വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ തുറമുഖ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ല് നാട്ടിയിരിക്കുന്നു. നീണ്ടുകിടക്കുന്ന കടൽത്തീരമുണ്ടെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനുമിടയിൽ ലോകത്തെമമ്പാടും തങ്ങളുടെ അധീനമേഖലകളിൽ തുറമുഖം പണിത ബ്രിട്ടീഷുകാരുടെ കൈകൊണ്ടുണ്ടാക്കിയ കൊച്ചി വില്ലിങ്ടൺ ഐലൻഡ് അല്ലാതെ ഒരു മേജർ പോർട്ട് നമുക്ക് ഇല്ലായിരുന്നു. സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ള കുറെ മൈനർ പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിലൊന്നുംതന്നെ മേജർ പോർട്ടായി ഉയർത്താൻ സംസ്ഥാന ഗവൺമെന്റിനോ കേന്ദ്രഗവൺമെന്റിനോ സാധിച്ചിരുന്നില്ല. ഉറങ്ങിക്കിടന്ന ഒരു മൈനർ പോർട്ടായിരുന്നു വിഴിഞ്ഞം. സാങ്കേതികമായ അർത്ഥത്തിൽ അത് ഒരു തുറമുഖം പോലുമായിരുന്നില്ല. 

To advertise here,

അക്കാലത്താണ് 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ എം.വി. രാഘവൻ തുറമുഖ മന്ത്രിയായി വന്നത്. തുറമുഖ വകുപ്പ് എന്തിനാണെടുക്കുന്നതെന്ന് മുഖ്യമന്ത്രി കെ കരുണാകരൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഈ ലേഖകനും കൂടെയുണ്ടായിരുന്നു. അഴീക്കൽ തുറമുഖവും ആലപ്പുഴ തുറമുഖവുമെല്ലാം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നാണദ്ദേഹം പറഞ്ഞത്. പക്ഷെ തുറമുഖത്തിന്റെ ചാർജ്ജെടുത്തതിനു ശേഷമാണ് വിഴിഞ്ഞം തുറഖമുഖത്തിന്റെ പൂർവകാല ചരിത്രം എംവിആർ വിശദമായി പഠിച്ചത്. ആയി രാജവംശം എന്നറിയപ്പെടുന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള രാജവംശത്തിന്റെ കോട്ടയും തുറമുഖവുമായിരുന്നു വിഴിഞ്ഞം. വിഴിഞ്ഞത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിലേക്ക് കടന്നു പോകുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീമൂലം മഹാരാജാവ് ബ്രിട്ടീഷ് അധികാരികളുമായി ചേർന്നുനിന്ന കാലത്താണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചത്. പിന്നീട് ചിത്തിരതിരുന്നാൾ മഹാരാജാവിന്റെ കാലത്ത് സർ സി.പി. ദിവാനായി വന്നപ്പോഴും വിഴിഞ്ഞം വികസനത്തിന് ചില ചലനങ്ങളുണ്ടായി. വെള്ളായണിക്കായലിലേക്ക് കപ്പലുകൾ കടത്തിക്കൊണ്ടുവരുവാൻ കഴിയുമോ എന്ന് സി.പി. വിദഗ്ധരെ വെച്ച് പഠിച്ചിരുന്നു. ഏതാണ്ട് അതേ കാലത്താണ് കുട്ടനാട്ടിൽ ജലനിയന്ത്രണത്തിനായി തോട്ടപ്പള്ളി സ്പിൽവെ ഉണ്ടാക്കിയത്. ഡച്ചുകാരാണ് ആ പഠനം ആദ്യഘട്ടത്തിൽ നടത്തിയത്. തിരുവിതാംകൂറിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇന്ന് ഹൈറേഞ്ച് എന്ന് നാം വിളിക്കുന്ന പ്രദേശങ്ങളിലേക്ക് റോഡ് വെട്ടിയതും അതേ കാലത്തു തന്നെ. ഹൈറേഞ്ചിലെ ചായതോട്ടങ്ങലും തുറമുഖവുമായി ബന്ധിപ്പിക്കേണ്ട ആവശ്യകതയുണ്ടായിരുന്നെങ്കിലും മൂന്നാറിലെയും മറ്റും തേയില ബോഡിനായ്ക്കന്നൂരിലേക്ക് റോപ് വെ മുഖാന്തിരം ഇറക്കി അവിടെനിന്ന് ഹൈറോഞ്ചിന്റെ ഉത്പന്നങ്ങൾ തൂത്തുക്കുടി വഴിയാണ് കടൽ കടന്നത്.

പക്ഷെ സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരളത്തിന് ശേഷം തുറമുഖവികസനം വലിയ അജണ്ടയായിരുന്നില്ല. നമ്മുടെ ഒരേയൊരു തുറമുഖമായി കൊച്ചി തുടർന്നു. അത് കേന്ദ്രത്തിന്റെ കീഴിലുമാണ്. ഈ സന്ദർഭത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കണ്ടറിഞ്ഞ തുറമുഖ മന്ത്രി എംവി. രാഘവൻ അവിടെ ആദ്യമായി ചരക്ക് ഇറക്കാനുള്ള ശ്രമമാരംഭിച്ചു. വലിയതുറ സ്വദേശിയായ ഡിക്രൂസ് എന്ന ഒരു സാധാരണ ഷിപ്പിങ് ഏജന്റ് ആണ് ഗുജറാത്തിൽനിന്നു വലിയ പത്തേമാരിയിൽ ബോക്സ് ഐറ്റമായി ചരക്ക് എത്തിച്ചത്. ആ പത്തേമാരിയെ സ്വീകരിച്ചത് മുഖ്യമന്ത്രി കെ. കരുണാകരൻ തന്നെയാണ് തുറമുഖമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ആ യോഗം വിഴിഞ്ഞം തുറമുഖ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 

അവിടെനിന്നങ്ങോട്ട് മാലിദ്വീപിൽനിന്നും ശ്രീലങ്കയിൽനിന്നും ചെറുകപ്പൽ വരാൻ തുടങ്ങി. കസ്റ്റംസ് പോർട്ടായി വിഴിഞ്ഞത്തെ ആ കാലഘട്ടത്തിൽ തന്നെ മാറ്റി. ഈ കാലഘട്ടം പുതിയ തരം വികസനത്തിന് വാതിൽ തുറന്ന സമയമായിരുന്നു. ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി.) എന്ന സങ്കൽപം നമുക്ക് പണ്ടില്ലായിരുന്നു. ഈ സങ്കൽപത്തിലൂടെ വലിയ ഇൻഫ്രാസ്ട്രക്ചറുകൾ പണി തീർക്കാം എന്ന ചിന്ത ഉയർന്നത് നരസിംഹ റാവു ഗവൺമെന്റിന്റെ കാലത്താണ്. അതിനകംതന്നെ മലേഷ്യ പോലുള്ള പിന്നണി പ്രദേശങ്ങൾ ബി.ഒ.ടിയിലൂടെ വലിയ റോഡുകളും തുറമുഖങ്ങളും ഉണ്ടാക്കിയിരുന്നു എന്നത് നാം മനസ്സിലാക്കി. മലേഷ്യയിൽനിന്നുള്ള മന്ത്രി ആ സന്ദർഭത്തിൽ തിരുവനന്തപുരം സന്ദർശിക്കുകയുണ്ടായി. 

ഇത്തരത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ വികസനമാതൃക ഏറ്റെടുത്തുകൊണ്ട് ബി.ഒ.ടിക്കു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചു. ആന്ധ്രയിലെ കുമാർ ഗ്രൂപ്പാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ മലബാർ ഹോട്ടലിൽവെച്ച് 1995-ൽ കുമാർ ഗ്രൂപ്പുമായി എം.വി.ആർ. മെമ്മോറാണ്ടം ഓഫ് അണ്ടർ സ്റ്റാൻഡിംഗ് (എം.ഒ.യു.) ഒപ്പിട്ടു. അതിന് നേതൃത്വം കൊടുത്തത് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻ നായരായിരുന്നു. 

കേരളത്തിന്റെ വികസനകാര്യങ്ങൾ ധൃതതാളത്തിലല്ല മുന്നോട്ട് പോയിട്ടുള്ളത്. പലപ്പോഴും നീണ്ടു നീണ്ടുപോയി പതിറ്റാണ്ടുകൾ നീളുന്ന ചരിത്രം നമ്മുടെ വികസന പരിപാടികളിലെല്ലാമുണ്ട്. അതിന്റെ ഏറ്റവും ചീത്ത ഉദാഹരണമായി വിഴിഞ്ഞം മാറി. 1995 മുതൽ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്ന തുറമുഖം 96 ആയപ്പോഴേക്കും പുതിയ ഗവൺമെന്റിന്റെ കീഴിൽ അവഗണിക്കപ്പെട്ടു. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഷൺമുഖദാസ് തുറമുഖമന്ത്രിയുമായി വന്നു. പല കാരണങ്ങളും തുറമുഖനിർമാണത്തിന് തടസമായി നിന്ന കൂട്ടത്തിൽ എം.വി. രാഘവൻ ആരംഭിച്ച പദ്ധതി എന്ന ചീത്തപ്പേരും അതിനുണ്ടായി. അതിലുപരി ബി.ഒ.ടി. എന്ന സങ്കൽപം അന്ന് ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷങ്ങൾ അംഗീകരിച്ചിരുന്നില്ല. അത് കുത്തക മുതലാളിത്വത്തിന്റെ വഴി തുറക്കുന്ന മാർഗങ്ങളാണെന്നും തുറമുഖം സ്വകാര്യമേഖലയിൽ പാടില്ല എന്നുള്ള താത്വിക വിമർശനം അന്നുണ്ടായി എന്ന് ഓർക്കുന്നത് നല്ലതാണ്. 

ഇതേ കാലത്തുതന്നെ 91-96 സർക്കാറിന്റെ കാലത്തുതന്നെയാണ് ലോകത്താദ്യമായി സ്വകാര്യ പങ്കാളിത്തത്തോടുകൂടി ഒരു വിമാനത്താവളം ഉണ്ടായത് എന്നുകൂടി ഓർക്കാം. ഭാഗ്യമെന്നു പറയട്ടെ, അതിന് വലിയ നൂലാമാലകളൊന്നും തന്നെയുണ്ടായില്ല. ഇന്നും വ്യോമയാനമേഖലയിൽ ചിറകു വിടർത്തി നിൽക്കുകയാണ് നെടുമ്പാശ്ശേരി. ആ പദ്ധതിക്ക് നേതൃത്വം കൊടുത്തതും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ തന്നെയായിരുന്നു എന്നും ഓർക്കാവുന്നതാണ്. നമുക്ക് വിഴിഞ്ഞം പദ്ധതിയിലേക്ക് തന്നെ കടക്കാം. വിഴിഞ്ഞം പദ്ധതി മുടങ്ങി. പിന്നീട് ആരും അതിന് മുൻകൈയെടുത്തില്ല. 2001-ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയും വീണ്ടും എം.വി. രാഘവൻ സഹകരണ തുറമുഖമന്ത്രിയുമായപ്പോൾ അതിവേഗം പദ്ധതിക്കുവേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു. 

അതിനിടെ ബി.ഒ.ടി. എന്ന സങ്കൽപ്പത്തിനപ്പുറത്തേക്ക് ആഗോള ടെൻഡറിലൂടെയുള്ള നിർമാണ പ്രവർത്തനങ്ങൾ എന്ന രീതി ഇന്ത്യയിൽ കൈവന്നിരുന്നു. എം.ഒ.യു. റൂട്ടിൽനിന്ന് ടെൻഡർ റൂട്ടിലേക്കുള്ള മാറ്റം ഉണ്ടായി. അതിന്റെ ഭാഗമായി ആഗോള ടെൻഡറുണ്ടായി. കേരളത്തിലെ വിദഗ്ധൻമാരായ എഞ്ചിനീയർമാരും എം.വി.ആറുമടക്കം റോട്ടർ ഡാം, മാൾട്ട, ലണ്ടൻ തുടങ്ങിയ പ്രമുഖമായ തുറമുഖങ്ങൾ സന്ദർശിച്ച് എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് നൽകാൻ തയ്യാറുള്ളവരുമായി സംസാരിച്ച് ടെൻഡർ നടപടികളാരംഭിച്ചു. അന്ന് ടെൻഡർ പൂർത്തിയാക്കി വന്നപ്പോൾ അത് ലഭിച്ച സൂം എന്ന കമ്പനിക്ക് ചൈനീസ് കമ്പനിയുമായി ബാന്ധവമുണ്ടായിരുന്നു. അത് വലിയ തടസമാകുമെന്ന് അന്ന് സർക്കാറിലുണ്ടായിരുന്ന ആരും കരുതിയിരുന്നില്ല. പ്ലാനിംഗ് ബോർഡിനും അത്തരത്തിൽ ഒരു ധാരണ അന്നുണ്ടായില്ല. പക്ഷെ മൻമോഹൻ സിങ്ങിന്റെ ദിവസം ലഭിക്കുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി, തറക്കല്ലിടാൻ പക്ഷെ തറക്കല്ലിടുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് മിലിട്ടറി ക്ലിയറൻസ് ഇല്ല എന്ന വിവരം ലഭിച്ചത്. അതീവദുഃഖത്തോടുകൂടിയാണ് അതിനുവേണ്ടി വർഷങ്ങളായി പരിശ്രമിച്ച എം.വി.ആറും അദ്ദേഹത്തിന്റെ ടീമും ആ വാർത്ത കേട്ടത്. പിന്നീട് വീണ്ടും മന്ത്രിസഭാ മാറ്റം ഉണ്ടായി.

വി.എസ്. അച്യുതാനന്ദൻ ഗവൺമെന്റ് അധികാരത്തിൽ വന്നു. ആ ഗവൺമെന്റ് ആദ്യം വിളിച്ച സർവകക്ഷിയോഗം വിഴിഞ്ഞത്തെ സംബന്ധിച്ചുള്ളതായിരുന്നു. എം. വിജയകുമാറായിരുന്നു തുറമുഖ മന്ത്രി. എം.എൽ.എ. സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും എം.വി.ആറിനെയും ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. പുതിയ ടെൻഡർ ആരംഭിക്കണമോ എന്ന് സർക്കാർ ആലോചിച്ചു. അത് വേണ്ട, മറിച്ച് റിവേഴ്സ് ടെൻഡർ എന്ന പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. നിലവിൽ നടപ്പാക്കാൻ കഴിയാത്ത അംഗീകൃത ടെൻഡർ നിലനിർത്തിക്കൊണ്ടുതന്നെ അതേ തുകക്കാരെങ്കിലും വിളിക്കാനുണ്ടോ എന്ന ആവർത്തിച്ച ചോദ്യത്തെയാണ് ഫലത്തിൽ റിവേഴ്സ് ടെൻഡർ എന്ന് പറയുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്തായാലും ശരി വീണ്ടും ആഗോള ടെൻഡർ റൂട്ടിലാണ് ആ സർക്കാർ മുന്നോട്ട് പോയത്. ദൗർഭാഗ്യകരമെന്നു പറയട്ടെ. രണ്ടു കമ്പനികൾ തമ്മിൽ കേസും വഴക്കുമായി ആ സർക്കാരിന്റെ കാലവും കഴിഞ്ഞുപോയി, വിഴിഞ്ഞം ഉറങ്ങിത്തന്നെ കിടന്നു. 

വീണ്ടും സർക്കാർ മാറി. ഉമ്മൻചാണ്ടി ഗവൺമെന്റ് തന്നെ അധികാരത്തിൽ വന്നു. അഞ്ചു വർഷം നീണ്ടുനിന്ന അപൂർവം കോൺഗ്രസ് ഗവൺമെന്റുകളിൽ ഒന്നായിരുന്നു അത്. അതിനിടെ മുഖ്യമന്ത്രി നിശ്ചയദാർഢ്യത്തോടുകൂടി പെരുമാറി. ആഗോള ടെൻഡർ തന്നെ നടത്തി. പക്ഷെ, ആദ്യഘട്ടത്തിൽ താത്പര്യമുള്ള കമ്പനികൾ മുന്നോട്ടുവന്നെങ്കിലും അവസാന ടെൻഡർ നൽകാൻ ആരും മുന്നോട്ട് വരാതിരുന്നതോടുകൂടി വിഴിഞ്ഞം വികസനത്തിനുവേണ്ടി യത്നിച്ച ടീം വീണ്ടും കരച്ചിലിന്റെ വക്കിലെത്തി. ആ സന്ദർഭത്തിലാണ് ഡൽഹിയിൽ ഒരു കൂടിക്കാഴ്ച നടക്കുന്നത്. അതിന് മുൻകൈയെടുത്തത് പ്ലാനിംഗ് ബോർഡിന്റെ വൈസ്ചെയർമാനായിരുന്ന ഇന്ത്യയുടെ മുൻ കാബിനറ്റ് സെക്രട്ടറി കെ. ചന്ദ്രശേഖറാണ്. 

കെ.വി. തോമസിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ അതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും പ്രാതൽ ഭക്ഷണത്തോടൊപ്പം ചേർന്ന യോഗത്തിൽ പങ്കെടുത്തു. അദാനി ടെൻഡർ നൽകാൻ തയ്യാറായി. മറ്റു കമ്പനികളും നൽകുമെന്നാണ് കരുതിയിരുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ അത് സിംഗിൾ ടെൻഡറായി. പക്ഷെ, അതിനകം ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ കൃത്യമായ നിബന്ധനകൾ എഴുതി തയ്യാറാക്കിയിരുന്നു. ഇൻഫ്രാസ്ട്രക്ചർ, ഡെഫിസിറ്റ് എന്ന സങ്കൽപം മുന്നോട്ടുവെച്ച ഗജേന്ദ്ര ഹാൽഡിയ എന്ന ഇൻഫ്രാസ്ട്രക്ചർ വിദഗ്ധനാണ് അതിന് നേതൃത്വം കൊടുത്തിരുന്നത്. അതുകൊണ്ട് കേരളത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

സിംഗിൾ ടെൻഡർ ആയിരുന്നെങ്കിലും അഞ്ച് പേർ നേരത്തെ താത്പര്യം പ്രകടിപ്പിച്ച എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റിൽ പങ്കെടുത്ത ആളുകളായിരുന്നതുകൊണ്ട് കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്ലാനിങ് കമ്മീഷൻ ഗൈഡ്ലൈനുകളനുസരിച്ച് അദാനിക്ക് തുറമുഖം പണിയുവാനുള്ള കരാർ നൽകുകയായിരുന്നു. 7700 കോടി നൽകുകയായിരുന്നു. ഇവിടെയും കടമ്പകളുണ്ടായി, ഉമ്മൻചാണ്ടിയുടെ മേൽ നിരവധി സമ്മർദ്ദങ്ങളുണ്ടായി. സിംഗിൾ ടെൻഡർ നൽകുന്നത് അഴിമതി ആരോപണത്തിന് ഇടയാക്കുമെന്നും കോൺഗ്രസിന്റെ തന്നെ ദേശീയ നേതൃത്വം അദാനിയുമായി അത്ര സൗഹൃദത്തിലല്ലെന്നും ഉള്ള ഉപദേശം സ്വാഭാവികമായും അദ്ദേഹത്തിന് ലഭിച്ചു. 

ഇവിടെയാണ് ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയുടെ മികവ് നിറഞ്ഞുനിൽക്കുന്നത്. ഉമ്മൻചാണ്ടിക്ക് ഇത്തരം കാരണങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം ടെൻഡർ, മറ്റ് പല മുഖ്യമന്ത്രിമാരെയും പോലെ മാറ്റി വെക്കാമായിരുന്നു. തല പോയാലും ഈ പദ്ധതിയിൽനിന്ന് ഞാൻ പുറകോട്ടു പോകുകയില്ല, ഇത് നാടിന് നല്ലതാണ് എന്ന ഉത്തമവിശ്വാസം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ആരെതിർത്താലും അതിലൊപ്പിടുമെന്ന തീരുമാനവുമായി അദ്ദേഹം മുന്നോട്ടുപോയി. അതുകൊണ്ട് ഇന്ന് പണിതീർന്നുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനപരമായ കാര്യം ചെയ്തു തീർത്തത് ഉമ്മൻചാണ്ടിയാണ് എന്ന് ഉറപ്പിച്ചുപറയാം. അദ്ദേഹത്തിന്റെ തുറമുഖ മന്ത്രിയായിരുന്ന കെ. ബാബു എല്ലാ ദിവസവുമെന്നവണ്ണം ഈ കാര്യത്തിൽ ഇടപെട്ടിരുന്നതുകൊണ്ടു കൂടിയാണ് വിഴിഞ്ഞത്ത് ഇന്ന് നാം കാണുന്ന നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും മുന്നോട്ട് പോകുന്നത്. 

2016-ൽ പിണറായി വിജയൻ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ താൻ വലിയ അഴിമതിയാരോപണം ഉന്നയിച്ച വിഴിഞ്ഞം പദ്ധതിയിലെ അഴിമതി അന്വേഷിക്കാൻ സ്വാഭാവികമായും വിജിലൻസിനെയും അതിനുശേഷം ജുഡീഷ്യൽ അന്വേഷണ കമ്മീഷനെയും വെച്ചു. രണ്ടു പേരും അതിലൊരഴിമതിയും ഉണ്ടായിരുന്നില്ല എന്ന് വിധിയെഴുതിയത് ഉമ്മൻചാണ്ടിയുടെ കൈകൾ ശുദ്ധമാണ് എന്ന് തെളിയിച്ചതോടൊപ്പം തന്നെ ഈ ഗവൺമെന്റിനെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയുമായി. ഇതിൽ ഏതാണ് പിണറായി വിജയൻ ആഗ്രഹിച്ചതെന്ന് വ്യക്തമാണല്ലോ. എന്തായാലും പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തിരുന്നതാണെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാൻ ഇന്നത്തെ മുഖ്യമന്ത്രി എടുത്ത തീരുമാനം വിഴിഞ്ഞം തുറമുഖ വികസനത്തിലെ നിശ്ചയമായും നിർണായകമായ ഒന്നാണ്. അതിനുശേഷം കേരളത്തിന്റെ നേരത്തെ സൂചിപ്പിച്ചതുപോലെ കേരളത്തിന്റെ പദ്ധതികളുടെ സ്ഥായീഭാവമായ മന്ദഗതി വിഴിഞ്ഞത്തിനും തുടർന്നുമുണ്ടായി. 

കല്ലു കിട്ടാത്തതിന്റെ പേരിലും പലപല തടസ്സങ്ങളുണ്ടായതിന്റെ പേരിലും വിഴിഞ്ഞം ഇഴഞ്ഞു നീങ്ങി. ഇതിനകം പുതുമുഖമായ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ചാർജ്ജെടുത്തിരുന്നു. അദ്ദേഹം വിവാദത്തിനൊന്നും കാത്തുനിൽക്കാതെ ഇക്കാര്യത്തിൽ തന്നാലാവുന്നത് ചെയ്തു എന്ന് പറയുന്നതിൽ തെറ്റില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ 65 ശതമാനം പണിയും പൂർത്തിയായിരിക്കുന്നു. വിഴിഞ്ഞത്തേക്ക് വരുന്ന കപ്പലുകളിൽനിന്നു കണ്ടെയ്നറുകളിറക്കാനുള്ള ക്രെയിനാണ് മറ്റൊരു കപ്പലിൽ ഇവിടെ എത്തിയിരിക്കുന്നത്. ഇത് ട്രാൻസ്ഷിപ്പ്മെന്റ് എന്ന സ്വപ്നത്തിലേക്ക് എത്തുന്നതിലേക്കുള്ള ആദ്യഘട്ടമാണ്. ഈ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു എന്ന് മാത്രം കരുതിയാൽ മതി. 

ഇനിയും ഈ നീണ്ട കുറിപ്പിന്റെ അവസാനഭാഗത്ത് പറയാനാഗ്രഹിക്കുന്നത് പഴയ വിവാദങ്ങളെക്കുറിച്ചല്ല. വിഴിഞ്ഞം ഇനി എങ്ങോട്ട് പോകണം എന്നതിനെ കുറിച്ചാണ്. വിഴിഞ്ഞം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സജീവ ശ്രദ്ധയിലുണ്ടാകേണ്ട പദ്ധതിയാണ്. കെ.എം. ചന്ദ്രശേഖർ ഇടപെടുകയും ഗജേന്ദ്ര ഹാൾഡിയ സഹായിക്കുകയും ചെയ്തതുകൊണ്ട് മൊണ്ടേഗ് സിങ് അലുവാലിയയുടെ പ്ലാനിങ് കമ്മീഷൻ വിഴിഞ്ഞത്തെ ഇന്ത്യയിലെ വയബിലിറ്റി ഗ്രാഫ് ഫണ്ട് നൽകിയ ആദ്യത്തെ തുറമുഖമായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് പദ്ധതി നടക്കാനും മുന്നോട്ടുപോകാനുമുള്ള നമ്മുടെ തുറുപ്പുചീട്ട്. 

ഇതിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും വി.ജി.എഫ്. (വയബിലിറ്റി ഗ്രാഫ് ഫണ്ട് ) ഉണ്ട്. രണ്ടും ചേർന്നാൽ ഏകദേശം 1600 കോടി രൂപ വരും. 7700 കോടി രൂപയാണ് അടങ്കൽ. അതിൽ റോഡുകളും റെയിൽവെയുമടക്കം ഏതാണ്ട് 4000 കോടി രൂപ കേരളം ചെലവാക്കേണ്ടതുണ്ട്. ഏതാണ്ട് 3000 കോടി രൂപയാണ് അദാനിയുടെ മുടക്ക്. എന്തായാലും മുടക്കുന്ന ആ തുകയേക്കാൾ പ്രധാനപ്പെട്ട കാര്യം തുറമുഖം നടത്തുക എന്ന പ്രക്രിയയാണ്. നമ്മുടെ പോർട്ട് കേരളത്തിന്റെ പോർട്ട് വകുപ്പിന് നടത്താനും കഴിയുന്നതിനേക്കാൾ ഫലപ്രദമായ തരത്തിൽ ചെലവുകളൊന്നുമില്ലാതെ അദാനി തുറമുഖം നടത്തുകയാണെങ്കിൽ നമുക്ക് ഗുണമാണുണ്ടാവുക എന്ന പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല.

ഇന്ത്യയിലേക്കു വരുന്ന 90 ശതമാനം ചരക്കുകളും കടൽമാർഗമാണ് വരുന്നത്. ട്രാൻസ്ഷിപ്‌മെന്റ് നടത്താനുള്ള വലിയ കേവുഭാരങ്ങളുള്ള കപ്പലുകൾ അടുക്കുന്ന ഒരു തുറമുഖവും വിഴിഞ്ഞം പോലെ ഇന്ത്യയിൽ ഇന്നില്ല. 24,000 കണ്ടെയ്‌നറുകൾക്ക്് വലിയ വലിയ കപ്പലുകളാണ് ലോകത്തെ സമുദ്രങ്ങളെ അടക്കിഭരിക്കുന്നത്. അതിലൊരു കപ്പലിനും കയറാൻ ഇന്ത്യയിലെ ഇതരതുറമുഖങ്ങളിൽ ആവില്ല. അതുകൊണ്ട്, ഇന്ത്യയിലേക്കു കടൽമാർഗം വരുന്ന ചരക്കുകളുടെ നല്ലൊരു ഭാഗം കൈകാര്യം ചെയ്യുന്നതിനു വിഴിഞ്ഞത്തിനു കഴിയും. ഇന്ന് അതു ചെയ്തുകൊണ്ടിരിക്കുന്നത് കൊളംബൊയും സിങ്കപ്പുരും ദുബായിയും സലാലയും ആണ്. ഈ തുറമുഖങ്ങളിൽ അണയുന്ന വൻകപ്പലുകളിൽനിന്ന് ഇറക്കിവെച്ച കണ്ടെയ്‌നർ പെട്ടികളാണ് ചെറിയ കപ്പലുകളിൽ ഇന്ത്യൻ തുറമുഖത്തേക്കു വരുന്നത്. ഈയൊരൊറ്റ പ്രക്രിയയ്ക്കു വേണ്ടി ഒരു വർഷം ആയിരക്കണക്കിനു കോടി രൂപ ഇന്ത്യ നഷ്ടപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ ഒരു കൊച്ചുതുറമുഖം ആയിരുന്ന വിഴിഞ്ഞം വലിയ വികസനത്തിന്റെ  പടവായി മാറിയിരിക്കുന്നു

ഇനി വേണ്ടത് വിവാദങ്ങളല്ല, സംവാദങ്ങളാണ്. എങ്ങനെ വിഴിഞ്ഞം തുറമുഖത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ തെക്കൻ മുനമ്പായ തിരുവനന്തപുരത്തെ വലിയ തുറമുഖ നഗരമാക്കി മാറ്റാം എന്നതിലേക്കാണു ചർച്ച തിരിയേണ്ടത്. പഴങ്കഥകൾക്ക് ഇനി പ്രസക്തിയില്ല. അതുകൊണ്ട്, ലോകത്തുള്ള ഒരു പ്രധാന തുറമുഖ നഗരമാണ് നാളെ മുതൽ തിരുവനന്തപുരം. റോട്ടർഡാമിനെപ്പോലെ, സലാലയെപ്പോലെ, മാൾട്ടയെപ്പോലെ ബെൽജിയത്തിലെ ആന്ദ്രൂപ്പിനെപ്പോലെ നിരവധി തുറമുഖ നഗരങ്ങളെപ്പോലെ ഒരു വലിയ തുറമുഖ നഗരമായി തിരുവനന്തപുരം മാറുകയാണ്. സിംഗപ്പുരിനോടും കൊളംബൊയോടും കിട പിടിക്കുവാനുള്ള ഗനരസംവിധാനങ്ങൾ നാം കരുതേണ്ടിയിരിക്കുന്നു. 

ഉറങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം ഉണർന്നെഴുന്നേറ്റിരിക്കുന്നു. ഈ ഉണർച്ചയിൽ തിരുവിതാംകൂറിന്റെ പഴയ ഈ കൊച്ചുഗ്രാമം വലിയ നഗരത്തിന്റെ രൂപഭാവങ്ങളിലേക്ക് മാറേണ്ടതുണ്ട്. അതിന് കപ്പലടുക്കുന്ന ബെർത്തുകൾ മാത്രം പോരാ. ഒരുപാട് ഒരു പാട് എൻജിനീയറിങ് സാമഗ്രികളും സംവിധാനങ്ങളും ആവശ്യമായി വരും. ലോകകപ്പലോട്ട ചാലിൽനിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള കപ്പലുകൾ ഇന്ത്യാ സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ കപ്പൽച്ചാലിൽനിന്നു കാണുന്ന ഒരു പ്രധാനപ്പെട്ട ലൈറ്റ് ഹൗസാണ് വിഴിഞ്ഞത്തേത്. ആ കപ്പൽച്ചാലിൽനിന്ന് ഏറ്റവുമടുത്തു കിടക്കുന്ന ഇന്ത്യയിലെ പ്രധാന തുറമുഖമായി വിഴിഞ്ഞം മാറുകയാണ്. അതുകൊണ്ട് തിരുവനന്തപുരത്തിന്റെ വികസനം എന്നത് ഇനി വിഴിഞ്ഞത്തിലൂടെയാണ് സംഭവിക്കുക. 

അത് തിരുവനന്തപുരം നഗരത്തിന്റെ മാത്രമല്ല, തെക്കൻ തിരുവനന്തപുരത്തിന്റെയും തെക്കൻ തമിഴ്‌നാടിന്റെയും ഇന്ത്യയുടെ തെക്കൻ മുനമ്പിന്റെയാകെ വികസനം ആയിരിക്കും എന്നു പുതിയ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. അതിനുവേണ്ട തുറമുഖ നഗര വികസനത്തിനു വേണ്ട ബ്ലൂപ്രിന്റുകൾ നാം മുന്നോട്ടു വെക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ പ്ലാനിങ് ബോർഡ് തുടങ്ങേണ്ടതുണ്ട്. ഇപ്പോൾ അതിനായി ഒരു വിഭാഗം ഉണ്ടെങ്കിലും വിപുലീകരിക്കേണ്ടതുണ്ട്. പ്ലാനിങ് കമ്മിഷൻ ഇന്നില്ല. വിഴിഞ്ഞം തുറമുഖത്തിന് യഥാർത്ഥ കാരണക്കാരായ ഇന്ത്യയുടെ പ്ലാനിങ് കമ്മിഷൻ ബി.ജെ.പി. സർക്കാർ വന്നപ്പോൾ ഇല്ലാതായി. പക്ഷെ, നീതി ആയോഗ് ഉണ്ട്. കേന്ദ്ര സർക്കാരിന്റെ ഇതര വകുപ്പുകൾ ഉണ്ട്. അവരുമായി സ്ഥിരം ബന്ധപ്പെടുകയും തുറമുഖ നഗരവികസനത്തിന്റെ ബ്ലൂപ്രിന്റ് അടിയന്തരമായി തയ്യാറാക്കി ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുകയും വേണം. 

ഇവിടെ മറന്നുപോവാൻ പാടില്ലാത്ത കാര്യം വിഴിഞ്ഞം തുറമുഖത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള, തെക്കും വടക്കുമുള്ള, മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ്. അവരുടെ ജീവിതം ആധുനികമായി പരിഷ്‌കരിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമാണ് വിഴിഞ്ഞമെന്ന് 30 വർഷം മുമ്പുതന്നെ എം.വി.ആർ. സ്ഥിരമായി പറയാറുണ്ട്. ഇന്ന് അവർ ദുരിതത്തിലാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ നേട്ടം അവർക്കുണ്ടായില്ല എന്നു മാത്രമല്ല, ഓഖി ദുരന്തവും തുടർന്നുണ്ടായ കോവിഡുമെല്ലാം അവരെ കൂടുതൽ ദുരിതത്തിലേക്ക് എത്തിച്ചിരിക്കുന്നു. 

കേരളത്തിന്റെ കിഴക്കൻ ഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സ്വന്തം ബോട്ടുകളുമായി ലോറികളിൽ എത്തി മനുഷ്യജീവനുകൾ രക്ഷിച്ച കടലിന്റെ മക്കളെ കാക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ശക്തമായ സമരം തിരുവനന്തപുരം ലത്തീൻ രൂപതയ്ക്ക് നടത്തേണ്ടിവന്നത്. എന്തായാലും ഇന്ന് സമരകോലാഹലങ്ങൾ കുറഞ്ഞിട്ടുണ്ട്, പ്രശ്‌നം പൂർണമായി പരിഹരിച്ചിട്ടില്ലെങ്കിൽ പോലും. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടും അവരെ ആധുനിക ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന ഒരു ചവിട്ടുപടി ആക്കിക്കൊണ്ടും വിഴിഞ്ഞം മുന്നോട്ടു പോകേണ്ടതുണ്ട്. 

നമ്മുടെ എൻജിനീയറിങ് കോളജുകൾ, മറ്റു കലാലയങ്ങൾ, ശാസ്ത്രവിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രധാന്യം നൽകണം. തൊഴിലധിഷ്ഠിത മേഖലകളിലേക്ക് ആയിരക്കണക്കിന് ആളുകളെ ആവശ്യമായി വരും. അവിടെയെല്ലാം കേരളം ഇപ്പോഴും മടിച്ചുനിൽക്കുകയാണ്. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്ന പരമ്പരാഗത ശൈലിക്കു പകരം വിദേശികൾ ഇന്ത്യയിൽ, കേരളത്തിൽ തൊഴിൽ തേടുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ വികസന വാതായനങ്ങൾ തുറക്കാൻ കഴിയുന്ന തുറമുഖമാണ് വിഴിഞ്ഞം എന്നോർക്കുക.