ഏഴ് കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 20-ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: ''സഖാവ് വി.എസ്. അച്ച്യുതാനന്ദൻ കേരളത്തിലെ ഫിദൽ കാസ്ട്രൊയാണ്. ഫിദലിനെപ്പോലെ വി.എസും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.'' പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു യെച്ചൂരിയുടെ തൊട്ടടുത്ത്. 2016-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ മുന്നിൽനിന്നു നയിച്ചത് വി.എസ്. ആയിരുന്നു. ഒരിക്കൽകൂടി മുഖ്യമന്ത്രി പദം വി.എസിന് കിട്ടിയേക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. അതിനുള്ള മറുപടിയിലാണ് ഫിദലിലേക്ക് യെച്ചൂരി വിരൽചൂണ്ടിയത്. 

To advertise here,

വി.എസിനെ ഫിദലുമായി താരതമ്യം ചെയ്യുമ്പോള്‍ യെച്ചൂരിയുടെ മുഖത്ത് ഒരു കൂസൃതിച്ചിരിയുണ്ടായിരുന്നു. വി.എസിനേക്കാൾ മൂന്ന് വയസ്സ് ഇളയതാണ് ഫിദൽ. 1923-ലാണ് വി.എസിന്റെ ജനനം. ഫിദൽ ഈ ഭൂമിയിലേക്ക് വന്നത് 1926-ലും. ഈയൊരു സമകാലികത ഒഴിച്ചുനിർത്തിയാൽ വി.എസിനും ഫിദലിനും ഇടയിൽ സമാനതകളില്ല എന്ന യാഥാർത്ഥ്യം ഉള്ളിൽ കിടന്ന് തികട്ടിയതുകൊണ്ടാവണം യെച്ചൂരിയുടെ മുഖത്ത് ആ കുസൃതിച്ചിരി വിരിഞ്ഞത്. ക്യൂബയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഫിദൽ. പാർട്ടിയിലും മരണംവരെ ഫിദലിന് അനിഷേദ്ധ്യ സ്ഥാനമുണ്ടായിരുന്നു. അതായിരുന്നില്ല വി.എസിന്റെ അവസ്ഥ. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും തന്റെ പാർട്ടിയായ സി.പി.എമ്മിൽ വി.എസ്. എല്ലാ അർത്ഥത്തിലും പ്രതിപക്ഷത്തായിരുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം. തീരുമാനിച്ചതോടെ വി.എസ്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഉപയോഗം കഴിഞ്ഞ ഒരു അൽഗൊരിതമാവുകയും ചെയ്തു.

ഈ ഒക്ടോബർ 20-ന് വി.എസിന് നൂറ് തികയുകയാണ്. 1964-ൽ സി.പി.ഐ. കേന്ദ്ര സമിതി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സി.പി.എമ്മിന് രൂപം നൽകിയ 32 പേരിൽ ഇന്നിപ്പോൾ വി.എസും തമിഴ്നാട്ടുകാരൻ എൻ.ശങ്കരയ്യയുമാണ് ജീവിച്ചിരിക്കുന്ന രണ്ട് പേർ. 102-കാരനായ ശങ്കരയ്യ ഇപ്പോൾ ചെന്നൈയിൽ വിശ്രമജീവിതത്തിലാണ്. ഓട്ടം ഒഫ് ദ പേട്രിയാർക്ക് (കുലപതിയുടെ ശിശിരകാലം) എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർക്വെസിന്റെ ഒരു രചനയുണ്ട്. മരങ്ങൾക്കെന്നപോലെ മനുഷ്യർക്കും ഇല കൊഴിയും കാലമുണ്ട്. ആ അർത്ഥത്തിൽ വി.എസിന് ഇത് ശിശിരകാലമാണ്. മരങ്ങൾക്ക്  തുടർച്ചയുണ്ട്. ഒരു മരവും അങ്ങിനെയങ്ങ് വംശനാശത്തിന് ഇരയാവാറില്ല. സി.പി.എം. എന്ന പാർട്ടിയിൽ പക്ഷേ, വി.എസിന് തുടർച്ചയുണ്ടോ എന്നത് ഈ ഘട്ടത്തിൽ അനിവാര്യമായും ചോദിക്കപ്പെടേണ്ട ചോദ്യമാണ്.

placeholder
വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: പി.പി. രതീഷ്\മാതൃഭൂമി

പരാജയങ്ങൾ ഭക്ഷിക്കുന്നവർ

എതിര് എന്ന് പേരിട്ടിട്ടുള്ള ആത്മകഥയിൽ പ്രൊഫസർ എം. കുഞ്ഞാമൻ വി.എസിനെക്കുറിച്ച് പറയുന്ന ശ്രദ്ധേയമായ വാക്യമുണ്ട്. കേരള സർവ്വകലാശാലയിലെ അദ്ധ്യാപകജോലി വിട്ട് കുഞ്ഞാമൻ തുൽജാപ്പൂരിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ ചേരാൻ തീരുമാനിച്ച സമയം. തുൽജാപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുഞ്ഞാമൻ അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കാണാൻ സെക്രട്ടറിയേറ്റിലേക്ക് പോകുന്നു. ഇനി കുഞ്ഞാമന്റെ വാക്കുകളിലേക്ക്: ''അവിടെ വി.എസ്. ഇരിക്കുന്നു, നമ്മളെപ്പോലെ ഒരാളായിട്ട്.''  ഈ വാക്യത്തിൽ വി.എസിന്റെ ആകത്തുകയുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും നേതാവും വി.എസ്. ആകുന്നതെങ്ങിനെയെന്ന് കുഞ്ഞാമൻ പറയുന്നത് വളച്ചുകെട്ടുകളില്ലാതെയാണ്. 

മറ്റൊരു സംഭാഷണത്തിൽ വി.എസിനെക്കുറിച്ചുള്ള ഈ നിരീക്ഷണം കുഞ്ഞാമൻ വികസിപ്പിക്കുകയുണ്ടായി: ''വി.എസിനെക്കുറിച്ച് പറയുമ്പോൾ അധികാരം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതൊരു തരം ' organic, moral force' ആയിരുന്നു. ധാർമ്മികതയുടെ പിൻബലമാണത്. മുട്ട പുറമെനിന്ന് പൊട്ടുമ്പോൾ ഒരു ജീവന്റെ മരണമാണെന്നും ഉള്ളിൽനിന്ന് പൊട്ടുമ്പോൾ അതൊരു ജീവന്റെ പിറവിയാണെന്നും പറയാറില്ലേ! അധികാരം വി.എസിന് അങ്ങിനെയായിരുന്നു. ജനങ്ങളെ തന്നിൽനിന്ന് അകറ്റാനല്ല അടുപ്പിക്കാനുള്ള ഉപാധിയായിരുന്നു വി.എസിന് അധികാരം.

പരാജയങ്ങൾ ഭക്ഷിച്ച മനുഷ്യൻ എന്നാണ് എം.എൻ. വിജയൻ വി.എസിനെക്കുറിച്ച് പറഞ്ഞത്. നാലാമത്തെ വയസ്സിലാണ് വി.എസിന് അമ്മയെ നഷ്ടപ്പെട്ടത്. വസൂരി പിടിച്ചായിരുന്നു അമ്മയുടെ മരണം. അന്ന് വസൂരിക്ക് ചികിത്സയില്ല. വസൂരി ബാധിതരെ  ഒരു കുടിലിലേക്ക് മാറ്റും. അവിടെ അവർ മരണം കാത്ത് കിടക്കും. ഒരു തോടിനപ്പുറത്തുള്ള കുടിലിൽ തനിച്ചു കഴിയുന്ന അമ്മ ജനലയുടെ പഴുതിലൂടെ ഇങ്ങേക്കരയിൽ നിൽക്കുന്ന തന്നെ ഉറ്റുനോക്കാറുണ്ടായിരുന്നതിനെക്കുറിച്ച് വി.എസ്. എഴുതിയിട്ടുണ്ട്. വി.എസിനെ എക്കാലത്തും പിന്തുടരുന്ന ഓർമ്മയാണത്. പിതാവും മരിച്ചതോടെ പതിനൊന്നാമത്തെ വയസ്സിൽ വി.എസിന് പഠനം അവസാനിപ്പിക്കേണ്ടി വന്നു. 

പിന്നീടങ്ങോട്ട് ജീവിതം തന്നെയായിരുന്നു വി.എസിന്റെ സ്‌കൂളും സർവ്വകലാശാലയും. വിജയങ്ങളേക്കാളുപരി പരാജയങ്ങളാണ് വി.എസിനെ നിർവ്വച്ചിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നതെന്ന് പറയേണ്ടിവരും. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നേരിടേണ്ടി വന്ന പരാജയവും മൂന്നാറിലെ ഭൂമിക്കയ്യേറ്റങ്ങൾക്കെതിരെ നടത്തിയ ഓപ്പറേഷനിലുണ്ടായ തിരിച്ചടിയുമൊക്കെ മാറ്റിവെച്ചുകൊണ്ട് വി.എസിന്റെ രാഷ്ട്രീയ ജീവിതരേഖ പൂർത്തിയാക്കാനാവില്ല.  

ഈ പരാജയങ്ങളുടെ കണ്ണിയിലാണ് പോളിറ്റ് ബ്യൂറോയിൽനിന്നുള്ള വി.എസിന്റെ പുറത്താക്കപ്പെടലും ഇടം പിടിക്കുന്നത്. കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നതുപോലെ ഈ പരാജയങ്ങൾ ഒരർത്ഥത്തിൽ വിജയങ്ങളാണ്. വി.എസ്.  എന്തിന് വേണ്ടി നിലകൊള്ളുന്നുവോ ആ ആശയങ്ങളുടെ വിജയമാണ് ഈ തിരിച്ചടികളിലുള്ളത്. വി.എസ്. കേരളത്തിന്റെ ഫിദൽ കാസ്ട്രൊ ആണെന്ന യെച്ചൂരിയുടെ നിരീക്ഷണം അസംബന്ധമായ തമാശയാകുന്നതും ഈ പരിസരത്തിലാണ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നശീകരണത്തിനുമിടയിൽ പ്രകൃതി നേരിടുന്ന സംഘർഷങ്ങളിലൂടെ കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നാളുകളാണിത്. 2018-ലെയും 19-ലെയും 21-ലെയും മഴക്കെടുതികൾ വാസ്തവത്തിൽ നമ്മളെ ഓർമ്മിപ്പിക്കേണ്ടത് മാധവ് ഗാഡ്ഗിലിനെ മാത്രമല്ല; വി.എസ്. മുന്നോട്ടുവെച്ച പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

placeholder
വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: ശ്രീകേഷ്\മാതൃഭൂമി

കരിമണൽ ലോബിയുടെ ഡയറിയിൽ ഇല്ലാത്ത പേര്

ദുർബ്ബലർക്കൊപ്പം നിലയുറപ്പിക്കുന്ന രാഷ്ട്രീയമാണത്. അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടി ഉയരുന്ന ശബ്ദമാണത്.  സൈലന്റ്വാലി പ്രക്ഷോഭത്തിന്റെ നാളുകളിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായർ പറഞ്ഞത് '' Ecology is a luxury for keralites'' എന്നായിരുന്നു. സൈലന്റ്വാലിയിൽ വെളിപ്പെട്ടത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിരക്ഷരതയായിരുന്നു.  ഇ.എം.എസ്. പോലും ഈ പ്രതിസന്ധിയുടെ ചുഴിയിൽ അകപ്പെട്ടു. ഇന്ദിര ഗാന്ധി എന്ന ഒരൊറ്റ നേതാവാണ് സൈലന്റ്വാലിയിൽ ഇതിനെല്ലാം അപവാദമായത്. ഇന്ദിരയുടെ ഉറച്ച നിലപാടാണ് സൈലന്റ്വാലിയെ ആത്യന്തികമായി  രക്ഷിച്ചെടുത്തത് എന്നു പറയാൻ ഒരു മടിയും കാട്ടേണ്ട കാര്യമില്ല. 

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പിറവിയോടെ കേരളത്തിൽ ഈ വഴിയിലൂടെ നടന്ന ഒരു നേതാവുണ്ടെങ്കിൽ അത് വി.എസാണ്. പരിസ്ഥിതി പ്രശ്നങ്ങൾ വി.എസ്. എറ്റെടുത്തതുപോലെ കേരളത്തിലെ മറ്റൊരു രാഷ്ട്രീയനേതാവും ഏറ്റെടുത്തിട്ടില്ല. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യനെ ചൂഷണം ചെയ്യുന്നതു തന്നെയാണെന്ന തിരിച്ചറിവിന്റെ ഉൾവെളിച്ചത്തിലാണ് വി.എസ്. ഈ നിലപാടുകളിലേക്കെത്തിയത്. 2016-ൽ അധികാരത്തലെത്തിയതിന് തൊട്ടുപിന്നാലെ പിണറായി വിജയൻ സർക്കാർ എടുത്ത നടപടികളിലൊന്ന് ക്വാറികൾ യഥേഷ്ടം അനുവദിക്കലായിരുന്നു. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് നിലവിൽ 5,924 ക്വാറികളുണ്ടെന്നാണറിയുന്നത്. ഇവയിൽ പലതും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. 2018-ലെ പ്രളയത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 223 ക്വാറികൾക്കാണ് പെർമിറ്റ് നൽകിയത്. വി.എസിനെപോലൊരു നേതാവ് പാർട്ടിക്കും ഭരണകൂടത്തിനും അനഭിമതനാകുന്നത് എന്തുകൊണ്ടാണെന്ന് ഈ ക്വാറികൾ പറഞ്ഞുതരും.

ഒരു മാഫിയ സംഘത്തിനും വി.എസിനെ വശപ്പെടുത്താനോ പ്രലോഭിപ്പിക്കാനോ ആയിട്ടില്ല. മുഖ്യമന്ത്രിയായിരിക്കെ വിയർത്തൊലിച്ച് കസേരയിൽ ഇരിക്കുന്ന വി.എസിനെ കുഞ്ഞാമൻ ഓർക്കുന്നുണ്ട്. അധികാരം കൊണ്ടുവരുന്ന സുഖകരമായ തണുപ്പിലേക്ക് വീണുപോയില്ല എന്നത് വി.എസിനെ തീർച്ചയായും അടയാളപ്പെടുത്തുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്കും ആർ. ബാലകൃഷ്ണ പിള്ളയ്ക്കും എതിരെയുള്ള വി.എസിന്റെ നിയമ പോരാട്ടങ്ങൾ സി.പി.എം. എത്രമാത്രം ഏറ്റെടുത്തു എന്ന ചോദ്യം അടിസ്ഥാനപരമായി ധാർമ്മികമായ ചോദ്യമാവുന്നു. പിണറായിയുടെ രണ്ടാം മന്ത്രിസഭ നോക്കൂ. പിണറായിയും കെ. രാധാകൃഷ്ണനും ഒഴികെ സി.പി.എമ്മിൽനിന്നുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. പക്ഷേ, ഈ പുതുമുഖങ്ങളിൽ വിഎസ്സിന്റെ അനുയായികളോ ശിഷ്യരോ ഇല്ല. വിട്ടുവീഴ്ചകളുടെയും അനുരഞ്ജനങ്ങളുടെയും മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് വി.എസിന്റെ നിലപാടുകളുടെ പിന്തുടർച്ച അവകാശപ്പെടാനാവില്ല.

മാസപ്പടി വിവാദങ്ങൾ വി.എസിന്റെ പരിധിക്ക് പുറത്താണ്. കരിമണൽ ലോബിയുടെ ഡയറിയിൽ വി.എസ്. എന്ന ചുരുക്കപ്പേര് ഒരിക്കലും ഉണ്ടാവില്ല. പാർട്ടിയായാലും ഭരണകൂടമായാലും കോർപ്പറേറ്റുകളെ നിർത്തേണ്ടിടത്ത് നിർത്താൻ വി.എസിനറിയാമായിരുന്നു. ലീല ഹോട്ടൽ ഉടമ ക്യാപ്റ്റൻ കൃഷ്ണൻനായരുടെ ആതിഥ്യം സ്വീകരിക്കാത്ത രണ്ട് കേരള നേതാക്കൾ ഇ.എം.എസും വി.എസുമാണെന്ന ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിരീക്ഷണവും ഈ ഘട്ടത്തിൽ അനുസ്മരിക്കണം.  

ടെക്നൊപാർക്ക് സ്ഥാപക സി.ഇ.ഒ. ജി. വിജയരാഘവൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്ന ഒരു സംഭവമുണ്ട്. ഒരു മൾട്ടി നാഷനൽ കമ്പനി ടെക്നൊപാർക്കിൽ തങ്ങളുടെ ശാഖ തുറക്കാൻ തീരുമാനിക്കുന്നു. അവർക്ക് ഒരേയൊരു വ്യവസ്ഥയേയുള്ളു. കമ്പനിയിൽ പണിമുടക്കുണ്ടാവരുത്. എ.കെ. ആന്റണിയാണ് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. ഐ.ടി.ഐ. പാസ്സായ അയ്യായിരം പെൺകുട്ടികൾക്ക് തൊഴിൽ കിട്ടുന്ന പരിപാടിയാണെന്ന് കേട്ടപ്പോൾ ആന്റണി സമ്മതം മൂളി. പക്ഷേ, സി.പി.എം. സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാരെക്കൂടി കാണണമെന്ന് ആന്റണി വിജയരാഘവനോടും കൂട്ടരോടും പറഞ്ഞു.

എ.കെ.ജി. സെന്ററിൽ പോയി ഇ.കെ. നായനാരെ വിജയരാഘവനും കമ്പനി അധികൃതരും കാണുന്നു. ആയുഷ്‌കാലത്തേക്ക് മുഴുവൻ പറ്റില്ലെന്നും ഒരു പത്തു കൊല്ലത്തേക്ക് വേണമെങ്കിൽ നോക്കാമെന്നും നായനാർ നിലപാടെടുക്കുന്നു. ഒന്ന് വി.എസിനെക്കൂടി കണ്ട് സംസാരിക്കണമെന്നും നായനാർ വിജയരാഘവനോടും കൂടെയുള്ളവരോടും പറയുന്നു. വി.എസ്. അന്ന് പ്രതിപക്ഷ നേതാവാണ്. വിജയരാഘവനും സംഘവും വി.എസിനെ കാണുന്നു. സാധാരണ തൊഴിലാളികൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും നൽകാമെന്നും എന്നാൽ പണിമുടക്ക് മാത്രം പറ്റില്ലെന്നും കമ്പനി അധികൃതർ വി.എസിനോട് പറയുന്നു. വി.എസിന്റെ മറുപടി കൃത്യമായിരുന്നു. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം ആർക്കും അടിയറവ് വെയ്ക്കാനാവില്ല. അങ്ങിനെയൊരു നിർദ്ദേശത്തിന് വഴങ്ങുന്ന പ്രശ്നമേയില്ല. 

സീഗേറ്റ് എന്ന കമ്പനി ടെക്നൊപാർക്കിലേക്ക് വന്നില്ല. അവർ ചൈനയിലേക്ക് പോയെന്ന് വിജയരാഘവൻ പറയുന്നു. വി.എസിന്റെ കർശന നിലപാട് കേരളത്തിന്റെ വികസനത്തിന് വിഘാതമായെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടാവാം. പക്ഷേ, ഈ ലേഖകൻ അതിനെ കാണുന്നത് നിലപാടിലെ ബോദ്ധ്യവും സത്യസന്ധതയുമായാണ്. വെള്ളം ചേർക്കാത്ത നിലപാടാണത്. തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയും തൊഴിൽസമയം കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച് നീളുകയും തൊഴിൽനിയമങ്ങൾ വളച്ചൊടിക്കുകയും വേണ്ടിവന്നാൽ തകർക്കുകയും ചെയ്യുന്ന ഒരു കാലത്ത് വി.എസിന്റെ നിലപാട് കൂടുതൽ പ്രസക്തവും അർത്ഥപൂർണ്ണവുമാവുന്നു.

placeholder
വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: എ.കെ. ബിജുരാജ്\മാതൃഭൂമി

വി.എസ്. സജീവമായിരുന്നെങ്കിൽ

വി.എസ്. എക്കാലവും ഒരു തിരുത്തൽശക്തി ആയിരുന്നു. അതിപ്പോൾ പാർട്ടിക്കുള്ളിലായാലും ഭരണത്തിലായാലും തിരുത്തേണ്ട സന്ദർഭങ്ങളിൽ വി.എസ്. തിരുത്തുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിൽ വി.എസിന്റെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യുവിന്റെ ഒരു അഭിമുഖം കണ്ടു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജോസഫ് ആദ്യമായി എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തു. അതിന്റെ കാരണം പിണറായി വിജയൻ ആയിരുന്നില്ലെന്നും വി.എസ്. ആയിരുന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. ഇക്കാര്യം ജോസഫ് നേരിട്ട് വി.എസിനോട് പറയുകയും ചെയ്തു. ടി.പി. ചന്ദ്രശേഖരൻ വധം ഒരു പ്രാദേശിക വിഷയമാണെന്ന് ആ തിരഞ്ഞെടുപ്പുകാലത്ത് വി.എസ്. പറഞ്ഞതാണ് ജോസഫിനെ പ്രകോപിപ്പിച്ചത്. 

ടി.പി. വധം പ്രാദേശിക വിഷയം മാത്രമാണെന്ന നിലപാടിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ വി.എസ്. ജോസഫിനോട് പറഞ്ഞത് ഇതാണ്: '' ജോസഫ്, ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. അവിടെ ടി.പി. വധം ഒരു പ്രാദേശിക വിഷയമാണ്. നരേന്ദ്ര മോദിയെ ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് ജോസഫ് ഇപ്പോൾ ഇത് പറയുന്നത്. നിങ്ങളുടെ തലമുറ ശരിക്കും തല്ല് മേടിച്ചു കൂട്ടാൻ പോകുന്ന ദിവസങ്ങളാണ് വരുന്നത്.'' എന്തുമാത്രം ദീർഘദർശനത്തോടെയാണ് വി.എസ്. കാര്യങ്ങൾ കണ്ടതെന്ന് നമുക്ക് മനസ്സിലാകും. അത്രമാത്രം കൃത്യമായ രാഷ്ട്രീയ വായനയാണ് വി.എസ്. നടത്തിയത്. നരേന്ദ്ര മോദിയെക്കുറിച്ച് മാത്രമല്ല, എന്തിലും വി.എസിന്റെ രാഷ്ട്രീയവിശകലനങ്ങളുടെ തലം അപാരമായിരുന്നുവെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്.

വി.എസ്. സി.പി.എമ്മിൽ ഏറ്റവും അവസാനം ഒരു തിരുത്തൽശക്തിയായത് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. 2015-ൽ ആലപ്പുഴ സമ്മേളനത്തിൽ നിന്നുള്ള വി.എസിന്റെ ഇറങ്ങിപ്പോക്ക് രാഷ്ട്രീയ നിലപാടിന്റെ സുവ്യക്തമായ പ്രഖ്യാപനമായിരുന്നു. ആ നിലപാട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും 2016-ൽ സി.പി.എം. ഒരിക്കൽകൂടി വി.എസിലേക്ക് തിരിഞ്ഞു. ആ തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ മുന്നിൽനിന്ന് നയിച്ചത് വി.എസായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതോടെ പാർട്ടിക്ക് വി.എസ്. ഫിദൽ കാസ്ട്രൊ ആവുകയും കുലപതിയുടെ ശിശിരകാലം തുടങ്ങുകയും ചെയ്തു. 

ആദ്യ പിണറായി സർക്കാരിൽ ഭരണപരിഷ്‌കാര ചെയർമാൻ സ്ഥാനം ഏറ്റെടുത്തുകൊണ്ട് വി.എസ്. ആ ഒതുക്കലിന് വിധേയനാവുകയും ചെയ്തു. എന്തുകൊണ്ടാണ് അത്തരമൊരു മണ്ടത്തരത്തിന് വി.എസ്. വഴങ്ങിയതെന്ന് വ്യക്തമല്ല. ഇന്നിപ്പോൾ വി.എസ്. എല്ലാ അർത്ഥത്തിലും സജീവ രാഷ്ട്രീയത്തിന് പുറത്താണ്. ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വി.എസ്. കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിലും സജീവമായിരുന്നെങ്കിൽ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നൊന്ന് ആലോചിക്കാവുന്നതാണ്.

വി.എസ്. സി.പി.എമ്മിൽ പ്രബലമായ സാന്നിദ്ധ്യമായിട്ടുണ്ടായിരുന്നെങ്കിൽ കെ റെയിൽ ഇടതുപക്ഷ സർക്കാരിന്റെ അജണ്ടയാകുമായിരുന്നില്ല. കെ റെയിൽ പോലൊരു റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് വി.എസിന്റെ പച്ചക്കൊടി ഒരിക്കലും കിട്ടുമായിരുന്നില്ല. വി.എസ്. പാർട്ടിക്കുള്ളിൽ സജീവമായിരുന്നെങ്കിൽ മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് അധികാരത്തിൽ തുടരാൻ കഴിയുമായിരുന്നില്ല. മുസ്ലിം ലീഗുമായി സഖ്യം എന്നതിനെക്കുറിച്ചുള്ള ചർച്ചയും വി.എസ്. അസാദ്ധ്യമാക്കുമായിരുന്നു. വി.എസ്. ഇന്നും സജീവമായിരുന്നെങ്കിൽ  ക്രോണി ക്യാപിറ്റലിസ്റ്റുകൾക്ക്  സി.പി.എമ്മുമായി ഇത്രകണ്ട് ചങ്ങാത്തം ഒരിക്കലമുണ്ടാവുമായിരുന്നില്ല.

placeholder
വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: ബിജു വർഗീസ്‌\മാതൃഭൂമി

മാനവികതയുടെ പതാക

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതു സഹയാത്രികനുമായ പ്രഭാത് പട്നായിക് 2013 ഫെബ്രുവരിയിൽ വി.എസിനെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പ് എഴുതിയിരുന്നു. കമ്മ്യൂണിസത്തിന്റെ ക്ലാസ്സിക്കൽ കാലത്തിനു ശേഷം ഇത്രയും ജനപ്രീതിയുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ കണ്ടെത്തുക വിഷമകരമാണെന്നാണ് പട്നായിക് ചൂണ്ടിക്കാട്ടിയത്. ആ കുറിപ്പ് പട്നായിക് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ലളിതജീവിതം, ആർജ്ജവം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധത- ഇവയാണ് വി.എസിനെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കുന്നത്.''

ഒരു മനുഷ്യനും പരിപൂർണ്ണത അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ വി.എസിനെ ദൈവതുല്ല്യനാക്കുന്നത് പൊറുക്കാനാവാത്ത അപരാധമായിരിക്കും. 1996-ൽ മാരാരിക്കുളത്തെ തോൽവി വി.എസിന് ഒരിക്കലും മറക്കാനാവുമായിരുന്നില്ല. രണ്ട് വർഷത്തിനുശേഷം പാലക്കാട്ടു ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു. ലോബിയെ വെട്ടിനിരത്തിയപ്പോൾ പേഴ്സനൽ ഈസ് പൊളിറ്റിക്കൽ എന്ന ആപ്തവാക്യം വി.എസ്. അർത്ഥവത്താക്കുകയായിരുന്നു. പാർട്ടി അനീതി ചെയ്താലും ചോദ്യം ചെയ്തിരിക്കും എന്നത് വി.എസിന്റെ താൻപോരിമയായി കാണുന്നുണ്ട്. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് ഇത്തരം താൻപോരിമകളാണ്. 

വി.എസിന്റെ കുടുംപിടിത്തങ്ങൾ കേരളത്തിന് കിട്ടേണ്ട പല വ്യവസായ സംരംഭങ്ങളും ഇല്ലാതാക്കിയെന്ന് വിലപിക്കുന്നവരുണ്ട്. 1941-ൽ പുറത്തിറങ്ങിയ സിറ്റിസൺ കെയ്ൻ എന്ന സിനിമയിലെ നായകനെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നുണ്ട്, അങ്ങേർ ഏറ്റവുമധികം സ്നേഹിച്ചത് അങ്ങേരെ മാത്രമാണെന്ന്. സ്വന്തം പ്രതിച്ഛായയുടെ തടവുകാരനാണ്‌ വി.എസ്. എന്ന ആരോപണം ഉയർത്തുന്നവർ വി.എസിന്റെ ഈ സ്വഭാവ വിശേഷത്തിലേക്കായിരിക്കാം വിരൽചൂണ്ടുന്നത്. ദൗർബ്ബല്ല്യങ്ങളില്ലെന്നതല്ല ഈ ദൗർബ്ബല്യങ്ങൾ മറികടക്കുന്ന മൂല്യബോധമുണ്ടെന്നതാണ് വി.എസിനെ സമകാലിക കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ നേതാവാക്കുന്നത്. ഒരു കുംഭകോണത്തിന്റെയും കരിനിഴൽ വി.എസിന് മേലില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി 12 വർഷം, പ്രതിപക്ഷ നേതാവായി പത്ത് വർഷം, മുഖ്യമന്ത്രിയായി അഞ്ച് വർഷം- അധികാരവുമായി ഇത്രയും കാലം അടത്തിടപഴകേണ്ടി വന്നിട്ടും അതിന്റെ കറകൾ കൊണ്ട്  മുഷിയുകയോ ചുളിയുകയോ ചെയ്തില്ലെന്നതു തന്നെയാണ് വി.എസിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം.

2012 മെയ് നാലിന് വടകരയിൽ ടി.പി. ചന്ദ്രശേഖരൻ നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോൾ വി.എസ്. ചോദിച്ചു: ''എങ്ങിനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വെട്ടി കഷണങ്ങളാക്കാനാവുക? മനുഷ്യനാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? '' പാർട്ടിയുടെ പതാകയല്ല മാനവികതയുടെ പതാകയാണ് വി.എസ്. ഉയർത്തുന്നത്. അതുകൊണ്ടാണ് പാർട്ടിയുടെ തിട്ടൂരങ്ങൾ തള്ളിക്കളഞ്ഞ് വി.എസ്. ടി.പിയുടെ വീട്ടിലേക്ക് പോയത്. ടി.പിയുടെ വീട്ടിൽ ടി.പിയുടെ ഭാര്യ കെ.കെ. രമയെ വി.എസ്. ആശ്വസിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ആർദ്രതയും കാരുണ്യവും സ്‌നേഹവും ഒരു പോലെ നിഴലിക്കുന്ന ഇത്തരമൊരു നിമിഷം കേരളരാഷ്ട്രീയത്തിൽ അധികമുണ്ടാവില്ല.

placeholder
വി.എസ്. അച്യുതാനന്ദൻ | ഫോട്ടോ: കെ. അബൂബക്കർ\മാതൃഭൂമി

പാർട്ടിയുടെ ചട്ടക്കൂടുകൾക്കപ്പുറം

1967 ഒക്ടോബർ എട്ടിനാണ് ബൊളിവിയൻ പടയാളികൾ ചെ ഗുവേരയെ വെടിവെച്ചു കൊന്നത്. തന്നെ കൊല്ലാൻ നിയോഗിക്കപ്പെട്ട സെർജന്റ് ജയ്മി ടെറാനോട് ചെ അവസാനമായി പറഞ്ഞത് ഇതാണ്: ''എന്നെ കൊല്ലാനാണ് നിങ്ങൾ വന്നിരിക്കുന്നതെന്ന് എനിക്കറിയാം, നിറയൊഴിക്കൂ, നിങ്ങൾ കൊല്ലാൻ പോകുന്നത് ഒരു മനുഷ്യനെയാണ്.''  ഫിദലിനോടല്ല, ചെയോടാണ് വാസ്തവത്തിൽ യെച്ചൂരി വി.എസിനെ ഉപമിക്കേണ്ടിയിരുന്നത്. കലാപവും എതിർപ്പും രക്തത്തിൽ കൊണ്ടുനടക്കുന്നവർ. ഇപ്പോൾ ഒരു പ്രസ്ഥാനത്തിന്റെ മാത്രം ഹീറൊ അല്ല ചെ. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചട്ടക്കൂടുകൾ ഭേദിച്ച വ്യക്തിത്വമാണ് ചെയുടേത്. കേരളത്തിൽ വി.എസ്. സി.പി.എമ്മിന്റെ മാത്രം പോരാളിയല്ലെന്ന് നമുക്കറിയാം. പാർശ്വവത്കരിക്കപ്പെടുന്നവരുടെ മൊത്തം  വിചാരങ്ങളും വികാരങ്ങളും വി.എസിനൊപ്പമുണ്ട്. കേരളീയരുടെ മനസ്സും ഭാവനയും ഇതുപോലെ പിടിച്ചെടുത്ത മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് സമീപകാലത്തുണ്ടായിട്ടില്ല.

ആ അർത്ഥത്തിൽ വി.എസ്. അവസാനത്തെ കമ്മ്യൂണിസ്റ്റാണ്. സാർവ്വലൗകികതയുടെ കൊടി ഉയർത്തുന്ന കമ്മ്യൂണിസ്റ്റ്. അങ്ങിനെയൊരാൾക്ക് പാർട്ടിക്ക് കീഴ്പെട്ടു നിൽക്കാനാവില്ല. കോർപറേറ്റുകളുടെ ആജ്ഞാനുവർത്തിയാവാനാവില്ല. അയാൾ അയാളുടെ വഴിയിലൂടെ നടക്കുന്നു. കൂടെ എത്ര പേരുണ്ടെന്നത് അയാൾക്കൊരു വിഷയമേയല്ല. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഓർക്കാതിരിക്കാനാവുന്നില്ല :  
''Two roads diverged in a wood and
I took the one less traveled by,
And that has made all the difference'' 
(കാട്ടിൽ വഴി രണ്ടായി പിരിഞ്ഞു. 
ചുരുക്കം പേർ നടന്നുപോയ വഴിയാണ് 
ഞാൻ തിരഞ്ഞെടുത്തത്, അത് തന്നെയാണ് 
എല്ലാം വ്യത്യസ്തമാക്കിയത്.'') 

എല്ലാ കലാപകാരികളും അടിസ്ഥാനപരമായി ഏകാകികളാണ്. വ്യവസ്ഥിതിയുടെ ഉപോത്പന്നമാവുകയല്ല വ്യവസ്ഥിതികൾ മാറ്റിത്തീർക്കുകയാണ് അവരുടെ ലക്ഷ്യം. വി.എസിന് സി.പി.എമ്മിൽ പിന്തുടർച്ചയുണ്ടാകുന്നില്ലെന്നത് കേരളം ഇന്ന് രാഷ്ട്രീയതലത്തിൽ നേരിടുന്ന ദാരിദ്ര്യത്തിന്റെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. പക്ഷേ, വി.എസ്. ഒരു പാർട്ടിയുടെ സ്വത്തല്ല. അതുകൊണ്ടുതന്നെ ഒരു പാർട്ടിയും ഏറ്റെടുക്കുന്നില്ലെങ്കിലും വി.എസ്. ഇവിടെ ഈ കേരളത്തിൽ ജനങ്ങളുടെ മനസ്സിൽ നിത്യഹരിത സാന്നിദ്ധ്യമായിരിക്കും.

വഴിയിൽ കേട്ടത്: ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടുന്നത്, ഗാസയിലെ ജനങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. തലയ്ക്ക് വെളിവുള്ള ചില നേതാക്കളെങ്കിലും ഇപ്പോഴും ഉണ്ടെന്നത് തരുന്ന ആശ്വാസം ചില്ലറയല്ല.