2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിരശ്ശീല ഉയര്‍ന്നുകഴിഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂട്ടത്തില്‍ മിസോറാം ചെറിയ സംസ്ഥാനമാണെങ്കിലും മണിപ്പൂരില്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ അനുരണനങ്ങള്‍ മിസോറാമില്‍ പ്രതിഫലിക്കും എന്നുള്ളതുകൊണ്ട് ആ തിരഞ്ഞെടുപ്പും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റ് നാല് സംസ്ഥാനങ്ങളും ദേശീയ രാഷ്ട്രീയ ഭൂപടത്തിലെ നിര്‍ണായകമായ പോരാട്ടഭൂമികള്‍ തന്നെയാണ്. 

To advertise here,

ഈ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുതന്നെ ചെറുതും വലുതുമായ 28 രാഷ്ട്രീയ കക്ഷികളടങ്ങുന്ന 'ഇന്ത്യ' മുന്നണിക്ക് കോണ്‍ഗ്രസ് രൂപംനല്‍കി. 'ഇന്ത്യ' മുന്നണിയിലെ പ്രമുഖ കക്ഷികള്‍ക്ക് ഈ അഞ്ചു സംസ്ഥാനങ്ങളില്‍ അത്ര വലിയ സ്വാധീനമില്ലെങ്കില്‍ പോലും നേരിയ മാര്‍ജിനില്‍ പോലും ജയ- പരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ 'ഇന്ത്യ' കക്ഷികള്‍ പരമാവധി ഒരുമിച്ച് നിന്ന് എതിര്‍ത്താല്‍ മാത്രമേ ബി.ജെ.പിയെ പുറത്താക്കാന്‍ സാധിക്കൂവെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചവര്‍ക്ക് അറിയാം. പക്ഷേ, അഞ്ചു സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പിലും 'ഇന്ത്യ' മുന്നണിക്ക് വേണ്ടി ഡല്‍ഹിയില്‍ ഉണ്ടായ ആവേശം അതേപടി പ്രതിഫലിക്കുന്നുണ്ട് എന്നുപറഞ്ഞുകൂടാ. 

സമാജ് വാദി പാര്‍ട്ടിക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ റോളില്ലെങ്കിലും ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയില്‍ അവര്‍ക്ക് സ്വാധീന മേഖലകള്‍ ഉണ്ട്. മധ്യപ്രദേശില്‍ തങ്ങള്‍ക്ക് സീറ്റ് നല്‍കുന്നില്ലെങ്കില്‍ ചര്‍ച്ചയുമായി ഉത്തര്‍പ്രദേശിലേക്ക് വരേണ്ടെന്ന് അഖിലേഷ് യാദവ് കോണ്‍ഗ്രസിനോട് പറഞ്ഞത് വളരെ ശ്രദ്ധേയമായ കാര്യമാണ്. രാജസ്ഥാനില്‍ കൃത്യം അമ്പതു ശതമാനം സീറ്റാണ് ( 200-ല്‍ നൂറ്) കോണ്‍ഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത്. 2008-ല്‍ അത് 96 ആയിരുന്നു. 2013-ല്‍ അത് 33 ശതമാനം വോട്ട് നേടിയെങ്കിലും അത് 21 ആയി കുറഞ്ഞു. ചെറിയ വോട്ട് വ്യത്യാസത്തിന്റെ പേരില്‍ വലിയ സീറ്റ് വ്യത്യാസമുണ്ടാകുന്ന പ്രവണതയാണ് ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ നാം കണ്ടിട്ടുള്ളത്. രാജസ്ഥാനിലും ഫലപ്രദമായ ഒരു മുന്നണി രൂപീകരിക്കുക എന്നത് ഇനിയും അകലെ നില്‍ക്കുന്ന സ്വപ്‌നമാണ്. രാജസ്ഥാന്‍ നിയമസഭയില്‍ ബിഎസ്പിക്ക് ആറ് സീറ്റുണ്ട്. സി.പി.എമ്മിന് രണ്ടും. സ്വതന്ത്രന്മാര്‍ 13 പേരാണ്. ഈ പാര്‍ട്ടികള്‍ക്കെല്ലാം ഒരുമിച്ചുനിന്ന് ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇനിയും വേദി ഒരുങ്ങിയിട്ടില്ല. 

തെലങ്കാനയുടെ ചിത്രം പാടേ വ്യത്യസ്തമാണ്. കോണ്‍ഗ്രസ് പാടേ തകര്‍ന്നുപോയി എന്നുകരുതിയ ഇടമാണ് തെലങ്കാന. പക്ഷേ, കോണ്‍ഗ്രസിലേക്ക് പുതിയ കക്ഷികളും വ്യക്തികളും കടന്നുവരുന്നതോടെ പടുകൂറ്റന്‍ റാലികളാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും ഇടതുപക്ഷ കക്ഷികള്‍ക്ക് പണ്ടുള്ള അത്രയില്ലെങ്കിലും ചെറിയ സ്വാധീനമുണ്ട്. അവിടെയും സീറ്റ് ചര്‍ച്ചകള്‍ പൂര്‍ണമായിട്ടില്ല. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട നിലയിലാണ്. നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ തന്നെയാണ് എല്ലാ തിരഞ്ഞെടുപ്പ് ഗണിതമറിയുന്നവരും കണക്കുകൂട്ടി വെച്ചിരിക്കുന്നത്. മിസോറാം ചെറിയ സംസ്ഥാനമാണെങ്കിലും അവിടെയുള്ള രാഷ്ട്രീയം ഏറെ സങ്കീര്‍ണമാണ്. മണിപ്പൂരിലെ ക്രിസ്തുമത സ്ഥാപനങ്ങള്‍ തീവെച്ചു നശിപ്പക്കപ്പെട്ടതിന്റെ ദോഷം ബി.ജെ.പിക്ക് ഉണ്ടെന്നും അവരുമായുള്ള ചങ്ങാത്തം ഞങ്ങള്‍ക്ക് നഷ്ടമേ ഉണ്ടാക്കൂവെന്നും സോറംതാങ്ക എന്ന മിസോറാം മുഖ്യമന്ത്രി പറഞ്ഞതും ശ്രദ്ധേയമായ കാര്യമാണ്. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തോറ്റുപോയ കര്‍ണാടത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് എത്തിച്ചിരിക്കുകയാണ്. ജനതാദള്‍ എസ് കര്‍ണാടകത്തിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയാണ്. അഞ്ചു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെുപ്പില്‍ കോണ്‍ഗ്രസ് വലിയ മഹാമനസ്‌കത കാണിച്ചതുകൊണ്ടാണ് ജനതാദള്‍ എസിന്റെ മുഖ്യമന്ത്രിയെ അംഗീകരിച്ച് ഭരണം ചെറുകക്ഷിക്ക് വിട്ടുകൊടുത്തത്. 1960-ല്‍ കോണ്‍ഗ്രസ് -ലീഗ് -പിഎസ്പി മുന്നണി കേരളത്തില്‍ ജയിച്ചപ്പോള്‍ നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും പട്ടം താണുപിള്ള എന്ന പിഎസ്പി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ച ചരിത്രമുണ്ട്. പിന്നീട് അച്യുത മേനോനെയും.

കര്‍ണാടകത്തില്‍ ജനതാദള്‍ എസിന്റെ പിന്തുണ കൊണ്ട് മാത്രമാണ് അന്ന് സര്‍ക്കാര്‍ ഉണ്ടായതെങ്കിലും ആ സര്‍ക്കാരിന് ഏറെ കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് ചരിത്രം. പക്ഷേ, ഇത്തവണ ജനതാദള്‍ എസുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് ഒറ്റയ്ക്ക് ജയിച്ചു. ജനതാദള്‍ എസ് ഒരു മൂലയില്‍ ഒതുങ്ങി. ഇവിടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്നണി സാധ്യതകള്‍ ശ്രദ്ധിച്ചു പഠിക്കേണ്ടത്. 

ബി.ജെ.പിക്ക് എതിരായി മൂന്നാം മുന്നണി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ നേതാവാണ് ദേവെ ഗൗഡ എന്ന് നമുക്കറിയാം. ദേവെ ഗൗഡ നയിക്കുന്ന പാര്‍ട്ടി മുമ്പൊരിക്കല്‍ ബി.ജെ.പി മുന്നണിയിലേക്ക് പോയിട്ടുണ്ടെങ്കിലും പത്തു വര്‍ഷം നീണ്ടുനിന്ന ബി.ജെ.പി. ഭരണത്തിന് എതിരായ വികാരം മതേതര ജനാധിപത്യ ശക്തികള്‍ക്കിടയില്‍  വലിയൊരു കാറ്റായി മാറിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജനതാദള്‍ എസ് ബി.ജെ.പി. മുന്നണിയില്‍ പോയത്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ വലിയ ആഘാതമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെങ്കിലും, കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന 'ഇന്ത്യ' മുന്നണിക്ക് അത് വലിയൊരു തിരിച്ചടി തന്നെയാണ്.

ജനതാദള്‍ എസിന്റെ അവസരവാദ നിലപാടിനെ രാഷ്ട്രീയ ധാര്‍മികതയുടെ കണ്ണാടിയിലൂടെ നോക്കിയാല്‍ വഞ്ചാനാപരം എന്നുതന്നെ വിളിക്കേണ്ടി വരും. പക്ഷേ, ദൈനംദിന രാഷ്ട്രീയം പൊതുമണ്ഡലത്തില്‍ പലരും കരുതുന്നത് പോലെയല്ല, മുന്നോട്ടുപോകുക. വളഞ്ഞുപിരിഞ്ഞുപോകുന്ന ഒരു നദിയെപ്പോലെ നേര്‍രേഖയില്‍ സഞ്ചരിക്കാത്ത ഒന്നാണ് ദൈനംദിന രാഷ്ട്രീയം. ജനതാദള്‍ എസ് ബി.ജെ.പി. മുന്നണിയില്‍ പോകാതിരിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും അധികാരം പങ്കിടാനാണ് രാഷ്ട്രീയരംഗത്ത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്. 

തങ്ങൾക്കെതിരായ 'ഇന്ത്യ' മുന്നണി രൂപീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബി.ജെ.പി. വര്‍ധിതവീര്യത്തോടുകൂടി 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായ കരുനീക്കങ്ങള്‍ വിജയകരമായി നടത്തിയതിന്റെ ഫലമായാണ് ഇന്ന് മതേതര ശക്തികളുടെ ഐക്യത്തില്‍നിന്ന് ജനതാദള്‍ ശക്തികള്‍ ചോര്‍ന്നുപോയിരിക്കുന്നത്. കര്‍ണാടകത്തില്‍ 28 ലോക്‌സഭ സീറ്റുണ്ട്, മുഴുവന്‍ സീറ്റുകളും പിടിച്ചെടുക്കുക എന്നത് തന്നെയാണ് ബി.ജെ.പിയുടെ അജണ്ട എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല.

കര്‍ണാടകത്തിലെ ബി.ജെ.പി.-ജനതാദള്‍ ഐക്യം കേരളത്തിലും അതിന്റേതായ അനുരണനങ്ങള്‍ ഉണ്ടാക്കി. ബി.ജെ.പിക്ക് പ്രകടമായ നേട്ടം അതുകൊണ്ടില്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ഈ സഖ്യം. സഖ്യം രൂപീകരിച്ച ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ജനതാദള്‍-എസ് ഘടകം അതിന്റെ ദേശീയ നേതൃത്വവുമായി കലഹിക്കേണ്ട രീതിയില്‍ കലഹിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ജനതാദള്‍ എസിന്റെ മലയാളിയായ മുന്‍ കേന്ദ്രമന്ത്രിയും  കർണാടക അധ്യക്ഷനുമായ സി.എം. ഇബ്രാഹിം കലാപക്കൊടി ഉയര്‍ത്തിയ പാര്‍ട്ടിയില്‍നിന്ന് പുറത്തിറങ്ങി. കേരളത്തിലെ വിദ്യുച്ഛക്തി മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടി എന്ന ജനതാദള്‍ നേതാവോ മാത്യു ടി.തോമസ് എം.എല്‍.എയോ ഇതറിഞ്ഞ മട്ട് കാണിക്കുന്നില്ല. പിണറായി വിജയന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഞങ്ങള്‍ ബി.ജെ.പിയിലേക്ക് പോയതെന്ന ദേവെ ഗൗഡയുടെ പ്രഖ്യാപനം വളച്ചൊടിക്കപ്പെട്ടതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും പിണറായിക്ക് എല്ലാം അറിയാമെന്ന് കുമാരസ്വാമിയുടെ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമായിട്ടുണ്ട്. 

ഇതോടെ ജനതാദള്‍ എസ് -ബി.ജെ.പി. ഐക്യം 'ഇന്ത്യ' മുന്നണിയിലെ മറ്റൊരുകക്ഷിയായ സി.പി.എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൂരമ്പുകള്‍ പായിച്ചിരിക്കുകയാണ്. എന്നാൽ, പിണറായി വിജയനാകട്ടെ, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് പറയുന്നുണ്ടെങ്കിലും വരും നാളുകളില്‍ ഈ ഐക്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നഷ്ടത്തിലേ കലാശിക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും വീരേന്ദ്രകുമാര്‍ നയിച്ച ജനതാദള്‍ വിഭാഗം ആര്‍.ജെ.ഡിയുമായി ലയിച്ചിരിക്കുകയാണ്. ജനതാദള്‍ എസുമായി ലയിച്ചാല്‍ ശ്രേയാംസ്‌കുമാര്‍ പ്രസിഡന്റായ ജനതാദളിന്റെ എം.എല്‍.എ. മോഹനന് മന്ത്രിസ്ഥാനം നല്‍കാമെന്ന് സി.പി.എം. പറഞ്ഞെങ്കിലും; ജനതാദള്‍ എസില്‍ ലയിക്കാതിരുന്നത് നന്നായി എന്ന് ഇന്ന് ആ പാര്‍ട്ടി വിലയിരുത്തുന്നുണ്ടാകും. 

കര്‍ണാടകത്തിലെ ബാന്ധവത്തില്‍നിന്ന് 'ഇന്ത്യ' മുന്നണിയും മറ്റു രാഷ്ട്രീയ കക്ഷികളും പാഠങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ടെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ചേര്‍ക്കാന്‍ കഴിയുന്നവരെയെല്ലാം അധികാരത്തിന്റെ പങ്കാളിത്തം നല്‍കിക്കൊണ്ട് ചേര്‍ത്തുപിടിക്കുക എന്ന മുന്നണി രാഷ്ട്രീയതന്ത്രത്തിലൂടെയല്ലാതെ, അത്യാവശ്യമാണെങ്കില്‍ മുന്നണി ഉണ്ടാക്കുക എന്ന ശൈലിയില്‍ ബി.ജെ.പിയെന്ന രാഷ്ട്രീയശക്തിയെ നേരിടാനാവില്ലെന്ന് അതിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആലോചിക്കുന്നത് നല്ലതാണ്. 1977 വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തിന്റെ എതിര്‍രൂപമാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്; ഒരു കണ്ണാടി പ്രതിബിംബം പോലെ.

77 വരെ ദേശീയ തലത്തില്‍ ശക്തമായിരുന്ന കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ ശക്തമായിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ശിഥിലമായിരുന്ന പ്രതിപക്ഷവുമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ശിഥിലമായിരുന്ന പ്രതിപക്ഷം ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ട്ടികളും സി.പി. ഐ.എമ്മും അടങ്ങുന്ന ഒരു വലിയ ഐക്യം ഉണ്ടാക്കിയത്. അതിന്റെ ഫലമായിട്ടാണ് ജനതാപാര്‍ട്ടി രൂപീകരിച്ചത്. ഇന്നത്തെ അവസ്ഥ തിരിച്ചാണ്.

77 വരെ കോണ്‍ഗ്രസിനുണ്ടായിരുന്ന ദേശീയ തലത്തിലുള്ള സ്വാധീനം ഇന്ന് ബി.ജെ.പിക്കാണ്. പക്ഷേ, ബി.ജെ.പിയെ എതിര്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും മുഖ്യ മതേതര കക്ഷി ആയ കോണ്‍ഗ്രസിന് ഇപ്പോഴും 20 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. 77-ന് മുമ്പ് അത്തരത്തില്‍ പിന്തുണയുണ്ടായിരുന്ന ഒരു പാര്‍ട്ടിയും ഉണ്ടായിരുന്നില്ല. 20 ശതമാനം പിന്തുണ ഉണ്ടായിട്ടും 77-ല്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കപ്പെട്ടതുപോലെ 2024-ന് മുമ്പ് ഒരു ബി.ജെ.പി. വിരുദ്ധ മുന്നണി ഇനിയും ഫലപ്രദമായി. ബി.ജെ.പിക്കെതിരേ ഒറ്റ സ്ഥാനാര്‍ഥി എന്ന നിലയില്‍ അത് രൂപീകരിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ആ നിലയില്‍ നോക്കുമ്പോള്‍ കര്‍ണാടകത്തിലെ ജനതാദള്‍ എസിന്റെ ചോര്‍ന്നുപോക്ക് അവരുടെ വഞ്ചനയാണെന്ന് കൃത്യമായി പറയാമെങ്കിലും അവരെ കൂടെ നിര്‍ത്തേണ്ട മറ്റു കക്ഷികളുടെ നോട്ടക്കുറവാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് ചെറുതും വലുതമായ പാര്‍ട്ടികളെ മാല കോര്‍ക്കുന്നത് പോലെ മതേതര ജനാധിപത്യത്തിന്റെ നൂലില്‍ കോര്‍ത്തിണക്കേണ്ട ഉത്തരവാദിത്തം 'ഇന്ത്യ' മുന്നണിയിലെ പ്രമുഖ കക്ഷികള്‍ക്കാണ് ഉള്ളത്. അതില്‍തന്നെ വലിയ ഉത്തരവാദിത്തം വലിയ കക്ഷിയായ കോണ്‍ഗ്രസിന് തന്നെയാണ്. ആ ധര്‍മം അവര്‍ നിര്‍വഹിക്കും എന്ന സൂചനയാണ് 'ഇന്ത്യ' മുന്നണിയിലൂടെ ഉരുത്തിരിഞ്ഞത്. പക്ഷേ, ഐക്യത്തിന്റെ ഉരകല്ല് തിരഞ്ഞെടുപ്പാണ്.  തിരഞ്ഞെടുപ്പുകളില്‍ പ്രയോജനപ്പെടാത്ത ഐക്യം വാചകങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ്.  ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സ്വാധീനമുള്ള ചെറുതും വലുതുമായ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഒന്നിപ്പിക്കുക എന്ന അതികഠിനമായ പരിശ്രമത്തിന് ഇനിയും ഫലപ്രാപ്തി ഉണ്ടാകേണ്ടിയിരിക്കുന്നു. ല്യൂട്ടെയ്ൻസ് ഡൽഹിയിലെ പ്രസ്‌ക്ലബുകളിലും സമ്മേളന വേദികളും മാത്രമുള്ള ഐക്യം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം 77-ലെ ജയപ്രകാശ് നാരായണന്റെ അങ്കി അദ്ദേഹത്തിന്റെ പുറത്ത് വീണിട്ടുണ്ട്.എല്ലാവർക്കും അംഗീകരിക്കാന്‍ കഴിയുന്ന സമരോത്സുക വ്യക്തിത്വമായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഖാർഗെയും ചുരുങ്ങിയ സമയം കൊണ്ട് ദേശീയ രാഷ്ട്രീയ സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെതായ അടയാളങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. രാഷ്ട്രീയനയത്തിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസ് വ്യക്തമായ പുത്തന്‍ ചുവടുകള്‍ വെച്ചു. 103-ാം ഭരണഘടനാ ഭേദഗതിയുടെ സമയത്ത് കോണ്‍ഗ്രസിന് ഉണ്ടായിരുന്ന അവ്യക്തതകള്‍ ഇന്നില്ല. ഒ.ബി.സി.-ദളിത്-ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യമാണ് ഇന്ത്യയുടെ സുപ്രധാനമായ രാഷ്ട്രീയ സൂത്രവാക്യമെന്ന് രാഹുല്‍ ഗാന്ധി തന്നെആവര്‍ത്തിച്ച് പറഞ്ഞുകഴിഞ്ഞു. 89-ല്‍ രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ നിന്ന് ഒ.ബി.സിയുടെ മിശിഹായായി ഇറങ്ങിപ്പോയ വി.പി. സിങ്ങാണ് ജനതാദള്‍ എന്ന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. ജനതാദളിന്റെ അന്നത്തെ മുദ്രാവാക്യത്തിന്റെ സാരാംശം ഇന്ന് രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ അലയടിക്കുന്നുണ്ട്. ഏറെ ശ്രദ്ധേയമായ വസ്തുതയാണ്. 

ജാതി സെന്‍സസ് നടത്തിയ ബിഹാറിലെ നിതീഷ് കുമാർ സര്‍ക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെയാണ് പന്തുരുട്ടിയതെന്ന് ഈ കോളത്തില്‍ എഴുതിയത് വായനക്കാര്‍ ഓര്‍ക്കുമെന്ന് കരുതട്ടേ. ആ പന്തുമായാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുപോകുന്നത്. രാഹുല്‍-ഖാര്‍ഗെ-വേണുഗോപാല്‍ കൂട്ടുകെട്ട് ശക്തമാണിന്ന്. പക്ഷേ, ശരിയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കക്ഷിബന്ധങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനമാണ്. കക്ഷിബന്ധങ്ങളും സാമൂഹിക സമവാക്യങ്ങളുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ എക്‌സ്, വൈ ആക്‌സിസുകള്‍. ആ രണ്ടിടത്തും വളര്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങനെ ഉണ്ടാകുന്ന സഖ്യശക്തിക്ക് പരാജയപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ട് രാഷ്ട്രീയകക്ഷി സമവാക്യ രൂപീകരണങ്ങള്‍ക്ക് ഇനിയും സമയം അവശേഷിക്കുന്നുണ്ടെങ്കിലും കൃത്യമായ കക്ഷിബന്ധ ചേരുവകളിലൂടെയല്ലാതെ രാഷ്ട്രീയത്തിന് മുന്നോട്ടുപോകാന്‍ സാധ്യമല്ല.

ഇതിനിടയില്‍ സെപ്റ്റംബർ മാസം നടന്ന ഡല്‍ഹിയില്‍ നടന്ന ചെറുകക്ഷികളുടെയും ഗ്രൂപ്പുകളുടെയും ദേശീയ കണ്‍വെന്‍ഷന്‍ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. വലുതും ദേശീയതലത്തില്‍ ശ്രദ്ധേയവുമായ കക്ഷികള്‍ 'ഇന്ത്യ' മുന്നണിയില്‍ നില്‍ക്കുമ്പോള്‍ പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള ചെറുകക്ഷികള്‍ അവര്‍ക്ക് ചുറ്റും(പിന്നിലല്ല) നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് മതേതര ജനാധിപത്യ കണ്‍വെന്‍ഷനില്‍ മുഴങ്ങിക്കേട്ടത്. യോഗേന്ദ്ര യാദവിനെ പോലുള്ള തിരഞ്ഞെടുപ്പ് രംഗത്തെ പണ്ഡിതന്മാരും അമ്പതോളം സാമൂഹിക സംഘടനകളും കമ്യൂണിസ്റ്റ് കോണ്‍ഫെഡറേഷനും(സി.ഐ.സി.ഡി.എസ്) എല്ലാം ചേര്‍ന്ന ഇത്തരത്തിലുള്ള സഖ്യം വലിയ രാഷ്ട്രീയ സഖ്യത്തിന് ചെറുതെങ്കിലും നിര്‍ണായകമായ പിന്തുണ തന്നെയാണ്. 

കേരളത്തിലെ സി.പി.എമ്മിന് അകത്തും 'ഇന്ത്യ' മുന്നണിയെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. 'ഇന്ത്യ' മുന്നണിയില്‍ ബി.ജെ.പിക്കെതിരേ ഒരുമിച്ച് നില്‍ക്കുമ്പോള്‍ അതിന്റെ കോര്‍ കമ്മിറ്റിയില്‍ പ്രതിനിധികളെ അയക്കാതിരുന്നത് ശരിയായില്ലെന്ന് കരുതുന്ന അനേകം പേര്‍ ആ പാര്‍ട്ടിയില്‍ തന്നെ ഉണ്ട്. എന്നാല്‍, ഇടതുമുന്നണിയിലെ സി.പി.ഐ. ആകട്ടേ 'ഇന്ത്യ' മുന്നണിയുടെ അവിഭാജ്യ ഘടകമായി കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് കാണാം. ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും ഇത്തരത്തിലുളള നിലപാട് തന്നെയാണ് കേരളത്തിനകത്തും പുറത്തും എടുത്തിട്ടുള്ളത്.

ബി.ജെ.പിയെ 2024-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്ന ശക്തികള്‍ ഒത്തൊരുമിച്ച് നിന്നില്ലെങ്കില്‍ ബി.ജെ.പിയുടെ പരാജയം അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പരസ്പരം മത്സരിക്കാത്ത സാഹചര്യം ഉണ്ടാവുകയും ദേശീയ തലത്തിലെ പ്രമുഖ കക്ഷികള്‍ പാര്‍ലമെന്റില്‍ അവരുടെ എല്ലാം സ്ഥാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെറുകക്ഷികളും സാമൂഹിക ഗ്രൂപ്പുകളും അവര്‍ക്ക് ഫലപ്രദമായ പിന്തുണയും നല്‍കിയാല്‍ ബി.ജെ.പിയുടെ വിജയം അവര്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല.