
നൂറു വര്‍ഷത്തിലേറെയായി ആധുനിക പലസ്തീന്‍ പ്രശ്‌നം ആരംഭിച്ചിട്ട്. ഇന്ന് എണ്ണ ഒഴുകുന്ന ഗള്‍ഫ് മേഖല പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉറങ്ങിക്കിടന്ന പ്രദേശമായിരുന്നു. അക്കാലത്ത് ലോകാധിപത്യം നിസ്സംശയം കൈവശം വെച്ചിരുന്ന ബ്രിട്ടണെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വേണ്ട ഇരുമ്പും കല്‍ക്കരിയും അവരുടെ കൊച്ചുദ്വീപില്‍ തന്നെ ധാരാളമായി ഉണ്ടായിരുന്നു. അതു കണ്ടെത്താനും അതു കൊണ്ടുണ്ടാക്കിയ ചരക്കുകള്‍ വിറ്റഴിക്കാനും ലോകമെമ്പാടും അവര്‍ കീഴടക്കുകയും ഇന്ത്യയില്‍ എന്ന പോലെ പലയിടത്തും ഭരണാധികാരികളാവുകയും ചെയ്തു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എന്ന പേര് അവര്‍ക്ക് ലഭിച്ചു. ഇന്നും കോമണ്‍വെല്‍ത്തില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല.
പക്ഷേ, 20-ാം നൂറ്റാണ്ടിന് വേണ്ട എണ്ണ അവര്‍ക്കുണ്ടായിരുന്നില്ല. അമേരിക്കയ്ക്കും റഷ്യയ്ക്കും അത് 19-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുതാനും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ലോക മഹായുദ്ധ കാലത്ത് എണ്ണയുണ്ടെന്ന് മനസ്സിലാക്കിയ പശ്ചിമേഷ്യയില്‍ വേരുറപ്പിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി യൂറോപ്പിലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രധാന സഖ്യശക്തികളായ അവര്‍ കേന്ദ്രീയ ശക്തികളായ ഓട്ടമനെതിരായ യുദ്ധം സമര്‍ഥമായി പ്ലാന്‍ ചെയ്തു.
1919-ല്‍ ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അലന്‍ബി( Edmund Allenby)യുടെ നേതൃത്വത്തില്‍ ബ്രിട്ടണ്‍ ജെറുസലേം പിടിച്ചെടുത്തു. ജറുസലേമിന്റെ പരിശുദ്ധി കണക്കിലെടുത്ത് അലന്‍ബി പട്ടണപ്രവേശം നടത്തിയത് കുതിരപ്പുറത്തായിരുന്നില്ലത്രേ, മറിച്ച് കാല്‍നടയായിട്ടാണ്. 1919-ലെ ക്രിസ്മസിന്
മഹാരാജാവിന് നല്‍കിയ സമ്മാനമായിരുന്നു ഇന്നത്തെ പലസ്തീനും ജറുസലേമും. അവിടെനിന്ന് അങ്ങോട്ട് 20 വര്‍ഷം കഴിയുമ്പോഴേക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ കേളികൊട്ട് ആരംഭിച്ചു.
1939-ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുന്നതിന് മുമ്പ് യൂറോപ്പില്‍ നടന്ന ജൂതവിരുദ്ധ ആക്രമണങ്ങള്‍ ഇന്നും ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ പീഡനകഥകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ജര്‍മനിയില്‍ അതിനകം അധികാരത്തില്‍ വന്നിരുന്ന ഹിറ്റ്‌ലര്‍ (തിരഞ്ഞെടുപ്പിലൂടെയാണ് എന്നോര്‍ക്കണം) ജൂതവിരോധം തന്റെ 'വിന്നിങ് കാര്‍ഡാ'യി കളിക്കാന്‍ തുടങ്ങി. ജനസംഖ്യയിലെ ചെറുന്യൂനപക്ഷമായിരുന്നെങ്കിലും ജൂതവിരോധത്തിന് നല്ല മാര്‍ക്കറ്റുണ്ടായി. ജൂതന്മാര്‍ യേശുക്രിസ്തുവിനെ കൊന്നവരാണ് എന്നതിന്റെ പേരില്‍ ജൂതവിരോധം ആളിക്കത്തിക്കുക വളരെ എളുപ്പമായിരുന്നു. ജൂതന്മാരെ ഗെറ്റോകള്‍ എന്നറിയപ്പെടുന്ന ചേരിപ്രദേശങ്ങളിലേക്ക് ഒതുക്കി പാര്‍പ്പിച്ച് പീഡിപ്പിച്ചു. അവിടെനിന്നും അവരെ വിഷവാതകം കൊടുത്ത് കൊല്ലുന്ന കോണ്‍സന്‍ട്രേഷന് ക്യാമ്പുകളിലേക്ക് ആനയിച്ചു. അവരോടൊപ്പം സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഹിറ്റ്‌ലറെ എതിര്‍ക്കുന്ന മുഴുവന്‍ ആളുകളും ഉണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം. ഈ ജൂതവിരോധ കാര്‍ഡ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നല്ലതുപോലെ പ്രയോജനപ്പെട്ടു.
ഇതിനിടയില്‍ യൂറോപ്പിലാകെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ചിരുന്ന സയണിസ്റ്റ് മുദ്രാവാക്യങ്ങള്‍ ശക്തമായി. ജൂതന്മാര്‍ക്ക് അവരുടെ സ്വന്തം നാട് പലസ്തീനാണ് എന്നതുകൊണ്ട് അങ്ങോട്ട് മടങ്ങിപ്പോകാനുള്ള അനുവാദം വേണമെന്ന മുറവിളി ഉയര്‍ന്നു. 'നാഷണല്‍ ഹോം' എന്നാണ് അക്കാലത്ത് ആ മുദ്രാവാക്യം അറിയപ്പെട്ടത്. 1939 നവംബര്‍ മാസം 28-ാം തീയതി യുദ്ധത്തിന്റെ മുനമ്പില്‍ ലോകം നില്‍ക്കുമ്പോള്‍ മഹാത്മാഗാന്ധി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ലേഖനം പ്രസിദ്ധമാണ്. ജൂതന്മാരെ സഹായിക്കേണ്ടത് ആവശ്യമാണെങ്കിലും അവരെ അറബ് ജനതയുടെ മുകളില്‍ കെട്ടിവെക്കാന്‍ ബ്രിട്ടീഷുകാര്‍ ബയണറ്റുകള്‍ ഉപയോഗിക്കരുതെന്ന് ശക്തമായ ഭാഷയില്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ബ്രിട്ടണിന്റെ ബയണറ്റിന്റെ മറവില്‍ രാഷ്ട്രം രൂപീകരിച്ചാല്‍ അത് ശാശ്വതമായ ഒന്നായിരിക്കില്ലെന്ന് ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
പക്ഷേ, രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ചപ്പോള്‍ ബ്രിട്ടണും അമേരിക്കയും സോവിയറ്റ് യൂണിയനും ഒരുമിച്ച് അംഗീകരിച്ച യാള്‍ട്ട കരാറിനു ശേഷം പുതിയ ജൂതരാഷ്ട്രം ഉണ്ടാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവന്നു. അമേരിക്കയില്‍ ഇത്തരമൊരു രാഷ്ട്ര രൂപീകരണത്തിനെതിരേ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും ട്രുമാന്‍ എന്ന ദുര്‍ബലനായ പ്രസിഡന്റ് ഈ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. അന്നും എണ്ണസമൃദ്ധമായ പശ്ചിമേഷ്യയില്‍ ഒരു താവളമൊരുക്കാന്‍ ഇതിനകം ബ്രിട്ടണേക്കാള്‍ ശക്തമായി എന്ന് ലോകം കരുതിയ അമേരിക്കയുടെ സഹായം തേടല്‍ തന്നെയായിരുന്നു ബ്രിട്ടണിന്റെ ലക്ഷ്യം.അങ്ങനെയാണ് രണ്ടാം ലോക മഹായുദ്ധാനന്തരം ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകൃതമായത്.
ജൂതന്മാരോട് യൂറോപ്യന്‍മാര്‍, മതപരമായി പറഞ്ഞാല്‍ അവിടുത്തെ ക്രിസ്ത്യാനികള്‍, അതിക്രൂരമായി പെരുമാറിയതിന് അറബുകള്‍ എന്തുപിഴച്ചു എന്ന ചോദ്യം ചോദിച്ച ലോകനേതാക്കന്മാരുടെ മുന്‍നിരയില്‍ ഗാന്ധിജിയും ഉണ്ടായിരുന്നു. ഇന്ത്യയിലെ ഹിന്ദു ജനസാമാന്യത്തിനിടയില്‍ അയിത്തം നിലനിന്നിരുന്നത് കുപ്രസിദ്ധമാണ്. ക്രിസ്ത്യാനികളുടെ അയിത്ത ജാതിക്കാരാണ് ജൂതന്മാരെന്ന് ഗാന്ധിജി വിമര്‍ശിച്ചു. അവരെ യൂറോപ്പില്‍നിന്ന് കയറ്റുമതി ചെയ്ത് യൂറോപ്പ് അവിടെ അവശേഷിക്കുന്ന ക്രിസ്തുമത വിശ്വാസികളെ സ്വന്തമാക്കുന്നതിന് പകരം ജൂതമതക്കാരെ അവരുടെ നാട്ടില്‍ തന്നെ താമസിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വാദിച്ചു. ഫ്രാന്‍സിലും ജര്‍മനിയിലും ക്രിസ്തുമതക്കാര്‍ എങ്ങനെയാണോ ഫ്രഞ്ചുകാരാകുന്നത് അതുപോലെ ജൂതന്മാര്‍ക്ക് ഫ്രഞ്ചുകാരും ജര്‍മന്‍കാരുമാകാമെന്ന് അദ്ദേഹം അസദ്ധിഗ്ധമായി പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അധികം പേരുണ്ടായില്ല. 1948 ജനുവരിയില്‍ ഗാന്ധിജി വധിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ 75 വര്‍ഷക്കാലത്തെ ചരിത്രം മറ്റൊന്നാണ്. ഇസ്രയേല്‍ പ്രമുഖ ലോകരാജ്യങ്ങളുടെ അംഗീകാരത്തോടെ സ്വന്തം രാജ്യം നിര്‍മിക്കുന്നു. ജെറുസലേമിലെ 40 ശതമാനം സ്ഥലം പലസ്തീന്‍കാര്‍ക്ക് കൈവശം വെക്കാമെന്ന ധാരണയുണ്ടായിരുന്നു. 60 ശതമാനം ഇസ്രയേലുകാര്‍ക്കും. പക്ഷേ, നിരവധി യുദ്ധങ്ങള്‍ പിന്നീട് ഉണ്ടായി. ഈജിപ്തിന്റെ സഹായത്തോടെ അറബുകള്‍ ഇസ്രയേലിനെ തിരിച്ചടിക്കാന്‍ ശ്രമിച്ചത് തുടക്കത്തിലേ പരാജയപ്പെട്ടു. 1967-ലെ ഇസ്രയേല്‍ യുദ്ധം കൂടുതല്‍ സ്ഥലത്തേക്ക് കടന്നുകയറാന്‍ ഇസ്രയേലിനെ സഹായിക്കുകയാണ് ചെയ്തത്. അവിടെനിന്നങ്ങോട്ട് കൂടുതല്‍ യുദ്ധങ്ങളും ആക്രമണ പരമ്പരകളും ഉണ്ടായി. അതിന്റെ അവസാന ബാലന്‍സ് ഷീറ്റ് പലസ്തീന്‍ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു എന്നതാണ്. ഇന്ന് ഗാസ എന്നറിയപ്പെടുന്ന പ്രദേശം ഈജിപ്തിന്റെയും സിറിയയുടെയും ഇസ്രയേലിന്റെയും ഇടയില്‍ കിടക്കുന്ന ഒരു കൊച്ചു കരപ്രദേശമാണ്. 40 കിലോ മീറ്ററാണ് അതിന്റെ കൂടിയ ദൈര്‍ഘ്യം. അവിടെ താമസിക്കുന്നത് 23 ലക്ഷം ജനങ്ങളാണ്. ഒരു വലിയ നഗരത്തിലുള്ളത്ര ജനസംഖ്യ പോലും ഗാസയില്‍ ഇല്ല.
ഗാസയുടെയും പലസ്തീനിന്റെയും രാഷ്ട്രീയ നേതൃത്വം ഇന്ന് ഹമാസ് എന്ന സംഘടനയ്ക്കാണ്. ഹമാസ് ഇതിനു മുമ്പുണ്ടായിരുന്ന പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ പിന്‍ഗാമികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം പങ്കിട്ടുകൊണ്ടിരിക്കുന്നത്. 132 സീറ്റുള്ള പലസ്തീന്റെ അസംബ്ലിയില്‍ 74 സീറ്റും ഹമാസിന് ലഭിച്ചു. പി.എല്‍.ഒയുടെ നട്ടെല്ലായിരുന്ന ഫത്താഹ് പാര്‍ട്ടി 45 സീറ്റുകളിലേക്ക് ചുരുങ്ങി. തീര്‍ച്ചയായും ഹമാസ് ഒരു മതാധിഷ്ഠിത സംഘടനയാണ്. അവരുടെ പ്രസ്താവനകളില്‍ സെമറ്റിക് വിരുദ്ധ ചുവ വളരെയധികം തുടക്കത്തിലേ ഉണ്ടായിരുന്നു. അവരുടെ ഭാഷ പി.എല്‍.ഒയുടെ ഭാഷയല്ല. മറിച്ച് പലസ്തീന്‍ എന്ന പ്രദേശം അന്തിമ വിധിദിനം വരെ മുസ്ലീങ്ങളുടേതായിരിക്കും എന്ന് പറയുന്നിടത്തുതന്നെ അവരെത്രമാത്രം മതാധിഷ്ഠിതമായാണ് കാര്യങ്ങളെ കാണുന്നത് എന്നുകാണാം.
ഇന്ന് ഹമാസാണ് പലസ്തീന്റെ നേതൃത്വത്തില്‍ ഉള്ളത്. ഹമാസിനെ എങ്ങനെയെങ്കിലും തുടച്ചുനീക്കുക എന്നത് ഇസ്രയേല്‍ വര്‍ധിത വീര്യത്തോടുകൂടി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്തിട്ടും ഹമാസ് അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കും അവഗണിക്കാന്‍ സാധ്യമല്ല. 1967-ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് പിന്‍മാറണമെന്ന് ഹമാസ് ഇസ്രയേലിനോട് ആവശ്യപ്പെടുമ്പോള്‍ അവരുടെ ആവശ്യം തെറ്റാണെന്ന് പറയാന്‍ സാധ്യമല്ല. ഹമാസിന്റെ നിരവധി നേതാക്കളെ ഇസ്രയേല്‍ കൊലപ്പെടുത്തി. പക്ഷേ, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ഇസ്രയേല്‍ കാണുന്നത് ഓരോ നിര ഹമാസ് നേതാക്കള്‍ കൊല്ലപ്പെടുമ്പോഴും ഒരു പുതിയ നിര ആവിര്‍ഭവിക്കുന്നതാണ്.
പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കേണ്ടത് സമകാലീന രാഷ്ട്രീയ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്. പഴയ കഥകളും പുരാണേതിഹാസങ്ങളും അവലംബിച്ചുകൊണ്ട് അതു ചെയ്യുക സാധ്യമല്ല. മതതത്വങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് അപകടകരവും അബദ്ധവുമാണെന്ന് പലസ്തീന്‍- ഇസ്രയേല്‍ പ്രശ്‌നം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ലോകഗാത്രത്തില്‍ ഉണങ്ങാത്ത മുറിവുപോലെ നില്‍ക്കുകയാണ് പലസ്തീന്‍ പ്രശ്‌നം. ആ മുറിവ് ഉണങ്ങണമെങ്കില്‍ സ്ഥിരമായ ഒരു സെറ്റില്‍മെന്റ് ധാരണ ഉണ്ടാകണം. ഇസ്രയേലിലുള്ളവരെ പൂര്‍ണമായും അവരെവിടെനിന്ന് വന്നുവോ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുക എന്നുള്ളത് പ്രായോഗികമായ കാര്യമല്ല. അതുപോലെ തന്നെ പലസ്തീന്‍ ജനതയെ തുടച്ചുനീക്കുക എന്നുള്ളതും പ്രായോഗികമല്ല മാത്രമല്ല, അതിന് ഇസ്രയേല്‍ തയ്യാറായാല്‍ ഹിറ്റ്‌ലറുടെ പേരില്‍ എത്രമാത്രം കൊലപാതകശ്രമങ്ങളുടെ കറയാണോ ഉള്ളത് അതിലുമധികം കറ അവര്‍ പേറേണ്ടതായി വരും.
യൂറോപ്പില്‍ പീഡിപ്പിക്കപ്പെട്ട യഹൂദ ജനത പലസ്തീനില്‍ വന്ന് അവിടുത്തെ ജനങ്ങളെ പീഡിപ്പിക്കുക എന്നത് ക്രൂരമായ ഒരു ഫലിതമാണ്. ജൂതന്മാര്‍ യൂറോപ്പില്‍ പീഡിപ്പിക്കപ്പെട്ടത് ക്രിസ്തുവിനെ കൊന്ന ആളുകള്‍ എന്ന പേരിലായിരുന്നു. എന്നാല്‍, അറബ് ജനത ഇതറിഞ്ഞിട്ടുപോലുമില്ല. യഹൂദന്മാരുടെ യൂറോപ്പിലെ പീഡനത്തിന് അറബുകളോ പലസ്തീനികളോ ഉത്തരവാദികളല്ല. അതുകൊണ്ട് പലസ്തീന് ശരിയായ ന്യായം അവരുടെ ഭാഗത്തുണ്ട്. പക്ഷേ, ആ ന്യായങ്ങള്‍ കേള്‍ക്കാന്‍ ലോകത്തിന്ന് ഒരു ഭരണ സംവിധാനമില്ല, ഒരു രാഷ്ട്രീയ സംവിധാനമില്ല. ഐക്യരാഷ്ട്ര സഭ ഒരു ഉറക്കംതൂങ്ങി സഭയായി മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയ്ക്ക് പല്ലോ നഖമോ ഇല്ല. എന്തെങ്കിലും കരുത്തുള്ളത് ഇന്ന് ജി 20- സംവിധാനത്തിനാണ്. അടുത്തദിവസങ്ങള്‍ക്ക് മുമ്പുവരെ ഇന്ത്യ ജി-20യുടെ നേതൃത്വം അലങ്കരിച്ചിരുന്നു. ജി-20യില്‍ ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് വരാറുമില്ല. വാസ്തവത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജി-20 എന്ന വേദി ഉപയോഗിച്ചുകൊണ്ടും സാങ്കേതികമായി ഐക്യരാഷ്ട്ര സഭയെ ഉപയോഗിച്ചുകൊണ്ടും പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുന്നതിന് രണ്ടു പേരേയും രണ്ടുരാഷ്ട്രങ്ങളായി തിരിക്കുകയാണ് വേണ്ടത്.
ദ്വിരാഷ്ട്രവാദം എന്ന പരിഹാരം ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് ഇടയിലുണ്ട്. കഴിയുന്നത്ര വേഗം ഈ രണ്ടു രാജ്യങ്ങളെയും രണ്ടു രാജ്യങ്ങളായി നിര്‍ത്തി അവര്‍ക്കിടയില്‍ കൃത്യമായ അതിരുകള്‍ നിര്‍മിക്കുക എന്നത് ഇനിയും വൈകിക്കൂടാ. 3000 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. മരിച്ചു വീഴുന്നത് മനുഷ്യരാണ്. അവരുടെ മതമല്ല, ജീവനാണ് വലുത്. ബോംബുകള്‍ കൊണ്ട് ആക്രമിക്കപ്പെടുമ്പോഴും പോയിന്റ് ബ്ലാങ്കില്‍ വെടികൊണ്ട് മരിക്കുമ്പോഴും സാധാരണ മനുഷ്യന്‍ വിലപിക്കുന്നു. അവര്‍ക്ക് വേണ്ടത് ജീവനും ജീവിതവുമാണ്. മരിക്കാത്ത മനുഷ്യര്‍ പരിക്കേറ്റ് പതിറ്റാണ്ടുകള്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. കാലും കൈയും കണ്ണും നഷ്ടപ്പെട്ട ആയിരങ്ങളുടെ കേന്ദ്രമായി പലസ്തീനും ഇസ്രയേലും മാറുകയാണ്.
ഇത്തവണത്തെ ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഇതിന് മുമ്പുണ്ടായിരുന്ന പരമ്പരകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഗാസയില്‍നിന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ഒപ്പം നേരത്തേ നുഴഞ്ഞുകയറിയിരുന്ന പലസ്തീന്‍ ഗറില്ലകള്‍ ഇസ്രയേലില്‍ ജനങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുമെതിരേ വെടിയുതിര്‍ക്കുകയുമാണ് ചെയ്തത്. രണ്ടു കൂട്ടരും ആക്രമണങ്ങളില്‍ യുദ്ധത്തിന്റെ മര്യാദകള്‍ പോലും പാലിക്കപ്പെടുന്നില്ല. യുദ്ധം പട്ടാളക്കാര്‍ തമ്മില്‍ നടത്തണം എന്നതാണ് അന്താരാഷ്ട്ര നിയമം. പലസ്തീന്‍-ഇസ്രയേല്‍ യുദ്ധം പട്ടാളക്കാര്‍ തമ്മിലുള്ളതല്ല. സാധാരണക്കാരായ മനുഷ്യരെ കൊന്നുകൊണ്ടുള്ളതാണ്. ഇത്തവണ ഇസ്രയേലില്‍ നടത്തിയ യുദ്ധത്തേയും ഇസ്രയേലിലേക്ക് നടന്ന കടന്നുകയറ്റത്തെയും തന്ത്രപരമായ വിജയമെന്ന് ഹമാസ് പറയുമ്പോഴും അവിടെ മരിച്ചുവീണത് സാധാരണ മനുഷ്യരായിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്.
ഇപ്പോള്‍ ഗാസ ചുട്ടുപൊട്ടിക്കുന്നതിന് വേണ്ടി ഇസ്രയേല്‍ തറ്റുടുത്ത് നില്‍ക്കുകയാണ്. അങ്ങോട്ട് കരയുദ്ധം നടത്തുക എന്നുള്ളതാണ് ഇനി ഇസ്രയേലിന് മുന്നിലുള്ള കാര്യം. പക്ഷേ, ഇസ്രയേല്‍ ഓര്‍ക്കണം, യുക്രൈന്‍ പിടിച്ചെടുക്കാന്‍ റഷ്യ പോയതുപോലെ നാണംകെട്ടു മടങ്ങേണ്ട സ്ഥിതി ഉണ്ടാകരുത്. കരയുദ്ധത്തിലൂടെ ഗാസയും പലസ്തീനും പിടിച്ചെടുക്കുക എന്ന ഇസ്രയേലിന്റെ സ്വപ്‌നം പൂവണിയുക എന്നുള്ളത് എളുപ്പമല്ല. പലസ്തീന് ലോകത്തെ നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ട്. മാത്രമല്ല, ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ റിയാദിലേക്ക് ഇസ്രയേലിന്റെ ആദ്യ ദൗത്യസംഘം പോയത് 2023 ഒക്ടോബര്‍ മൂന്നിനാണ്. നാലു ദിവസങ്ങള്‍ക്കിടയിലാണ് ഈ അക്രമം അരങ്ങേറിയത്. ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായും പതുക്കെ പതുക്കെ സൗഹൃദം ഉണ്ടാക്കുവാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമായാല്‍ അത് തങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടയാവുകയില്ല എന്ന തിരിച്ചറിവുകൊണ്ടു കൂടിയായിരിക്കാം ഇസ്രയേലിന് നേരെ ഹമാസ് അസ്ത്രം തൊടുത്തത്. ഹമാസിന് പുറകില്‍ ആരെല്ലാമുണ്ടെന്ന് വ്യക്തമല്ല. ഊഹങ്ങള്‍ മാത്രമാണ് പരന്നുകൊണ്ടിരിക്കുന്നത്. അടി തെറ്റിയ റഷ്യയുടെ പിന്തുണ ഹമാസിന് ലഭിച്ചിരിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം ഇസ്രയേലിനെ അടിക്കുമ്പോള്‍ കരയുന്നത് അമേരിക്കയാണ്. അമേരിക്കയുടെ സഹായത്തോടെ യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നു. എങ്കില്‍ ഹമാസിനെ പിന്തുണച്ചാല്‍ എന്ത് എന്ന ചിന്ത റഷ്യക്കുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിനൊന്നും നമ്മുടെ മുന്നില്‍ തെളിവുകളില്ല.
ലോകത്തിന് മുന്നില്‍ രണ്ടു യുദ്ധങ്ങള്‍ സജീവമാണ്. യുക്രൈനെ റഷ്യ ആക്രമിച്ചതും ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ മിന്നല്‍ യുദ്ധവും. അതിനു ശേഷം ഇന്നത് സമ്പൂര്‍ണ യുദ്ധമായി മാറിയിട്ടുണ്ട്. ഇസ്രയേല്‍-പലസ്തീന് യുദ്ധവും യുക്രൈന്‍-റഷ്യ യുദ്ധവും ഒരുപോലെ ലോകത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മഞ്ഞുകാലത്ത് യൂറോപ്പ് മഞ്ഞില്‍ പുതഞ്ഞുപോകാതിരുന്നത് കാലാവസ്ഥയിലുണ്ടായ നേരിയ മാറ്റം കൊണ്ടാണെന്ന് പറയുന്നു. ഇത്തവണയും അവിടെ യുദ്ധം സജീവമാണ്. ഭക്ഷണം മുതല്‍ എണ്ണ വരെയുള്ള കാര്യങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ യൂറോപ്പ് അനുഭവിക്കുന്നു. അതിനിടയിലാണ് പുതിയ യുദ്ധം മഞ്ഞുകാലത്തിന് തൊട്ടുമുമ്പ് ഇസ്രയേലിലും പലസ്തീനിലും ആരംഭിച്ചിരിക്കുന്നത്.
യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല. 85 വര്‍ഷം മുമ്പ് മഹാത്മാഗാന്ധി യഹൂദന്മാരോടും ലോകജനതയോടും പറഞ്ഞ പ്രവചനതുല്യമായ വാക്കുകളാണ് ഇന്ന് ഏറ്റവും പ്രസക്തമായിട്ടുള്ളത്. പക്ഷേ, ഇന്ന് ഇന്ത്യ ഗാന്ധിജിയുടെ പക്ഷത്തല്ല. മറിച്ച് അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രയേല്‍ പക്ഷത്തുതന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഇത് ഒരു രാഷ്ട്രീയ നയംമാറ്റം തന്നെയാണ്. 2017 മുതല്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന പഴയ മൂന്നാംലോക രാജ്യമെന്ന അറബ് ജനതയ്ക്ക് ഇന്ത്യ നല്‍കിയിരുന്ന പിന്തുണ നരേന്ദ്ര മോദി പിന്‍വലിച്ച് സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടുകാരനായി അഭിനയിക്കുകയാണ്. അതിന്റെ ഫലം എത്രയുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെ.
ഇസ്രയേലില്‍ ഇന്ത്യക്കാര്‍ ധാരാളമുണ്ട്. മലയാളികള്‍ തന്നെ ആയിരക്കണക്കിന് ഉണ്ട്. അവരില്‍ തന്നെ മിക്കവരും നഴ്‌സുമാരും നഴ്‌സിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ച് മുതിര്‍ന്ന പൗരന്മാരെ ശുശ്രൂഷിക്കുന്ന കരുതല്‍ ശുശ്രൂഷകരുമാണ്. അവര്‍ പരിഭ്രാന്തരാണ്. അവര്‍ക്കെന്തുചെയ്യണം എന്നറിഞ്ഞുകൂടാ. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഓപ്പറേഷന്‍ അജയ് അടിയന്തരമായി ആരംഭിക്കണം. അവരെ ഒഴിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. വേദന അനുഭവിക്കുന്ന ജനത ഇരുഭാഗത്തുമുണ്ട്. അവരോടാണ് നാം ഐക്യപ്പെടേണ്ടത്. രാഷ്ട്രീയ പരിഹാരം കാണാനാകാത്ത ലോകരാഷ്ട്രീയ നേതൃത്വമാണ് രണ്ടു പേരുടേയും വേദനയ്ക്ക് കാരണമായിരിക്കുന്നത്. അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
Content Highlights: Israel-Hamas War, Two nation Solution, Prathibhashanam by CP John
Published: 12 Oct 2023, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented