
2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവരികയാണ്. ഇന്ത്യ മുന്നണി എന്ന പേരില്‍ രാഷ്ട്രീയ കക്ഷികളുടെ ഒരു വലിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നിട്ട് അധികമായിട്ടില്ല. 28 കക്ഷികളാണ് അതില്‍ അണിനിരന്നിട്ടുള്ളത്. ദേശീയതലത്തിലും പ്രാദേശിക തലത്തിലും സജീവമായി നില്‍ക്കുന്നതാണ് ചെറുതും വലുതുമായ ഈ പാര്‍ട്ടികള്‍. ഇതിനിടയിലാണ് ഒക്ടോബര്‍ രണ്ടാം തീയതി ബിഹാറില്‍നിന്ന് ഒരു വലിയ വാര്‍ത്ത ഉണ്ടായിരിക്കുന്നത്. ബിഹാര്‍ സര്‍ക്കാര്‍ മാസങ്ങളെടുത്ത് തയ്യാറാക്കിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഗാന്ധി ജയന്തി ദിവസം പുറത്തുവന്നിരിക്കുന്നു.
അതിന്റെ വിശദാംശങ്ങളിലേക്ക് കണ്ണോടിക്കാം. 13 കോടി ജനങ്ങളാണ് ബിഹാറില്‍ ഉള്ളത്. അവരില്‍ 63% ഒബിസി എന്നറിയപ്പെടുന്ന പിന്നാക്ക വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്കിടയില്‍ തന്നെ രണ്ടു വിഭാഗങ്ങളെ ഈ സെന്‍സസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. Extremely Backward Community(EBC)യും Other Backward Community(OBC)യും. ഇ.ബി.സി. 36 ശതമാനമാണെങ്കില്‍ ഒ.ബി.സി. 27 ശതമാനമാണ്. രണ്ടും ചേരുമ്പോള്‍ 63%. എസ്.സി. വിഭാഗത്തില്‍പെട്ടവര്‍ 20 ശതമാനത്തോളമുണ്ട്. ബിഹാറിലെ പട്ടിക വര്‍ഗ ജനസംഖ്യ കേരളത്തിലെപോലെ ഒന്നര ശതമാനം (കൃത്യമായി പറഞ്ഞാല്‍ 1.6%) മാത്രമേയുള്ളൂ. അതു രണ്ടും ചേരുമ്പോള്‍ 21.6%. എല്ലാ ഒ.ബി.സിയും എസ്.സി.-എസ്.ടിയും കൂടി ചേര്‍ന്നാല്‍ 84.6 ശതമാനമായി. എന്നുപറഞ്ഞാല്‍ അതിനര്‍ഥം മുന്നോക്ക വിഭാഗങ്ങള്‍ എന്നറിയപ്പെടുന്ന സാങ്കേതികമായി ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ വെറും 15.4% മാത്രം. അതില്‍ ബ്രാഹ്‌മണരും ക്ഷത്രിയരും കായസ്ഥരും ഉള്‍പ്പെടുന്നുണ്ട്.
ഇതരജാതികളിലും വേണ്ടോളം ഉള്‍പ്പിരിവുണ്ട്. ഒ.ബി.സിയിലും ഇ.ബി.സിയിലും ചെറുചെറു ഗ്രൂപ്പുകള്‍ വേണ്ടുവോളമുണ്ട്. ഇ.ബി.സി. എന്നറിയപ്പെടുന്ന വിഭാഗത്തില്‍ ഉള്ള ഉപജാതികള്‍ രണ്ടു മുതല്‍ ഒന്നര ശതമാനത്തോളം വരുന്ന ചെറിയ ചെറിയ വിഭാഗങ്ങളാണ്. അവരുടെ പ്രാതിനിധ്യം പലപ്പോഴും പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നായിരുന്നു. എന്തായാലും കണക്കുകള്‍ വ്യക്തമാക്കുന്ന കാര്യം ഇന്ത്യയുടെ രാഷ്ട്രീയഗാത്രത്തില്‍ മഹാഭൂരിപക്ഷവും- 84 ശതമാനത്തിലധികവും- അധികാരത്തിന്റെ പങ്ക് അര്‍ഹിക്കുന്നതുപോലെ ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളാണ്. അവരില്‍ മഹാഭൂരിപക്ഷവും ദരിദ്രരാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. പിന്നാക്ക വിഭാഗക്കാരില്‍ അപൂര്‍വം ധനികരുള്ളതുപോലെതന്നെ മുന്നാക്ക വിഭാഗങ്ങളില്‍ കുറച്ച് ദരിദ്രരുമുണ്ട് എന്നത് യാഥാര്‍ഥ്യം തന്നെ. ഈ കണക്കുകള്‍ ബിഹാറിന്റേത് മാത്രമാണെങ്കിലും, ഇന്ത്യയുടെ ഏതാണ്ട് 9% വരുന്ന ബിഹാറിലെ ജാതി സെന്‍സസ് ഇന്ത്യയുടെ മുഖ്യസംസ്ഥാനങ്ങളില്‍ എല്ലാംതന്നെ നിലനില്‍ക്കുന്ന ചിത്രത്തിന്റെ ഏകദേശ രൂപമാണെന്ന് വിലയുരുത്താം.
ഈ കണക്കുകള്‍ സെന്‍സസ് റിപ്പോര്‍ട്ടുകളിലും തെളിഞ്ഞുവരാറുണ്ടെങ്കിലും കൃത്യമായ ജാതി സെന്‍സസ് നടക്കുന്നത് 1931-ന് ശേഷം ആദ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ജാതി സെന്‍സായി ഇതിനെ കണക്കാക്കാം. ഇതൊരു സാമ്പിള്‍ സര്‍വേയല്ല എന്ന് എടുത്ത് പറയേണ്ടതില്ല. തല തൊട്ടെണ്ണുന്ന മുഴുവന്‍ ആളുകളേയും കൃത്യമായി പരിശോധിക്കുന്ന സ്റ്റാസ്റ്റിക്കല്‍ രീതിയാണല്ലോ സെന്‍സസ് എന്നറിയപ്പെടുന്നത്. ബിഹാറില്‍നിന്ന് പുറത്തുവന്ന ജാതി സെന്‍സസ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിശ്ചയമായും ബാധിക്കുക തന്നെ ചെയ്യും. ജാതി സെന്‍സസ് ഇന്ത്യയില്‍ ആകെ നടത്തണമെന്ന ആവശ്യം വളരെക്കാലത്തിന് ശേഷം കോണ്‍ഗ്രസും കോണ്‍ഗ്രസിന് നേതൃത്വമുള്ള ഇന്ത്യ മുന്നണിയും മുന്നോട്ടുവെച്ചിട്ടുണ്ട്.
നമ്മുടെ രാഷ്ട്രീയ ചരിത്രം 1980-കളുടെ അവസാനത്തില്‍ മാറ്റിമറിക്കപ്പെട്ടത് രണ്ടു പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ്. മന്ദിറും മണ്ഡലും. മന്ദിര്‍ പ്രശ്‌നം രാമജന്മഭൂമി പ്രശ്‌നമായി വളരുകയും ഇന്ത്യയിലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആയുധമായി മാറുകയും ചെയ്തത് ഇന്ന് തീരെ ചെറുപ്പമല്ലാത്തവര്‍ക്ക് ഓര്‍മയുണ്ട്. മണ്ഡല്‍ പ്രശ്‌നമാകട്ടെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് നടന്നതാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അലകുകള്‍ മാറ്റിമറിച്ച ഒന്നാണ്. 414 സീറ്റു നേടി 1984-ല്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്ന വി.പി. സിങ് രാജീവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി കൂടിയായിരുന്നു. യു.പിയിലെ രാജകുടുംബത്തില്‍നിന്ന് വരുന്ന വി.പി. സിങ് പിന്നോക്കക്കാരുടെ മിശിഹാ ആയി രംഗത്തുവന്നു. കോണ്‍ഗ്രസ് വിട്ട് ജനതാദള്‍ എന്ന പ്രസ്ഥാനം സൃഷ്ടിച്ചെടുത്തത് വി.പി.സിങ്ങാണ്.
ഈ സന്ദര്‍ഭത്തില്‍ വി.പി. സിങ്ങിനെ ചെറുക്കുന്നതിന് വേണ്ടിയോ വി.പി. സിങ് മുന്നോട്ടുവെച്ച മുദ്രാവാക്യം എന്തുമാത്രം കോണ്‍ഗ്രസിന് ഹാനികരമാകും എന്നതിനെകുറിച്ചോ വേണ്ടത്ര ചര്‍ച്ചകള്‍ ഉരുത്തിരിയുന്നതിനു മുമ്പ് രാജീവ് ഗാന്ധി ദാരുണമായി വധിക്കപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് രാജീവ് ഗാന്ധി മരിച്ചതിന് ശേഷമാണ്. മണ്ഡലും മസ്ജിദും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയായിരുന്ന, 84-ല്‍ 53% വോട്ടു നേടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ വലിച്ചുകീറി. 84-ല്‍ ഇന്ദിര ഗാന്ധിയും 91-ല്‍ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് കോണ്‍ഗ്രസിലുണ്ടാക്കിയ ആഘാതം ഏറെ വലുതായിരുന്നു. ഈ രണ്ടു പ്രശ്‌നങ്ങളെയും നേരിടുന്നതില്‍ നരസിംഹ റാവുവിന് പറ്റിയ പിഴവുകള്‍ക്ക് കോണ്‍ഗ്രസ് ദീര്‍ഘകാലം പിഴയൊടുക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം.
ഇന്ന് കോണ്‍ഗ്രസിന് ഒരു പുതിയ നേതൃത്വം ഉണ്ടായിരിക്കുന്നു. അതിന്റെ രാഷ്ട്രീയ നേതൃത്വം നിസ്സംശയം രാഹുല്‍ ഗാന്ധിക്ക് തന്നെയാണെങ്കിലും സോണിയ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ ശശി തരൂരിനെ കൂടി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വലിയ ടീമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. രണ്ടു പേര്‍ക്കുമിടയില്‍ സംഘടനയെയും രാഷ്ട്രീയത്തെയും സംയോജിപ്പിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ളത് മലയാളിയായ കെ.സി. വേണുഗോപാല്‍ ആണുതാനും.
69-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനു ശേഷം വരുന്ന മൂന്നാമത്തെ ദളിത് കോണ്‍ഗ്രസ് പ്രസിഡന്റാണ് ഖാര്‍ഗെ. 69-ല്‍ കോണ്‍ഗ്രസിലെ ഇന്ദിര വിഭാഗം കോണ്‍ഗ്രസ്(ഐ)ആയി പ്രത്യേക പാര്‍ട്ടി മാറുന്ന സന്ദര്‍ഭത്തില്‍ അധ്യക്ഷൻ ജഗ്ജീവന്‍ റാമായിരുന്നുവെന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക് അറിയാം. നെഹ്‌റുവിന്റെ താല്ക്കാലിക സര്‍ക്കാര്‍ മുതല്‍ ഇങ്ങോട്ടുള്ള സര്‍ക്കാരുകളിലെല്ലാം സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ മാത്രമല്ല മുഴുവന്‍ ജനങ്ങളുടെയും നേതൃസ്ഥാനമലങ്കരിച്ചിരുന്ന മഹദ് വ്യക്തിയായിരുന്നു ബാബു ജഗ്ജീവന്‍ റാം. എൺപതുകളുടെ അവസാനത്തില്‍ വി.പി. സിങ് ഇറങ്ങിപ്പോയതുപോലെ, 77-ന് തൊട്ടുമുമ്പ് അടിയന്തരാവസ്ഥകാലത്ത് ജഗ്ജീവന്‍ റാമും ബഹുഗുണയും നന്ദിനി സത്പദിയും കോണ്‍ഗ്രസ് വിട്ടത് 77-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയുമടക്കം തോല്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയുണ്ടായി.
ഇന്ദിര ഗാന്ധി തന്നെ ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ദാമോദരം സഞ്ജീവയ്യ എന്ന ചെറുപ്പക്കാരനെ അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിച്ചിരുന്നു. പക്ഷേ അവിടെനിന്നങ്ങോട്ട് കഴിഞ്ഞ അരനൂറ്റാണ്ടായി കോണ്‍ഗ്രസിന് ദളിത് വിഭാഗങ്ങളില്‍നിന്ന് ഒരു പ്രസിഡന്റ് ഉണ്ടായില്ല. ഖാര്‍ഗെയുടെ പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടുന്നു എന്നു മാത്രമല്ല പ്രവര്‍ത്തക സമിതിയുടെ ഘടനയില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നിര്‍ദേശിച്ചതുപോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചു കഴിഞ്ഞു. ജയറാം രമേശ് നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇന്ത്യയാകെ ജാതിസെന്‍സസ് നടത്തണമെന്ന ആവശ്യം അദ്ദേഹം ഉയര്‍ത്തി. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് നിശ്ചയമായും പ്രകടനപത്രികയില്‍ ഉള്‍പ്പെടുമെന്ന കാര്യത്തിലും ഇനി സംശയമില്ല. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ഇന്ന് കൃത്യമായ സാമൂഹിക മുദ്രാവാക്യം ഉയര്‍ത്തിക്കഴിഞ്ഞു. ഇതിനോട് പ്രതികരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. ബി.ജെ.പി. ഒരു ഒ.ബി.സി. പ്രധാനമന്ത്രിയെ സൃഷ്ടിച്ചു എന്ന പ്രചരണത്തിലൂടെ ഇന്ത്യയിലെ ഒ.ബി.സി. വിഭാഗങ്ങളില്‍ വലിയ കടന്നുകയറ്റം നടത്തിയതു കൊണ്ടുതന്നെയാണ് കഴിഞ്ഞ രണ്ടു തവണയും നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും കരുതുന്നതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത്. പക്ഷേ, ജാതി സെന്‍സസ് എന്ന പുതിയ കാര്‍ഡിനെ ചെറുക്കുന്നതില്‍ ബി.ജെ.പി. ആദ്യഘട്ടത്തില്‍ പതറിയിരിക്കുകയാണ്. തുടര്‍ച്ചയായി ദളിത് പ്രസിഡന്റിനെയും ഗോത്രവര്‍ഗക്കാരിയായ പ്രസിഡന്റിനെയും കൊണ്ടുവന്ന് ഞങ്ങള്‍ പിന്നാക്കക്കാര്‍ക്കൊപ്പമാണ് എന്ന് തെളിയിക്കാന്‍ ബി.ജെ.പി. ശ്രമിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങളെ ആകെ ബാധിക്കുന്ന ജാതി സെന്‍സസ് പോലുള്ള വിഷയം രാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ചാ വിഷയമാകുമ്പോള്‍ വ്യക്തികളെ ഉയര്‍ത്തിക്കൊണ്ടുമാത്രം പ്രശ്‌നം അവസാനിക്കുകയില്ല.
ജാതി സെന്‍സസിന്റെ ഉള്ളറയിലേക്ക് വീണ്ടും കടന്നുചെന്നാല്‍ മുന്നാക്ക വിഭാഗക്കാരെന്നറിയപ്പെടുന്ന ജനറല്‍ കാറ്റഗറിക്ക് 15% പേരുടെ പ്രാതിനിധ്യമാണ് സമൂഹത്തിലുള്ളതെങ്കില്‍ അവര്‍ക്ക് 10% സംവരണം നല്‍കിയത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ 3-2 എന്ന തോതില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞെങ്കിലും ഈ കോളത്തില്‍ എഴുതിയിരുന്നത് പോലെ 103-ാം ഭരണഘടനാ ഭേഗദതി പ്രശ്‌നം ഇനി ചര്‍ച്ച ചെയ്യപ്പെടുക തെരുവിലാണ്. ജാതി സെന്‍സസ് എന്ന വിഷയം രംഗത്തുവന്നതോടുകൂടി അക്ഷരാര്‍ഥത്തില്‍ 103-ാം ഭരണഘടനാ ഭേദഗതി വിഷയം തെരുവിന്റെ കോടതിയിലേക്ക് എത്തിയിരിക്കുകയാണ്.
103-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം നടന്ന മൂന്ന് ഐ.എ.എസ്. പരീക്ഷകളിലും ഒ.ബി.സി. വിഭാഗത്തിലെ കുട്ടികളേക്കാള്‍ കുറഞ്ഞ മാര്‍ക്കുവാങ്ങിച്ച ജനറല്‍ കാറ്റഗറി കുട്ടികള്‍ 10% സംവരണത്തിലൂടെ അകത്ത് കടന്നു. ജാതി സെന്‍സസിനോടൊപ്പം തന്നെ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ കൃത്യമായ കണക്കുകള്‍ എടുത്താല്‍ 15-20% വരുന്ന ജനറല്‍ കാറ്റഗറിയാണ് പകുതിയിലധികം സ്ഥാനങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് എന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഭൂസമ്പത്തിന്റെയും ബാങ്കുകളിലെ നിക്ഷേപത്തിന്റെയും വ്യാവസായിക നിക്ഷേപങ്ങളുടെയും അതില്‍നിന്നുളവാകുന്ന ലാഭത്തിന്റെയും കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങള്‍- അതിലെ തന്നെ ദളിതുകളും ആദിവാസികളും- എന്തുമാത്രം പുറകിലാണ് നില്‍ക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംവരണം കൊണ്ടുമാത്രം സാധ്യമല്ല. അധികാരത്തിലെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മാത്രമേ സംവരണത്തിലൂടെ സാധിക്കൂ. ഏറ്റവും പിന്നണിയില്‍ നിൽക്കുന്ന സാമൂഹിക വിഭാഗങ്ങള്‍ മുന്നോട്ടുവരണമെങ്കില്‍ വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാകണം. ആ സാമ്പത്തിക വളര്‍ച്ചയിൽ അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യമുണ്ടാകണം.
കേരളത്തിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍, ഐടി രംഗത്തുണ്ടായ വളര്‍ച്ചയില്‍ ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്ക് എത്രമാത്രം മുന്നേറ്റമുണ്ടായി എന്ന് മനസ്സിലാക്കിയാല്‍ അത് തുലോം കുറവാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗള്‍ഫ് പ്രവാസമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിന്റെ പകിട്ട്. സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനങ്ങളില്‍ കാണുന്നത് 12 ശതമാനത്തോളം വരുന്ന ദളിത് ആദിവാസി വിഭാഗങ്ങളില്‍നിന്ന് ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പ്രവാസികള്‍ അയിട്ടുള്ളൂ എന്നാണ്. കേരളത്തിലേക്ക് ഒഴുകിയെത്തിയ പണത്തിന്റെ ഒരു ശതമാനത്തോളം തുക മാത്രമാണ് അവരുടെ വീടുകളിലേക്ക് എത്തിയിട്ടുള്ളത്. അതിന് ഞങ്ങള്‍ ഉത്തരവാദികളല്ലെന്ന് സര്‍ക്കാരുകള്‍ക്കോ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കോ പറഞ്ഞ് കൈകഴുകാന്‍ പറ്റുന്ന വിഷയമല്ലിത്. സംവരണത്തിലൂടെ അധികാരങ്ങള്‍ നല്‍കാനുള്ള നടപടികള്‍ എടുത്താല്‍പോലും അത് തേടാനും നേടാനും ഉള്ള കഴിവുപോലും ഇല്ലാത്തവരാണ് പിന്നാക്ക വിഭാഗങ്ങളിലെ ചെറിയ ചെറിയ ഗ്രൂപ്പുകള്‍.
രണ്ടു വര്‍ഷം മുമ്പ് എറണാകുളത്ത് ചേര്‍ന്ന പിന്നാക്ക വിഭാഗ സമുദായങ്ങളുടെ ഒരു യോഗത്തില്‍ ഈ ലേഖകന്‍ ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ സംസാരിച്ച ഒരു സ്‌നേഹിതന്‍ പറഞ്ഞത് ഒരു പ്രത്യേക പിന്നാക്ക സമുദായത്തില്‍നിന്ന് ഇന്നുവരെ ഒരു ഗസറ്റഡ് ഓഫീസര്‍ പോലും ഉണ്ടായിട്ടില്ലെന്നാണ്. നമ്മുടെ നാടിന്റെ വികസനം അതിന്റെ സൂക്ഷ്മതലങ്ങളില്‍ പരിശോധിക്കപ്പെടേണ്ടതാണ്. പുറംപകിട്ടില്‍ നാം സ്വയംവഞ്ചിതരായിക്കൂടാ. സമൂഹത്തിന്റെ ഓരോ ഭാഗവും ഓരോ വിഭാഗവും അവര്‍ അര്‍ഹിക്കുന്ന വികസനം ഇന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ മുന്നാക്ക വിഭാഗങ്ങളില്‍ പെട്ട പാവം മനുഷ്യരുടെ കഥകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കണമെന്ന അഭിപ്രായം ഈ ലേഖകനെന്നല്ല, സംവരണ കാര്യങ്ങളില്‍ നിലപാട് എടുക്കുന്ന ആര്‍ക്കുമുണ്ട് എന്ന് കരുതാന്‍ വയ്യ.
മുന്നാക്ക വിഭാഗങ്ങളില്‍ മിടുമിടുക്കന്മാരായ കുട്ടികള്‍ സാമ്പത്തിക ശേഷിയില്ലാതെ പ്രയാസപ്പെടുന്നുണ്ട്. കേരളത്തിലെ തമിഴ് ബ്രാഹ്‌മണ സമൂഹം ഒരു ചെറിയ ന്യൂനപക്ഷമാണ്. അവരുടെ അഗ്രഹാരങ്ങള്‍ സംരക്ഷിക്കാനുള്ള പണം അവര്‍ക്കില്ലെന്ന് മാത്രമല്ല, അത് പൊളിച്ചുപണിയാനുള്ള അനുവാദവും ഇല്ലാത്ത സാഹചര്യമുണ്ടായി. ആ സന്ദര്‍ഭത്തിലാണ് ആസൂത്രണത്തിന്റെ ഭാഗമായി അവരിലെ നിര്‍ധനരായ ആളുകള്‍ക്ക് അഗ്രഹാരങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള സഹായത്തിന് പദ്ധതിയിട്ടത്. അത് തുലോം ചെറുതായിരുന്നു. അത്തരം കാര്യങ്ങള്‍ മുതല്‍ അവരുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പഠനങ്ങള്‍- വിദേശ സര്‍കലാശാലകള്‍ അടക്കമുള്ള അവരുടെ മികച്ച പഠന പരിപാടികള്‍- എന്നുവേണ്ട മുന്നാക്ക വിഭാഗങ്ങളില്‍പെട്ട കുട്ടികളില്‍ ദരിദ്രരായവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം ഒരു വിഷയമായി എടുത്തുതന്നെ പഠിക്കുകയും പരിഹരിക്കുകയും വേണ്ടത്ര സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ, ഭരണ, അധികാര കേന്ദ്രങ്ങളിലും സാമ്പത്തികമായ വിഭജനങ്ങളിലും തുലോം അവഗണിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ചും ദളിതുകളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദ്യം വേണ്ടത് കൃത്യമായ കണക്കുകള്‍ തന്നെയാണ്. ആ കണക്കെടുപ്പിന്റെ വലിയ ചുവടുവയ്പ്പാണ് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ നിര്‍വഹിക്കുമോ എന്ന ചോദ്യം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ മറുപടി പറയേണ്ട ഒന്നാണ്. കേരളത്തിലെ എന്നല്ല എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടക്കണം. എന്ത്? എവിടെ? എന്ന് എല്ലാവരും അറിയട്ടേ. ആര്‍ക്കെല്ലാം എന്തെല്ലാം കിട്ടി എന്നതും സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കണം. പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് നടന്ന ബിഹാറിലെ പഠനത്തില്‍ സാധാരണ പിന്നാക്ക വിഭാഗങ്ങളില്‍ തന്നെ തീരെ പിന്നാക്കം നില്‍ക്കുന്നവരുണ്ടെന്ന കണ്ടെത്തല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമായ ഒന്നാണ്.
ഇന്ത്യ പുതിയ സാമൂഹിക പുനര്‍ സംവിധാന ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത് ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlights: caste based census and 2024 election, Prathibhashanam column by CP John
Published: 07 Oct 2023, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented