ചണ്ഡീഗഢിൽ ബി.ജെ.പി. വിജയിച്ചിരുന്നെങ്കിൽ അതിൽപരം ഒരു മാനക്കേട് അടുത്തകാലത്തൊന്നും ഇന്ത്യൻ റിപ്പബ്ളിക്കിനുണ്ടാകുമായിരുന്നില്ല. അധാർമ്മികതയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രീയപ്പാർട്ടിയൊന്നുമല്ല ബി.ജെ.പി. എഴുത്തുകാരൻ മുകുൽ കേശവൻ അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ ബി.ജെ.പിയുടെ പ്രത്യേകത ഈ വഴിവിട്ടുള്ള സഞ്ചാരങ്ങൾ തീർത്തും ആസൂത്രിതമായും കാര്യക്ഷമമായും ചെയ്യാനുള്ള മികവാണ്. ഉദാഹരണത്തിന് വൻകിട കമ്പനികളുടെ കയ്യിൽനിന്ന് പണം വാങ്ങാത്ത പാർട്ടികളുണ്ടാവില്ല. പക്ഷേ, ബി.ജെ.പി. അതിനെ ഇലക്ടറൽ ബോണ്ടുകളുടെയും പി.എം. കെയേഴ്സ് ഫണ്ടിന്റെയും രൂപത്തിൽ സ്ഥാപനവത്കരിച്ചു. എന്നിട്ടതിനെ സുതാര്യത എന്ന ഓമനപ്പേരിട്ടു വിളിച്ചു. വാക്കിനും ചെയ്തിക്കുമിടയിലുള്ള വല്ലാത്ത അകലമാണിത്.  ഒരു കാര്യം പറയുകയും നേർവിപരീതമായ കാര്യം പ്രവർത്തിക്കുകയും ചെയ്യുക. മറ്റുള്ള രാഷ്ട്രീയപ്പാർട്ടികൾ നൂറ് ശതമാനവും ഹരിശ്ചന്ദ്രന്മാരാണെന്നല്ല ഇതിന്റെ അർത്ഥം. പറയുന്ന കാര്യം ചെയ്യാതിരിക്കുക എന്നത് ഒരു കലയാക്കി മാറ്റുകയും അതിൽ ഗവേഷണ ബിരുദം നേടുകയും ചെയ്തു എന്നതിലാണ് ബി.ജെ.പി. വ്യത്യസ്തമാകുന്നത്.

To advertise here,

ഇതിൽതന്നെ തീർത്തും അമ്പരപ്പിക്കുന്ന കലാപരിപാടിയാണ് ബി.ജെ.പി. ചണ്ഡീഗഢിൽ നടത്തിയത്. എതു വിധേനയും പണമുണ്ടാക്കിക്കഴിഞ്ഞാൽ മാനക്കേടൊക്കെ ആ പണം കൊണ്ട് കഴുകിയെടുക്കാം എന്നതായിരിക്കണം ബി.ജെ.പിയുടെ ആപ്തവാക്യം. 35 അംഗങ്ങളാണ് ചണ്ഡീഗഢ് മുനിസിപ്പൽ കോർപറേഷനിലുള്ളത്. ചണ്ഡീഗഢ് എം.പിക്കും കോർപറേഷൻ കൗൺസിലിൽ വോട്ടുണ്ട്. അങ്ങിനെയാണ് മൊത്തം വോട്ടുകളുടെ എണ്ണം 36 ആകുന്നത്. നിലവിൽ ബി.ജെ.പിയുടെ കിരൺ അനുപം ഖേർ ആണ് ചണ്ഢീഗഢ് എം.പി. ജനുവരി 30-ന് മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബി.ജെ.പി. 14 , കോൺഗ്രസിന് ഏഴ്, എ.എ.പി. 13, അകാലിദൾ ഒന്ന്, എന്നിങ്ങനെയായിരുന്നു കക്ഷി നില. ബി.ജെ.പി. സ്ഥാനാർത്ഥി മനോജ് സോങ്കറിന് 16 വോട്ടും കോൺഗ്രസ് പിന്തുണയുള്ള എ.എ.പി. സ്ഥാനാർത്ഥി കുൽദീപ് കുമാറിന് 20 വോട്ടുമാണ് മേയർ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പക്ഷേ, എല്ലാവരേയും (ബി.ജെ.പിക്കാരല്ലാത്തവർ) ഞെട്ടിച്ചുകൊണ്ട് വാരണാധികാരിയായ അനിൽ മസിഹ് എ.എ.പി. സ്ഥാനാർത്ഥിക്ക് കട്ടിയ എട്ട് വോട്ടുകൾ അസാധുവാക്കി. എന്നിട്ടദ്ദേഹം ബി.ജെ.പി. സ്ഥാനാർത്ഥി മനോജ് സോങ്കറിനെ വിജയിയായി പ്രഖ്യാപിച്ചു.

സാമാന്യബോധവും വകതിരിവുമുള്ള ഒരാളും ചെയ്യാത്ത പ്രവൃത്തിയാണ് അനിൽ മസിഹ് ചെയ്തത്. വോട്ടെണ്ണൽ നടക്കുന്ന മുറിയിൽ ക്യാമറകളുണ്ട്. അവിടെ നടക്കുന്ന ഒരോ നീക്കവും ഈ ക്യാമറകൾ ഒപ്പിയെടുക്കും. ഈ ക്യാമറക്കണ്ണുകളുടെ മുന്നിലിരുന്നാണ് അനിൽ മസിഹ് ജനാധിപത്യം അട്ടിമറിച്ചത്. എന്ത് ധൈര്യത്തിലായിരിക്കണം അനിൽ മസിഹ് ഈ വൃത്തികേടിന് തയ്യാറായത്? ബി.ജെ.പിയുടെ സമ്മതിപത്രമുണ്ടെങ്കിൽ ഈ ഇന്ത്യാ മഹാരാജ്യത്ത് എന്ത് തോന്നിവാസവും ചെയ്യാമെന്നും അതിനുള്ള പാരിതോഷികം ഉറപ്പാണെന്നും അനിൽ വിശ്വിസിച്ചിരുന്നിരിക്കണം. പാർലമെന്റിൽ ഡാനിഷ് അലി എന്ന എം.പിയെ അധിക്ഷേപിച്ച രമേഷ് ബിദുരിക്ക് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ടോങ്ക് ജില്ലയുടെ ചുമതല ബി.ജെ.പി. നൽകിയതും ഗോഡ്സെയെ പ്രകീർത്തിച്ച പ്രഗ്യ ടാക്കൂറിനെ ഭോപ്പാൽ മണ്ഡലത്തിൽനിന്ന് ബി.ജെ.പി. വിജയിപ്പിച്ചതും അനിൽ മസീഹിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. ഇത്രയും വലിയ ക്രമക്കേട് കാട്ടിയാലും ഒരു കോടതിയും തന്നെ ശിക്ഷിക്കില്ല എന്ന ആത്മവിശ്വാസവും അനിലിന് ഉണ്ടായിരുന്നിരിക്കണം.

ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശമാണ്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് ആണ് അവിടത്തെ ഭരണാധികാരി. മേയർ തിരഞ്ഞെടുപ്പിൽ വാരണാധികാരിയെ നിശ്ചയിക്കുന്നത് ഈ ഭരണാധികാരിയാണ്. അതായത് അനിൽ മസീഹിന്റെ നിയോഗം ഒരു യാദൃശ്ചിക സംഗതിയല്ല. ബി.ജെ.പിയുടെ അടിയുറച്ച പ്രവർത്തകനായ അനിലിനെ വാരണാധികാരിയാക്കുമ്പോൾ ബി.ജെ.പി. നേതൃത്വത്തിന് കൃത്യമായ പദ്ധതികളുണ്ടായിരിക്കണം. മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി വിജയിക്കില്ലെന്നത് പകൽ പോലെ വ്യക്തമായിരുന്നു. ചണ്ഡീഗഢിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ തലവേദന കോൺഗ്രസും എ.എ.പിയും ഒന്നിക്കുന്നതായിരുന്നു. ചണ്ഡീഗഢിൽ മാത്രം ഒതുങ്ങുന്ന സഖ്യമാവില്ല ഇതെന്ന് ബി.ജെ.പി. വേഗത്തിൽ തിരിച്ചറിഞ്ഞു. ഡൽഹിയിലും ഹരിയാനയിലും ഗുജറാത്തിലും പഞ്ചാബിലും ഈ സഖ്യം യാഥാർത്ഥ്യമായാൽ അത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മെഗാ പദ്ധതികൾക്ക് വെല്ലുവിളിയാവും.  അതുകൊണ്ടുതന്നെ സഖ്യത്തെ മുളയിലേ നുള്ളണം, ചണ്ഡീഗഢ് ഏതുവിധേനയും പിടിച്ചെടുക്കണം. ഒരിടത്തും, ഒരു മേയർ തിരഞ്ഞെടുപ്പിൽ പോലും, പ്രതിപക്ഷം വിജയിച്ചുകയറരുത്.

placeholder
ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഹൈദരാബാദിൽ ആഹ്ലാദപ്രകടനം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവര്ത്തകർ | Photo: ANI

ഇലക്ടറൽ ബോണ്ട് എന്ന അന്യായം

ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പുരപ്പുറത്തുനിന്നും അല്ലാതെയും വിളിച്ചുപറയുന്ന പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ  സഹപ്രവർത്തകരോ അനിൽ ചെയ്തതിൽ ഒരു തരത്തിലുള്ള തെറ്റും കണ്ടില്ല. ചണ്ഡീഗഢിൽ നേടിയ അട്ടമറി ജയത്തിൽ ബി.ജെ.പി. ഒന്നടങ്കം ആഹ്ളാദിക്കുന്ന കാഴ്ചയാണ് ഇ്ന്ത്യ കണ്ടത്. സകല ജനാധിപത്യ മര്യാദകളും കാറ്റിൽപറത്തി ബി.ജെ.പി. നടത്തിയ ഈ കലാപരിപാടിക്ക് മോദിയുടെ ഗാരന്റി ഉണ്ടായിരുന്നു എന്ന് ചുരുക്കം. 2002-ൽ ഗുജറാത്ത് കലാപമുണ്ടായപ്പോൾ രാജനീതി അനുഷ്ഠിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓർമ്മിപ്പിച്ചിരുന്നു. പാർലമെന്റ് ഹാളിൽനിന്ന് നെഹ്രുവിന്റെ ഛായാചിത്രം മാറ്റിയപ്പോൾ അതവിടെ പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പിച്ച നേതാവായിരുന്നു വാജ്പേയി. ആ കാലത്തുനിന്നൊക്കെ ബി.ജെ.പി. ബഹുദൂരം പിന്നോട്ട് പോയിരിക്കുന്നു.

ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ആശ്വാസം ചില്ലറയല്ല. 6,566 കോടി രൂപയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ബി.ജെ.പി. ഇലക്ടറൽ ബോണ്ടുകളിലൂടെ സ്വന്തമാക്കിയത്. ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇപ്പോൾ പണത്തിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ നാലയൽപ്പക്കത്ത് പോലുമില്ല. ഇന്ത്യയിലെ ധനത്തിന്റെ ഭൂരിഭാഗവും ഒരു ശതമാനം വരുന്ന കൂറ്റൻ പണക്കാർ കയ്യടക്കുന്നതുപോലെ ഇലക്ടറൽ ബോണ്ടുകളുടെ സിംഹഭാഗവും ബി.ജെ.പി. കയ്യടക്കി. ഏതു കളിയിലും ലെവൽ പ്ലേയിങ് ഫീൽഡ് വേണമെന്നത് സ്വാഭാവികനീതിയാണ്. പങ്കെടുക്കുന്ന കളിക്കാർക്ക് ഒരു പരിധി വരെയെങ്കിലും തുല്ല്യതയുണ്ടാവണം. ഈ നീതിയാണ് ബി.ജെ.പി. അട്ടിമറിച്ചത്. നല്ല ഒന്നാന്തരം വൈറ്റ് മണി 6,566 കോടി കയ്യിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയപ്പാർട്ടിക്ക് കളിക്കാവുന്ന കളികൾക്ക് പരിധിയില്ല. ഇലക്ടറൽ ബോണ്ടുകൾ അന്യായമാണെന്ന് സുപ്രീം കോടതി വിധിച്ചത് ഈ പരിസരത്തിലാണ്. വാസ്തവത്തിൽ കുറെക്കൂടി നേരത്തെ ഈ വിധി വന്നിരുന്നെങ്കിൽ ഇത്രയും പണം ബി.ജെ.പിക്ക് സമാഹരിക്കാനാകുമായിരുന്നില്ല. ഇലക്ടറൽ ബോണ്ടുകൾ അന്യായമാണെങ്കിൽ അതിലൂടെ കിട്ടിയ പണവും അന്യായമാണ്. ആ പണവും തിരിച്ചുപിടിക്കാൻ നടപടി വേണം.

ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ കണ്ട ബി.ജെ.പി. ചണ്ഡീഗഢിൽ കുറെക്കൂടി തയ്യാറെടുപ്പ് നടത്തി. സുപ്രീം കോടതി വിധിയുടെ തലേന്ന് മൂന്ന് എ.എ.പി. എം.പിമാരെ ചാക്കിട്ടുപിടിച്ചു. അപ്പോൾ ബി.ജെ.പിക്ക് 17 കൗൺസിലർമാരയി. ചണ്ഡീഗഢ് എം.പിയുടെ വോട്ട് കൂടിയാവുമ്പോൾ 18. അകാലിദൾ കൗൺസിലറുടെ വോട്ട് കൂടി തരപ്പെടുത്തിയാൽ കൗൺസിലിൽ ഭൂരിപക്ഷം ബി.ജെ.പിക്കൊപ്പം. അതായത്, മേയർ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കുകയും പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്താൽ വീണ്ടും മനോജ് സോങ്കർ എന്ന ബി.ജെ.പി. സ്്ഥാനാർത്ഥി മേയറാവും. പക്ഷേ, ചിഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ച് ബി.ജെ.പിയെ കടത്തിവെട്ടി. ബി.ജെ.പിയുടെ കുതിരക്കച്ചവടം മാനത്ത് കണ്ട കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയില്ല. പകരം തിരഞ്ഞെടുപ്പിൽ വാരണാധികാരി കാട്ടിയ കൃത്രിമത്വം റദ്ദാക്കുകയും കുൽദിപ് കുമാറിനെ മേയറായി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതിയിൽ ഇരിക്കുന്നത് വെറും മണകുണാഞ്ചൻമാരല്ല എന്ന് ബി.ജെ.പി. തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇത്. ജനാധിപത്യത്തിന്റെ മാതാവിൽനിന്നു ജനാധിപത്യത്തിന്റെ മരണത്തിലേക്കുള്ള പതനമാണ് സുപ്രീം കോടതി തടഞ്ഞത്. കൃത്യസമയത്തുള്ള കൃത്യമായ ഇടപെടലാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പറയുകതന്നെവേണം.

placeholder
വാരാണസിയിൽ ഡയറി പ്ലാന്റ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും | photo: PTI

വ്യത്യസ്തമായ പാർട്ടി

ചണ്ഡീഗഢ് ഉയർത്തുന്ന വിപത്സന്ദേശങ്ങൾ കാണാതെ പോവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വലിയ അപടകമായിരിക്കും. ഒരു മേയർ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇത്രയും നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ബി.ജെ.പി. ഏതറ്റം വരെ പോകും എന്നത് പേടിപ്പിക്കുന്ന ചിന്തയാണ്. വോട്ടിങ് മെഷിനുകളിൽ ഉപയോഗിക്കുന്ന വിവിപാറ്റ് (VVPAT- വോട്ടർ വെരിഫയബിൾ ഓഡിറ്റ് ട്രെയിൽ)  വോട്ടറുടെ കൈയ്യിൽ കിട്ടണമെന്നും അത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് വോട്ടർ തന്നെ തിരികെ ഇതിനായുള്ള പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കണമെന്നും വോട്ട് എണ്ണുമ്പോൾ ഇതും എണ്ണണ്ണമെന്നുമുള്ള നിർദ്ദേശം വരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതിന് ചെലവേറുമെന്നോ കൂടുതൽ സമയം എടുക്കുമെന്നോ ഒക്കെയുള്ള വാദങ്ങൾ തള്ളിക്കളയണം. കാരണം രേഖപ്പെടുത്തപ്പെടുന്ന വോട്ട് ക്രമക്കേടിനും കൃത്രിമത്വത്തിനും വിധേയമാവുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജനാധിപത്യത്തിന്റെ കാതലാണ്.

തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നതിൽ ബി.ജെ.പിക്ക് ഒരു മടിയുമില്ലെന്നതാണ് 2014 തൊട്ടിങ്ങോട്ടുള്ള ചരിത്രം. കർണാടകത്തിലും മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ഈ 'മികവ്'  പുറത്തെടുക്കുന്നതിൽ ബി.ജെ.പിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. 35 എം.എൽ.എമാരെ കിട്ടിയാൽ കേരളത്തിൽ ഭരണം പിടിക്കും എന്ന് പ്രഖ്യാപിക്കാൻ കേരളത്തിലെ ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന് ഒരു സങ്കോചവുമുണ്ടായിരുന്നില്ല എന്ന് മറക്കരുത്.
 
'The Party With A Difference' എന്നാണ് ബി.ജെ.പി. സ്വയം വിശേഷിപ്പിക്കുന്നത്. മറ്റുള്ളവർ വ്യാജ മതേതരവാദികളും തങ്ങൾ ശരിക്കുള്ള മതേതര വാദികളും എന്ന ബി.ജെ.പിയുടെ നയം ഈ വ്യത്യസ്തതയുടെ പുറത്തായിരുന്നു. അഴിമതിക്കെതിരെ ഒന്നിച്ചുള്ള പോരാട്ടം, സബ് കാ സാത്, സബ് കാ വികാസ് എന്നൊക്കെയാണ് മുദ്രാവാക്യങ്ങൾ. വാക്കിനും ചെയ്തിക്കുമിടയിലുള്ള അകലം പുതിയ സംഗതിയല്ല. ഒരു കാര്യം പറയുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതിന് മനുഷ്യന്റെ പിറവിയോളം തന്നെ പഴക്കമുണ്ടാകാം. പക്ഷേ, സമൂഹം മുന്നേറുമ്പോൾ ആദ്യം സംഭവിക്കേണ്ട ഒരു കാര്യം ഈ അകലം കുറയുക എന്നതാണ്. ഇതിനുള്ള ശ്രമമായിരുന്നു ഗാന്ധിജിയുടെ ജീവിതം. അതുകൊണ്ടാണ് സ്വന്തം ആത്മകഥയ്ക്ക് ഗാന്ധിജി 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന് പേരിട്ടത്. പറയുന്ന കാര്യം ചെയ്യുക, ചെയ്യാത്ത കാര്യം പറയാതിരിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ ശീലം. ധാർമ്മികത ഇല്ലാത്ത രാഷ്ട്രീയം പോലെ ഗാന്ധിജി എതിർത്തിരുന്ന മറ്റൊന്നുണ്ടായിരുന്നില്ല. ധാർമ്മികമല്ലാത്ത നിയമങ്ങൾ ഭരണകൂടങ്ങൾ നടപ്പാക്കിയാൽ അനുസരിക്കേണ്ടതില്ലെന്നും അവയെ ലംഘിക്കുന്നതാണ് ധർമ്മമെന്നും ഗാന്ധിജി ഉറച്ചു വിശ്വസിച്ചു.  

ധാർമ്മികശക്തിയാണ് ഗാന്ധിജിയുടെ വാക്കുകളെ പ്രോജ്ജ്വലിപ്പിക്കുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗം തെറ്റായ വഴിയിലൂടെ പോകുമ്പോൾ ഒറ്റയ്ക്കാണെങ്കിലും അതിനെതിരെ ശബ്ദമുയർത്താൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നത് ധർമ്മവും സത്യവും തന്റെ ഭാഗത്താണെന്ന് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പേടിക്കാതിരുന്ന മനുഷ്യന് അനീതിയുടെ ഭാഗത്ത് എത്ര പേരുണ്ടെന്നത് വിഷയമായിരുന്നില്ല.

placeholder
സുബ്രഹ്‌മണ്യൻ സ്വാമി കോവിഡ് കാലത്ത് പാർലമെന്റിൽ എത്തിയപ്പോൾ | photo: PTI

പ്രതിസംസ്‌കാരം

2000 ജനുവരി 22-ന് ഡോ. സുബ്രഹമണ്യൻ സ്വാമി ഫ്രണ്ട്‌ലൈനിൽ എഴുതിയ ലേഖനം ഒന്ന് വായിക്കുന്നത് ഈ ഘട്ടത്തിൽ നന്നായിരിക്കും. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ആർ.എസ്.എസിന്റെ കർമ്മ പരിപാടികളാണ്  'ദി ആർഎസ്എസ് ഗെയിംപ്ലാൻ ' എന്ന ഈ ലേഖനത്തിൽ സ്വാമി വിവരിക്കുന്നത്. പുതിയ ചരിത്ര പുസ്തകങ്ങളുടെ രചനയാണ് സ്വാമി ചൂണ്ടിക്കാട്ടുന്ന ഒരു പരിപാടി. എതിരാളികളുടെ വിശ്വാസ്യത തകർക്കുക, ഭരണഘടനാ സ്ഥാപനങ്ങളിൽ പൊതു ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുക എന്നീ പദ്ധതികളെക്കുറിച്ചും സ്വാമി പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം സ്വാമി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

''Of course, the good news is that the game plan can fail. I live on the hope that in India, no well-laid plan ever works. India, after all, is a functioning anarchy. That has been the undoing of every attempt to straitjacket its society. That is why we are still the longest continuing unbroken civilisation of over 10,000 years. The RSS is, luckily, our counter-culture.'' (തീർച്ചയായും, നല്ല വാർത്ത ഈ പദ്ധതി പരാജയപ്പെടാം എന്നുള്ളതാണ്. കൃത്യമായി ആസൂത്രണം ചെയ്‌പ്പെടുന്ന ഒരു പദ്ധതിയും ഇന്ത്യയിൽ വിജയിക്കില്ല എന്ന വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത്. എന്തൊക്കെപ്പറഞ്ഞാലും, പ്രവർത്തിക്കുന്ന അരാജകത്വമാണ് ഇന്ത്യ. ഈ സമൂഹത്തെ ഒറ്റവരിയിലാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടിട്ടേയുള്ളു. അതുകൊണ്ടാണ് പതിനായിരം കൊല്ലത്തോളം പഴക്കമുള്ള നമ്മുടെ സംസ്‌കാരം ഇപ്പോഴും തകരാതെ തുടരുന്നത്. ഭാഗ്യവശാൽ, ആർ.എസ്.എസ്. നമ്മുടെ പ്രതിസംസ്‌കാരമാണ്.''

ബി.ജെ.പിക്കൊപ്പമല്ലാതിരുന്ന ഒരു കാലത്താണ് സ്വാമി ഈ ലേഖനമെഴുതിയത്. ഇന്നിപ്പോൾ സ്വാമി ഈ ലേഖനം എത്ര മാത്രം ഉയർത്തിപ്പിടിക്കുമെന്നറിയില്ല. സ്വാമി ചൂണ്ടിക്കാട്ടിയ പ്രതിസംസ്‌കാരമാണ് ചണ്ഡീഗഢിൽ ദൃശ്യമായത്.  സ്വാമിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴുള്ള ഇന്ത്യയല്ല ഇന്നുള്ളത്. പ്രതിസംസ്‌കാരം സംസ്‌കാരമാക്കാൻ കഴിയുന്നത്ര ശേഷിയും ശേമുഷിയുമുള്ള ഭരണകൂടമാണ് രാഷ്ട്രത്തിന്റെ തലപ്പത്തുള്ളത്. അതുകൊണ്ടുതന്നെ  ഇന്ത്യൻ ജനാധിപത്യം ചെറുത്തുനിൽപ്പിന്റെ പുതിയ വ്യകാരണവും ഉള്ളടക്കവും ആവശ്യപ്പെടുന്ന ദിനങ്ങളാണിത്. ഈ ചെറുത്തുനിൽപ്പിലേക്ക് സുപ്രീം കോടതിയും അണിചേരുന്നുവെന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അത്യധികം പ്രാധാന്യമുള്ളതാവുന്നു.

വഴിയിൽ കേട്ടത്:  അക്ബർ, സീത എന്നൊക്കെയുള്ള പേരുകൾ സിംഹങ്ങൾക്ക് വേണ്ടെന്ന് കൊൽക്കൊത്ത ഹൈക്കോടതി. ചങ്ങലയ്ക്ക് ഭ്രാന്ത്, കുറുന്തോട്ടിക്ക് വാതം എന്നൊക്കെ കേട്ടിട്ടേയുള്ളു!