
കേരളത്തിൽ ഏത് ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചാലും ജയിക്കാൻ സാദ്ധ്യതയുള്ള കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. 2019-ൽ രാഹുൽ വയനാട്ടിലേക്ക് വന്നത് ഈ ഉറപ്പിന്റെ പുറത്താണ്. മൂന്ന് തവണ തുടർച്ചയായി ജയിച്ച അമേത്തിയിൽ കാലിടറിയേക്കുമെന്ന് രാഹുലിനും കൂടെയുള്ളവർക്കും വിവരം കിട്ടിയിരുന്നിരിക്കണം. പുൽവാമയും ബാലാക്കോട്ടും ചേർന്ന് കോൺഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.
ആ ദിവസങ്ങളിലൊന്നിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിൽവെച്ച് കണ്ടപ്പോൾ കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡി(2019 ജൂലായ് 28-ന് ജയ്പാൽ അന്തരിച്ചു) പങ്കുവെച്ചത് ഇതേ ആശങ്കയാണ്: ''പുൽവാമ സംഭവിക്കുന്നതുവരെ ഞങ്ങൾ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. ഇനിയിപ്പോൾ എന്താണുണ്ടാവുകയെന്ന് ഒരു പിടിയുമില്ല.'' ജയ്പാലിന്റെ സന്ദേഹം തെറ്റിയില്ല. മോദിയുടെ ജൈത്രയാത്ര തടയാനാവുമെന്ന കോൺഗ്രസിന്റെ മോഹം അടിവേരോടെ പിഴുതെറിയപ്പെട്ടു. അമേത്തിയിൽ സ്മൃതി ഇറാനിക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് തോൽക്കേണ്ടിവന്നു. തലമുറ തലമുറ കൈമാറിക്കിട്ടിയ മണ്ഡലം 55,120 വോട്ടുകളുടെ വ്യത്യാസത്തിൽ നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന്റെ കയ്യിൽനിന്നു ചോർന്നുപോയി.
അമേത്തി തിരിച്ചുപിടിക്കുക എന്നത് രാഹുലിനും കോൺഗ്രസിനും ഒരു വാശിയായിരിക്കും. പക്ഷേ, വാശികൊണ്ട് മാത്രം ലോക്സഭ തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്ക് രാഹുൽ കളം മാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല. റായ്ബറേലിയായാലും അമേത്തിയായാലും രാഹുലിന്റെ രണ്ടാം മണ്ഡലം (നിലവിൽ ഒന്നാം മണ്ഡലം) വയനാട് ആയിരിക്കുമെന്ന് തന്നെയാണ് സൂചന. വാസ്തവത്തിൽ വയനാടിന്റെ കാര്യത്തിൽ രാഹുലിന് ഒരു പുനർവിചിന്തനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇടതുനേതാക്കളുടെ താത്വിക വിശകലനം കേട്ട് വയനാട്ടിൽനിന്നു രാഹുലിനെ മാറ്റുക എന്ന മണ്ടത്തരത്തിന് കോൺഗ്രസ് കഴുത്തുവെച്ചു കൊടുത്താൽ അത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമാവും.
രാഹുലിന് അമേത്തിയിൽ തിരിച്ചടിയുണ്ടായെങ്കിലും കേരളത്തിൽ കോൺഗ്രസ് വൻനേട്ടം കൊയ്തു. രാഹുലിന്റെ വരവ് കേരളത്തിൽ കോൺഗ്രസ് അനുകൂല തരംഗമായി മാറി. മോദി സർക്കാരിനെ വീഴ്ത്താനുള്ള സുവർണ്ണാവസരമായാണ് വോട്ട് ചെയ്ത ഭൂരിപക്ഷം മലയാളികളും 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ കണ്ടത്. ആ ദിവസങ്ങളിൽ കേരളത്തിലുടനീളം സഞ്ചരിച്ചവർക്ക് ഈ പൾസ് പിടിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചോദിച്ചവരോട് ഇരുപതിൽ പത്തൊമ്പതും കോൺഗ്രസ് മുന്നണി പിടിച്ചേക്കുമെന്ന് പറയാൻ കഴിഞ്ഞത് ഈ യാത്രകളുടെ ഫലമായിട്ടായിരുന്നു. വിദേശത്തുനിന്നു പ്രവാസി മലയാളികൾ കൂട്ടത്തോടെ എത്തി വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നത് കണ്ടപ്പോൾ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നറിയാൻ പാഴൂർ പടിപ്പുരയിലേക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. പാലക്കാട്ട് എം.ബി. രാജേഷിന് മാത്രമാണ് അന്ന് സാദ്ധ്യതയുണ്ടെന്ന് തോന്നിയത്. പക്ഷേ, രാഹുൽ തരംഗത്തിൽ രാജേഷും വീണു. ആലപ്പുഴയിൽ ആരിഫ് മാത്രം ഇടതുമുന്നണിക്ക് ആശ്വാസമായി. 10,474 വോട്ടുകൾക്കാണ് ആരിഫ് ആലപ്പുഴ വിജയിച്ചത്.

ഇടതുമുന്നണിയുടെ വിഷമസന്ധി
രാഹുലിന്റെ വയനാടൻ യാത്ര ഏറ്റവുധികം വിഷമിപ്പിച്ചത് ഇടത് പാർട്ടികളെയാണ്. വയനാട്ടിലേക്ക് വരുന്നതിലൂടെ രാഹുലും കോൺഗ്രസും എന്ത് സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. ബി.ജെ.പിയെ നേരിടാനല്ല ഇടതുമുന്നണിയുമായി കൊമ്പ് കോർക്കാനാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നും പിണറായി പറഞ്ഞു. രാഹുലിന്റെ വരവ് തങ്ങൾക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്ന് തിരിച്ചറിയാൻ പിണറായിക്ക് കൃത്യമായി കഴിഞ്ഞു.
രാഹുലിന്റെ വരവോടെ മുഖ്യമായും രണ്ട് കാര്യങ്ങളുണ്ടായി. കേരളത്തിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിന് പിന്നിൽ ഒന്നിച്ച് അണിനിരന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും തിരശ്ശീല വലിച്ചിട്ടതുപോലെ നിന്നു. 15 സീറ്റുകളാണ് കേരളത്തിൽനിന്ന് കോൺഗ്രസിന് കിട്ടിയത്. ദേശീയ തലത്തിൽ കോൺഗ്രസിന് മൊത്തം കിട്ടിയ 52 സീറ്റുകളുടെ 28 ശതമാനം കേരളത്തിൽ നിന്നായിരുന്നു. ഇടതുമുന്നണിയും സംഘപരിവാറും എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിന് ലോക്സഭയിൽ കിട്ടിയ പിടിവള്ളിയായിരുന്നു കേരളം.
രാഹുൽ വയനാട്ടിൽ നിന്നത് കോൺഗ്രസിന് ഉത്തരേന്ത്യയിൽ ക്ഷീണമുണ്ടാക്കി എന്നൊരു പ്രചാരണമുണ്ട്. വയനാട്ടിൽ രാഹുലിന്റെ പ്രചാരണത്തിൽ പങ്കെടുത്ത മുസ്ലിം ലീഗിന്റെ കൊടികൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ സഹവാസം പാക്കിസ്താനിലെ മുസ്ലിം ലീഗിനൊപ്പമാണെന്ന പ്രചാരണമുണ്ടായി. ഉത്തരേന്ത്യക്കാർക്ക് അറിയാവുന്ന ലീഗ് മുഹമ്മദലി ജിന്നയുടെ ലീഗാണ്. പണ്ടൊരിക്കൽ കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ ഇന്ദിര ഗാന്ധിയോട് യു.പിയിൽ രണ്ട് സീറ്റെങ്കിലും തങ്ങൾക്ക് തരണമെന്നും കേരളത്തിൽ വിജയം ഉറപ്പുള്ള സീറ്റുകൾ പകരം തരാമെന്നും പറഞ്ഞതായി കേൾക്കുന്നുണ്ട്. എന്നാൽ, ഇന്ദിര വഴങ്ങിയില്ല. അത്തരമൊരു കച്ചവടം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇന്ദിരയ്ക്കറിയാമായിരുന്നു. രാഹുലിന്റെ വയനാടൻ വരവിനെ ഈ കഥയുമായി കൂട്ടിവായിക്കുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പുൽവാമയുടെയും ബാലാക്കോട്ടിന്റെയും ചിറകുകളിലേറി ഹിന്ദുത്വ കുതിക്കുമ്പോൾ അതിനെ പിടിച്ചുകെട്ടാനുള്ള ആയുധങ്ങൾ കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ലോക്സഭ തിരഞ്ഞെടുപ്പ് വീണ്ടും പടിവാതൽക്കലെത്തി നിൽക്കെ രാഹുൽ വയനാട്ടിലേക്ക് വരരുതെന്ന വാദവുമായി ഇടതുനേതാക്കൾ ഒരിക്കൽ കൂടി കളത്തിലറങ്ങിയിട്ടുണ്ട്. അഞ്ച് കൊല്ലം മുമ്പ് മുഖ്യമന്ത്രി പിണറായി മുന്നോട്ടുവെച്ച വാദങ്ങൾ തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് അജണ്ടയെങ്കിൽ രാഹുൽ കേരളത്തിലേക്ക് വരരുതെന്നാണ് ഇടതുനേതാക്കളുടെ താത്വിക വിശകലനം.

മോദി കേരളത്തിൽ മത്സരിച്ചാൽ
ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്നുള്ളത് അതാത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കേണ്ട സംഗതിയാണ്. അഖിലേന്ത്യാതലത്തിൽ ഒരു മുന്നണിയായതുകൊണ്ട് കേരളത്തിൽ രാഹുൽ ഗാന്ധി തങ്ങൾക്കെതിരെ മത്സരിക്കരുതെന്ന് ഇടതുനേതാക്കൾ പറയുന്നത് ശുദ്ധ അസംബന്ധമാണ്. വയനാട് പരമ്പരാഗതമായി കോൺഗ്രസിന്റെ മണ്ഡലമാണ്. അവിടെ രാഹുൽ ഗാന്ധി അല്ലെങ്കിൽ മറ്റൊരാൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. മുന്നണി മര്യാദയാണ് വിഷയമെങ്കിൽ ഇടതുമുന്നണി ചെയ്യേണ്ടത് രാഹുലിനെതിരെ വയനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്താതിരിക്കുക എന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ മത്സരിച്ചേക്കുമെന്ന് ചില കരക്കമ്പികൾ കണ്ടു. മോദിയുടെ മനഃശാസ്ത്രം അറിയാവുന്നവർ ഇത്തരം വാർത്തകൾക്ക് പുല്ലുവില പോലും കൽപിക്കില്ല. നൂറു ശതമാനം വിജയം ഉറപ്പുള്ള ഒരു മണ്ഡലത്തിൽ മാത്രമേ മോദിയെപ്പോലുള്ളവർ സ്ഥാനാർത്ഥിയാവാൻ താൽപര്യപ്പെടുകയുള്ളു. 2014-ൽ കെജ്രിവാൾ വാരാണസിയിൽ കളത്തിലിറങ്ങിയത് മോദിയെ ഒന്നുലിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പാണ് അന്ന് മോദിയെ രക്ഷിച്ചെടുത്തത്. മോദി 5,81,022 വോട്ടുകൾ നേടിയപ്പോൾ കെജ്രിവാൾ 2,09.238 വോട്ട് നേടി. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ കക്ഷികൾ 1,85, 358 വോട്ടും സ്വന്തമാക്കി. കെജ്രിവാളിനെ പിന്തുണയ്ക്കാൻ എല്ലാ പ്രതിപക്ഷ കക്ഷികളും അന്ന് തീരുമാനിച്ചിരുന്നെങ്കിൽ വാരാണസിയിൽ ചിലപ്പോൾ കഥ മറ്റൊന്നാവുമായിരുന്നു.
ഇനിയിപ്പോൾ പ്രധാനമന്ത്രി മോദി കേരളത്തിൽ മത്സരിക്കാൻ വരുന്നുവെന്ന് സങ്കൽപിക്കാം. അങ്ങിനെ സംഭവിച്ചാൽ മോദിക്കെതിരെ ഒന്നിച്ചൊരു പോരാട്ടത്തിനല്ലേ ഇന്ത്യ മുന്നണി മുതിരേണ്ടത്. ഉദാഹരണത്തിന് തിരുവനന്തപുരത്താണ് മോദി മത്സരിക്കുന്നതെങ്കിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ശശി തരൂരിനെ പിന്തുണയ്ക്കാൻ ഇടതുമുന്നണി തയ്യാറാവണം. ഇടതുമുന്നണിയും യു.ഡി.എഫും ഒന്നിച്ചൊരു സ്ഥാനാർത്ഥിയെ കളത്തിലിറക്കിയാൽ ആ മണ്ഡലത്തിൽ ബി.ജെ.പിക്ക് പിന്നെ കാര്യമായൊന്നും തന്നെ ചെയ്യാനുണ്ടാവില്ല.
ഇന്ത്യ മുന്നണിയുടെ സുപ്രധാന നേതാവ് രാഹുൽ ഗാന്ധിയാണ്. അഖിലേന്ത്യാതലത്തിൽ ബി.ജെ.പിക്കെതിരെ ഓടിനടന്ന് പൊരുതേണ്ടയാൾ. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് അത്യധികം നിർണ്ണായകമാണെന്നുള്ളത് ഏത് രാഷ്ട്രീയ വിദ്യാർത്ഥിക്കും അറിയാം. അങ്ങിനെയൊരു സന്നിഗ്ദ്ധഘട്ടത്തിൽ ലക്ഷ്യം ബി.ജെ.പിയുടെ പരാജയമാണെങ്കിൽ ഇടതുപക്ഷം കേരളത്തിൽ ചെയ്യേണ്ടത് രാഹുൽ ഗാന്ധിയുടെ വിജയം സുഗമമാക്കുക എന്നതല്ലേ? രാഹുൽ, താങ്കൾ വയനാട്ടിൽ പ്രചാരണത്തിന് വരേണ്ട കാര്യം തന്നെയില്ല, അത്രയും സമയം കൂടി സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിനായി മാറ്റിവെയ്ക്കൂ എന്നല്ലേ സീതാറാം യെച്ചൂരിയും ഡി. രാജയും രാഹുലിനോട് പറയേണ്ടത്. അല്ലാതെ, ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ എതിർക്കാൻ മറ്റൊരു ദേശീയ നേതാവ് ആനി രാജയെ കളത്തിൽ ഇറക്കുകയാണോ ഇടതുമുന്നണി ചെയ്യേണ്ടത്?
ഇടതുനേതാക്കളുടെ വാക്ക് കേട്ട് കഴിഞ്ഞ തവണ രാഹുൽ വയനാട്ടിൽ നിൽക്കാതെ കേരളത്തിന് വെളിയിൽ മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു രണ്ടാം സീറ്റ് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ലോക്സഭയിൽ രാഹുലിന്റെ സാന്നിദ്ധ്യത്തിന് എന്തെങ്കിലും ഉറപ്പുണ്ടാകുമായിരുന്നോ? വയനാട്ടിൽ നിന്നതുകൊണ്ട് കോൺഗ്രസിന്റെ സമുന്നത നേതാവിന് ലോക്സഭയിൽ എത്താനായി. രാഹുൽ ലോക്സഭയിൽ ഇല്ലായിരുന്നെങ്കിൽ മോദി സർക്കാരിനെതിരെ ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിരോധം എത്രമാത്രം ദുർബ്ബലമാകുമായിരുന്നു എന്നാലോചിച്ചാൽ വയനാട്ടിൽനിന്നു രാഹുൽ മത്സരിച്ചതിന്റെ പൊരുൾ തെളിഞ്ഞുവരും. മോദിക്കെതിരെ എന്നതുപോലെതന്നെ അദാനിക്കെതിരെയുള്ള രാഹുലിന്റെ പോരാട്ടവും കണക്കിലെടുക്കേണ്ടതില്ലേ? അതുകൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാർ മുദ്രാവാക്യത്തിന് ശക്തി പകരുന്ന നീക്കമാണ് വാസ്തവത്തിൽ ഇടതുനേതാക്കൾ രാഹുലിനെ ലക്ഷ്യമിടുന്നതിലൂടെ നടത്തുന്നതെന്ന് പറയേണ്ടിവരുന്നത്.

മലപ്പുറവും പൊന്നാനിയും
മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് എന്തുകൊണ്ടാണ് മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തുന്നതെന്ന് സംഘപരിവാർ ചോദിക്കുന്നതിന് തുല്ല്യമാണ് വയനാട്ടിൽ എന്തുകൊണ്ടാണ് കോൺഗ്രസ് രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതെന്ന ചോദ്യം. ലോക്സഭയിൽ നിലവിൽ ബി.ജെ.പിക്ക് ഒരു മുസ്ലിം എം.പി. പോലുമില്ല. നിയമസഭകളിലും ഇതുതന്നെയാണ് അവസ്ഥ. എണ്ണംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് മുസ്ലിങ്ങൾ. മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരുന്ന വിഭാഗം.
ബി.ജെ.പി. വർഗ്ഗീയ സംഘടനയല്ലെന്നും ബി.ജെ.പിയിലുള്ള മുസ്ലിങ്ങളാണ് അതിനുള്ള മറുപടിയെന്നും ശ്യാമ പ്രസാദ് മുഖർജിയും വാജ്‌പേയിയും ആവർത്തിച്ചു പറയുമായിരുന്നു. എന്നാൽ 2014 മുതൽ ബി.ജെ.പിയും മുസ്ലിങ്ങളും തമ്മിലുള്ള സമവാക്യത്തിൽ കാതലായ മാറ്റമാണുണ്ടായിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മത്സരിച്ച 482 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് മുസ്ലിം സ്ഥാനാർത്ഥികളുണ്ടായിരുന്നത്. ഇതിൽ തന്നെ മൂന്ന് സീറ്റുകൾ ജമ്മു കാശ്മീരിലായിരുന്നു. 2014-ൽ 282 സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. പക്ഷേ, അവരിൽ ഒരാൾ പോലും മുസ്ലിമായിരുന്നില്ല. 303 സീറ്റുകളിൽ ബി.ജെ.പി. വെന്നിക്കൊടി നാട്ടിയ 2019-ലെ തിരഞ്ഞെടുപ്പിലും ലോക്‌സഭയിൽ ബി.ജെ.പിയുടെ ബഞ്ചുകളിൽ ഇരിക്കാൻ ഒരൊറ്റ മുസ്ലിം എം.പി. പോലുമുണ്ടായിരുന്നില്ല. അതായത് നിലവിൽ 20 കോടിയോളം വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം പാർലമെന്റിൽ നിഷേധിക്കപ്പെടുന്നു.
ബി.ജെ.പി. മാത്രമല്ല എസ്.പി., ബി.എസ്.പി., ബി.ജെ.ഡി., ഡി.എം.കെ., എൻ.സി.പി. തുടങ്ങിയ പ്രാദേശിക പാർട്ടികളും മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണം കുറക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭരണത്തിന്റെ സിരാകേന്ദ്രങ്ങളിൽനിന്ന് ഒരു മതവിഭാഗത്തെ പൂർണ്ണമായും അപ്രത്യക്ഷമാക്കുക എന്ന നയമാണ് നടപ്പാക്കപ്പെടുന്നത്. ഈ പരിസരത്തിലാണ് മലപ്പുറത്തും പൊന്നാനിയിലും ലീഗ് മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിച്ചെടുക്കുന്നതിന്റെ പൊരുൾ തിരയേണ്ടത്.
കേരളത്തിൽ മുസ്ലിം ലീഗിന് ജയിക്കാമെന്ന് ഉറപ്പുള്ള രണ്ട് മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും. അവിടെ മുസ്ലിം സ്ഥാനാർത്ഥികളെയല്ല ലീഗ് നിർത്തുന്നതെങ്കിൽ അതിന്റെയർത്ഥം പാർലമെന്റിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല രണ്ട് അവസരങ്ങൾ പാഴാക്കുക എന്നതാണ്. ഇന്ത്യൻ ജനാധിപത്യം പ്രശോഭിതമാവുന്നത് ബഹുസ്വരതയുടെ പെരുങ്കളിയാട്ടത്തിലാണ്. മലപ്പുറവും പൊന്നാനിയും ഈ ബഹുസ്വരത ഊട്ടിയുറപ്പിക്കുന്നതിൽ എത്രമാത്രം നിർണ്ണായകമാണെന്ന് ഭാവിചരിത്രം രേഖപ്പെടുത്തുമെന്നതിൽ ഒരു സംശയവും ഇതെഴുതുന്നയാൾക്കില്ല.
ഇതേ സിദ്ധാന്തം തന്നെയാണ് വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനും കുട പിടിക്കേണ്ടത്. രാഹുൽ ഗാന്ധി ലോക്സഭയിലേക്കെത്തുന്നുവെന്ന് ഉറപ്പുവരത്തേണ്ടത് കോൺഗ്രസ്സിന്റെ മാത്രമല്ല ഇന്ത്യ മുന്നണിയുടെ മൊത്തം ആവശ്യമല്ലേ? അപ്പോൾ പിന്നെ ഏറ്റവും ഉറപ്പുള്ള ഒരു മണ്ഡലം രാഹുലിനായി കണ്ടെത്തേണ്ടത് ഇന്ത്യ മുന്നണിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാവുന്നു. ഈ ഉത്തരവാദിത്വത്തിൽനിന്ന് ഇടതുകക്ഷികൾക്ക് എങ്ങിനെയാണ് കൈ കഴുകി മാറിനിൽക്കാനാവുക? കേരളത്തിൽ ഏത് മണ്ഡലത്തിൽ നിന്നാലും രാഹുൽ ജയിച്ച് കയറും. അതിൽ തന്നെ ഏറ്റവും സുരക്ഷിതം എന്നതാണ് വയനാടിന്റെ പ്രസക്തി. അപ്പോൾ പിന്നെ, കേരളത്തിൽ ഏത് മണ്ഡലം രാഹുലിനായി കോൺഗ്രസ് തിരഞ്ഞെടുത്താലും കൂടെ ഞങ്ങളുണ്ടാവും എന്നല്ലേ ഇടതുമുന്നണി പറയേണ്ടത്?

ഭാവിയിലേക്കുള്ള ചുവടുവെയ്പ്
കേരളത്തിന് വെളിയിൽ, എന്തിന് തൊട്ടടുത്തുള്ള തമിഴനാട്ടിൽ പോലും, കോൺഗ്രസും ഇടതുമുന്നണിയും തമ്മിൽ മത്സരമില്ല. രണ്ട് കൂട്ടരും ഡി.എം.കെയ്ക്കൊപ്പം നിലയുറപ്പിച്ചുകൊണ്ട് ഒന്നിച്ചൊന്നായാണ് ബി.ജെ.പിയെ നേരിടുന്നത്. കേരളത്തിലെ പ്രശ്നം കേരളത്തിലെ രണ്ട് മുഖ്യകക്ഷികൾ സി.പി.എമ്മും കോൺഗ്രസുമാണെന്നതാണ്. പരമ്പരാഗതമായി പരസ്പരം പോരടിക്കുന്ന പാർട്ടികൾ. ഒരു സുപ്രഭാതത്തിൽ ഒന്നിച്ചു നിൽക്കുക ഈ രണ്ടു പാർട്ടികൾക്കും എളുപ്പമല്ല. തമിഴ്നാട്ടിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒന്നിക്കണം എന്ന് പറയുന്നപോലെയാണത്. അതുകൊണ്ടു തന്നെ വളരെ അസാധാരണ സാഹചര്യത്തിൽ മാത്രമേ ഈ രണ്ട് പാർട്ടികൾക്കും ഒന്നിച്ച് പൊതു സമ്മതനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കാനാവുകയുള്ളു.
ബി.ജെ.പി. കേരളത്തിൽ മേൽക്കൈ നേടിയേക്കും എന്ന ഭയമുണ്ടായാലും ഈ സമവാക്യം ഉരുത്തിരിഞ്ഞേക്കും. നിലവിൽ അതല്ല അവസ്ഥ. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടേത് മൂന്നാം മുന്നണി മാത്രമാണ്. പ്രധാനപ്പെട്ട രണ്ട് മുന്നണികളിൽ ബി.ജെ.പി. ഇല്ല. അപ്പോൾ പിന്നെ ഇന്ത്യ മുന്നണിയെ സംബന്ധിച്ചടത്തോളം കേരളം ആ രീതിയിൽ ഒരു വെല്ലുവിളി അല്ല. ഇവിടെനിന്ന് ആര് ജയിച്ചാലും പാർലമെന്റിൽ ബി.ജെ.പിക്കെതിരെയായിരിക്കും അവർ നിലപാട് എടുക്കുക.
ഇവിടെയാണ് ഇടതുപക്ഷവും യു.ഡി.എഫും ഭാവിയെ മുന്നിൽ കാണേണ്ടത്. ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും ദീർഘവീക്ഷണം അനിവാര്യമാണ്. താൽക്കാലിക നേട്ടങ്ങളല്ല ഭാവിയിൽ കൈവേന്നക്കാവുന്ന ചില വൻവിളവെടുപ്പുകളും മുൻകൂട്ടിക്കാണുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം അർത്ഥവത്താവുന്നത്. 1987-ൽ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ കിട്ടിയ അവസരം സി.പി.എം. കളഞ്ഞുകുളിച്ചത് വലിയ മണ്ടത്തരമായിരുന്നു. ഒമ്പത് വർഷത്തിനപ്പുറം ജ്യോതി ബസുവിനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാനുള്ള അവസരവും സി.പി.എമ്മിന് ചരിത്രപരമായ മണ്ടത്തരമായി. 2019-ൽ രാഹുൽ കേരളത്തിലേക്ക് വന്നത് ഇത്തരമൊരു അസാധാരണ സാഹചര്യമായിരുന്നു. അന്ന് ഇടതുമുന്നണി രാഹുലിനെ ഇരുകൈകളും നീട്ടി സാഗതം ചെയ്യണമായിരുന്നു. ഇന്നിപ്പോൾ രാഹുലിനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കരുതെന്ന മുദ്രാവാക്യത്തിലൂടെ ഇടതുപക്ഷം ചരിത്രത്തോടും കാലത്തോടും വീണ്ടും അനീതി കാട്ടുകയാണ്. ഈ കെണിയിലേക്ക് വീഴാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നതെങ്കിൽ അവരായി അവരുടെ പാടായി എന്ന് മാത്രമേ പറയാനുള്ളൂ!
വഴിയിൽ കേട്ടത്: വയനാട്ടിലെ വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്.എഫ്.ഐ. പ്രവർത്തകർ അടക്കമുള്ളവർ ആൾക്കൂട്ട കൊലയ്ക്കിരയാക്കിയെന്ന് വാർത്ത. ആദർശങ്ങൾ വഴികാട്ടികളായിരുന്ന ഭൂതകാലത്തിൽനിന്ന് ആൾക്കൂട്ടക്കൊലകളിലേക്കുള്ള വിദ്യാർത്ഥി സംഘടനകളുടെ സഞ്ചാരം പേടിപ്പിക്കുന്നതാണ്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുകൾക്കിരയാക്കുന്നവരും തത്തുല്ല്യമായ മറ്റ് കൊലകളിൽ ഏർപ്പെടുന്നവരും മറക്കരുതാത്ത കാര്യം ഈ നിഷ്ഠൂരകൊലകൾ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിൽ പിൻതലമുറയും പെട്ടുപോകുമെന്ന യാഥാർത്ഥ്യമാണ്. മൂന്ന് ദിവസത്തോളം നിർദ്ദയമായി പീഡിപ്പിക്കപ്പെട്ടിട്ടും സിദ്ധാർത്ഥനെ രക്ഷിക്കുന്നതിന് കോളേജിലെ അദ്ധ്യാപകരോ ഇതര ജീവനക്കാരോ വിദ്യാർത്ഥി സുഹൃത്തുക്കളോ മുന്നോട്ടുവന്നില്ല എന്നത് കേരളീയ സമൂഹം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നതിന്റെ സൂചനയാണ്. സി.പി.എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഈ മനുഷ്യത്വ വിരുദ്ധതയ്ക്ക് ഉത്തരം പറയുക തന്നെ വേണം.
Content Highlights: If the Congress shows the stupidity of shifting Rahul from Wayanad, it will be historical blunder
Published: 02 Mar 2024, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented