
2023 ഒക്ടോബര്‍ 29 ഞായറാഴ്ച കേരളത്തിന് ഒരു ചീത്ത ദിവസമായിരുന്നു. രണ്ടായിരത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറിടത്ത് ഒരുമിച്ച് ബോംബ് പൊട്ടി മൂന്നുപേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
ഇത്തരം ബോംബ് സ്‌ഫോടനങ്ങള്‍ കേരളത്തിന് പരിചിതമല്ല. ബോംബേറുകളും കൊലപാതകങ്ങളും അക്രമ രാഷ്ട്രീയത്തിന്റെ വിവിധ മുറകളും നാം കണ്ടിട്ടുണ്ടെങ്കിലും തൊണ്ണൂറുകളില്‍ നിന്ന വര്‍ഗീയ കലാപങ്ങളില്‍ പോലും സമാധാനമായി ജനങ്ങള്‍ കൂടിയിരുന്ന സ്ഥലങ്ങള്‍ ബോംബ് പൊട്ടി ആരും മരിച്ചിട്ടില്ല എന്ന് ഓര്‍ക്കാവുന്നതാണ്. ആ അര്‍ഥത്തില്‍ ഒരു വലിയ സുരക്ഷാ പിഴവാണ്, ആപത്താണ് കേരളത്തില്‍ കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്നത്. സംഭവം നടന്ന ഉടനെ തന്നെ കേരളത്തിന്റെ രാഷ്ട്രീയ മനോമണ്ഡലത്തില്‍ ഉണ്ടായിരുന്ന നിരവധി ചര്‍ച്ചകള്‍ നമ്മുടെ പൊതുസമൂഹത്തിന്റെ, രാഷ്ട്രീയ നേതൃത്വത്തിന്റെ വിങ്ങിപ്പൊട്ടിയ ചിന്താമണ്ഡലത്തെ തുറന്ന് കാണിച്ചു. ബോംബ് പൊട്ടി ആളുകള്‍ കടുത്ത പൊള്ളലേറ്റ് ആശുപത്രിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി മാറ്റപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങളും വര്‍ഗീയ കാരണങ്ങളും അന്വേഷിക്കാനുള്ള ഒരു മനസ്സാണ് കേരളത്തിന് ഉണ്ടായത് എന്നത് ബോംബ് സ്‌ഫോടനത്തേക്കാള്‍ അപകടകരമായ ഒന്നായി ഈ ലേഖകന്‍ നിരീക്ഷിക്കുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മാസം ഏഴാം തിയതി മുതല്‍ പാലസ്തീനില്‍ ഇസ്രയേലില്‍ നടക്കുന്ന അതിക്രൂരമായ കൊലപാതകങ്ങള്‍ കേരള സമൂഹത്തെ വല്ലാതെ വിഭജിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഒക്ടോബര്‍ 29-ന് നടന്ന സ്‌ഫോടനത്തെ കുറിച്ച് നേതാക്കന്മാരും സാധാരണക്കാരും നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും സ്വകാര്യ സംഭാഷണങ്ങളും.
ഉടനെ വിധിയെഴുത്തുണ്ടായി. ഇത് പാലസ്തീനെ അനുകൂലിക്കുന്ന വിഭാഗങ്ങള്‍ കേരളത്തില്‍ കലാപമുണ്ടാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമമല്ലാതെ മറ്റൊന്നുമല്ല. ബിജെപിയുടെ വക്താക്കള്‍ ഒരുതരത്തില്‍ സംസാരിച്ചപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭരണകക്ഷിയുടെ നേതാവായ എംവി ഗോവിന്ദനും പാലസ്തീന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബോംബ് സ്‌ഫോടനം കാണാന്‍ തത്രപ്പെട്ടു. പക്ഷെ ഭാഗ്യമെന്ന് പറയട്ടേ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സമചിത്തതയോടുകൂടിയാണ് കാര്യങ്ങളെ സമീപിച്ചത്. ആരാണ് അക്രമിയെന്നോ എന്താണ് അക്രമ കാരണമെന്നോ മനസ്സിലാകാതെ ബോംബ് പൊട്ടി എന്നുകേട്ടപ്പോള്‍ പ്രസ്താവനയ്ക്ക് പേനയെടുത്ത രാഷ്ട്രീയ നേതാക്കന്മാരോടും പാര്‍ട്ടിവക്താക്കളോടും നമുക്ക് സഹതപിക്കാം.
ബോംബ് സ്‌ഫോടനം നടത്തിയത് താനാണ് എന്നുപറഞ്ഞുകൊണ്ട് യഹോവയുടെ സാക്ഷികളിലൊരാള്‍ തന്നെ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുക എന്ന സംഭവവും നാം കണ്ടു. ആദ്യം ഭ്രാന്തമായ ജല്പനമായി കാര്യവിവരമുള്ളവര്‍ അതിനെ കണക്കാക്കിയെങ്കിലും ഡൊമിനിക്കെന്ന കുറ്റവാളി പറഞ്ഞ കാര്യങ്ങള്‍ പോലീസിന് തള്ളിക്കളയാന്‍ കഴിയുന്നതായിരുന്നില്ല. ബോംബ് സ്‌ഫോടനത്തിന്റെ കൃത്യമായ പ്ലാനിങ് അതിന് തനിക്ക് സഹായകരമായ കാര്യങ്ങളും തത്ത പറയുന്നത് പോലെ ഡൊമനിക് ആരുടെയും സഹായമില്ലാതെ വിശദീകരിച്ചു. ഏറ്റവും അവസാനം കിട്ടുന്ന വാര്‍ത്തകള്‍ അനുസരിച്ച് തനിക്ക് വക്കീലിന്റെ ആവശ്യമില്ലെന്നും കേസ് താന്‍ തന്നെ കോടതിയില്‍ വാദിച്ചുകൊള്ളാമെന്നും പ്രതി കോടതിയില്‍ പറഞ്ഞതായാണ് കേള്‍ക്കുന്നത്.
കേരളത്തിലെ അക്രമസംഭവങ്ങളുടെ ചരിത്രത്തില്‍ ഒരു വല്ലാത്ത അധ്യായമാണ് ഡൊമിനിക്കിന്റെ ബോംബ് സ്‌ഫോടനത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. നമുക്ക് പൊടുന്നനെ നിഗമനങ്ങളിലേക്ക് ചാടിയിറങ്ങുന്നതിന് പകരം കേരളത്തിന്റെ മനസ്സിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ചേരുവകളിലേക്ക് ഒന്നുകണ്ണോടിക്കാം.
കളമശ്ശേരിയിലെ ബോംബിനെ പലസ്തീനുമായി താരതമ്യം ചെയ്തത് എന്തുകൊണ്ടായിരിക്കാം? കേരളത്തില്‍ എല്ലാവരും ഒരു നിഗമനത്തില്‍ എത്തിയിരുന്നത് കൊണ്ടുതന്നെ. ഒന്നുകില്‍ ഇസ്രയേലിന്റെ ഭാഗമോ അല്ലെങ്കില്‍ പലസ്തീന്റെ ഭാഗമോ ശരിയെന്ന് കരുതുന്നവരായിരുന്നു ഇന്ന് കേരളത്തിലെ മഹാഭൂരിപക്ഷം രാഷ്ട്രീയ താല്പര്യമുള്ളവരും ഒരുപക്ഷേ രാഷ്ട്രീയ താല്പര്യമില്ലാത്തവരും. ഈ പലസ്തീന്‍ പ്രശ്‌നത്തെ എങ്ങനെ നമ്മുടെ മാനസിക വ്യാപാരത്തിന്റെ ചേരുവകളില്‍ കണ്ണി ചേര്‍ത്തിരിക്കുന്നു എന്ന് പരിശോധിക്കുന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. അതിനായി പരിശ്രമിക്കുമ്പോള്‍ കളമശ്ശേരി ബോംബ് സ്‌ഫോടനം ഒരു നിമിത്തം മാത്രമാണ്. മറിച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും പൊതുവില്‍ ലോക രാഷ്ട്രീയത്തിലും നിലപാടുകളെടുക്കുന്ന രീതിയാണ് നാം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്.
അതിന് മുന്നോടിയായി ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വിജയങ്ങള്‍ കൊയ്ത ബിജെപിയുടെ കഴിഞ്ഞ 35 വര്‍ഷക്കാലത്തെ ചരിത്രത്തിലേക്കും എത്തിനോക്കേണ്ടതായിട്ടുണ്ട്. ഇസ്രയേലിന്റെ പക്ഷം പറയുന്നവര്‍ ഉദ്ധരിക്കുന്നത് ബൈബിളാണ്. അതിനുമുമ്പ് ലോകമുണ്ടായിരുന്നില്ല എന്ന തോന്നലും പലര്‍ക്കുമുണ്ട്. ബൈബിളിലെ തന്നെ പഴയ നിയമത്തിന്റെ കാലത്തിലും അപ്പുറത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതാണ്ട് സമകാലിക രാഷ്ട്രീയത്തില്‍ അതേപടി എടുത്തുപകര്‍ത്താമെന്ന മട്ടിലാണ് നെതന്യാഹു മുതല്‍ കേരളത്തിലെ ഒരു സാധാരണ ചായക്കടയിലിരിക്കുന്നവര്‍ വരെ പറയുന്നത്. രാമായണത്തിലെ നായികാ നായകന്മാരുടെ ജന്മസ്ഥാനങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഇതിഹാസത്തിന്റെ ഉല്പന്നങ്ങളാണ്. ഇവിടെയാണ് പ്രസക്തമായ ചോദ്യം ഉണ്ടാകുന്നത്. സമകാലിക രാഷ്ട്രീയത്തിന്റെ ചേരിതിരിവുകളില്‍ ഇതിഹാസങ്ങള്‍ക്ക് എന്തുസ്ഥാനമാണ് ഉള്ളത്?
ഇതിഹാസങ്ങളെ ആസ്പദമാക്കി സമകാലിക രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക എന്ന പിശകാണ് അയോധ്യ മുതല്‍ ജറുസലേം വരെ പരന്നുകിടക്കുന്നത്. ഈ മാര്‍ഗം അവലംബിച്ചാല്‍ ഗ്രീക്ക് പുരാണങ്ങളെ യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ എടുത്ത് ഉപയോഗിക്കേണ്ടി വരുമെന്ന കാര്യം ഇന്ന് ഇസ്രയേലിനെ പിന്താങ്ങുന്ന യൂറോപ്യന്‍-അമേരിക്കന്‍ ശക്തികള്‍ ആലോചിക്കുന്നത് നന്നായിരിക്കും.
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഒരു കഥാപുരുഷനല്ല ചരിത്ര പുരുഷനാണെന്ന് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നു. അലക്‌സാണ്ടര് കീഴടക്കിയ പ്രദേശങ്ങള്‍ ഇന്നത്തെ ഗ്രീസിന് അവകാശപ്പെട്ടതാണോ എന്ന ചോദ്യം പ്രസക്തമായിത്തീരില്ലേ. അമേരിക്കയുടെ പ്രസിഡന്റ് ഞൊടിയിടയില്‍ ഇസ്രയേലിലെത്തി അവരുടെ പിന്തുണ അറിയിച്ചു. ജെറുസലേം യഹൂദന്മാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് അമേരിക്ക വലിയ വായില്‍ വിളിച്ച് പറയുമ്പോള്‍ അമേരിക്ക ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലളിതമായ ചോദ്യം അവരോട് ആര് ചോദിക്കാനാണ്.
ഇതിഹാസങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും ഒന്നും സഹായമില്ലാതെ ദിനപത്രങ്ങള്‍ അടിച്ചുവന്ന കാലത്ത് അമേരിക്കയിലെ സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ കുടിയേറ്റക്കാരാണ് അമേരിക്കയുടെ ഇന്നത്തെ അവകാശികളായി ചമയുന്നത്. ഇംഗ്ലീഷും സ്പാനിഷും ജര്‍മനും സംസാരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ യുഎസിനെ മാത്രമല്ല കാനഡയെയും ബ്രസീലിനെയും അര്‍ജന്റീനയയെും രണ്ടു അമേരിക്കന്‍ ഭൂഖണ്ഡങ്ങളെയും സ്വന്തമാക്കി വെച്ചിരിക്കുകയാണ്.
പലസ്തീനിലെ അറബികളോട് മാറിക്കൊടുക്കാന്‍ പറയുകയാണ് അമേരിക്ക ചെയ്യുന്നത് .അത് അമേരിക്കയില്‍ പാശ്ചാത്യര്‍ നടത്തിയ അധിനിവേശത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ കാണുന്നത് എന്ന് മതഗ്രന്ഥങ്ങളെയും ഇതിഹാസങ്ങളെയും ചുമന്ന് ദൈനംദിന രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ ദൗര്‍ഭാഗ്യവശാല്‍ മനസ്സിലാക്കുന്നില്ല.
ഇന്ത്യയ്ക്കുമുണ്ട് നിരവധി കഥ പറയാന്‍. വളരെ കൃത്യമായ തരത്തില്‍ അശോക ചക്രവര്‍ത്തിയുടെ സാമീപ്യം നമ്മുടെ മുന്നിലുണ്ട്. കടലുകള്‍ കടന്നുപോയ അശോകന്റെ സമാധാന സാമ്രാജ്യം ഇന്ത്യയുടേതാണ് എന്ന് അവകാശപ്പെടാന്‍ നമുക്ക് സാധിക്കുമോ? ചുരുങ്ങിയത് ശ്രീലങ്കയെങ്കിലും. ഏഷ്യയുടെ വലിയൊരു ഭാഗം കൈവശം വെച്ച അശോക ചക്രവര്‍ത്തി യുദ്ധം ചെയ്തും മതപ്രചരണം നടത്തിയും നേടിയെടുത്ത ഭൂപ്രദേശങ്ങളില്‍ ഇന്ന് ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊരുഭാഗം ആളുകള്‍ ജീവിക്കുന്നുണ്ട്. അവരില്‍ കുറേപേര്‍ ബുദ്ധ ജന്മസ്ഥാനം തേടി ഇന്ത്യയിലേക്ക് കടന്നുവന്നാല്‍ അവര്‍ക്കും പറയാനുണ്ടാകും കുറേ പഴങ്കഥകളുടെ രാഷ്ട്രീയം.
ഇന്ന് നിലനില്‍ക്കുന്ന പ്രമുഖ മതങ്ങള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ആദിവാസി ഗോത്രങ്ങളും അവരുടെ ആദിവാസി വിശ്വാസ സാമ്രാജ്യങ്ങളും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അമേരിക്കയിലെ മായന്മാര്‍ അതിശ്രേഷ്ഠമായ സാംസ്‌കാരിക സമ്പത്തുള്ളവരായിരുന്നു. ഇന്ത്യയിലെ തന്നെ നൂറുകണക്കിന് ആദിവാസി ഗോത്രങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും രാജ-വംശ പരമ്പരകള്‍ തന്നെ ഉണ്ടായതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
എന്തിനധികം പറയുന്നു ഒന്നാം സ്വാതന്ത്ര്യസമരം ഡല്‍ഹിയിലും മീററ്റിലും നടക്കുന്നതിന് മുമ്പുതന്നെ ബ്രിട്ടീഷുകാരോട് ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന സായുധ പോരാട്ടം നടത്തിയത് ഇന്ന് ജാര്‍ഖണ്ഡിലും ബിഹാറിലും ഉള്‍പ്പെടുന്ന സാന്താള്‍ കലാപകാരികളാണ്. അവരുടെ കഥകള്‍ പഴങ്കഥകളല്ല, ഇതിഹാസ കഥകളല്ല, മതഗ്രന്ഥങ്ങളുടെ ഏടുകളില്‍ നിന്ന് വായിച്ചെടുക്കുന്നവയല്ല. കൃത്യമായ ചരിത്രവും ഭൂമിശാസ്ത്ര സൂചികകളും ഉള്ള ചരിത്രവസ്തുതകള്‍ തന്നെയാണ്.
നമ്മുടെ രാജ്യത്തെ ഭൂമിയുടെ അവകാശികള്‍ അവരാണെന്ന യാഥാര്‍ഥ്യം എത്ര സൗകര്യപൂര്‍വം നാം മറച്ചുവെക്കുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ ഉരുത്തിരിുഞ്ഞുവന്ന മത ബോധത്തിലധിഷ്ഠിതമായ ചരിത്രം എല്ലാ മതവിഭാഗക്കേരും കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്നതാണ് മലയാളിയുടെ എന്നല്ല ലോകത്തെമ്പാടുമുള്ള പൊളിറ്റിക്കല്‍ സൈക്കി രൂപീകരണത്തിന്റെ അടിത്തറ.
നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ചരിത്ര പഠനങ്ങളിലും രാഷ്ട്രീയ ചിന്തകളിലും മാത്രമല്ല പ്രസിദ്ധമായ ഗാനങ്ങളിലും ആ ഗാനത്തിനൊപ്പിച്ച നൃത്തച്ചുവടുകളിലും രാഷ്ട്രീയം പതിഞ്ഞുകിടക്കുന്നുണ്ട്. 50 വര്‍ഷം മുമ്പ് ലോകത്തെ പിടിച്ചുകുലുക്കിയ സംഗീത ആല്‍ബങ്ങളായിരുന്നു ബോണി എമ്മിന്റേത്. റാ റാ റാ സ്പുട്ടിനും ഡാഡി കൂളിനും പുറമേ നിരവധി ഗാനങ്ങള്‍ അവര്‍ നൃത്തം ചെയ്ത് പാടിയപ്പോള്‍ അതിലൊന്ന് ഏറ്റവും പ്രസിദ്ധമായ ബൈ ദി റിവേഴ്‌സ് ഓഫ് ബാബിലോണ്‍ എന്ന ഗാനമായിരുന്നു. ആ ഗാനം പഴയ നിയമത്തിലെ സങ്കീര്‍ത്തനങ്ങളില്‍ 137-ാമത്തെ സങ്കീര്‍ത്തനമായിരുന്നുവെന്ന് അടുത്തകാലത്ത് നാം പല കുറിപ്പുകളിലായി വായിക്കുകയുണ്ടായി.
യഹൂദന്മാരുടെ ക്രിസ്തുവിന് മുമ്പുള്ള ബാബിലോണിയന്‍ കാപ്റ്റിവിറ്റി കാലഘട്ടത്തില്‍ അവരെ പിടിച്ചുകൊണ്ടുപോയവര്‍ ബന്ദികളോട് അവരുടെ ഒരു ഗാനം ആവശ്യപ്പെടുകയാണ്. ഞങ്ങളെ പിടിച്ചുകൊണ്ടുപോയി ബന്ധനസ്ഥരാക്കിയവര്‍ക്ക് സന്തോഷം ലഭിക്കാന്‍ എങ്ങനെയാണ് ഞങ്ങളുടെ ദൈവത്തിന്റെ ഗാനം ഞങ്ങള്‍ ആലപിക്കുക എന്നതാണ് ആ പാട്ടിന്റെ ചുരുക്കം. ബാബിലോണിലെ നദീതീരങ്ങളില്‍ ഞങ്ങള്‍ ഇരുന്നപ്പോള്‍ ജറുസലേമിനെ കുറിച്ച് ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു എന്ന അതിന്റെ ആദ്യവരി സന്തോഷത്തോടെ പാടി നൃത്തം ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്.
യഹൂദന്മാരുടെ ബാബിലോണിയന്‍ കാപ്റ്റിവിറ്റിയില്‍ അവരുടെ വിലാപ ഗാനമായി അവര്‍ പാടിയ 137-ാം സങ്കീര്‍ത്തനം നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രീയ മനോണ്ഡലത്തിന്റെ രൂപീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു എന്നുപറയാനാണ് ഇക്കാര്യം സൂചിപ്പിച്ചത്. കളമശ്ശേരിയിലെ ബോംബിന്റെ ഘോരശബ്ദം അതിനുശേഷം മണിക്കൂറുകള്‍ കേരളം മുള്‍മുനയില്‍ നിന്ന അനുഭവം നാം ഒരിക്കലും മറന്നുകൂടാ. നമ്മുടെ ഓരോ മനസ്സും പൊട്ടാനിരിക്കുന്ന ബോംബുകള്‍ പോലെ അപകടകരമാണ്.
പൊട്ടിയ ബോംബുകളുടെ അപകടം നമുക്ക് അളന്നെടുക്കാം. പക്ഷേ സ്‌ഫോടനത്തിന് വേണ്ടി ഉറങ്ങിക്കിടക്കുന്ന മനസ്സിന്റെ ബോംബുകള്‍ എന്ത് ആപത്താണ് ഉണ്ടാക്കുക എന്ന് അളന്നെടുക്കാന്‍ പ്രയാസമാണ്. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളുടെയും ഇതിനകം വാര്‍ന്നുവീണിട്ടുള്ള രാഷ്ട്ര സങ്കല്പങ്ങളുടെയും ചട്ടക്കൂടുകള്‍ക്കത്ത് നില്‍ക്കട്ടേ എന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത്. ഇസ്രയേല്‍ ഇനിയും നിലയുറപ്പിച്ചിട്ടില്ലാത്ത ഒരു ദേശരാഷ്ട്രമാണ് എന്നാണ് അവരുടെ പക്ഷം.
മഹാത്മാഗാന്ധി കൃത്യമായി 1945-ല്‍ തന്നെ പറഞ്ഞു പീഡിപ്പിക്കപ്പെട്ട യഹൂദന്മാര്‍ എവിടെയാണോ അവര്‍ പീഡിപ്പിക്കപ്പെട്ടത് അവിടെ സുഖമായി കഴിയുകയാണ്. അല്ലാതെ ഇതിഹാസ പുസ്തകങ്ങളുടെ താളുകള്‍ മറിച്ച് പലസ്തീനിലേക്ക് കടന്നുവരികയല്ല വേണ്ടതെന്ന്. പക്ഷേ അഇന്ന് അത് സംഭവിച്ചുകഴിഞ്ഞു. 44 ശതമാനം അധിനിവേശക്കാര്‍ തന്നെ പലസ്തീന് അനുവദിച്ച് നല്‍കിയിട്ടുണ്ട്. പക്ഷഏ പാലസ്തീന് ഒരു പൂര്‍ണ രാജ്യത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. 1936-ല്‍ രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതിന് മുമ്പുതന്നെ പലസ്തീനില്‍ നടന്ന അറബ് റെബല്യണില്‍ ബ്രിട്ടീഷുകാര്‍ 181 പേരെ തൂക്കിക്കൊന്നു 3000 പേരെ വെടിവെച്ചുകൊന്നു ആ കെറുവ് തീര്ഡ#ക്കുകയാണ് ബ്രിട്ടീഷുകാരും അവരുടെ കൂട്ടാളികളായ അമേരിക്കയും ചെയ്തത്.
ഓഷോ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ അത് യഹൂദന്മാരോടുള്ള സ്‌നേഹം കൊണ്ടല്ല. എക്കാലവും യഹൂദ സമൂഹം ബ്രിട്ടീഷ്- അമേരിക്കന്‍ യൂറോപ്യന്‍ ശക്തികളുടെ ആശ്രിതരായി നില്‍ക്കാനുള്ള ഗൂഢാലോചനയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനും സാധിക്കില്ല. പക്ഷേ, ഇതിന്റെ എല്ലാം ദുഃഖം പേറേണ്ടി വരുന്നത് പലസ്തീന്‍ ജനതയാണ്. ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന പലസ്തീനില്‍ കൊലപാതകങ്ങളുടെ ഘോഷയാത്ര നടക്കുകയാണ്. പലസ്തീനെ സംഘര്‍ഷങ്ങളുടെ ചരിത്രമുണ്ടെങ്കില്‍ പോലും അത് എവിടെയെങ്കിലും പൂര്‍ണവിരാമിട്ട് നിര്‍ത്തണം. ചരിത്രത്തില്‍ എവിടെയെങ്കിലും പൂര്‍ണവിരാമങ്ങള്‍ നാം ഇട്ടിട്ടുണ്ട്.
ഇസ്രയേല്‍-പാലസ്തീന്‍ തര്‍ക്കത്തിനും വിരാമമിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അവിടെ ആരാദ്യം ആക്രമിച്ചു എന്നതിന് പ്രസക്തിയില്ല. പ്രശ്‌നം തീര്‍ക്കലാണ് പ്രധാനം. ശാന്തമായി ഉറങ്ങിയ പലസ്തീനിലേക്ക് സമീപകാല രാഷ്ട്രീയത്തില്‍ കഴിഞ്ഞ 75 വര്‍ഷക്കാലം മുമ്പ് അറബിയുടെ കൂടാരത്തിലേക്ക് തലവെച്ച ഒട്ടകത്തെ പോലെ കടന്നുവന്നത് യൂറോപ്പിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന യഹൂദന്മാര്‍ തന്നെയാണ്.
അത്തരം ചര്‍ച്ചകളല്ല ഈ കുറിപ്പിന്റെ ലക്ഷ്യമെങ്കിലും നമ്മുടെ നാടിന്റെ സമാധാനപരമായ ജീവിതത്തിന് കൂടി അത് ഇത്തരം സാര്‍വദേശീയ പ്രശ്‌നങ്ങള്‍ സമാധാനപരമായി തീര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുണ്ട്. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളുമായി മുമ്പുള്ളതിനേക്കാളെല്ലാം എത്രയോ മടങ്ങ് ബന്ധപ്പെട്ട് നില്‍ക്കുന്ന മലയാളി സമൂഹം എവിടെയുണ്ടാകുന്ന ചലനങ്ങളെയും ഒപ്പിയെടുക്കാന്‍ കഴിവുള്ളവരാണ് അവിടെ പണിയെടുക്കുന്ന കുടുംബങ്ങളുടെ ബന്ധുക്കളാണ്.
എന്തായാലും പലസ്തീന്‍ പ്രശ്‌നം പലസ്തീനും ഇസ്രയേലും രണ്ട് രാഷ്ട്രങ്ങളാണെന്ന പൂര്‍ണമായ അംഗീകാരത്തോടെ അവസാനിക്കട്ടെ. ഒപ്പം അതിപുരാതനമായ ചരിത്രാതീത കാലത്തുള്ള വേദഗ്രന്ഥങ്ങള്‍ നമുക്ക് ബഹുമാനപൂര്‍വം വായിക്കാം. ഇന്ത്യയുടെ ഇതിഹാസങ്ങളും ബൈബിളും ഖുറാനും അതിനപ്പുറത്തുള്ള എല്ലാ മതഗ്രന്ഥങ്ങളോടും ബഹുമാനം പുലര്‍ത്തുമ്പോള്‍ തന്നെ അതിന്റെ ഏടുകളില്‍ നിന്ന് ദൈനംദിന രാഷ്ട്രീയം സൃഷ്ടിച്ചെടുക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കാം.
Content Highlights: kalamassery blast, israel palestine conflict, parthibhashanam, CP John
Published: 01 Nov 2023, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented