
കേരളത്തിലെ പ്രശസ്തമായ നിരവധി കോളേജുകളില്‍ ബി.എ., ബി.എസ്‌സി., ബി.കോം. ക്ലാസുകളിലേക്ക് അഡ്മിഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബി.കോമിനൊഴികെ മറ്റൊരു വിഷയത്തിലേക്കും പണ്ടു കാണുന്ന തള്ളിക്കയറ്റം ഇല്ല! ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ പ്രശസ്തമായ നിരവധി കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചില കോളേജുകളില്‍ നാലും അഞ്ചും സീറ്റ് മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. അത്ഭുതകരമായ ഒരു കാര്യമായിട്ടാണ് കോളേജ് അധികൃതരുമായി സംസാരിക്കുമ്പോള്‍ ഇക്കാര്യത്തെ അവര്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അഡ്മിഷന്‍ കിട്ടാതിരുന്ന ഒരു കാലത്തുനിന്ന് സീറ്റൊഴിഞ്ഞു കിടക്കുന്ന കാലത്തേക്ക് നാം എന്തുകൊണ്ടാണ് പോകുന്നതെന്ന് വളരെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് മറ്റൊരു വാര്‍ത്തയും നമ്മുടെ കണ്ണില്‍ പെടുന്നത്. 69 ശതമാനത്തിലധികം കുട്ടികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശപഠനത്തിനായി 2022-ല്‍ ഇന്ത്യയില്‍നിന്ന് പുറപ്പെട്ടിരിക്കുന്നു. അവര്‍ കൂടുതലും പഠിക്കുന്നത് സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ് എന്നറിയപ്പെടുന്ന സ്റ്റെം വിഭാഗത്തില്‍ തന്നെയാണ് താനും.
വിദേശ വിദ്യാഭ്യാസത്തിനായി 2024-ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെലവാക്കാന്‍ പോകുന്ന തുക ഏതാണ്ട് ആറു ലക്ഷം കോടി രൂപ വരുമെന്ന് ചില ഏജന്‍സികള്‍ കണക്കുകൂട്ടി പുറത്തുവിട്ടിരുന്നു. ഒന്നോര്‍ക്കണം ഇന്ന് ഇന്ത്യയില്‍ ത്വരിതഗതിയില്‍ നടക്കുന്ന ദേശീയപാതാ വികസനത്തിന്റെ പ്രതിവര്‍ഷ ചെലവ് ഒന്നര ലക്ഷം കോടി രൂപ മാത്രമാണ്. റെയില്‍വേയുടേത് ഒന്നര ലക്ഷം കോടിയും. നമ്മുടെ രാജ്യരക്ഷാ ചെലവിനോട് തുല്യമായ തുകയാണ് കുട്ടികള്‍ വിദേശ പഠനത്തിനായി അടുത്ത വര്‍ഷം ചെലവഴിക്കാന്‍ പോകുന്നത് എന്ന വസ്തുത ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ കുറവുകളെ കുറിച്ചുളള പഠനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുന്‍കാലങ്ങളില്‍ വിദേശത്ത് പോയി പഠിക്കുന്ന രീതി ഇന്ത്യയില്‍ ഉണ്ടായിരുന്നു. വിദേശത്ത് പോയി പഠിച്ചവരാണല്ലോ നമ്മുടെ ദേശീയ നേതാക്കളില്‍ പലരും. അതില്‍ മഹാത്മ ഗാന്ധിയും അംബേദ്കറും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും എല്ലാം ഉള്‍പ്പെടുന്നുണ്ട്. അന്നത്തെ കാലത്തെപോലുള്ള ഒറ്റപ്പെട്ട വിദ്യാഭ്യാസ അന്വേഷണമല്ല ഇന്ന് നടക്കുന്നത്. ഒരു സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സി കാനഡയിലേക്ക് മാത്രം ഏകദേശം 7500 കുട്ടികളെയാണ് വിദ്യാഭ്യാസത്തിനായി പറഞ്ഞയച്ചത്. ഒറ്റപ്പെട്ട മിടുക്കരായ കുട്ടികളുടെ വിദേശപഠനം എന്ന രീതിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ കൂട്ടപലായനം നിശ്ചയമായും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്.
കോവിഡ് കാലത്തിന് മുന്‍പുതന്നെ വിദേശ വിദ്യാഭ്യാസ പഠനം ഒരു ട്രെന്‍ഡായി മാറിത്തുടങ്ങിയിരുന്നുവെങ്കിലും കോവിഡിന് ശേഷം അത് പതിന്മടങ്ങായിരിക്കുകയാണ്. എവിടേക്കാണ് കുട്ടികള്‍ പോകുന്നതെന്ന് പരിശോധിക്കാം. പ്രധാനമായും യു.കെ., യു.എസ്., ജര്‍മനി, ഓസ്‌ട്രേലിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുട്ടികളുടെ ഒഴുക്കുള്ളതെങ്കില്‍ മോള്‍ഡോവ പോലുള്ള വളരെ ചെറിയ ചില രാജ്യങ്ങളിലേക്കും വിദ്യാര്‍ഥികള്‍ പലായനം ചെയ്യുന്നുണ്ട്. യൂറോപ്പിലെ ഒരു കൊച്ച് രാജ്യമാണ് മോള്‍ഡോവ. പക്ഷേ, അവിടെയുള്ള മെഡിക്കല്‍ കോളേജില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നതിനേക്കാളും ചുരുങ്ങിയ ചെലവില്‍ എം.ബി.ബി.എസ്. ബിരുദം എടുക്കാമെന്നുള്ളതു കൊണ്ടാണ് കുട്ടികള്‍ അങ്ങോട്ട് പോകുന്നത്. 140 കോടി ജനങ്ങളില്‍ അധികമുള്ള ഇന്ത്യാ രാജ്യത്ത്, 1200 സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന, ആയിരക്കണക്കിന് കോളേജുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ എന്തുകൊണ്ട് കുട്ടികള്‍ വിദേശത്തേക്ക് പറക്കുന്നു എന്നുള്ളതാണ് പ്രധാന വിഷയം.
കേരളത്തിലും ഇന്ത്യയിലുമുള്ള കോളേജുകള്‍ വേണ്ടെന്നുവെച്ച് കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിന്റെ പ്രധാന കാരണം അവിടെച്ചെന്നാല്‍ പഠനത്തോടൊപ്പം തൊഴിലും ചെയ്യാമെന്ന വസ്തുതയാണ്. കുട്ടികള്‍ ധാരാളമായി പോകുന്ന വികസിത രാജ്യങ്ങളില്‍ ജനസംഖ്യാ വര്‍ധന കുറഞ്ഞിരിക്കുകയാണ്. അവിടെ കഠിനമായ ജോലി ചെയ്യാവുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ കാലത്തുതന്നെ എന്തെങ്കിലും പണി ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചോ ഓഫീസുകളില്‍ പാര്‍ട് ടൈം ജോലി ചെയ്‌തോ ഒരു വലിയ പ്രവണതയായി മാറിയിട്ടുള്ള വര്‍ക്ക് ഫ്രം ഹോം ചെയ്‌തോ പഠിക്കാനാവശ്യമായ പണത്തിന്റെ വലിയ ഭാഗവും ഉണ്ടാക്കിയെടുക്കാമെന്ന ആത്മവിശ്വാസവും അങ്ങനെ ചെയ്ത് തൊഴില്‍ തേടിയവരുടെ അനുഭവവുമാണ് കൂടുതല്‍ കുട്ടികളെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഇതിനാവശ്യമായ ലോണുകള്‍ നല്‍കുന്നതിന് ബാങ്കുകളും തയ്യാറായിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ 4.6 ലക്ഷം വിദ്യാര്‍ഥികള്‍ വലിയ തോതില്‍ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ട്. പതിനഞ്ചും ഇരുപതും ലക്ഷം രൂപ ലോണെടുത്താല്‍ മാത്രമേ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നിരിക്കിലും നേരത്തേ സൂചിപ്പിച്ച വിദ്യാഭ്യാസത്തോടൊപ്പമുളള തൊഴില്‍ ഇതിന്റെ വലിയൊരു ഭാഗം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നതുകൊണ്ട് കുട്ടികളുടെ ഒഴുക്ക് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
വിദേശ വിദ്യാലയങ്ങളെല്ലാം ഒരു പോലുള്ളതല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഉദാഹരണത്തിന് പ്രശസ്തമായ സര്‍വകലാശാലകളുള്ള നാടാണല്ലോ യു.കെ. അവിടെ ഗൗരവമായി പഠനനിലവാരം പുലര്‍ത്തുന്ന നിരവധി സര്‍വകലാശാലകളെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ, പേരിന് മാത്രം സര്‍വകലാശാല മുദ്രയുള്ള സ്ഥാപനങ്ങള്‍ക്കും കുറവില്ല. ഈ രണ്ടു സര്‍വകലാശാലകളിലെ പഠനം തുലോം വ്യത്യസ്തമാണെന്ന് കടല്‍ കടന്നുപോകുന്ന പല വിദ്യാര്‍ഥികള്‍ക്കും അറിയില്ല എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. സര്‍വകലാശാലകളുടെ ഇന്ത്യയിലെ പൊതുവേദിയായ എ.ഐ.യു. ഏത് സര്‍വകലാശാലയാണ് നല്ലതെന്നോ എവിടെ പഠിച്ചാലാണ് തൊഴില്‍ കിട്ടാന്‍ സൗകര്യമെന്നോ കൃത്യമായി വിദ്യാര്‍ഥികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാറുമില്ല. മിക്കപ്പോഴും സുഹൃത്തുക്കളുടെ അനുഭവത്തില്‍നിന്നും അതിലുപരി പരസ്യങ്ങളില്‍നിന്ന് ലഭ്യമാകുന്ന വിവരങ്ങളില്‍നിന്നും അറിവു നേടിയാണ് രക്ഷാകര്‍ത്താക്കള്‍ മക്കളെ വിദേശപഠനത്തിന് അയക്കുന്നത്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെകുറിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉറക്കം വിട്ടെണീറ്റ് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നാഷണല്‍ എജുക്കേഷന്‍ പോളിസി എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാഭ്യാസം നാലു വര്‍ഷമായി ഉയര്‍ത്തുക എന്ന നടപടിയാണ് ഏറ്റവും പ്രധാനം. പ്ലസ്ടു കഴിഞ്ഞ് കോളേജില്‍ ചെല്ലുന്ന കുട്ടിക്ക് ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കി പുറത്തുപോയി തിരിച്ചുവരാം എന്നാണ് വിദഗ്ധന്മാര്‍ പറയുന്നത്. അതില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഡിപ്ലോമയും മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഡിഗ്രിയും നല്‍കി നാലു വര്‍ഷം കഴിയുമ്പോള്‍ ഓണേഴ്‌സ് ബിരുദം നല്‍കുമത്രേ.
നിലവിലുള്ള മൂന്നു വര്‍ഷത്തെ ബിരുദ വിദ്യാഭ്യാസത്തെ തന്നെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഈ നയം കൊണ്ട് സാധിക്കൂ എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഒന്നാം വര്‍ഷത്തില്‍ ചേരാന്‍ കുട്ടികളെ കിട്ടാതെ നില്‍ക്കുന്ന ഇക്കാലത്ത് ഓരോ വര്‍ഷവും ചേര്‍ന്ന കുട്ടികള്‍ക്ക് യഥേഷ്ടം പോയി തിരിച്ചുവരാമെന്നൊക്കെ നമ്മുടെ അക്കാദമിക് പണ്ഡിതന്മാര്‍ തട്ടിമൂളിക്കുന്നത് കേള്‍ക്കുമ്പോള്‍ യാഥാര്‍ഥ്യവുമായി എന്തെങ്കിലും ബന്ധം നയമെഴുതുന്നവര്‍ക്ക് ഉണ്ടോയെന്ന ചോദ്യം പ്രസക്തമായി തീരുന്നു. ഇന്നത്തെ നിലയ്ക്കാണ് നാലു വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് വരുന്നതെങ്കില്‍ നാലാം വര്‍ഷം ക്ലാസില്‍ ആരും കാണില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, ഈ നാലു വര്‍ഷത്തെ കോഴ്‌സിന്റെ സിലബസ് എന്തായിരിക്കുമെന്ന് യാതൊരു വ്യക്തതയുമില്ല. മൂന്നു വര്‍ഷംകൊണ്ടു പഠിച്ച ബിരുദ വിദ്യാഭ്യാസത്തേക്കാള്‍ എത്രയധികമാണ് നാലു വര്‍ഷംകൊണ്ട് പഠിക്കുക എന്നോ അതില്‍ അന്താരാഷ്ട്രതലത്തിലെ ഏതെങ്കിലും മികച്ച സര്‍വകലാശാലയുടെ സിലബസാണ് അംഗീകരിക്കുന്നത് അല്ലെങ്കില്‍ അതിനോട് തുലനം ചെയ്യാവുന്ന സിലബസാണ് ഞങ്ങള്‍ അംഗീകരിക്കുന്നതെന്നോ പറയാന്‍ അക്കാദമിക് മേധാവികള്‍ തയ്യാറായിട്ടില്ല.
കേവലം മൂന്നു വര്‍ഷത്തെ കോഴ്‌സ് നാലു വര്‍ഷമാക്കി നീട്ടിവലിച്ചാല്‍ കേരളത്തിലെ ബിരുദ വിദ്യാഭ്യാസം തകര്‍ന്നടിയും എന്ന കാര്യത്തിന് സംശയം വേണ്ട. ഈ വര്‍ഷത്തെ കുട്ടികളുടെ ഇന്‍ടേക്ക് സര്‍ക്കാരുകള്‍ പരിശോധിക്കണം. എന്തുകൊണ്ടാണ് കുട്ടികള്‍ ഓടിയൊളിക്കുന്നത് എന്നതിനെ കുറിച്ച് ശാസ്ത്രീയമായ സര്‍വേ നടത്തണം. അഭിപ്രായ പ്രകടനം കൊണ്ടുമാത്രം കാര്യമില്ല. തീര്‍ച്ചയായും കുട്ടികള്‍ക്ക് വിദേശത്ത് പോകാനുള്ള അവകാശമുണ്ട്. അതാരും ചോദ്യം ചെയ്യുന്നില്ല. നല്ല വിദ്യാഭ്യാസം തേടാന്‍ എവിടെയും പോകാനുള്ള അവകാശം ഓരോ പൗരനും ഓരോ കുടുംബത്തിനും ഉള്ളതാണ്. അതിനെ തടസ്സപ്പെടുത്തിക്കൊണ്ടല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച് എന്തുകൊണ്ട് കുട്ടികള്‍ നാടുവിടുന്നു?എന്താണ് കുട്ടികളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെന്ന് അവരോടും അവരുടെ രക്ഷകര്‍ത്താക്കളോടും ഒരു വലിയ കമ്മിഷന്റെ സ്വഭാവത്തോടുകൂടിതന്നെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ തേടാതെ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിലും ഇന്ത്യയിലുമുള്ള കോളേജുകള്‍ കാലിയാവും.
എന്തിന് പറയുന്നു, ഐ.ഐ.ടിയിലും എന്‍.ഐ.ടിയിലും പി.ജി. കോഴ്‌സുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന വാര്‍ത്ത നമ്മളെ അമ്പരിപ്പിക്കുന്നു. ഐ.ഐ.ടി.യിലെ വിദ്യാഭ്യാസം ലോക നിലവാരത്തിലുള്ളതാണെന്ന് നമുക്കറിയാം. അവിടെ ബി.ടെക്കിന് അഡ്മിഷന്‍ കിട്ടാന്‍ പരിശ്രമം ആവശ്യമാണ്. പക്ഷേ, എന്തുകൊണ്ട് എം.ടെക്കിന് സീറ്റുകള്‍ അവിടെ പോലും ഒഴിഞ്ഞുകിടക്കുന്നു എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. കേരളം നമ്പര്‍ വണ്ണാണ് എന്നുപറയുന്നത് ഒരു പുതിയ ഫാഷനാണ്. കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ഗൗരവമായ ഒരു പ്രസ്താവന നടത്തേണ്ടതായിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ നയം വളരെ വേഗത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ നാം പുറകോട്ട് പോകും എന്ന ഭയംകൊണ്ട് അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷത്തെ ബിരുദ കോഴ്‌സ് തുടങ്ങാനുള്ള തത്രപ്പാടിലാണ് നമ്മുടെ യൂണിവേഴ്‌സിറ്റികള്‍. പക്ഷേ, അതിന് മുമ്പ് രണ്ടു വട്ടമല്ല പലവട്ടം ആലോചിക്കണം എന്നാണ് ലേഖകന്റെ അഭിപ്രായം. അതൊടൊപ്പം ക്യാമ്പസുകള്‍ കുട്ടികള്‍ ഉപേക്ഷിക്കാനുള്ള കാരണം കണ്ടെത്തണം.
ക്യാമ്പസുകളിലെ സമാധാനമില്ലായ്മയാണ് അതില്‍ പ്രധാനമായ ഒരു കാരണം. നമ്മുടെ സംസ്ഥാനത്തെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പല കോളേജുകളും സമാധാന അന്തരീക്ഷം എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. ക്യാമ്പസ് രാഷ്ട്രീയമാണ് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള കാരണമെന്നത് എളുപ്പത്തില്‍ പറയാവുന്ന ഉത്തരമാണ്. തീര്‍ച്ചയായും അരാഷ്ട്രീയവത്കരിക്കപ്പെട്ട ക്യാമ്പസുകള്‍ അശ്ലീലമാണ് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. പക്ഷേ, ക്യാമ്പസില്‍ സമാധാനപരമായി പഠിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നത് അതില്‍തന്നെ ഒരു രാഷ്ട്രീയമാണെന്ന് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ വക്താക്കളും മനസ്സിലാക്കുന്നില്ല. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും സമാധാനപരമായി പ്രവര്‍ത്തിക്കാനുളള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാന്‍ മറ്റേതെങ്കിലും സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്നല്ല അര്‍ഥം, മറിച്ച് കാമ്പസുകളില്‍ സംഘട്ടനം നടക്കരുത് റാഗിങ് നടക്കരുത്.
ഒരുകാലത്ത് പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന റാഗിങ് ഇന്ന് സാധാരണ കോളേജുകളിലേക്കും പോളിടെക്‌നിക്കലുകളിലേക്കും വ്യാപിച്ചിരിക്കുന്നു. എന്തുകൊണ്ട് വിദ്യാര്‍ഥി സംഘടനകള്‍ക്ക് അതവസാനിപ്പിക്കാന്‍ സാധിക്കുന്നില്ല? എന്തുകൊണ്ട് അധികൃതര്‍ നോക്കുകുത്തികളായി നില്‍ക്കുന്നു? അതുകൊണ്ട് ക്യാമ്പസ് സമാധാനം എന്ന രാഷ്ട്രീയ മുദ്രാവാക്യം രാഷ്ട്രീയകക്ഷികള്‍ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണക്കാരായ ആളുകളുടെ മക്കള്‍, പ്രത്യേകിച്ചും മകൾ\മകൻ
ക്യാമ്പസുകളിലേക്ക് വരുന്ന ഇക്കാലത്ത് സമാധാനമില്ലാത്ത ക്യാമ്പസുകളിലേക്ക് മകനെയോ മകളെയോ അയയ്ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പേടിയാണ് എന്നതാണ് യാഥാര്‍ഥ്യം.
മറ്റൊന്ന് നിലവാരത്തകര്‍ച്ച തന്നെയാണ്. ഈ വര്‍ഷം കോളേജില്‍നിന്നുള്ള വാര്‍ത്തകള്‍ ശുഭകരമല്ല. കാട്ടാക്കടയില്‍ തിരഞ്ഞെടുപ്പിന് നില്‍ക്കാത്ത വിദ്യാര്‍ഥി ജയിച്ചതായി പ്രിന്‍സിപ്പാള്‍ എഴുതിക്കൊടുക്കുന്നു. ഒന്നാം പ്രതി പ്രിന്‍സിപ്പാളാണെന്ന് ഞാന്‍ കരുതുന്നു. കായംകുളത്താകട്ടേ ബി.കോമിന് അതേ കോളേജില്‍ പഠിച്ച വിദ്യാര്‍ഥി അവിടെത്തന്നെ എം.കോമിന് ചേരുന്നു കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റുമായി. എവിടെയായിരുന്നു കോളേജ് അധ്യാപകര്‍, അധികൃതര്‍? മഹാരാജാസ് കോളജിന്റെ മുദ്രയുണ്ടാക്കി മറ്റൊരു കുട്ടി ഇതരകോളേജില്‍ പഠിപ്പിക്കാനായി പോയിരിക്കുന്നു. മൂന്നു കാര്യങ്ങളിലും പോലീസ് കേസെടുത്തിരിക്കുന്നു. അതിനിടയിലാണ് വിദ്യാര്‍ഥി നേതാവ് എഴുതാത്ത പരീക്ഷ ജയിച്ചുവെന്ന വാര്‍ത്ത വന്നത്. ആ വിജയ വാര്‍ത്ത വെബ്‌സൈറ്റില്‍ ഉണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്തതായി വലിയ കുറ്റം. അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയുടെ പേരില്‍ കേസെടുത്തു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആര്‍ക്കെല്ലാം സഹായകരമാണെങ്കിലും രക്ഷകര്‍ത്താക്കള്‍ക്കെല്ലാം ഭയമാണ്. എണ്‍പതുകളില്‍ റാഗിങ്ങിനെതിരായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു വലിയ സമരം നടത്തിയപ്പോള്‍ അന്ന് ആ സംഘടനയുടെ സംസ്ഥാനതല ഭാരവാഹിയായിരുന്ന ലേഖകന് പാര്‍ട്ടി ഓഫീസിലേക്ക് രക്ഷിതാക്കള്‍ കത്തയച്ചിരുന്നത് ഓര്‍ക്കുന്നു.
ക്യാമ്പസുകളിലെ ലഹരിയാണ് മറ്റൊരു വിഷയം. യൂറോപ്പില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് നമുക്കറിയാം. പക്ഷേ, പ്രായപൂര്‍ത്തിയാകാത്ത ഏതെങ്കിലും ഒരാള്‍ ഒരു കുട്ടിക്ക് ലഹരി കൊടുത്തതായി തെളിഞ്ഞാല്‍ കനത്ത ശിക്ഷയാണ് അവിടെ വിധിക്കുന്നത്. വളരെ ലാഘവത്തോടുകൂടിയാണ് രാസലഹരികളെപ്പോലും നമ്മുടെ നാട് കൈകാര്യം ചെയ്യുന്നത്. ക്യാമ്പസുകളില്‍ ലഹരി ഉപയോഗം നിര്‍ബാധം നടക്കുന്നു. ക്യാമ്പസിനുപുറത്ത് ലഹരി ഉപയോഗിച്ചവര്‍ അച്ഛനമ്മമാരെ വെട്ടിക്കൊല്ലുന്നു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തെ രക്ഷാകര്‍ത്താക്കള്‍ ഭയക്കുന്നു. ഒരു പക്ഷേ, അവര്‍ കുട്ടികളെ വിടുന്ന സ്ഥലങ്ങളില്‍ ഇതിനേക്കാളും അപകടം ഉണ്ടായിരിക്കാം. പക്ഷേ, ഇവിടെ നില്‍ക്കേണ്ടതില്ല ഒന്നുപറിച്ചുനടാം എന്നതാണ് അവരുടെ വാദം. ഞാറു പറിച്ചുനടുമ്പോള്‍ വേരു പൊട്ടുന്നത് കൂടുതല്‍ വേരുണ്ടാകാനുള്ള കാരണമാകും എന്ന് കര്‍ഷകര്‍ക്കറിയാം. അതുകൊണ്ട് നമ്മുടെ നാട്ടിലെ ഇക്കോസിസ്റ്റത്തില്‍നിന്നും മറ്റൊരു സ്ഥലത്തേക്ക് എങ്ങനെയെങ്കിലും കുട്ടികളെ പറിച്ചുനട്ട് അവര്‍ രക്ഷപ്പെടണമെങ്കില്‍ രക്ഷപ്പെടട്ടേ എന്ന ബോധത്തിലാണ് വളരെ ഗൗരവമില്ലാത്ത യൂണിവേഴ്‌സിറ്റികളിലേക്ക് പോലും ലോണെടുത്ത് കുട്ടികള്‍ പലായനം ചെയ്തുപോകുന്നത്.
നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന ചെലവ് കുട്ടികളുടെ പലായനത്തിന് പ്രധാന കാരണമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ യുക്രൈനിലോ മോള്‍ഡോവയിലോ ചൈനയിലോ എം.ബി.ബി.എസ്. പഠിക്കുന്നതിനേക്കാള്‍ എത്രയോ അധികം രൂപ കേരളത്തില്‍, ഇന്ത്യയില്‍ ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് രക്ഷാകര്‍ത്താക്കളുടെ വാദം. അതു ശരിയുമാണ്. ഇതിനെന്താണ് പോംവഴി എന്നത് സുപ്രധാനായ ചോദ്യമായി നില്‍ക്കുന്നു. ലോണെടുക്കുന്നത് ഇന്ത്യയിലേക്കായാലും വിദേശത്തേക്കായാലും തിരിച്ചടയ്‌ക്കേണ്ടത് ഒരുപോലെയാണല്ലോ അതുകൊണ്ട് ലോണെടുക്കുന്നത് വിദേശപഠനത്തിന് ആകുന്നതല്ലേ ബുദ്ധി എന്നാണ് രക്ഷാകര്‍ത്താക്കളുടെ ചിന്ത.
ഇവിടെ ഒരു നിര്‍ദേശം മുന്നോട്ടുവെക്കാന്‍ ശ്രമിക്കുകയാണ്. നമുക്കറിയാം സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഇന്ത്യ സര്‍ക്കാര്‍ പ്രത്യേകമായ ബാങ്കുണ്ടാക്കി. അത് റിസര്‍വ് ബാങ്കിന് കീഴിലുള്ള നബാര്‍ഡാണ്. ലളിതമായി പറഞ്ഞാല്‍ ദേശീയ കര്‍ഷകബാങ്ക്. നബാഡിന്റെ കീഴിലുള്ള കര്‍ഷകര്‍ക്ക് വായ്പ നല്‍കി എന്നതിലുപരി കാര്‍ഷിക മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് വേണ്ടിയും വലിയ തുക സര്‍ക്കാരുകള്‍ക്ക് നല്‍കി. റൂറല്‍ ഇന്‍ഫ്രാസട്രക്ചര്‍ ഡവലപ്പ്‌മെന്റ് ഫണ്ട് എന്നറിയപ്പെടുന്ന നബാഡിന്റെ വായ്പ ലഭ്യമാണ്. ചുരുങ്ങിയ പലിശയില്‍ അതിനോട് സമാനമായ തരത്തില്‍ ഒരു ദേശീയ വിദ്യാഭ്യാസ ബാങ്ക് ഉണ്ടാക്കേണ്ടത് ഇന്നത്തെ അടിയന്തര കടമയാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ആറു ലക്ഷം കോടി രൂപയാണ് അടുത്ത വര്‍ഷം ഇന്ത്യയില്‍നിന്ന് പുറത്തേക്കൊഴുകാന്‍ പോകുന്നത്. ഈ തുക നല്‍കേണ്ടത് ബാങ്കുകള്‍ തന്നെയാണ്. ഈ തുകയുടെ പ്രയോജനം വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത് എന്ന് നാം മറന്നുകൂടാ. നമ്മുട നാട്ടിലെ ജനങ്ങള്‍ കുടുംബങ്ങള്‍ ബുദ്ധിമുട്ടി സമ്പാദിച്ചിട്ടുള്ള ഹൗസ്‌ഹോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അതിലെ വലിയൊരുഭാഗം വിദേശ സര്‍വകലാശാലകളെ ഫിനാന്‍സ് ചെയ്യാന്‍ നാം ചെലവഴിക്കേണ്ടി വരുന്നത് ശുഭകരമല്ല. എന്തുകൊണ്ട് നമുക്കൊരു ദേശീയ വിദ്യാഭ്യാസ ബാങ്ക് ഉണ്ടാക്കിക്കൂടാ? മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്, റിസര്‍വ് ബാങ്കാണ്.
അത്തരമൊരു ബാങ്കില്‍ നമ്മുടെ നാട്ടിലെ ഇതര ബാങ്കുകള്‍ക്കും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം ഷെയര്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. അത്തരത്തിലുള്ള വിശദാംശങ്ങളിലേക്ക് കടക്കുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. കുട്ടികള്‍ക്ക് ചുരുങ്ങിയ പലിശയില്‍ വിദ്യാഭ്യാസ ലോണുകള്‍ കിട്ടുക എന്നതാണ് ലക്ഷ്യം. വിദേശത്ത് പോകാനും അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ന്ന ഗുണനിലവാരമുള്ളതാക്കി മാറ്റാന്‍ യു.ജി.സി. മാത്രം പോര. നമ്മുടെ നിലവിലുള്ള കോളേജുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വലിയ പണം ആവശ്യമുണ്ട്. അവര്‍ക്കും ഈ ബാങ്ക് സഹായം നല്‍കുകയും അവരെക്കൂടി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് ആവശ്യം. നമ്മുടെ എജുക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വലിയ തോതില്‍ വികസിപ്പിക്കുകയും നമ്മുടെ ലാബോറട്ടറികള്‍ ലോകത്തേറ്റവും ഉയര്‍ന്നതാക്കി മാറ്റുകയും ചെയ്താല്‍ കുട്ടികള്‍ ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങും.
വിദ്യാഭ്യാസ പ്രവാസത്തില്‍ ഇന്ത്യ ഒരു ലക്ഷ്യസ്ഥാനമായി മാറണം. ഇന്നത് സ്രോതസ്സാണ്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളില്‍നിന്നു വന്നു പഠിച്ചാല്‍ നമ്മുടെ നാടിന് അത് പ്രയോജനപ്പെടും. ഇന്ത്യയുടെ അതിപുരാതന കാലത്തെ വിദ്യാലയങ്ങളുടെ ചരിത്രം പ്രസംഗങ്ങളില്‍ മാത്രം പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ നാടിനെ നോളജ് ഹബ്ബാക്കി മാറ്റാന്‍ ചിലപ്പോള്‍ അതിന് സാധിക്കും. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പ്ലാന്‍ ചെയ്യാവുന്ന കാര്യമേ ഉള്ളൂ. അതിനാകണം നമ്മുടെ ശ്രദ്ധ. മറിച്ച് നാടുവിട്ട് ഒഴുകിപ്പോകുന്ന യൗവനത്തെ നോക്കി അത്ഭുതം കൂറിയിട്ട് കാര്യമില്ല.
Content Highlights: Why Indian students prefer to study abroad; Prathibhashanam column by CP John
Published: 05 Aug 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented