദേശത്ത് കുറ്റകൃത്യം അല്ലാത്തതിനാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ വിദേശ കമ്പനികളിൽനിന്ന് ലഭ്യമാക്കേണ്ടുന്ന ഡേറ്റ കുട്ടികൾക്ക് ഫോണും കമ്പ്യൂട്ടറും ഇൻ്റർനെറ്റുമെല്ലാം കൊടുക്കുന്നതിന് മുൻപ് മാതാപിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുട്ടികൾ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളുടെ റേറ്റിങ്ങ് ഉറപ്പായും നോക്കണം. ആളുകളുടെ റിവ്യൂ കൂടി പരിശോധിക്കണം. മൊബൈലിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കാതെ കൊടുക്കുന്ന പല ഗെയിം പെർമിഷനുകളും വളരെയധികം അപകടം നിറഞ്ഞതാണ്. ഇത് മൂലം നമ്മുടെ ഫോൺ മറ്റുള്ളവർക്ക് ആക്സസ് ചെയ്യുവാനും ക്യാമറ ഓണാക്കുവാനും സാധിക്കുന്നു. ഇത്തരം അശ്രദ്ധകൾ മൂലം കുട്ടികൾ പല കുഴപ്പങ്ങളിലും ചാടാറുണ്ട്. മാതാപിതാക്കൾ കുട്ടികളെ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. ചില പെർമിഷനുകൾ നൽകുന്നതിലൂടെ ഒ.ടി.പി വരെ തട്ടിപ്പുകാർക്ക് വായിക്കാനാകുന്നു. ഇന്ത്യയിൽ ദേശീയ സുരക്ഷ പോലെ തന്നെ സൂക്ഷിക്കേണ്ട പ്രധാന സംഭവങ്ങളിൽ ഒന്നാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും. ഇന്ന് കുട്ടികള്‍ക്കെതിരേ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കൾ പഠിപ്പിക്കേണ്ട അഞ്ച് പ്രധാന നിർദ്ദേശങ്ങൾ 🅢 🅜 🅐 🅡 🅣 🅢AFE : വ്യക്തിപരമായ വിവരങ്ങൾ ഓൺലൈനിലൂടെ അപരിചിതർക്ക് കൈമാറാതിരിക്കുക. അതായത് പേര്, ഇ-മെയിൽ, ഫോൺ നമ്പർ, മേല്‍വിലാസം, സ്‌കൂളിന്റെ പേര്, സ്കൂൾ അഡ്രസ് മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവ. 🅜EETING : ഓൺലൈനിൽ പരിചയപ്പെട്ട വ്യക്തികൾ എത്ര തന്നെ നിർബന്ധം പറഞ്ഞാലും യാതൊരു കാരണവശാലും നേരിൽ കാണുവാൻ ശ്രമിക്കരുത്. അങ്ങനെ ഒരാവശ്യം വന്നാൽ മാതാപിതാക്കളെ അറിയിക്കുക. 🅐CCEPTING : പരിചയം ഇല്ലാത്ത ആളുകളിൽ നിന്നും വരുന്ന ഇ-മെയിലുകൾ, പിക്ചറുകൾ, ഓൺലൈൻ വഴി അയയ്ക്കുന്ന ഫയലുകൾ, മെസേജുകൾ, ലിങ്കുകൾ എന്നിവ തുറക്കാതിരിക്കുക. 🅡ELIABLE : സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ എല്ലായ്‌പ്പോഴും സത്യമാകണമെന്നില്ല. അതുപോലെ തന്നെ ഓൺലൈൻ കാണുന്ന പലരുടേയും ഐഡൻറിറ്റി സത്യമാകണമെന്നുമില്ല. കുട്ടികളെ ഇത് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തേണ്ടതാണ്. 🅣ELL : സോഷ്യൽ മീഡിയയിലെ അലട്ടുന്ന പ്രശ്നങ്ങൾ മാതാപിതാക്കളോടൊ വിശ്വസിക്കാവുന്ന മുതിർന്നവരോടൊ തുറന്ന് പറയണം. കൂട്ടുകാർ മുഖേനയല്ല ഇത്തരം പ്രശ്നങ്ങൾ തീർക്കേണ്ടത് എന്നുകൂടി കുട്ടികളെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. സൈബർ കുറ്റകൃത്യങ്ങളിൽ പരാതി നൽകേണ്ട വിധം
|
( പരമ്പരയുടെ നാലാം ഭാഗം വ്യാഴാഴ്ച) രാവിലെ 10.30-ന്:
അന്ന് സാഹസികമായി പോലീസ് പിടികൂടിയവർ ഇന്ന് സ്വെെര്യമായി വിഹരിക്കുന്നു, പഴിക്കണോ പോലീസിനെ? പരമ്പര 04 )
(വായനക്കാര്‍ നേരിട്ടിട്ടുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കാം. മെയില്‍ ഐ.ഡി- onlinedeskmbi@mpp.co.in)
(തുടരും)
Content Highlights: cyber financial frauds in kerala series
Published: 18 Oct 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented