
കഴിഞ്ഞ ദിവസം ടൈംസ് ഒഫ് ഇന്ത്യയിൽ സ്വാമിനാഥൻ എസ്. അയ്യർ എഴുതിയ കോളം ശ്രദ്ധേയമായിരുന്നു. ''Why do Nepal, Bengladesh beat India in Social Indicators?'' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ അയ്യർ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയെ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടുവലിക്കുന്നത് ജാതിയാണെന്നും ജാതിയുടെ അതിപ്രസരമില്ലാത്തതിനാൽ ബംഗ്ളാദേശും നേപ്പാളും പല മേഖലകളിലും ഇന്ത്യയേക്കാൾ ഏറെ മുന്നിലാണെന്നുമാണ്. ഉദാഹരണത്തിന് ഭാരക്കുറവുള്ള കുട്ടികളുടെയും ശാരീരികവളർച്ച മുരടിക്കുന്ന കുട്ടികളുടെയും എണ്ണം നോക്കാം. ദേശീയ കുടുംബ- ആരോഗ്യ സർവ്വെ പ്രകാരം 2019- 21 കാലയളവിൽ ഇന്ത്യയിൽ 32, 34 ശതമാനം കുട്ടികൾ ഈ വിഭാഗങ്ങളിലാണ്. അതേ സമയം നേപ്പാളിൽ ഇവരുടെ എണ്ണം 24 ശതമാനവും 31 ശതമാനവുമാണ്. ബംഗ്ളാദേശിലാണെങ്കിൽ ഇത് 23 ശതമാനവും 25 ശതമാനവുമാണ്.
ഇന്ത്യയിൽതന്നെ നേപ്പാളിനോട് തൊട്ടുകിടക്കുന്ന ബിഹാറിൽ 41 ശതമാനവും 43 ശതമാനവും കുട്ടികൾ ശാരീരിക അവശതകൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ജാതിവിവേചനവും അക്രമങ്ങളും ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാറെന്നു മറക്കാനാവില്ല. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 111, ബംഗ്ളാദേശിന്റേത് 81, നേപ്പാളിന്റേത് 69 ആണെന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. വെളിയിടങ്ങളിലുള്ള വിസർജ്ജനം പൂർണ്ണമായും അവസാനിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദവും ദേശീയ കുടുംബ ആരോഗ്യ സർവ്വെ പൊളിച്ചു കയ്യിൽ കൊടുത്തു.
ഇങ്ങനെ പിന്നോക്കം പോകുന്നതിനെ സർക്കാർ തടയാൻ ശ്രമിച്ചത് വിചിത്രമായ രിതിയിലായിരുന്നു. ദേശീയ കുടുംബ ആരോഗ്യ സർവ്വെ സംഘടിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ്(ഐ.ഐ.പി.എസ്.) ആണ്. കെ.എസ്. ജെയിംസ് എന്ന മലയാളിയായിരുന്നു ഈ സർവ്വെ നടത്തിയ സമയത്ത് ഐ.ഐ.പി.എസിന്റെ ഡയറക്ടർ. ഭരണകൂടത്തിന് മോശപ്പേരുണ്ടാക്കിയ ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയാണ് ആദ്യം സർക്കാർ ചെയ്തത്. പിന്നീട് ജെയിംസ് രാജി സമർപ്പിച്ചപ്പോൾ സസ്പെൻഷൻ പിൻവലിച്ച് രാജി സ്വീകരിച്ചു. പുകച്ച് പുറത്തുചാടിക്കുക എന്ന ചാണക്യതന്ത്രമാണ് ജയിംസിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ജയിംസ് നേരെ പോയത് വിയന്നയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് സിസ്റ്റംസ് അനാലിസിസിലേക്കാണ്. 'ഇന്ത്യയുടെയും ഐ.ഐ.പി.എസിന്റെയും നഷ്ടം, വിയന്നയുടെ നേട്ടം.'' എന്നാണ് ഇതേക്കുറിച്ച് ജയിംസിന്റെ ഒരു സഹപ്രവർത്തകൻ പ്രതികരിച്ചത്. നോട്ട് നിരോധനം അബദ്ധമാകുമെന്ന് മുന്നറിയിപ്പ് നൽകിയ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ എങ്ങിനെയാണ് മോദി സർക്കാർ കൈകാര്യം ചെയ്തതെന്നും ഈ ഘട്ടത്തിൽ ഓർക്കുന്നത് നന്നാവും.
പഴയ ഇന്ത്യയിലും പുതിയ ഇന്ത്യയിലും ഒരുപോലെ തുടരുന്ന ജാതി

'ഇന്ത്യ എന്ത് കൊണ്ട് അയൽരാജ്യങ്ങൾക്ക് പിന്നിലായിപ്പോവുന്നു?' എന്ന പേരിൽ ഒരു പുസ്തകം സ്വാതി നാരായൺ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കുറിപ്പിൽ അയ്യർ പറയുന്നത് ഇന്ത്യയെ പിന്നിലേക്ക് വലിക്കുന്നത് ജാതിയാണെന്നാണ്. ജാതി ഇന്ത്യയെ കാർന്നുതിന്നാൻ തുടങ്ങിയിട്ട് മുവ്വായിരം വർഷമെങ്കിലുമായിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ ചുരുങ്ങിയൊരു ശതമാനം വരുന്ന മുന്നോക്ക ജാതിക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെയും വിദ്യാഭ്യാസ സംവിധാനത്തിന്റെയും കുത്തക കയ്യാളുന്നതിലൂടെ വികസനത്തിന്റെ വിശാലലോകങ്ങൾ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് നിഷേധിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ ജനത അയൽരാജ്യങ്ങൾക്ക് പിന്നിലായിപ്പോകുന്നതെന്നാണ് അയ്യർ നിരീക്ഷിക്കുന്നത്. നേപ്പാളിൽ ഇന്ത്യയിലെപ്പോലെ തന്നെ ഹിന്ദുമതമാണെങ്കിലും അവിടെ മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ എണ്ണം കൂടുതലാണെന്നും അവർക്കിടയിൽ ജാതിപരമായ വിവേചനങ്ങൾ കുറവാണെന്നതുമാണ് നേപ്പാളിനെ സഹായിക്കുന്നതെന്നും അയ്യർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽതന്നെ ആദിവാസി വിഭാഗങ്ങളിൽ ജാതിപരവും ലിംഗപരവുമായ വിവേചനങ്ങൾ കുറവാണെന്ന് ഛത്തിസ്ഗഡിലെ സക്സലുകളെക്കുറിച്ചുള്ള പഠനത്തിൽ അൽപ ഷാ വ്യക്തമാക്കുന്നുണ്ട്. കേരളവും തമിഴ്നാടും കർണാടകവും ഇന്ത്യയിൽതന്നെ ഇതര സംസ്ഥാനങ്ങളെ മറികടക്കുന്നതിന്റെ ഒരു കാരണം ഈ സംസ്ഥാനങ്ങളിൽ ജാതിക്കെതിരെയുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളാണെന്നതും മറക്കാനാവില്ല. ജാതി എല്ലാ അസമത്വങ്ങളുടെയും മാതാവാണെന്ന് അയ്യർ ലേഖനത്തിൽ പറയുന്നുണ്ട്. അയ്യർക്ക് മുമ്പ് അംബദ്കർ അടക്കമുള്ളവർ പലവട്ടം വിളിച്ചുപറഞ്ഞിട്ടുള്ള കാര്യമാണിത്. ഇന്ത്യയുടെ ജനസംഖ്യയിൽ ചെറിയൊരു വിഭാഗം വരുന്ന വരേണ്യ വർഗ്ഗക്കാർ എല്ലാ മേഖലകളിലും മുന്നേറുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗക്കാർക്ക് നിലനിൽപിനായി തന്നെ പോരാടണ്ടി വരുന്നു.
ആകർ പട്ടേൽ 2009-ൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം ഒന്നുകൂടി വിശദമാക്കുന്നുണ്ട്. 'എന്നാണ് ബ്രാഹ്മണരുടെയും ബനിയകളുടെയും അധീശത്വം അവസാനിക്കുക' എന്ന തലക്കെട്ടിലുള്ള ഈ കുറിപ്പിൽ ആകർ പട്ടേൽ ഇന്ത്യയിലെ മുൻനിര കമ്പനികളുടെയും മാദ്ധ്യമങ്ങളുടെയും തലപ്പത്തുള്ളവർ ഒന്നുകിൽ ബ്രാഹ്മണരോ അല്ലെങ്കിൽ ബനിയകളോ ആണെന്ന് വ്യക്തമാക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളായാലും സ്വകാര്യ ഐ.ടി. കമ്പനികളായാലും അവയുടെയാന്നും തലപ്പത്ത് പിന്നാക്ക വിഭാഗക്കാരില്ലെന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യം. പഴയ കമ്പനികളായാലും പുതിയ കമ്പനികളായാലും ഉടമകൾ ബ്രാഹ്മണരും ബനിയകളുമാണെന്ന് ചുരുക്കം.

സംവരണം സ്വകാര്യ മേഖലയിൽ
ഈ പരിസരത്തിലാണ് 2004-ൽ അധികാരത്തിലെത്തിയ മൻമോഹൻ സിങ് സർക്കാർ സ്വകാര്യ മേഖലയിൽ സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ഇടതുപാർട്ടികൾ കൂടി അംഗങ്ങളായിരുന്ന യു.പി.എയുടെ പൊതു മിനിമം പരിപാടകിളിൽ ഈ അജണ്ടയുമുണ്ടായിരുന്നു എന്നത് ഇപ്പോൾ എത്ര പേർ ഓർക്കുന്നുണ്ടെന്നറിയില്ല. പല വേദികളിലും ആ ദിനങ്ങളിൽ മൻമോഹൻ സിങ് ആവർത്തിച്ചു പറഞ്ഞ ഒരു സംഗതി സ്വകാര്യ മേഖലയിലെ തൊഴില് ഇടങ്ങളില് പാർശ്വവത്കരിക്കപ്പെട്ടവരുടെ സാന്നിദ്ധ്യം കൂടണമെന്നായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ അംബദ്കറിനു ശേഷം സവിശേഷമായൊരു സ്ഥാനം നിലനിർത്തിയ ദളിത് നേതാവ് ജഗ്ജീവൻ റാമിന്റെ മകൾ മീര കുമാറായിരുന്നു അന്ന് സാമൂഹ്യ-നീതി മന്ത്രി. സ്വകാര്യ മേഖലയിൽ സംവരണം വരിക തന്നെ ചെയ്യുമെന്നാണ് അന്ന് മീര കുമാർ പറഞ്ഞത്.
പണ്ട് സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും സ്വാധീനത്തിൽ ഇന്ദിര ഗാന്ധി സർക്കാർ പ്രിവിപഴ്സ് നിർത്തലാക്കിയതും ബാങ്കുകൾ ദേശസാൽക്കരിച്ചതും ഓർമ്മയിലുള്ള ഇന്ത്യയിലെ വ്യവസായ മേധാവികൾ മൻമോഹൻ സിങ്ങിന്റെ നിലപാടിൽ വലിയൊരു അപകടം മണത്തു. മെറിറ്റിനെ അട്ടിമറിക്കലാണ് സംവരണമെന്നും അതോടെ സ്വകാര്യ മേഖല തകർന്ന് കുത്തുപാളയെടുക്കും എന്നുമുള്ള രോദനങ്ങളും വിലാപങ്ങളുമായി രാജ്യത്തെ വ്യവസായ ഭീമന്മാർ രംഗത്തിറങ്ങി. മൻമോഹൻ സർക്കാരിന്റെ നീക്കം മുളയിലേ നുള്ളുന്നതിന് ഇക്കൂട്ടർ മുന്നോട്ടുവെച്ച ഒരു സമവാക്യം അമേരിക്കയിലെപ്പോലെ 'affirmative action' (സ്വകാര്യ മേഖലയിൽ വിദ്യാഭ്യാസ, തൊഴിൽ ഇടങ്ങളിൽ കറുത്ത വർഗ്ഗക്കാരുടെ ആനുപാതിക സാന്നിദ്ധ്യം ഉറപ്പു വരുത്തുന്ന നടപടി) എടുക്കാൻ തങ്ങളും തയ്യാറാണെന്നായിരുന്നു.
ഇന്ത്യയിലെ 218 മുൻ നിര കോർപറേറ്റ് കമ്പനികൾ 2004 നവംബർ പതിനെട്ടിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഒരു കത്ത് കൈമാറി. ഇന്ത്യയിൽ അഫർമേറ്റിവ് ആക്ഷന് തങ്ങൾ നടപടി എടുക്കുമെന്നും അതുകൊണ്ടു തന്നെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കത്തിന്റെ ചുരുക്കം. അതോടെ മൻമോഹൻ സിങ് സർക്കാർ തങ്ങളുടെ അജണ്ടയിൽനിന്നു പിന്മാറി. 19 വർഷം പിന്നിടുമ്പോൾ അന്ന് കത്തിൽ ഒപ്പിട്ട 218 കമ്പനികളിൽ ഏതിലെങ്കിലും പിന്നാക്ക വിഭാഗങ്ങളുടെ സാന്നിദ്ധ്യം കൂടിയിട്ടുണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. ഈ കത്തിനെ പിന്തുടരാൻ മോദി സർക്കാർ തയ്യാറായാൽ ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരുടെ തനിനിറം പുറത്തുവരും. ഇന്ത്യയിലെ തൊഴിൽ മേഖലയിൽ 93 ശതമാനവും അസംഘടിതമാണ്. ഏഴു ശതമാനം മാത്രമാണ് സംഘടിത തൊഴിൽ മേഖല. അതിൽ തന്നെ മൂന്ന് ശതമാനം സ്വകാര്യ മേഖലയിലാണ്. അതായത് നൂറ് തൊഴിലുകളിൽ നാല് തൊഴിലുകൾ മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി തൊണ്ണൂറ്റി ആറിലും സുപ്രധാന ജോലികൾ കൈയ്യടക്കുന്നത് സവർണ്ണരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമാണ്. പൊതുമേഖലയിലുള്ള തൊഴിലുകളാണെങ്കിൽ ഒന്നൊന്നായി കുറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
സംവരണം മെറിറ്റിനെ അട്ടിമറിക്കുമെന്നത് എത്ര മാത്രം അസത്യമാണെന്ന് ഇന്നിപ്പോൾ നമുക്കറിയാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംവരണമുള്ള സംസ്ഥാനമാണ് തമിഴ്നാട്. പൊതുമേഖലയിൽ വിദ്യാഭ്യാസ, തൊഴിൽ ഇടങ്ങളിൽ 69% സീറ്റുകളും എസ്.സി., എസ്.ടി. അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന സംസ്ഥാനം. ടി.സി.എസ്., ഇൻഫോസിസ്, വിപ്രൊ തുടങ്ങിയ പ്രമുഖ ഐ.ടി. കമ്പനികളിൽ ജോലിചെയ്യുന്നവരിൽ വലിയൊരു ശതമാനം തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്ന ബിരുദധാരികളാണെന്ന ഒരൊറ്റ വസ്തുത മതി സംവരണം മെറിറ്റിനെ തകർക്കുമെന്ന വാദത്തിന്റെ ഉള്ളുപൊളിക്കാൻ. മെറിറ്റ് വാദികളുടെ കാപട്യം വെളിപ്പെട്ട മറ്റൊരു സന്ദർഭം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നോക്കക്കാർക്കുള്ള സംവരണം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്തപ്പോഴാണ്. അതുവരെ സംവരണം ചതുർത്ഥിയായിരുന്നവർ പൊടുന്നനെ സംവരണത്തിന്റെ ആരാധകരായി.
ദാരിദ്ര്യവും ജാതിയും

ദാരിദ്ര്യമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജാതി എന്നാണ് പ്രധാനമന്ത്രി മോദി അടുത്തിടെ പറഞ്ഞത്. കേൾക്കുമ്പോൾ ഇതൊരു ഗംഭീര പ്രസ്താവനയാണെന്ന് തോന്നും. എന്നാൽ, ദാരിദ്ര്യം സൃഷ്ടിക്കുന്നതിൽ ജാതിക്കുള്ള പങ്ക് മനസ്സിലാക്കുമ്പോഴാണ് ഈ പ്രസ്താവനയിലെ ചെമ്പ് പുറത്തുവരിക. വിവിധ മേഖലകളിലെ തൊഴിലുകൾക്ക് ഏറ്റവും കൂടുതൽ വൈദഗ്ധ്യം സമ്പാദിക്കുന്നത് ജാതിപരമായി മുന്നിൽ നിൽക്കുന്നവരാണ്. ശാരീരിക അദ്ധ്വാനം ആവശ്യമുള്ള തൊഴിലുകൾക്ക് വേതനം കുറച്ചുകൊടുത്തുകൊണ്ടാണ് വരേണ്യവർഗക്കാർ പിന്നാക്ക വിഭാഗങ്ങളെ ദാരിദ്ര്യത്തിലും പട്ടിണിയിലും തളച്ചിടുന്നത്. ഒരു ഫാക്ടറിയിൽ ശരിക്കുള്ള പണി ചെയ്യുന്നവർ താഴെ തട്ടിലുള്ള തൊഴിലാളികളായിരിക്കും. പക്ഷേ, അവർക്കായിരിക്കും ശമ്പളവും മറ്റാനുകൂല്യങ്ങളും ഏറ്റവും കുറവ്.
കേരളത്തിൽനിന്നു വിദേശത്ത് പോയി പഠിക്കുന്ന വിദ്യാർത്ഥികളിൽ എത്രപേർ ദളിത് സമുദായത്തിൽ നിന്നുള്ളവരാണെന്നുള്ള കണക്കെടുത്താൽ എങ്ങിനെയാണ് വരേണ്യ വിഭാഗക്കാർ വിദ്യാഭ്യാസ മേഖലയിൽ അവരുടെ അധീശത്വം തുടരുന്നതെന്ന് വ്യക്തമാവും. വായ്പ കിട്ടണമെങ്കിൽ ബാങ്കുകൾക്ക് ഈട് നൽകണം. സ്വന്തമായി ഭൂമിയില്ലാത്തവർ എന്താണ് ഈടായി നൽകുക? ജീവനുള്ള അവകാശം പോലെ സ്വത്തിനുള്ള അവകാശവും മൗലികാവകാശമാക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ജാതി ഇന്ത്യയോട് ചെയ്യുന്നതെന്താണെന്ന് എത്രയോ വ്യക്തവും സമഗ്രവുമായാണ് 1936-ൽ ബിആർ അംബദ്കർ 'ജാതിയുടെ ഉന്മൂലനം' എന്ന പ്രബന്ധത്തിൽ എഴുതിയത്. ലാഹോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജട്- പട്- തൊടക്ക് മണ്ഡൽ എന്ന ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വാർഷിക യോഗത്തിൽ ആ വർഷം അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്നത് അംബദ്കറാണ്. അദ്ധ്യക്ഷ പ്രസംഗം നേരത്തെ തന്നെ തയ്യാറാക്കി അംബദ്കർ സംഘടനയുടെ ഭാരവാഹികൾക്ക് അയച്ചുകൊടുത്തു. ഹിന്ദു മതത്തിനെതിരെ നിശിതവിമർശമാണ് പ്രസംഗത്തിൽ അംബദ്കർ ഉന്നയിച്ചത്. ഈ വിമർശം ഒഴിവാക്കണമെന്ന് ഭാരവാഹികൾ അംബദ്കറോട് ആവശ്യപ്പെട്ടു. ഒരു കോമ പോലും മാറ്റില്ലെന്നായിരുന്നു അംബ്ദകറുടെ മറുപടി. ഒടുവിൽ യോഗം തന്നെ മാറ്റിവെയ്ക്കപ്പെട്ടു. അംബ്ദകർ സ്വന്തം നിലയ്ക്ക് തന്റെ പ്രസംഗം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. അംബ്ദകറുടെ നിലപാടുകളെ വിമർശിച്ച ഗാന്ധിജി പറഞ്ഞത് അംബദ്കറുടെ പ്രസംഗം തിരുത്തണമെന്നാവശ്യപ്പെട്ട ഭാരവാഹികളുടെ നടപടികൾ ശരിയല്ലെന്നാണ്. പറയാനുള്ള കാര്യങ്ങൾ പറയാനുള്ള അംബ്ദ്കറുടെ സ്വാതന്ത്ര്യത്തിനൊപ്പമാണ് താനെന്നാണ് ഗാന്ധിജി പറഞ്ഞത്.
അംബ്ദകറുടെ ഏറ്റവും മഹത്തായ കൃതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജാതിയുടെ ഉന്മൂലന'ത്തിൽനിന്നുള്ള ഒരു ഭാഗം ഇവിടെ എടുത്തുകൊടുക്കുകയാണ്: ''വെറുതെ പയ്യാരം പറയുന്നതിൽ അർത്ഥമില്ല. വേദങ്ങളും ശാസ്ത്രങ്ങളും ജനങ്ങൾ എങ്ങിനെയാണ് മനസ്സിലാക്കുന്നത് എന്നതിലാണ് കാര്യം. ബുദ്ധൻ എടുത്ത സമിപനമാണ് നിങ്ങൾ എടുക്കേണ്ടത്. ഗുരു നാനാക്ക് എടുത്ത സമീപനമാണ് നിങ്ങൾ എടുക്കേണ്ടത്. നിങ്ങൾ വേദങ്ങളും ശാസ്ത്രങ്ങളും അവഗണിച്ചാൽ മാത്രം പോര, ബുദ്ധനും നാനാക്കും ചെയ്തതുപോലെ അവയുടെ ആധികാരികത തകർക്കാൻ നിങ്ങൾക്കാവണം.നിങ്ങളുടെ മതത്തിലാണ് പ്രശ്നമെന്ന് ഹിന്ദുക്കളോട് പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാവണം- ജാതിയെ ന്യായീകരിക്കുന്ന നിലപാട് സൃഷ്ടിക്കുന്ന മതമാണ് പ്രശ്നം. ജാതിക്ക് ദൈവികതയുടെ അടിസ്ഥാനമുണ്ട്. ഈ അടിസ്ഥാനമാണ് തകർക്കപ്പെടേണ്ടത്. ആത്യന്തികമായി ശാസ്ത്രങ്ങളുടെയും വേദങ്ങളുടെയും ആധികാരികത തകർക്കപ്പെടണമെന്നർത്ഥം.''
ഇതിനുള്ള നീക്കം ബ്രാഹ്മണരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കരുതെന്ന് അംബദ്കർ പറയുന്നുണ്ട്. ബ്രാഹ്മണരുടെ കാലുകൾ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് ദളിതരുടെ മേലാണ്. ദളിതർ ഇളകിയാൽ ബ്രാഹ്മണ്യം തകരും. അതുകൊണ്ട് തന്നെ ഇത്തരമൊരു ഇളക്കലിന് ബ്രാഹ്മണർ തയ്യാറാവില്ല. ''പോപ്പിന് വിപ്ലവകാരിയാവാനാവിന്നെന്ന് പറയുന്നത് പോലെയാണിത്. വിപ്ലവകാരിയായ ഒരാൾ പോപ്പാവില്ല. പോപ്പാവുന്ന ഒരാൾക്ക് വിപ്ലവകാരായുമാവാനാവില്ല. ജാതി തകർക്കുന്നതിന് ഒരു ബ്രാഹ്മണൻ മുന്നിട്ടിറങ്ങുമെന്ന് കരുതുന്നത് നീലക്കണ്ണുകളുള്ള കുട്ടികളെ കൊല്ലണമെന്ന നിയമം ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കുമെന്ന് കരുതുന്നത് പോലെയാണ്.''
ജാതിയുടെ ഉന്മൂലനത്തിന് അംബദ്കർ മുന്നോട്ടുവെയ്ക്കുന്ന ഒരു വഴി മിശ്രവിവാഹമാണ്. രക്തം രക്തത്തോട് കലരുമ്പോഴാണ് ജാതിയുടെ വേരുകൾ അറുത്തുമാറ്റപ്പെടുക്കയെന്ന് അംബദ്കർ പറയുന്നു. രണ്ട് ജാതിയിൽപ്പെടുന്നവർ വിവാഹിതരാവുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് സമൂഹമാണെന്ന് സൂരജ് യെങ്ഡെപറയുന്നുണ്ട്. ''അവരെ സംരക്ഷിക്കൂ, അവരെ പിന്തുണയ്ക്കൂ'' എന്നാണ് സൂരജ് പറയുന്നത്. പണമില്ലെങ്കിലും വലിയ വീടില്ലെങ്കിലും ബ്രാഹ്മണനായി ജനിച്ചു എന്ന ആനുകൂല്യം താൻ എപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമ്മതിക്കുന്നതും ഇതേ പരിസരത്തിലാണ് കാണേണ്ടത്.

ഇന്ത്യ നേരിടുന്ന വൈരുദ്ധ്യം
ഇന്ത്യയിൽ ചെറിയൊരു വിഭാഗം സൂപ്പർ റിച്ച് ആവുന്നതിന് പിന്നിൽ ജാതിയുടെ പങ്ക് നിസ്തുലവും നിർണ്ണായകവുമാണ്. ഭരണകൂടത്തിന്റെ മുകളിൽ പിന്നാക്ക വിഭാഗക്കാർ എത്തുമ്പോഴും സമ്പദ്ഘടനയിൽ വരേണ്യ വർഗ്ഗത്തിന്റെ അധീശത്വം തുടരുന്നുവെന്ന വൈരുദ്ധ്യവും സമകാലിക ഭാരതത്തിലുണ്ട്. എക്സിക്യൂട്ടിവിന്റെ തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗക്കാരനാണ്. രാഷ്ട്രത്തിന്റെ തലപ്പത്തുള്ള പ്രസിഡന്റ് ദ്രൗപദി മുർമു ആദിവാസി വിഭാഗത്തിൽ നിന്നാണ് വരുന്നത്. പക്ഷേ, ഭരണകൂടത്തിന്റെ സുപ്രധാന ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ.) ഇപ്പോഴും വരേണ്യവിഭാഗത്തിന്റെ മേധാവിത്വം തുടരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും 1972 ബാച്ച് ഐ.എ.എസ്. ഓഫീസറുമായ പ്രമോദ് കുമാർ മിശ്ര എന്ന പി.കെ. മിശ്രയിൽനിന്നു തുടങ്ങുന്ന വരേണ്യതയാണിത്. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലി 'ഹിന്ദുത്വ' ആണെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിനോട് എന്തെങ്കിലും വിയോജിപ്പ് എപ്പോഴെങ്കിലും പി.എം.ഒയിൽ നിന്നുയർന്നിട്ടുള്ളതായി അറിവില്ല.
ഹിന്ദുത്വയും കോർപറേറ്റുകളും കൈകോർത്ത് നീങ്ങുന്ന ഇന്ത്യയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ ദർശനത്തിന്റെ അടയാളമെന്ന് പ്രഭാത് പട്നായിക്ക് വിമർശിക്കുന്നത് വെറുതെയല്ല. 2019-ൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്നു 22 ശതമാനമായി വെട്ടിക്കുറച്ച മോദി സർക്കാരിന്റെ നടപടി പ്രത്യയശാസ്ത്രപരം കൂടിയായിരുന്നുവെന്ന് പറയേണ്ടി വരും. ഒക്സ്ഫാം ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യൻ ജനതയുടെ വരേണ്യ വിഭാഗക്കാരായ 10 ശതമാനത്തിന്റെ കയ്യിലാണ് ഇന്ത്യയുടെ സമ്പത്തിന്റെ 77 ശതമാനവും ഉള്ളതെന്നാണ്. 119 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ പത്ത് കൊല്ലത്തിൽ ഇവരുടെ സ്വത്തിലുണ്ടായ വർദ്ധന പത്ത് മടങ്ങാണ്. യൂണിയൻ ബജറ്റിനേക്കാൾ അധികമാണ് ഇവരുടെ മൊത്തം ആസ്തി. ഗ്രാമീണ ഇന്ത്യയിൽ മിനിമം കൂലിക്ക് തൊഴിലെടുക്കുന്ന ഒരാൾക്ക് ഇന്ത്യയിലെ ഒരു മുൻനിര കോർപറേറ്റ് സി.ഇ.ഒയ്ക്ക് ഒരു വർഷം കിട്ടുന്ന ശമ്പളം കിട്ടണമെങ്കിൽ ആ മനുഷ്യൻ 941 കൊല്ലം പണിയെടുക്കേണ്ടി വരും.
ഇതാണ് ഇന്ത്യ ഇന്ന് നേരിടുന്ന അസമത്വം. ഈ അസമത്വത്തിന്റെ അടിത്തറ ജാതിയിലാണെന്നാണ് 2023-ൽ നിന്നുകൊണ്ട് സ്വാമിനാഥൻ അയ്യർ പറയുന്നത്. നാൾക്കു നാൾ തൊഴിലില്ലായ്മ കൂടിക്കൊണ്ടിരിക്കെ ഇന്ത്യൻ ജനത കൂടുതൽ കൂടുതലായി അസമത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങാനുള്ള സാദ്ധ്യതയാണ് മുന്നിൽ തെളിയുന്നത്. കോർപറേറ്റ് നികുതി വർദ്ധിപ്പിച്ചുകൊണ്ടും വെൽത്ത് ടാക്സ് പുനഃസ്ഥാപിച്ചുകൊണ്ടും മാത്രമേ ഇതിനെ നേരിടാനാവുകയുള്ളു. അമിതമായി പണം സമാഹരിക്കുന്നവർ അതിൽനിന്നൊരു ഭാഗം സമൂഹത്തിലെ അസമത്വം ഇല്ലാതാക്കാനായി പങ്ക്വെയ്ക്കണം. സ്വമേധയാ ഇതിന് ഇക്കൂട്ടർ തയ്യാറാവില്ല. അപ്പോൾ പിന്നെ നിയമ നിർമ്മാണം മാത്രമാണ് പോംവഴി. സ്വകാര്യ മേഖലയിൽ സംവരണം എന്ന ആശയം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ പ്രതിപക്ഷ കക്ഷികളുടെ മുന്നണിയായ 'ഇന്ത്യ' തയ്യാറായാൽ അത് അതിൽ തന്നെ വിപ്ലവകരമായിരിക്കും എന്നതിൽ സംശയമില്ല.
വഴിയിൽ കേട്ടത്: ഉത്തരകാശിയിൽ ടണൽ നിർമ്മാണത്തിനിടയിൽ ഭൂമിക്കടിയിൽ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്തി. എല്ലാ വിധത്തിലും അഭിനന്ദനമർഹിക്കുന്ന ദൗത്യം. പക്ഷേ, ഇതിനിടയിൽ വിട്ടുപോകാതെ ചോദിക്കേണ്ട ചോദ്യം, ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്നതാണ്. പരിസ്ഥിതി ദുർബ്ബലമായ ഈ ഭാഗത്ത് റോഡിന് 5.5 മീറ്ററിൽ കൂടുതൽ വീതിയുണ്ടാവരുതെന്ന വിദഗ്ധ സമിതി നിർദ്ദേശം കാറ്റിൽ പറത്തുന്നതിന് നിർബ്ബന്ധം പിടിച്ച കേന്ദ്ര സർക്കാരിന് ഈ ദുരന്തത്തിൽനിന്ന് കൈകഴുകി മാറി നിൽക്കാനാവുമോ?
Content Highlights: World Hunger Index, India, Nepal, Bangladesh, Caste System, Vazhipokkan
Published: 30 Nov 2023, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented