മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ ആകാശത്തുനിന്ന് ‘കാശുമഴ’ പെയ്യിക്കാമെന്നു പറഞ്ഞ് ആഭിചാരക്രിയയ്‌ക്കെത്തിച്ച 15-കാരിയെ പോലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിൽനിന്ന് ലാത്തൂരിലെത്തിച്ച പെൺകുട്ടിയെ പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ് രക്ഷപ്പെടുത്തിയത്.

To advertise here,

ഞായറാഴ്ചയായിരുന്നു സംഭവം. 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്. പോലീസ് എത്തുമ്പോഴേക്കും ആഭിചാരക്രിയയ്ക്കായി സംഘം ഇവിടെ ഒത്തുകൂടിയിരുന്നു. പോലീസ് എത്തിയതറിഞ്ഞ് സംഭവസ്ഥലത്തുനിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടു. ആഭിചാരക്രിയ നിർവഹിക്കേണ്ടയാൾ പോലീസ് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

15 പേർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ അന്ധവിശ്വാസത്തിനും ആഭിചാരക്രിയകൾക്കുമെതിരായ നിയമപ്രകാരവും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

അന്ധവിശ്വാസങ്ങൾക്കും വ്യാജ വാഗ്ദാനങ്ങൾക്കും പിന്നാലെ പോയി വഞ്ചിതരാകരുതെന്നും ഇത്തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.