ഇ.പി. ജയരാജൻ എന്തൊക്കെ പറഞ്ഞാലും ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രധാനമത്സരം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. അതുകൊണ്ടാണ് ഇവിടെ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഈ രണ്ട് പാർട്ടികളേയും ലക്ഷ്യമിടുന്നത്. അഖിലേന്ത്യ തലത്തിലാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ സ്വാഭാവികമായും ബി.ജെ.പിയെ വെറുതെ വിടാൻ പറ്റില്ല. 

To advertise here,

കേരള രാഷ്ട്രീയത്തിൽ ഒന്ന് വെള്ളം കലക്കാൻ പറ്റുമോയെന്നാണ് ജയരാജൻ നോക്കിയത്. കേരളത്തിലെ മുസ്ലിം വോട്ടുകൾ എങ്ങിനെ സ്വന്തമാക്കാം എന്നത് സി.പി.എം. എത്രയോ കാലമായി ഗവേഷണം നടത്തുന്ന വിഷയമാണ്. 1967-ലെ ഇ.എം.എസ്. മന്ത്രിസഭയിൽ മുസ്ലിം ലീഗുമുണ്ടായിരുന്നു. തൊട്ടടുത്ത വർഷം കോഴിക്കോട് നടന്ന മുസ്ലിം ലീഗ് സമ്മേളനം മലപ്പുറം എന്ന പുതിയ ജില്ലയ്ക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ മുൻരൂപമായിരുന്ന ജനസംഘം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. 

കോൺഗ്രസും തുടക്കത്തിൽ മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് എതിരായിരുന്നു. സി.പി.എമ്മിനുള്ളിൽനിന്നു ജില്ലയ്ക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നു. പാർട്ടിയിലെ തീപ്പൊരി നേതാവ് കെ.പി.ആർ. ഗോപാലനാണ് ഏറ്റവും ശക്തമായ എതിർപ്പ് ഉയർത്തിയത്. സി.പി.എമ്മിൽ അന്ന് ഉൾപാർട്ടി ജനാധിപത്യം വെറുമൊരു വാക്കായിരുന്നില്ല. ഇ.എം.എസും എ.കെ.ജിയുമൊക്കെ അഭിപ്രായ വ്യത്യാസങ്ങൾക്കും വിയോജിപ്പുകൾക്കും ചെവികൊടുക്കുന്നവരായിരുന്നു.

മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥയാണ് അന്ന് സി.പി.എം. മന്ത്രിസഭ മുഖ്യമായും ഉയർത്തിപ്പിടിച്ചത്. പാലക്കാടിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങൾ ഒന്നിപ്പിച്ച് ഒരു പുതിയ ജില്ലയുണ്ടാക്കിയാൽ ആ പ്രദേശത്ത് കൂടുതൽ വികസനം കൊണ്ടുവരാനാകുമെന്ന സി.പി.എം. സർക്കാരിന്റെ നിലപാടിനോട് അന്നത്തെ പ്രതിപക്ഷ നേതാവ് കെ. കരുണാകരന് പോലും എതിർപ്പുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. 

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല നിലവിൽ വന്നത്. റവന്യു വകുപ്പിൽ സ്പെഷ്യൽ ഓഫീസറായിരുന്ന എ.എൻ. കാളീശ്വരൻ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി ഇ.എം.എസും റവന്യു മന്ത്രി ഗൗരിയമ്മയും വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയും അംഗീകരിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്. പിന്നീട് മലപ്പുറത്തിനുണ്ടായ വികസനം ഇ.എം.എസ്. മന്ത്രിസഭയുടെ നിലപാടിനുള്ള സാക്ഷിപത്രമാവുകയും ചെയ്തു. പക്ഷേ, മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് പിന്നിൽ സി.പി.എമ്മിനുണ്ടായിരുന്ന രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂവണിഞ്ഞില്ല. അധികം താമസിയാതെ ഘടകകക്ഷികൾ തമ്മിലുള്ള പടലപ്പിണക്കത്തിൽ ഇ.എം.എസ്. മന്ത്രിസഭ നിലംപതിച്ചു. പിന്നീടൊരിക്കലും മുസ്ലിംലീഗ് ഇടതുമുന്നണിയിലേക്ക് വന്നില്ല.

placeholder
എം.വി. രാഘവൻ | ഫോട്ടോ: മാതൃഭൂമി

എം.വി. രാഘവനും ബദൽരേഖയും

1980-കളിൽ സി.പി.എം. നേതാവ് എം.വി. രാഘവൻ ലീഗുമായുള്ള ബാന്ധവം ശക്തിപ്പെടുത്താൻ നടത്തിയ ശ്രമം പാർട്ടിയെ സംബന്ധിച്ചിടത്തോളം ദുരന്തമായി. അപ്പോഴേക്കും ലീഗ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തൊട്ടുകൂടാത്ത പാർട്ടിയായി മാറിയിരുന്നു. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണെന്ന നയമുയർത്തിപ്പിടിച്ച് ഇ.എം.എസും കൂട്ടരും കളിച്ച കളിയിൽ എം.വി.ആർ. സി.പി.എമ്മിൽ നിന്ന് പുറത്തേക്ക് പോവുകയും സി.എം.പി. എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപമെടുക്കുകയും ചെയ്തു. 

അങ്ങിനെ നോക്കുമ്പോൾ മലപ്പുറം ജില്ലയുടെ പിറവിയിൽ മാത്രമല്ല, സി.പി.എം. കേരളത്തിൽ നേരിട്ട  പിളർപ്പിന് പിന്നിലും മുസ്ലീംലീഗിന് പങ്കുണ്ട്.  തുടക്കത്തിൽ രാഘവനൊപ്പം നിന്ന സഖാക്കളായിരുന്നു നായനാരും എം.വി. ഗോവിന്ദനുമെന്നും പിന്നീടവർ ഔദ്യോഗിക പക്ഷത്തിലേക്ക് കൂറുമാറുകയായിരുന്നുവെന്നും സി.എം.പിയുടെ അവശേഷിക്കുന്ന ജീവാത്മാവും പരമാത്മാവുമായ സി.പി. ജോൺ അടുത്തിടെ മാതൃഭൂമിഡോട്ട്‌കോമിൽ എഴുതിയ ലേഖനത്തിൽ  ഓർമ്മിപ്പിക്കുകയുണ്ടായി. 

നായനാർക്ക് പകരം വി.എസ്. അച്യുതാനന്ദനെ 1985-ലെ പാർട്ടി കോൺഗസ് പോളിറ്റ്ബ്യുറൊയിലേക്ക് തിരഞ്ഞെടുത്തത് ഈ നിലപാടിനെച്ചൊല്ലി ആയിരുന്നുവെന്നും നിരീക്ഷണമുണ്ട്. എന്തായാലും പാർട്ടിയുടെ പരമോന്നത നേതൃനിരയിൽ ഇടം പിടിക്കാൻ നായനാർക്ക് 1992 വരെ കാത്തിരിക്കേണ്ടി വന്നു. എം.വി. ഗോവിന്ദൻ ഇന്നിപ്പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ്. പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ സി.പി. ജോൺ ആവുമായിരുന്നു ഒരുപക്ഷേ, ഇന്ന് ആ സ്ഥാനത്ത് ഉണ്ടാവുമായിരുന്നത്.

ലീഗ് വിരോധം പക്ഷേ, ഗുണമല്ല ദോഷമാണ് ചെയ്യുന്നതെന്ന് സി.പി.എം. വേഗത്തിൽ തിരിച്ചറിഞ്ഞു. കേരള ജനസംഖ്യയുടെ 28 ശതമാനം വരുന്ന മുസ്ലിങ്ങളെ ലീഗിന് മാത്രമായി വിട്ടുകൊടുക്കുന്നത് പരമ വിഡ്ഢിത്തമാണെന്നും സി.പി.എമ്മിന് ബോധോദയമുണ്ടായി. അങ്ങിനെയാണ് കെ.ടി. ജലീലും പി.വി. അൻവറും വി. അബ്ദുറഹ്‌മാനും അഖിലേന്ത്യ ലീഗും നാഷണൽ ലീഗും സി.പി.എമ്മിന് പ്രിയപ്പെട്ടവരായത്. പക്ഷേ, മുസ്ലിം ജനതയിലെ ബഹുഭൂരിപക്ഷവും അപ്പോഴും സി.പി.എമ്മിന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ പെടാതെ മാറിനിന്നു. 

രണ്ടാം പിണറായി സർക്കാരിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതിയില്ലായ്മ സി.പി.എമ്മിനെ പേടിപ്പിക്കുന്നുണ്ട്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് 2021-ൽ കിട്ടിയ വോട്ട് നിലനിർത്താനാവുമോ എന്ന പേടിയാണത്. കേരള കോൺഗ്രസിനെപ്പോലെ മുസ്ലിം ലീഗും കൂടെയുണ്ടെങ്കിൽ മൂന്നാം വട്ടവും തുടർച്ചയായി ഭരണം ഉറപ്പിക്കാം എന്ന് കരുതുന്ന ഒരു വിഭാഗം സി.പി.എമ്മിലുണ്ട്. ലീഗിന്റെ പ്രവേശം ശക്തമായി എതിർത്തിരുന്ന വി.എസ്. അച്യുതാനന്ദൻ സജീവമല്ലെന്നതും ഈ വിഭാഗത്തിന് കരുത്തു പകരുന്നു.

ലീഗുമായി കൂട്ടുകൂടുക എന്നത് എളുപ്പമല്ലെന്ന് എം.വി. ഗോവിന്ദന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പണ്ട് മഅദനിയുമായി കൂട്ടുകൂടാൻ പോയതിന്റെ പൊള്ളിക്കുന്ന അനുഭവം സി.പി.എമ്മിന് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. കേരളത്തിൽ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ട് ബാങ്ക് ഇപ്പോഴും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. ലീഗുമായുള്ള ബാന്ധവം ഈ വോട്ടുബാങ്കിന്റെ കടയ്ക്കലായിരിക്കും കത്തിവെയ്ക്കുക. 

ശബരിമലയിൽ കൈപൊള്ളിയത് എങ്ങിനെയാണെന്നും സി.പി.എമ്മിന് നന്നായി അറിയാം. ലീഗുമായി സി.പി.എം. സഖ്യമുണ്ടാക്കിയാൽ അത് കേരളത്തിൽ ബി.ജെ.പിക്ക് കിട്ടുന്ന ബംബർ ലോട്ടറിയാവും. ശബരിമലയിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസ്സാണെന്ന് മറന്നുകൊണ്ടല്ല ഇതെഴുന്നത്. ശബരിമല വിവാദത്തിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടം കൊയ്തത് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. എന്നാൽ മുസ്ലിം ലിഗ്- സി.പി.എം. കൂട്ടുകെട്ടുണ്ടായാൽ അത് തങ്ങൾക്ക് ശരിക്കും ചാകരയാവുമെന്നാണ് ബി.ജെ.പിയും ആർ.എസ്.എസും കണക്ക് കൂട്ടുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് ഗതിവേഗം നൽകുന്ന നീക്കമാവും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഔദ്യോഗികമായി അങ്ങിനെ ഒരു നീക്കവും സി.പി.എമ്മിന്റെ അജണ്ടയിൽ ഇല്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കുന്നത്.

placeholder
മുസ്‌ലിം ലീഗ് നേതാക്കന്മാർ ചർച്ചയിൽ | ഫോട്ടോ: മാതൃഭൂമി

മുറിക്കുള്ളിലെ 'ആന'

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ലീഗ് സ്വാഭാവിക സഖ്യകക്ഷിയാണ്. കേരളത്തിൽ ലീഗുമായി സഖ്യമില്ലെങ്കിൽ തങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് കോൺഗ്രസിന് കൃത്യമായി അറിയാം. കെ.എം. മാണിയുടെ കേരള കോൺഗ്രസ് വിട്ടുപോവുന്നത് പോലും കോൺഗ്രസ് സഹിക്കും. പക്ഷേ, ലീഗ് വിട്ടുപോയാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങൾക്കേൽപിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ലെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് രാജ്യസഭ സീറ്റെങ്കിൽ രാജ്യസഭ സീറ്റ് കൊടുത്ത് ലീഗുമായുള്ള ബന്ധത്തിന് ഒരു ഭംഗവും വരാതെ കോൺഗ്രസ് കാത്തുസൂക്ഷിക്കുന്നത്.ഗുരുവായൂർ അമ്പലത്തിൽ എല്ലാ മാസവും ഒന്നാം തിയ്യതി കൃത്യമായി പോകുമായിരുന്ന കെ. കരുണാകരൻ  മുസ്ലിംലീഗ് നേതാക്കളെ കാണാൻ പാണക്കാട്ട് പോകുന്നതിനും മുടക്കം വരുത്തിയിരുന്നില്ല. ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ കരുണാകരനുമായി പൂർണ്ണ യോജിപ്പുണ്ടായിരുന്നെങ്കിൽ അത് പാണക്കാട്ട് സന്ദർശനത്തിന്റെ കാര്യത്തിലായിരിക്കണം.

കോൺഗ്രസും സി.പി.എമ്മും ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിടുമ്പോഴും കേരളത്തിൽനിന്നു പാർലമെന്റിലേക്ക്, പ്രത്യേകിച്ച് ലോക്സഭയിലേക്ക് പ്രാതിനിധ്യം കിട്ടുന്ന മുസ്ലിങ്ങളുടെ എണ്ണം വളരെ കുറവാണെന്നതാണ് വാസ്തവം. ജനാധിപത്യം ജനാധിപത്യമാവുന്നത് വ്യത്യസ്ത വിഭാഗങ്ങൾക്ക് അധികാര പ്രക്രിയയിൽ പങ്കാളിത്തമുണ്ടാവുമ്പോഴാണ്. രാഷ്ട്രീയ ജീവിതത്തിൽ പ്രാതിനിധ്യത്തിന്റെ പ്രസക്തി  ഭരണഘടന ശിൽപി ബി.ആർ. അംബദ്കർ എന്നും ഉയർത്തിപ്പിടിച്ചിരുന്നു. 

കേരളത്തിൽ ഇന്നിപ്പോൾ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഏറെ പ്രതിസന്ധി നേരിടുന്നത് രണ്ട് വിഭാഗങ്ങളാണ്- വനിതകളും മുസ്ലീങ്ങളും. ഇതിനുള്ള ഏറ്റവും സമകാലികമായ ഉദാഹരണമാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും കളത്തിലിറക്കിയിരിക്കുന്ന സ്ഥാനാർത്ഥികൾ. 'The elephant in the room' എന്ന് ഇംഗ്ളീഷിൽ ഒരു പ്രയോഗമുണ്ട്. വലിയൊരു പ്രശ്നം സമൂഹമദ്ധ്യത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും അതങ്ങിനെയങ്ങ് ശ്രദ്ധിക്കപ്പെടാതെ പോവുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് അർതഥമാക്കുന്നത്. ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ മുറിക്കുള്ളിലെ രണ്ട് ആനകളാണ് വനിതകളും മുസ്ലിങ്ങളും.

placeholder
ഷമ മുഹമ്മദ് | ഫോട്ടോ: മാതൃഭൂമി

ഷമ മുഹമ്മദിനെ അപഹസിക്കുമ്പോൾ

സംസ്ഥാനത്തെ 20 ലോക്‌സഭ സീറ്റുകളിൽ സി.പി.എം. മത്സരിക്കുന്നത് 15 മണ്ഡലങ്ങളിലാണ്. കോൺഗ്രസ് 16 ഇടത്തും. ഈ മണ്ഡലങ്ങളിൽ രണ്ടിടത്ത് മാത്രമാണ് സി.പി.എം. വനിതകളെ സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. വടകരയിലും എറണാകുളത്തും. കോൺഗ്രസിന് ഒരൊറ്റ വനിത സ്ഥാനാർത്ഥിയെയുള്ളു-  ആലത്തൂരിൽ. 2011-ലെ ജനസംഖ്യ പ്രകാരം കേരളത്തിൽ പുരുഷന്മാരുടെ എണ്ണം 16,027,412 ഉം വനിതകളുടേത് 17,378,649  ഉം ആണ്. അതായത് പുരുഷന്മാരേക്കാൾ പതിമൂന്നര ലക്ഷത്തോളം വനിതകൾ കേരളത്തിൽ കൂടുതലാണ്. 50 ശതമാനത്തിലേറെ വരുന്ന ഈ വനിതകൾക്ക് അവരുടെ എണ്ണം വെച്ച് നോക്കിയാൽ പത്ത് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം ന്യായമായും ലഭിക്കേണ്ടതാണ്. പക്ഷേ, നിലവിൽ ലോക്‌സഭയിൽ കേരളത്തിൽനിന്നു സ്ത്രീകൾക്കുള്ള പ്രാതിനിധ്യം വെറും അഞ്ച് ശതമാനം മാത്രമാണ്. 

ഈ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്നും വടകരയിൽനിന്നും എറണാകുളത്തുനിന്നും സ്ത്രീകൾ വിജയിച്ചു കയറിയാലും അത് 15 ശതമാനത്തിലേക്ക് മാത്രമേ എത്തുകയുള്ളു. മൂന്ന് മണ്ഡലങ്ങളിലും സ്ത്രീ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടാൽ സംഗതി സംപൂജ്യമായി മാറുകയും ചെയ്യും. ആകാശത്തിന്റെ പകുതി താങ്ങിനിർത്തുന്നത് സ്ത്രീകളാണെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് മാവോയുടെ പ്രശസ്തമായ വചനമുണ്ട്. കേരള നിയമസഭയിൽ നിലവിൽ 12 വനിതകൾ മാത്രമാണുള്ളത്. അതായത് പകുതി താങ്ങിനിർത്തുന്നവർക്ക് പത്ത് ശതമാനം പോലും പങ്കാളിത്തമില്ല.

സ്ത്രീകൾക്ക് പ്രാതിനിധ്യം കുറയുന്നതിനെക്കുറിച്ച് കോൺഗ്രസിന്റെ വക്താക്കളിലൊരാളായ ഷമ മുഹമ്മദ് പരാതിപ്പെട്ടപ്പോൾ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അവരെ അപഹസിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷമ പറഞ്ഞത് ശരിയാണെന്നും കുറ്റം ഏൽക്കുകയാണെന്നും പറഞ്ഞ് തടി തപ്പി. സിറ്റിങ് എം.പിമാരെ ഒഴിവാക്കാനാവില്ലെന്ന ന്യായം പറഞ്ഞാണ് കോൺഗ്രസ് ഇക്കാര്യത്തിൽ മുഖം രക്ഷിക്കാൻ നോക്കുന്നത്. 

ആലപ്പുഴയിൽ കോൺഗ്രസിന് സിറ്റിങ് എം.പിയില്ല. അവിടെ ഉറപ്പായിട്ടും ഒരു വനിതയെ കോൺഗ്രസിന് കളത്തിൽ ഇറക്കാമായിരുന്നു. കെ.സി. വേണുഗോപാൽ ആലപ്പുഴയിലിറങ്ങിയതോടെ രണ്ട് വിഭാഗങ്ങൾക്ക്- വനിതകൾക്കും മുസ്ലിങ്ങൾക്കും പ്രാതിനിധ്യം നൽകാനുള്ള അവസരമാണ് കോൺഗ്രസ് കളഞ്ഞു കുളിച്ചത്. കെ.സി. വേണുഗോപാൽ നിലവിൽ രാജ്യസഭാംഗമാണ്. കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമാണ്. ഇത്രയും പദവികൾ ഉള്ള ഒരാൾ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനെ എന്തർത്ഥത്തിലാണ് കോൺഗ്രസ് ന്യായീകരിക്കുക? 

ഒരു വനിതയ്ക്ക്, ഒരു മുസ്ലിമിന് ലോക്സഭയിൽ എത്താനുള്ള അവസരമാണ് ഇതോടെ ഇല്ലാതായത്. തൃശ്ശൂരിലേക്ക് കെ. മുരളീധരനെ പറഞ്ഞുവിടുന്നത് മനസ്സിലാക്കാനാവും. ബി.ജെ.പിയുമായുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാനാവില്ല. പക്ഷേ, ഷാഫിയെ വടകരയിൽ ഇറക്കുക വഴി കോൺഗ്രസ് ഇരുതലമൂർച്ചയുള്ള കായംകുളം വാളാണ് എടുത്തുപിടിച്ചിരിക്കുന്നത്. ഷാഫി ജയിച്ചാൽ കേരളത്തിന് നിയമസയിൽ ഒരു മുസ്ലിം പ്രാതിനിധ്യം കുറയും. തോറ്റാലോ ലോക്‌സഭയിൽ മുസ്ലിം പ്രാതിനിധ്യം വീണ്ടും ദുർബ്ബലമാവും.

placeholder
മുസ്‌ലിം സ്ത്രീകൾ പെരുന്നാൾ ദിവസം ഒത്തുചേർന്നപ്പോൾ | ഫോട്ടോ: മാതൃഭൂമി

മുസ്ലിം പ്രീണനം എന്ന മിത്ത്

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം സിറ്റിങ് എം.പിമാർ എന്ന കടമ്പ 18 മണ്ഡലങ്ങളിലും ഇല്ല. എന്നിട്ടും രണ്ടേ, രണ്ടിടത്ത് മാത്രമാണ് കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിക്ക് വനിതകൾക്ക് അവസരം നൽകാനായുള്ളു. മുഖ്യമന്ത്രിയാവാൻ പറ്റിയ വനിതകളൊന്നും കേരളത്തിൽ നിലവിൽ ഇല്ലെന്ന് സി.പി.എമ്മിന്റെ ഒരു നേതാവ് അടുത്തിടെ പറഞ്ഞിരുന്നു. അതിനെന്തുകൊണ്ടും കഴിയുന്ന കെ.കെ. ശൈലജയെ പാർലമെന്റിലേക്ക് പറഞ്ഞുവിടാനാണ് ഇപ്പോൾ സി.പി.എം. ഒരുങ്ങുന്നത്. 1987-ൽ കെ.ആർ. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്ന ചരിത്രപരമായ മണ്ടത്തരവും സി.പി.എം. ഓർക്കണം. ശൈലജയെ ഒഴിച്ചു നിർത്തിയാൽ കേരളത്തിൽ ഇന്നിപ്പോൾ മുഖ്യമന്ത്രിയാവാൻ പറ്റിയ വനിതകൾ ഇല്ലെങ്കിൽ അതിന് കോൺഗ്രസും സി.പി.എമ്മും പഴിക്കേണ്ടത് തങ്ങളെത്തന്നെയാണ്. കരുത്തുറ്റ വനിത നേതാക്കളെ വളർത്തിയെടുക്കുന്നതിൽനിന്ന് ഈ പാർട്ടികളെ തടയുന്നതാരാണ്?

നമുക്കിനി മുസ്ലിം പ്രാതിനിധ്യത്തിലേക്ക് വരാം. കേരള ജനതയുടെ 26 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് നിലവിൽ ലോക്‌സഭയിലുള്ള പ്രാതിനിധ്യം 15 ശതമാനം മാത്രമാണ്. ഇത്തവണ ഇക്കാര്യത്തിൽ സി.പി.എം. കുറച്ചുകൂടി മുന്നിട്ടു നിൽക്കുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല. കോൺഗ്രസ് ഒരിടത്ത് മാത്രം മുസ്ലിം സ്ഥാനാർത്ഥിയെ രംഗത്തിറക്കിയപ്പോൾ സി.പി.എം. നാലിടങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ കളത്തിലിറക്കിയിട്ടുണ്ട്. ഇതിൽ മലപ്പുറവും പൊന്നാനിയും ആലപ്പുഴയും സ്വാഭാവികതയായി കണ്ടാലും കോഴിക്കോട് കൂടി മുസ്ലിം പ്രാതിനിധ്യത്തിനായി സി.പി.എം. തയ്യാറായി എന്നത് ചെറിയ കാര്യമല്ല. 

തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മുസ്ലിം പ്രാതിനിധ്യം മലപ്പുറത്തും പൊന്നാനിയിലുമായി ചുരുങ്ങുമോയെന്നത് മറ്റൊരു ചോദ്യമാണ്. 18 ശതമാനം വരുന്ന ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് നിലവിൽ ലോക്‌സഭയിൽ അഞ്ച് എം.പിമാരുണ്ടെന്നത് ഇതോടൊപ്പം ചേർത്ത് വായിക്കണം. വരുന്ന ലോക്‌സഭയിലും ഇതേ നില ആവർത്തിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് എന്തുകൊണ്ട് ഇതര മതസ്ഥരെ സ്ഥാനാർത്ഥികളാക്കുന്നില്ല എന്ന ചോദ്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുക. ഈ രണ്ട് മണ്ഡലങ്ങളാണ് ഇന്നിപ്പോൾ ശരിക്ക് പറഞ്ഞാൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പു നൽകുന്ന രണ്ട് സീറ്റുകൾ. അവിടെ മതേതരത്വം തെളിയിക്കാൻ മുസ്ലിംലീഗ് ഇതര മതസ്ഥരെ സ്ഥാനാർത്ഥികളാക്കണമെന്ന് പറയുന്നവർ സാമൂഹ്യനീതിയുടെ നിഷേധമാണ് ലക്ഷ്യമിടുന്നത്.

കേരളത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് ഒരൊറ്റ മുഖ്യമന്ത്രിയേ ഇക്കാലത്തിനിടയിൽ വന്നിട്ടുള്ളു. 1979 ഒക്ടോബർ 12 മുതൽ അതേവർഷം ഡിസംബർ ഒന്ന് വരെ മുഖ്യമന്ത്രിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. മുഖ്യമന്ത്രി സ്ഥാനത്ത് സി.എച്ചിന് രണ്ട് മാസം തികച്ചിരിക്കാൻ കഴിഞ്ഞില്ലെന്ന് മറക്കരുത്. 2006-ൽ എട്ട് മാസം ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് റിയാസുദ്ദീനെ ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ ഇതുവരെ മുസ്ലിം സമുദായത്തിൽ നിന്ന് മറ്റൊരു ചീഫ് സെക്രട്ടറി ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ 68 കൊല്ലങ്ങളിൽ കേരളത്തിൽ മുസ്ലിം സമുദായത്തിൽനിന്നു ഡി.ജി.പിയാവുന്ന രണ്ടാമത്തെ വ്യക്തി മാത്രമാണ് നിലവിലുള്ള ഡി.ജി.പി. ദർവ്വെഷ് സാഹെബ്.  

മുസ്ലിം പ്രീണനം എന്നത് വാസ്തവത്തിൽ ഒരു മിത്ത് മാത്രമാണെന്നാണ് സമകാലിക കേരളവും ഇന്ത്യയും വ്യക്തമാക്കുന്നത്.  ന്യൂനപക്ഷങ്ങളുടെ ജീവിതവും പ്രാതിനിധ്യവുമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഗ്രാഫ് നിർണ്ണയിക്കേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക്‌സഭയിൽ കേരളത്തിൽനിന്നുള്ള വനിതകളുടെയും മുസ്ലിങ്ങളുടെയും എണ്ണം കുറയുന്നുവെന്നതിന് സി.പി.എമ്മും കോൺഗ്രസും ഉത്തരം പറയുക തന്നെ വേണം.

വഴിയിൽ കേട്ടത്:  എണ്ണംകൊണ്ട് ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമാണ് മുസ്ലിങ്ങൾ. മൊത്തം ജനസംഘ്യയുടെ 14 ശതമാനം വരുന്ന വിഭാഗം. അഖിലേന്ത്യാ തലത്തിൽ മുസ്ലിങ്ങളുടെ സ്ഥിതി അനുദിനം വഷളാവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി.ജെ.പി. വർഗ്ഗീയ സംഘടനയല്ലെന്നും ബി.ജെ.പിയിലുള്ള മുസ്ലിങ്ങളാണ് അതിനുള്ള മറുപടിയെന്നും ശ്യാമ പ്രസാദ് മുഖർജിയും വാജ്പേയിയും ആവർത്തിച്ചു പറയുമായിരുന്നു. എന്നാൽ  2014 മുതൽ ബി.ജെ.പിയും മുസ്ലിങ്ങളും തമ്മിലുള്ള സമവാക്യത്തിൽ കാതലായ മാറ്റമാണുണ്ടായിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മത്സരിച്ച 482 സീറ്റുകളിൽ ഏഴിടത്ത് മാത്രമാണ് മുസ്ലിം സ്ഥാനാർത്ഥികളുണ്ടായിരുന്നത്. ഇതിൽതന്നെ മൂന്ന് സീറ്റുകൾ ജമ്മു കാശ്മീരിലായിരുന്നു. 2014-ൽ 282 സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. പക്ഷേ, അവരിൽ ഒരാൾ പോലും മുസ്ലിമായിരുന്നില്ല. 303 സീറ്റുകളിൽ ബി.ജെ.പി. വെന്നിക്കൊടി നാട്ടിയ 2019-ലെ തിരഞ്ഞെടുപ്പിലും ലോക്സഭയിൽ ബി.ജെ.പിയുടെ ബഞ്ചുകളിൽ ഇരിക്കാൻ ഒരൊറ്റ മുസ്ലിം എം.പി. പോലുമുണ്ടായിരുന്നില്ല. 2022 ആയപ്പോഴേക്കും രാജ്യസഭയിലും ബി.ജെ.പിക്ക് മുസ്ലിം പ്രതിനിധികൾ ഇല്ലാതായി. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നശേഷം ഇതാദ്യമായി മുസ്ലിം പ്രതിനിധി ഇല്ലാത്ത മന്ത്രിസഭയാണ് ഇപ്പോൾ കേന്ദ്രത്തിൽ ഉള്ളത്. 20 ശതമാനം മുസ്ലിങ്ങളുള്ള ഉത്തർപ്രദേശിൽ ഒരു മുസ്ലിമിന് പോലും ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെന്നതും മറക്കാനാവില്ല. ഇതര രാഷ്ട്രീയ പാർട്ടികളും മുസ്ലിം പ്രാതിനിധ്യത്തിൽ ദയനീയ ചിത്രമാണ് നൽകുന്നത്. ഏറ്റവും ഒടുവിൽ തമിഴ്നാട്ടിൽ ഡി.എം.കെയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഒരു മുസ്ലിം പോലും ഇല്ലാത്ത അവസ്ഥയാണ്.