
കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി യാദൃച്ഛികമായാണ് സോഷ്യൽ മീഡിയയിലൂടെ വിദേശത്തുള്ള ഒരു മലയാളി ഡോക്ടറുമായി സൗഹൃദത്തിലാകുന്നത്. യുവതി തന്റെ പരിഭവങ്ങളും കഷ്ടപ്പാടുകളും ഡോക്ടറുമായി പങ്കുവെച്ചു. കുറച്ചുനാളുകൾക്കുള്ളിൽ നഴ്സിന് വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് ഡോക്ടറുടെ വാഗ്ദാനവും വന്നു. ഒരു ദിവസം യുവതിക്ക് കൂറിയർ ഏജൻസിയിൽനിന്ന് ഒരു കോൾ വന്നു. വിദേശത്തുനിന്ന് ഒരു സമ്മാനം ഡോക്ടർ അയച്ചിരിക്കുകയാണ്. പക്ഷേ, കൂറിയർ കെെയിൽ കിട്ടണമെങ്കിൽ സർവീസ് ചാർജും നികുതിയും യുവതി നൽകണം.
യുവതി ഡോക്ടറോട് കാര്യം തിരക്കിയപ്പോൾ ഇന്ത്യയിലെ നികുതിയെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തനിക്ക് അറിയില്ലെന്നും വിലപിടിപ്പുള്ള ഒരു സമ്മാനമാണ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ടതോടെ കൂറിയർ ഏജൻസി ആവശ്യപ്പെട്ട തുക നൽകാൻ യുവതി തയാറായി. ബാക്കിയെല്ലാം പതിവുപോലെ. കൂറിയർ ഏജൻസി വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചിട്ട് പ്രതികരണവുമില്ല. പ്രതിസന്ധികളിൽനിന്നു രക്ഷിക്കാനെത്തിയ ഡേക്ടറെന്ന് അവകാശപ്പെട്ടയാളുടെ അറിവും ഇല്ല.
Also Read
ഇത്തരം സംഭവങ്ങൾ ഇന്നത്തെക്കാലത്ത് സർവസാധാരണമാവുകയാണ്. തട്ടിപ്പുകാർ വലവിരിച്ച് കാത്തിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ചതിയിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവില്ല. ആളുകൾ ഓൺലെെനിലൂടെ സാധനങ്ങൾ വാങ്ങുന്നത് സജീവമായതോടെ വ്യാജ കൂറിയർ ഏജൻസികളും പെരുകിയിട്ടുണ്ട്. 'നിങ്ങൾക്ക് ഒരു കൂറിയർ വന്നിട്ടുണ്ട്' എന്ന സന്ദേശത്തിൽ നിന്നാകും തുടക്കം. അയച്ചതാരാണെന്നോ എന്താണ് വരുന്നതെന്നോ സന്ദേശത്തിലുണ്ടാകില്ല. 'വിലപിടിപ്പുള്ള' ആ കൂറിയർ കിട്ടാൻ സർവീസ് ചാർജായി മോശമല്ലാത്ത ഒരു തുക നൽകണമെന്ന് മാത്രം. വാങ്ങുന്നവരുമുണ്ട് കാര്യം മനസിലാക്കി പോക്കറ്റ് കാലിയാകാതെ രക്ഷപ്പെടുന്നവരുമുണ്ട്. ഓൺലെെനായി സാധനങ്ങൾ ഓർഡർ ചെയ്തിട്ട് വേറെ എന്തെങ്കിലും ലഭിച്ച് കബളിക്കപ്പെടുന്നവരുമുണ്ട്. ഒരുപരിധി വരെ അവർക്ക് ആ പണം തിരികെ പിടിക്കാനാകുമെന്ന് മാത്രം.
ഗൂഗിൾ ചെയ്യുമ്പോഴും ഓർമ വേണം; 'വ്യാജ ജോലിക്കാർ' ഒരുങ്ങിയിരിപ്പുണ്ട്
ഒരു ചെറിയ അശ്രദ്ധയിലൂടെ കോഴിക്കോട്ടെ പ്രമുഖ മാളിന് ഈയടുത്ത് നഷ്ടമായത് 40 ലക്ഷം രൂപയാണ്. മാളിൽ റൂഫിംഗ് വർക്ക് ചെയ്യാനായി അവർ ഗൂഗിളിൽ കണ്ട ഒരു വെബ്സൈറ്റിൽ കയറി ഒരാളുമായി ബന്ധപ്പെട്ടു. വളരെ മാന്യമായി ഇടപെട്ടയാൾ ഡീൽ ഉറപ്പിക്കുകയും അഡ്വാൻസായി പണം ആവശ്യപ്പെടുകയും ചെയ്തു. വലിയ ബാക്‌ഗ്രൗണ്ട് ചെക്കുകൾ ഒന്നുമില്ലാത്ത കമ്പനിയുടെ അധികൃതർ ഇയാൾക്ക് പണം നൽകാൻ തയ്യാറായി. അഡ്വാൻസ് ലഭിച്ചിട്ടും അയാൾ വീണ്ടും പണം ആവശ്യപ്പെട്ടു. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് മാൾ അധികൃതർ അയച്ചുകൊടുത്തത്. പിന്നീട് വിളിച്ചയാൾ പ്രതികരിക്കാതെയായി. തട്ടിപ്പ് നടന്നെന്ന് ബോധ്യമായതോടെ മാൾ അധികൃതർ പോലീസിനെ സമീപിച്ചു. എട്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കേരള പോലീസ് തട്ടിപ്പുസംഘത്തെ മഹാരാഷ്ട്രയിൽനിന്നു പിടികൂടിയത്.
ഒരു ആയുഷ്കാലത്തെ സമ്പാദ്യം ചേർത്തുവെച്ച് ബിസിനസ് ആരംഭിച്ചിട്ട് തട്ടിപ്പിനിരയാകുന്നവർ ചുറ്റും നിരവധിയുണ്ട്. ലളിതമായ രീതി മുതൽ ഹൈടെക് മാർഗങ്ങളിലൂടെവരെ ബിസിനസുകാരെ ഫോക്കസ് ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്.
ഒരാവശ്യം വന്നാൽ ഗൂഗിളിലെ വിവരങ്ങളെ മാത്രം ആശ്രയിക്കുന്ന ആളുകൾ മറക്കുന്ന ഒരു കാര്യമുണ്ട്, ഗൂഗിൾ ഒരു സെർച്ച് എൻജിൻ മാത്രമാണ്. വിശ്വാസയോഗ്യമായ റിസൽട്ടുകൾ മാത്രമല്ല അതിൽനിന്നു ലഭിക്കുന്നത്. ഗൂഗിൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ ഏറെയാണ്. എന്തെങ്കിലും ജോലികൾ പൂർത്തിയാക്കുന്നതിനായി ഗൂഗിളിൽ തിരഞ്ഞ് ഏതെങ്കിലും സെെറ്റുകളിലൂടെയോ ഫോൺ വിളിയിലൂടെയോ വ്യാജന്മാരുടെ ഇരയാകാതിരിക്കാൻ ചെറിയൊരു ശ്രദ്ധ കൊടുത്താൽ മതിയാകും.
ഹാക്കിങ്, ഭീഷണി, ആത്മഹത്യ
സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജസന്ദേശം ലഭിച്ച പതിനാറ് വയസുള്ള വിദ്യാര്‍ഥി ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം വന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. വെബ്‌സൈറ്റിന്റെ പേജ്. സ്‌ക്രീനില്‍ തെളിഞ്ഞത്. എന്‍.സി.ആര്‍.ബിയുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു.
നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് സന്ദേശം വന്നത്. വീട്ടില്‍ പോലീസ് എത്തുമെന്നും കുട്ടിയെ അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. പറഞ്ഞ തുക നല്‍കിയില്ലെങ്കില്‍ രണ്ടു ലക്ഷം രൂപ പിഴയടക്കേണ്ടി വരുമെന്നും രണ്ടു വര്‍ഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറ് മണിക്കൂറിനുള്ളില്‍ പണമടയ്ക്കണമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇതെല്ലാം വായിച്ചതോടെ ഭയന്നുപോയ വിദ്യാര്‍ഥി ജീവനൊടുക്കുകയായിരുന്നു.
വെബ്‌സൈറ്റുകളിലെ വ്യാജന്‍മാര്‍
ഒറിജിനലിനെ വെല്ലുന്ന വിധത്തില്‍ വ്യാജസൈറ്റുകള്‍ പെരുകുന്ന കാലമാണിത്. യഥാര്‍ഥ സൈറ്റുകള്‍ തിരിച്ചറിയുന്നതില്‍ വിദഗ്ധര്‍ക്കുപോലും പിശകു പറ്റുന്നു. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ വരെ വ്യാജന്മാര്‍ നിലവിലുണ്ട്. പോണിലോ ലാപ്‌ടോപ്പിലോ സിനിമ കാണുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും സൈറ്റുകളില്‍ കയറുമ്പോഴെല്ലാമായിരിക്കും ഭയപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ സന്ദേശം സ്‌ക്രീനില്‍ പോപ്പ് അപ് ചെയ്യുന്നത്. എന്തോ കൊടിയ അപരാധം ചെയ്‌തെന്നും പിഴ അടയ്ക്കണമെന്നുമാകും സന്ദേശത്തിന്റെ പൊരുള്‍. സന്ദേശത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഔദ്യോഗിക ലോഗോയുള്ള വെബ്‌സൈറ്റ് ലിങ്കും മെസേജില്‍ കാണും. പലപ്പോഴും ചെയ്തുപോയ 'തെറ്റിന്റെ' ജാള്യതയില്‍ ഇത് മൂന്നാമതൊരാള്‍ പറയും മുമ്പേ ഒത്തുതീര്‍പ്പാക്കാനായി പലരും ആവശ്യപ്പെടുന്ന പണം ഇവര്‍ക്ക് നല്‍കുകയാണ് പതിവ്. അല്ലെങ്കില്‍ ആത്മഹത്യ പോലുള്ള കടുത്ത തീരുമാനത്തിലേക്ക് ഇവരെ എത്തിക്കും.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് കൊടുത്തത് ഒന്നേകാല്‍ ലക്ഷം
വിദേശത്തു പോകാന്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(പി.സി.സി.) വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ തട്ടിയ സംഭവം സമീപകാലത്ത് നടന്നതില്‍ ഏറ്റവും ശ്രദ്ധേയമായ ഒ.ടി.പി. തട്ടിപ്പായിരുന്നു. പി.സി.സിക്കായി കട്ടപ്പനയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ എത്തിയതായിരുന്നു യുവതി. അവിടെവെച്ച് ഇവര്‍ പാന്‍ കാര്‍ഡ് സ്‌കാന്‍ ചെയ്തിരുന്നു. മൂന്നുദിവസം കഴിഞ്ഞ് കട്ടപ്പനയിലെ കൂറിയര്‍ സര്‍വീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. യുവതിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വന്നിട്ടുണ്ടെന്നും അടുത്ത ദിവസം അത് വീട്ടിലെത്തിക്കാമെന്നും അവര്‍ അറിയിച്ചു. ഒപ്പം പ്രൊസസിങ് നടപടികളുടെ ഭാഗമായി ഫോണിലേക്ക് ഒരു സന്ദേശം വരുമെന്നും അതിലെ ലിങ്കില്‍ കയറി നാലു രൂപ അടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാലു രൂപയായതുകൊണ്ടുതന്നെ യുവതി സംശയിച്ചില്ല. തൊട്ടുപിറകേ ഫോണിലെത്തിയ ഒ.ടി.പി. അവര്‍ ആവശ്യപ്പെട്ടതു പ്രകാരം യുവതി പറഞ്ഞുകൊടുക്കുകയും ചെയ്തു. പിറ്റേന്നുതന്നെ യുവതിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പക്ഷേ, രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടില്‍നിന്ന് 89,999 രൂപ പിന്‍വലിച്ചതായി അറിയിപ്പ് എത്തി. അല്പസമയത്തിനുള്ളില്‍ ബാക്കി തുകയും. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ...! ഉടന്‍തന്നെ ശേഷിച്ച തുക യുവതി അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി, സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കുകയും ചെയ്തു.
സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ നിരവധിയാണ്. പക്ഷേ, നാണക്കേട് ഭയന്ന് പലരും ഇക്കാര്യം പറയുന്നതിനായി മുന്നോട്ടുവരുന്നില്ലെന്ന് മാത്രം. പാന്‍ കാര്‍ഡിലേതുള്‍പ്പടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കിയായിരിക്കും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ സമീപിക്കുന്നത്. കടകളില്‍നിന്നോ ഏതെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നോ മനസിലാക്കിയതാവാം ഇക്കാര്യങ്ങള്‍. ഈ വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഒ.ടി.പി. (വണ്‍ ടൈം പാസ്‌വേഡ്) കൂടി മതി തട്ടിപ്പുകാര്‍ക്ക്. വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് അവരത് നമ്മുടെ കൈയില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കും. ഒ.ടി.പി. ബാങ്ക് ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും മറ്റാര്‍ക്കും നല്‍കരുതെന്നും ബാങ്കുകാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ കൂടി ഈ തട്ടിപ്പില്‍ അറിയാതെ വീണുപോകുന്നവരാണ് ബഹുഭൂരിപക്ഷവും.
ഒന്നരക്കോടിയുടെ ലോട്ടറിക്ക് 'വില' ഒന്നേകാല്‍ കോടി
ഒന്നരക്കോടി ലോട്ടറിയടിച്ചു എന്നൊരു മെസേജ് എറണാകുളം സ്വദേശിനിയായ ഒരു വീട്ടമ്മയ്ക്ക് വരുന്നു. സ്നാപ്ഡീലിന്റെ ഉപഭോക്താക്കള്‍ക്കായി സ്നാപ്ഡീല്‍ ലക്കി ഡ്രോ എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചുവെന്നായിരുന്നു സന്ദേശം. സമ്മാനത്തുക ലഭിക്കുന്നതിനായി സര്‍വീസ് ചാര്‍ജ് വേണമെന്ന് പതിവുപോലെ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഇവര്‍ കാണുന്നത് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നതാണ്. പലപ്പോഴായി വീട്ടമ്മയില്‍നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ ഇവര്‍ തട്ടിയെടുത്തു. തട്ടിയെടുത്ത പണം ഉടന്‍ എ.ടി.എം. കാര്‍ഡ് വഴി പിന്‍വലിക്കുകയും ക്രിപ്റ്റോ കറന്‍സികളാക്കി മാറ്റുകയും ചെയ്തു. തട്ടിപ്പ് നടന്നുവെന്ന് ഉറപ്പായതോടെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കി.
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ കേരളത്തില്‍ സജീവമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്നവരെയും വിദ്യാര്‍ഥികളെയുമാണ്. ആദ്യം ഫോണിലേക്ക് ഒരു സന്ദേശം വരും. 'ആശംസകള്‍, നിങ്ങള്‍ക്ക് ലോട്ടറി അടിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക' എന്നതാകും സന്ദേശം. ഭൂരിഭാഗം പേരും ഈ സന്ദേശം അവഗണിക്കും. എന്താണ് സംഭവമെന്ന് നോക്കിയാലോ എന്ന് ചിന്തിക്കുന്ന ഒരുപക്ഷം ആയിരിക്കും തട്ടിപ്പുകാരുടെ ഇരകള്‍.
![]() |
![]() |
സാധാരണ ലോട്ടറിയുമായി താരതമ്യത്തിന് മുതിര്‍ന്നാല്‍ തന്നെ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളൂ. 40 മുതല്‍ 500 രൂപ വരെ മാത്രം മുടക്കി എടുക്കുന്ന ലോട്ടറികള്‍ക്കാണ് ലക്ഷങ്ങളും കോടികളും സമ്മാനം ലഭിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത് കോടികള്‍ സമ്മാനത്തുകയുള്ള ലോട്ടറിക്ക് ലക്ഷങ്ങളാണ്. 20 ലക്ഷം സമ്മാനത്തുക ലഭിക്കാനായി 18 ലക്ഷത്തോളം നല്‍കിയ മലയാളികള്‍ നമുക്കിടയിലുണ്ട്. പണമമടയ്ക്കാനായി മണിക്കൂറുകള്‍ മാത്രമേ ഇവര്‍ നല്‍കൂ. സ്വാഭാവികമായും രണ്ടാമതൊന്ന് ചിന്തിക്കാന്‍ സമയം നല്‍കിയാല്‍ തട്ടിപ്പ് തിരിച്ചറിയുമെന്ന് ഇവര്‍ക്കറിയാം. 'കോടിപതി'യാകാനുള്ള അവസരം നഷ്ടമാകാതിരിക്കാന്‍ പലരും എടുത്തുചാടുകയും ചെയ്യും.
എ.ഐ. തട്ടിപ്പ്, ഭീതിപ്പെടുത്തുന്ന ഡീപ്‌ഫേക്കുകള്‍
കോഴിക്കോട്ടുകാരനായ രാധാകൃഷ്ണന്റെ ഫോണിലേക്ക് സുഹൃത്ത് വീഡിയോ കോള്‍ ചെയ്യുകയാണ്. അത്യാവശ്യമായി 40,000 രൂപ വേണം. സുഹൃത്തിനെ സഹായിക്കാനായി പലവട്ടമായി രാധാകൃഷ്ണന്‍ പണമയച്ചു. കൂടുതല്‍ തുക ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് എന്തോ പന്തികേടുണ്ടെന്ന് രാധാകൃഷ്ണന് തോന്നുന്നത്. ഒടുവില്‍ സത്യം മനസ്സിലാക്കി. താന്‍ പറ്റിക്കപ്പെടുകയായിരുന്നു. ഡീപ് ഫെയിക് എന്ന് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ എ.ഐ. തട്ടിപ്പ് കൂടിയാണിത്. ആന്ധ്ര പ്രദേശ് സ്വദേശിയും സുഹൃത്തുമായ ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
![]() |
രാധാകൃഷ്ണന്‍ പറ്റിക്കപ്പെട്ടതിങ്ങനെ
മുന്‍സഹപ്രവര്‍ത്തകനായിരുന്ന ഒരാളില്‍നിന്ന് രാധാകൃഷ്ണന് വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നു. സഹോദരി ഗുരതുരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും താന്‍ വിദേശത്തായതിനാല്‍ പണം കൈമാറുന്നതിന് തടസ്സം നേരിടുന്നെന്നുമായിരുന്നു സന്ദേശം. സന്ദേശമയച്ച വ്യക്തിയെ കുറിച്ച് രാധാകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, വ്യക്തി വാട്സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കി. വീഡിയോ കോളില്‍ രാധാകൃഷ്ണന്റെ മുന്‍ സഹപ്രവര്‍ത്തകനാണെന്നു തട്ടിപ്പുകാരന്‍ 'ബോധ്യപ്പെടുത്തി' കൊടുത്തു. എ.ഐ. ഉപയോഗിച്ച് ഡീപ്‌ഫേക്ക് സൃഷ്ടിച്ചായിരുന്നു വീഡിയോ കോള്‍. തനിക്ക് വന്നകോളിന്റെ ആധികാരികത വിശ്വസിച്ച് രാധാകൃഷ്ണന്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് 40,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് തട്ടിപ്പുകാരന്‍ 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് സംശയം ജനിക്കുന്നത്. ഉടന്‍തന്നെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. രാധാകൃഷ്ണനും മുന്‍ സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടെന്ന് കോഴിക്കോട് ഡി.സി.പി. കെ.ഇ. ബൈജു പറഞ്ഞു. അവരുടെ ഫോണുകളിലൊന്ന് ഹാക്ക് ചെയ്യുകയും അവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയും പിന്നീട് എ.ഐ. വഴി ഡീപ്‌ഫേക്ക് സൃഷ്ടിക്കുകയും ചെയ്തു.
ടാസ്‌ക് ചെയ്യാന്‍ നല്‍കിയത് 5.3 ലക്ഷം, കിട്ടിയത് 1400
വെറുതെ വീട്ടിലിരുന്ന് യൂട്യൂബ് വീഡിയോ കണ്ടാല്‍ ദിനവും ചെയ്യുന്ന ജോലിക്ക് ലഭിക്കുന്നതിലുമധികം പണം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ? ചിലരെങ്കിലും ചെയ്യുമായിരിക്കും. പക്ഷേ, ഒന്ന് ചിന്തിച്ച് നോക്കൂ, എങ്ങനെയാണ് കുറച്ച് വീഡിയോ കണ്ടാല്‍ ഇത്രയുമധികം പണം കിട്ടുന്നത്? ഒന്നിരുത്തി ചിന്തിച്ചാല്‍ മനസിലാക്കാവുന്നതല്ലേയുള്ളൂ ഇതൊരു തട്ടിപ്പാണെന്ന്? കേരളത്തില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന തട്ടിപ്പുകളില്‍ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം സ്‌കാമുകള്‍. ദിനവും എത്രയെത്ര കേസുകള്‍. വളരെ വ്യത്യസ്തമായ സമീപനമാണ് ഇത്തരം തട്ടിപ്പുകാര്‍ സ്വീകരിക്കുന്നത്.
|
ഓരോ ലെവലും കടന്ന് നാം വേഗത്തിൽ മുന്നേറും. വാലറ്റിൽ 'കൂലി' കുമിഞ്ഞുകൂടും. പക്ഷേ, ഒരു രൂപ പോലും സ്വന്തം ബാങ്കിലേയ്ക്ക് പിൻവലിക്കാനാകില്ലെന്ന് മാത്രം. ഒടുവിൽ പെട്ടെന്ന് ഒരു ദിവസം ആപ്പ് പ്രവർത്തിക്കാതെയാകും. പണവും പോകും. ആ സമയം കൊണ്ട് നമ്മൾ 10 സുഹൃത്തുക്കളെയെങ്കിലും റെഫർ ചെയ്തിട്ടുണ്ടാകും. വീഡിയോ കാണുന്ന ടാസ്ക് മാത്രമല്ല, കാഷെ അടിച്ചുനൽകുന്ന ടാസ്കുകളും ധാരാളം.
![]() |
ഓൺലൈൻ ജോലിയുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാണ്. യുട്യൂബ് വീഡിയോ കണ്ടാൽ പൈസ, ലൈക്ക് ചെയ്താൽ പൈസ... എന്നിങ്ങനെയുള്ള നിരവധി തരം തട്ടിപ്പുകളുണ്ട്. ആദ്യത്തെ ടാസ്കുകൾ ഒക്കെ ഒരു ചൂണ്ട പോലെയാണ്. കൂടുതൽ പൈസ നൽകിയാൽ വലിയ വലിയ റിട്ടേൺ ഉള്ള ടാസ്കുകൾ ലഭിക്കും. 33 ലക്ഷം രൂപ വരെ പോയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐ.ടി. പ്രൊഫഷണൽസ്, ഡോക്ടേഴ്‌സ് ഉൾപ്പെടെയുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. സാധാരണക്കാരും ഇതിൽപെടുന്നുണ്ട്. ചെറിയ ചെറിയ ഷോപ്പുകളിൽ വർക്ക് ചെയ്യുന്നവരും പറ്റിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. ഈ കേസിൽ പ്രതികളാകുന്നവരുടെ ഐ.പി. അഡ്രസ്സ് തിരക്കി പോയാൽ നൈജീരിയ, അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിലുള്ള ആളുകളിലേക്കായിരിക്കും നാം എത്തിച്ചേരുക. പഠനം കഴിഞ്ഞ് ജോലി തേടുന്നവരെയാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
ചില കേസുകൾ
- പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം ഇരുപത്തിയൊന്നുകാരനിൽനിന്ന് തട്ടിയെടുത്തത് 3.31 ലക്ഷം രൂപ. വാട്സാപ്പും ടെലിഗ്രാമും വഴി ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ചായിരുന്നു പണംതട്ടൽ. പ്രമുഖ കമ്പനികളിലേക്ക് റേറ്റിങ് നൽകിയാൽ കമ്മിഷനും ബോണസും നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
- ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന ഓൺലൈൻ പാർട്ട് ടൈം ജോലി തരാമെന്നും അതിനായി പ്രീ-പെയ്ഡ് ടാസ്കിന് പണമടയ്ക്കണമെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെ ഇരുപത്തഞ്ചുകാരിയിൽനിന്ന് കവർന്നത് 5.29 ലക്ഷം രൂപയാണ്. വിവിധ അക്കൗണ്ടിലേക്കായി മൊത്തം 5.31 ലക്ഷം രൂപ ഇവർ അയച്ചു, തിരിച്ചുകിട്ടിയത് 1400 രൂപ മാത്രം.
- കാസർകോട്ട് നാൽപ്പത്തിരണ്ടുകാരനിൽനിന്ന് പാർട്ട് ടൈം ജോലി തരാമെന്ന് ടെലിഗ്രാമിലൂടെ വിശ്വസിപ്പിച്ച് 13 ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. ഇതിൽ തിരിച്ചുകിട്ടിയത് വെറും 11,574 രൂപയാണ്.
‘യുവർ കണക്ഷൻ ഡിസ്കണക്ടഡ് - കെ.എസ്.ഇ.ബി.’ സന്ദേശങ്ങള്‍
കൃത്യമായി വൈദ്യുതി ബില്ല് അടച്ചുവരുന്ന ഒരാളുടെ മൊബൈലിലേക്ക് പെട്ടെന്നൊരു ദിവസം ഒരു സന്ദേശം വരികയാണ്. രണ്ടു ദിവസത്തിനകം വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുമെന്നുള്ളതാണ് സന്ദേശം. ഇതുകേട്ട് മറ്റൊന്നും ചിന്തിക്കാതെ അയാള്‍ ആ നമ്പറുമായി ബന്ധപ്പെടുന്നു. അവർ നൽകിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നു. ഇത് കാലാകാലങ്ങളായി കേരളത്തിലെ സൈബർ പോലീസ് സ്റ്റേഷനിൽ വരുന്ന പരാതികളിൽ ഒന്നാണ്. ലിങ്കിൽ കയറി ഒ.ടി.പി. കൊടുത്തു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങളുടെ ബാങ്കിലുള്ള മുഴുവൻ തുകയും ഇത്തരക്കാർ കൈക്കലാക്കാൻ സാധ്യതയുണ്ട്.
![]() |
![]() |
വീട്ടിൽ വൈദ്യുതി പോയാൽ തൊട്ടടുത്ത വീട്ടിലും പോയോ എന്ന് നമ്മൾ നോക്കും. അഞ്ചു മിനിറ്റിനുള്ളൽ വൈദ്യുതി വന്നില്ലെങ്കിൽ ഉടൻ കെ.എസ്.ഇ.ബിയിലേയ്ക്ക് വിളിക്കുകയും ചെയ്യും. അങ്ങനെയുള്ള മലയാളികൾ എന്തുകൊണ്ട് ഇത്തരം വ്യാജസന്ദേശങ്ങൾ വരുമ്പോൾ അയൽക്കാരോടോ സുഹൃത്തുക്കളോടോ തിരക്കുന്നില്ല? എന്തുകൊണ്ട് കെ.എസ്.ഇ.ബിയിൽ വിളിക്കുന്നില്ല? 1000 പേർക്ക് ഇത്തരം സന്ദേശം അയക്കുമ്പോൾ അതിൽ 10 പേരെങ്കിലും പെെസ അയച്ചുകൊടുത്തേക്കാം. ഇത്തരം മെസ്സേജുകളിലെ ഗുരുതര അക്ഷരത്തെറ്റുകൾ കാണുമ്പോൾ തന്നെ ഇത് വ്യാജസന്ദേശമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാകും. പക്ഷെ, അതുപോലും ശ്രദ്ധിക്കാത്തവരാണ് പലരും.
പരമ്പരയുടെ മൂന്നാം ഭാഗം നാളെ(ബുധനാഴ്ച്ച) രാവിലെ 10.30-ന്:
പട്ടാളക്കാരുടെ പേരിലും തട്ടിപ്പുകൾ: എന്തുകൊണ്ട് കെണിയിൽ നാം വീഴുന്നു?
(വായനക്കാര്‍ നേരിട്ടിട്ടുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കാം. മെയില്‍ ഐ.ഡി- onlinedeskmbi@mpp.co.in)
(തുടരും)
Content Highlights: cyber financial frauds in kerala series
Published: 17 Oct 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented