പൂക്കോട് വെറ്ററിനറി കോളേജ് ഒരു ബനാന റിപ്പബ്ലിക്ക് ആണെന്നു വേണം കരുതാൻ. മദ്ധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയിലും ഹോണ്ടുറാസിലുമൊക്കെ വാഴ കൃഷിക്കിറങ്ങി ഭരണകൂടങ്ങളെ വരെ കളിപ്പാവകളാക്കി മാറ്റിയ അമേരിക്കൻ കുത്തക കമ്പനികളാണ് ബനാന റിപ്പബ്ളിക്കുകൾ ആദ്യം സൃഷ്ടിച്ചത്. ഈ കമ്പനികൾ അവിടെ അവരുടെ സ്വന്തം സാമ്രാജ്യങ്ങൾ തീർത്തു. ഭരണകൂടങ്ങളെ നോക്കുകുത്തികളാക്കി നിർത്തിക്കൊണ്ട് ഭരണവും നിയമവും കമ്പനികൾ ഏറ്റെടുത്തു. ഇത്തരമൊരു ബനാന റിപ്പബ്ലിക്കാണ് പൂക്കോട്ട് എസ്.എഫ്.ഐ. തീർത്തത്. 

To advertise here,

ഒരു ദിവസം കൊണ്ടുണ്ടാവുന്നതല്ല ബനാന റിപ്പബ്ലിക്കുകൾ. കേരളത്തിലെ ഏക ബനാന റിപ്പബ്ളിക്കുമല്ല പൂക്കോട്ടെ വെറ്ററിനറി കോളേജ്. ഒരു പാർട്ടിക്ക് മാത്രം മേധാവിത്വമുള്ള എല്ലാ കലാലയങ്ങളും എല്ലാ ഗ്രാമങ്ങളും ബനാന റിപ്പബ്ലിക്കുകളാണ്. അതിപ്പോൾ എ.ബി.വി.പി. ആയാലും എം.എസ്.എഫ്. ആയാലും കെ.എസ്.യു. ആയാലും ബനാനാ റിപ്പബ്ളിക്കുകൾ ഉറപ്പാണ്. അക്രമങ്ങൾക്കും നിഷ്ഠൂരതകൾക്കും ഏറ്റക്കുറച്ചിലുണ്ടായേക്കാം. പക്ഷേ, ഒരവസരം കിട്ടിയാൽ ഇവരെല്ലാവരും തന്നെ നിയമം കൈയ്യിലെടുക്കും, ഏതിർശബ്ദങ്ങൾ ഉയരുന്ന തൊണ്ടക്കുഴിയിൽ ബെൽറ്റിട്ടു മുറുക്കും. നാഭിയും നെഞ്ചിൻകൂടും ചവിട്ടി ഞെരിക്കും. എന്നിട്ട്, സ്വയം വിപ്ലവകാരികളെന്നും പുരോഗമനവാദികളെന്നും നാടിന്റെയും നാട്ടുകാരുടെയും സംരക്ഷകരെന്നും അട്ടഹസിക്കും.

ഏറെ ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം കേരളത്തിലെ ഇടത് ക്യാമ്പുകളിൽനിന്നു പൂക്കോട്ടെ അരുംകൊലയ്ക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മുൻ എം.പി. സുരേഷ് കുറുപ്പും ഇടതു സഹയാത്രികനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടവും എസ്.എഫ്.ഐക്ക് സംഭവിച്ചിരിക്കുന്ന അപചയത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സംസാരിച്ചിട്ടുണ്ട്. നല്ലത്. പക്ഷേ, നേരത്തെ പറഞ്ഞതുപോലെ പൂക്കോട് ഒരു ദിവസം കൊണ്ടുണ്ടായതല്ല. സുരേഷ്‌കുറുപ്പും സുനിലുമൊക്കെ എസ്.എഫ്.ഐയുടെ പാനലിൽ മത്സരിക്കുകയും കലാലയ രാഷ്ട്രീയത്തിൽ സുപ്രധാന പങ്കുകൾ വഹിക്കുകയും ചെയ്തിട്ടുള്ളവരാണ്. 

എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമുള്ള ബനാന റിപ്പബ്ളിക്കുകൾ കാണാത്തവരല്ല ഇവർ. ഈ കാമ്പസുകളിൽനിന്നു ജനാധിപത്യം അപ്രത്യക്ഷമായത് എങ്ങിനെയാണെന്ന് രാഷ്ട്രീയ കേരളത്തിന് വ്യക്തമായറിയാം. ജനാധിപത്യം ഒരിക്കലും വൺവെ ട്രാഫിക്കോ മൻ കി ബാത്തോ അല്ല. ബഹുസ്വരതയാണ് അതിന്റെ അടിത്തറ. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് അതിന്റെ ആത്മാവ്. ഈ അടിത്തറയും ആത്മാവും കേരളത്തിലെ പല കലാലയങ്ങളിലും ഇല്ലാതാക്കപ്പെടുമ്പോൾ നിശ്ശബ്ദ കാണികളും കേൾവിക്കാരുമായി നിന്നവരാണ് നമ്മുടെ സാംസ്‌കാരിക വിമർശകരിലേറെപ്പേരും. അതിനുളള വില കൂടിയാണ് പൂക്കോട്ട് ഇപ്പോൾ കേരള സമൂഹത്തിന് കൊടുക്കേണ്ടി വന്നിരിക്കുന്നത്.

സിദ്ധാർത്ഥൻ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയവരിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്ന് കരുതുന്നു. സിദ്ധാർത്ഥന്റേത് കൊലയല്ലെന്ന് വാദിക്കുന്നവരുണ്ട്. കൊലയാണോ തൂങ്ങിമരണമാണോ എന്നത് സാങ്കേതികം മാത്രമാണ്. ആ വിദ്യാർത്ഥി നേരിടേണ്ടി വന്ന ആൾക്കൂട്ട വിചാരണയും നിഷ്ഠൂര മർദ്ദനവും അറിയുന്നവർക്ക് ഇതൊരു കൊലപാതകം തന്നെയാണ്. ഇത്രയും നിർദ്ദയമായി മർദ്ദിച്ചിട്ടും ഇതൊരു കൊലയല്ലെന്ന് പറയുന്നവർ ബനാന റിപ്പബ്ലിക്കിലെ അന്തേവാസികളും അതിഥികളും മാത്രമായിരിക്കും.

placeholder
സുരേഷ് കുറുപ്പ്, സുനിൽ പി. ഇളയിടം

ആൾക്കൂട്ടം നിയമം കൈയ്യിലെടുക്കുമ്പോൾ

നമ്മുടെ രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക, വ്യവസായലോകങ്ങളും സൃഷ്ടിക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് പൂക്കോട്ടുണ്ടായത്. 1984-ലെ സിഖ് വിരുദ്ധ കലാപവും 2002-ലെ ഗുജറാത്ത് കലാപവും 2020-ലെ ഡൽഹി കലാപവും 2023-ലെ മണിപ്പൂർ കലാപവും ഈ പ്രക്രിയയുടെ ഭാഗമാണ്. അതിനും മുമ്പ് അടിയന്തരാവസ്ഥയും വിഭജനകാലത്തെ കൂട്ടക്കൊലകളും ഈ ചരിത്രത്തിന്റെ അടിത്തട്ടിലുണ്ട്. ഇന്നിപ്പോൾ ഇന്ത്യയിൽ പശുവിന്റെ പേരിൽ നടക്കുന്ന കൊലകളും മുസ്ലിം അപരവത്കരണവും പൂക്കോടിന്റെ പരിസരം തീർക്കുന്നതിന് പിന്നിലുണ്ട്. ഒരതിക്രമത്തിലും ഖേദം പ്രകടിപ്പിക്കാത്ത ഭരണാധികാരികൾക്ക് ഈ അപചയത്തിന് പിന്നിലുള്ള പങ്ക് ഒട്ടും തന്നെ ചെറുതല്ല.

നമ്മുടെ ചെറുപ്പക്കാരുടെ മുന്നിലുള്ള മാതൃകകൾ ആരാണ്? ആശയലോകത്തിലും പ്രവൃത്തിപഥത്തിലും തന്നെ എതിർത്തിരുന്ന അംബദ്കറുടെ 'ജാതിയുടെ ഉന്മൂലനം' എന്ന പ്രബന്ധം അതേപടി അവതരിപ്പിക്കണമെന്നാണ് അതിനെ എതിർത്തവരോട് ഗാന്ധിജി ആവശ്യെപ്പട്ടത്. ജനാധിപത്യത്തിൽ സീസർമാർ വേണ്ടെന്ന് സ്വയം വിമർശിക്കാൻ കെൽപുണ്ടായിരുന്നു നെഹ്രുവിന്. നവീകരിക്കപ്പെട്ട സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവേളയിൽ എല്ലാ പുഴകളും സമുദ്രത്തിലേക്കാണ് ഒഴുകുന്നതെന്നും എല്ലാ മതങ്ങളും ദൈവത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നും പറയാനുള്ള ആർജ്ജവമുണ്ടായിരുന്നു രാജേന്ദ്ര പ്രസാദിന്. 

ചരിത്രം മറക്കുന്നവർക്ക് ചരിത്രം നിർമ്മിക്കാനാവില്ലെന്ന് ഇന്ത്യൻ ജനതയെ ഓർമ്മിപ്പിച്ചത് അംബദ്കറാണ്.  ഭരണഘടനയെ വെല്ലുവിളിക്കുന്ന അരാജകത്വത്തിന്റെ വ്യാകരണ(grammar of anrachy)ത്തിന് സ്വതന്ത്ര ഇന്ത്യയിൽ സ്ഥാനമില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ ശിൽപി പറഞ്ഞുവെച്ചു. ഇവരൊന്നുമല്ല സമകാലിക ഇന്ത്യയിൽ നമ്മുടെ ചെറുപ്പക്കാർക്ക് മുന്നിലുള്ള മാതൃകകൾ.

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടപ്പോൾ വൻമരം വീണാൽ ഭൂമി കുലുങ്ങുമെന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. ഗുജറാത്ത് കലാപത്തിൽ മാപ്പ് പറയുമോ എന്ന് കരൺ ഥാപ്പർ ചോദിച്ചപ്പോൾ അഭിമുഖം അവസാനിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. നവകേരള ബസ്സിന് മുന്നിലേക്ക് ചാടി വീണവരെ മർദ്ദിച്ചൊതുക്കിയ അനുയായികൾ ജീവൻ രക്ഷാപ്രവർത്തനം നടത്തുകയാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. രാജീവിനേയും മോദിയേയും പിണറായിയേയും ഒരേ ചരടിൽ കെട്ടുകയാണോ എന്ന് പറഞ്ഞ് മെക്കിട്ടു കയറാൻ വരുന്നവരോട് പറയാനുള്ളത് ഇതാണ്- മൂന്നിടത്തും നിയമവാഴ്ചയുടെ ലംഘനമാണ് ന്യായീകരിക്കപ്പെട്ടത്. ലംഘനത്തിന്റെ തോതിന് ഏറ്റക്കുറച്ചിലുണ്ടാവാം. പക്ഷേ, ആൾക്കൂട്ടം നിയമം കൈയ്യിലെടുക്കുമ്പോൾ അതിനെ ന്യായീകരിക്കുന്നവർ ബനാന റിപ്പബ്ളിക്കുകൾക്ക് അടിത്തറ തീർക്കുന്നവരാണെന്ന് പറയാൻ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല.

placeholder
പലസ്തീന് ഐക്യദാർഢ്യവുമായി എസ്.എഫ്.ഐ. തിരുവനന്തപുരത്ത് നടത്തിയ മാർച്ച്‌

എസ്.എഫ്.ഐക്ക് സംഭവിക്കുന്നത്

പുതിയൊരു ഭൂമിയും ആകാശവും സ്വപ്നം കണ്ടവരായിരുന്നു എസ്.എഫ്്.ഐയുടെ പിറവിക്ക് പിന്നിൽ. അടിയന്തരാവസ്ഥയുടെ ഭീകരതകൾ നേരിട്ട ഭൂതകാലം എസ്.എഫ്.ഐക്കുണ്ട്. കേരളത്തിലെ എത്രയോ കലാലയങ്ങളിൽ കെ.എസ്.യുവിന്റെ അതിക്രമങ്ങൾക്കെതിരെ സർഗ്ഗാത്മകമായി പ്രതികരിച്ച ചരിത്രം എസ്.എഫ്.ഐക്കുണ്ട്. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പതാക വാഹകരായിരുന്നു എസ്.എഫ്.ഐയുടെ മുൻകാല പ്രവർത്തകരിൽ ഏറെയും. കേരളത്തിലെ കലാലയങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത വെറുമൊരു വാക്കാവാതെ നിലനിർത്തിയതിൽ എസ്.എഫ്.ഐക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാവില്ല. ആ പ്രസ്ഥാനമാണ് പൂക്കോട്ടെ കലാലയത്തിൽ സിദ്ധാർത്ഥൻ എന്ന ചെറുപ്പക്കാരനെ വേട്ടയാടിക്കൊന്നത്. ഇത് അപചയമല്ലെങ്കിൽ പിന്നെ മറ്റെന്താണ് അപചയം....!

മൂന്ന് ദിവസങ്ങൾ ഒരു വിദ്യാർത്ഥി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിട്ടും അതിനെ നിയമവാഴ്ചയ്ക്ക് മുന്നിൽ എത്തിക്കണമെന്ന് ഒരദ്ധ്യാപകനോ വിദ്യാർത്ഥിക്കോ തോന്നിയില്ലെന്നത് ഒരേസമയം ഞെട്ടിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇവർക്കാർക്കും ഒരു സംഘം വിദ്യാർത്ഥി ഗുണ്ടകളെ നേരിടാനാവാതെ പോയത്? സിദ്ധാർത്ഥൻ ഒരു സഹവിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയതാണ് സംഘർഷത്തിലേക്കും കൊലയിലേക്കും നയിച്ചതെന്ന് പറഞ്ഞ് ന്യായീകരണം ഉയർത്തുന്ന വിദ്യാർത്ഥികളേയും രാഷ്ട്രീയക്കാരേയും ഇതിനിടയിൽ കണ്ടു. 

ഒരു വിദ്യാർത്ഥി തെറ്റ് ചെയ്താൽ അത് കൈകാര്യം ചെയ്യാൻ ഇവിടെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവിധാനമുണ്ട്. അതിനെ മറികടക്കാൻ ഒരു ഗുണ്ടാ സംഘത്തിനെയും അനുവദിക്കാനാവില്ല. അതിനെതിരെ ഒരു വിരൽ പോലുമുയർത്താൻ നമ്മുടെ സംഘടനകൾക്കാവുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയിൽ നമ്മൾ അടിമുടി പരാജയപ്പെടുകയാണെന്ന് തന്നെയാണ്. കലാലയ രാഷ്ട്രീയം വളർത്തിയെടുത്തവരാണ് നമ്മുടെ പല മേഖലകളിലും പിന്നീട് പ്രകാശിക്കുകയും പ്രശോഭിക്കുകയും ചെയ്തിട്ടുള്ളത്. കലാലയങ്ങളിൽനിന്ന് രാഷ്ട്രീയമല്ല ഏകാധിപത്യമാണ് ഇല്ലാതാക്കേണ്ടത്. അപരനെ അറിയുന്ന, മനസ്സിലാക്കുന്ന രാഷ്ട്രീയം അപ്രത്യക്ഷമായാൽ സമൂഹത്തിനുണ്ടാക്കുന്ന പരിക്കുകൾക്ക് പരിധിയുണ്ടാവില്ല.

placeholder
സിദ്ധാർത്ഥന്റെ അമ്മയും അച്ഛനും

സിനിമയും വ്യവസായവും

രാഷ്ട്രീയക്കാർ മാത്രമല്ല ഈ അപചയത്തിന് ഉത്തരവാദികൾ. 34 വർഷത്തെ തുടർച്ചയായ ഭരണം സി.പി.എമ്മിന് ബംഗാളിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ സിംഗൂരിനും നന്ദിഗ്രാമിനുമുള്ള പങ്ക് മറക്കാനാവില്ല. വികസനവും വ്യവസായവത്കരണവും അക്രമത്തിലേക്കും ചൂഷണത്തിലേക്കും എത്തുമ്പോൾ അത് ബനാന റിപ്പബ്ലിക്കുകളിലേക്കുള്ള സഞ്ചാരമാവുന്നു. അതിസമ്പന്നരായ കോർപ്പറേറ്റുകൾ ഭരണകൂടങ്ങളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതിന്റെ ദുരന്തമാണ് സിംഗൂരിലും നന്ദിഗ്രാമിലും കണ്ടത്. 1984-ൽ ഭോപ്പാലിൽ യൂണിയൻ കാർബൈഡ് എന്ന ആഗോള കമ്പനി എങ്ങിനെയാണ് മനുഷ്യത്വവിരുദ്ധമായി പെരുമാറിയതെന്നത് നമ്മുടെ കൺമുന്നിലുണ്ട്. 

1957-ൽ ഭരണമേറ്റ് ആറാം ദിവസം കുടിയൊഴിപ്പിക്കൽ വിരുദ്ധ നിയമം കൊണ്ടുവന്ന ഭൂതകാലം സി.പി.എമ്മിനുണ്ട്. പക്ഷേ, കെ റെയിലിന്റെ പേരിൽ സാധാരണ മനുഷ്യരുടെ വീടുകൾക്ക് മുന്നിലും പുറകിലും മഞ്ഞക്കുറ്റി അടിക്കാൻ ഇതേ പാർട്ടി നയിക്കുന്ന ഇപ്പോഴത്തെ ഭരണകൂടത്തിന് മടിയുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി പോലും കിട്ടുന്നതിന് മുമ്പാണ് ഈ അതിക്രമം അരങ്ങേറിയതെന്ന് മറക്കരുത്. ചങ്ങാത്ത മുതലാളിത്വത്തിന്റെ അൾത്താരയിൽ സ്വയം സമർപ്പിക്കുന്ന ഭരണകൂടങ്ങൾ ഉള്ളപ്പോൾ പൂക്കോട് പോലുള്ള ബനാന റിപ്പബ്ലിക്കുകൾ ഉണ്ടാവുന്നതിൽ  എന്തതിശയമാണുള്ളത്! ഗുജറാത്ത് കലാപവും സിഖ് വിരുദ്ധ കലാപവും മുസ്ലിം അപരവത്കരണവും നമ്മുടെ എത്ര കുത്തക മുതലാളിമാർ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ബി.ജെ.പിക്ക് ഒരു മുസ്ലിം എം.പി. പോലുമില്ലെന്ന ഭീകര യാഥാർത്ഥ്യം നമ്മുടെ എത്ര മുതലാളിമാരുടെ ഉറക്കം കെടുത്തുന്നുണ്ട്?

നമ്മുടെ സാംസ്‌കാരിക മേഖലയ്ക്കും പൂക്കോട്ടെ കൊലയുടെ ഉത്തരവാദിത്വത്തിൽനിന്നു കൈകഴുകി മാറിനിൽക്കാനാവില്ല. എന്തിനുമേതിനും പരിഹാരം അക്രമം (വയലൻസ്) ആണെന്ന ദർശനമാണ് നമ്മുടെ സിനിമകൾ ഇപ്പോൾ മുന്നോട്ടുവെയ്ക്കുന്നത്. ബാഹുബലി, കെ.ജി.എഫ്., ജയിലർ, ലിയോ, വിക്രം, ഭീഷ്മപർവ്വം എന്നിങ്ങനെ അടുത്ത കാലത്ത് ഹിറ്റായ മിക്ക സിനിമകളും വയലൻസിൽ അഭിരമിക്കുന്നവയാണ്. ഈ സിനിമകൾ എല്ലാം തന്നെ ബനാന റിപ്പബ്ളിക്കുകളിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. 

തെറ്റു തിരുത്താൻ നിയമം കൈയ്യിലെടുക്കുന്നവർ, എതിരാളിയെ എത്ര വേണമെങ്കിലും പീഡിപ്പിക്കാൻ ഒരു മടിയുമില്ലാത്തവർ, തുടക്കം മുതൽ ഒടുക്കം വരെ നമ്മുടെ തിയേറ്ററുുകളിലെ തിരശ്ശിലകളിൽ ചോര തെറിക്കുന്നു. നർമ്മബോധം നഷ്ടപ്പെട്ട നായകരാണ് നമ്മുടെ സിനിമകളിൽ ഇന്നുള്ളത്. ഒന്നു പറഞ്ഞ് മറ്റൊന്നിന് അവർ കഠാരയും വാളും തോക്കും കയ്യിലെടുക്കുന്നു, ബനാന റിപ്പബ്ളിക്കുകൾ സ്ഥാപിച്ചുകൊണ്ട് ഞാനാണ് നിയമം എന്ന് പ്രഖ്യാപിക്കുന്നു.

കറുത്ത മാസ്‌ക് പോലും ഊരണമെന്ന് പറയുന്ന ഭരണകൂടത്തോട് കറുപ്പ് ദ്രാവിഡത്തിന്റെ നിറമാണെന്ന് പറയാൻ നമ്മുടെ സാംസ്‌കാരിക നായകർക്ക് കഴിയാതെ പോവുന്നത് എന്തുകൊണ്ടാണ്? കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഒരു ടെലിവിഷൻ റിപ്പോർട്ടറോട് കറുത്ത മാസ്‌ക് ഊരി മാറ്റണമെന്നാവശ്യപ്പെട്ട സംഭവം ചർച്ച ചെയ്തപ്പോൾ ഒരു സാംസ്‌കാരിക പ്രവർത്തക പറഞ്ഞത് കറുത്ത മാസ്‌കിന് പകരം ആ റിപ്പോർട്ടർക്ക് നീല മാസ്‌ക് കൊടുത്തില്ലേ എന്നാണ്! അധികാരത്തിന് മുന്നിൽ, അധികാരം വിളമ്പുന്ന അപ്പക്കഷണങ്ങൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നവർ, ടി.പി. വധം പോലുള്ള നിഷ്ഠൂരപ്രവൃത്തികൾ ന്യായീകരിക്കാൻ ഒരു മടിയുമില്ലാത്തവർ, ഇവർ ഉത്പാദിപ്പിക്കുന്ന മാലിന്യം കൂടിയാണ് ബനാന റിപ്പബ്ളിക്കുകൾക്ക് അസ്തിവാരമാവുന്നത്!

placeholder
മരപ്പട്ടി

പ്രതികരിക്കുന്ന മരപ്പട്ടി

1970 ഡിസംബർ ഏഴിന് പോളണ്ടിലെ വാഴ്സയിലേക്ക് വെസ്റ്റ് ജർമ്മൻ ചാൻസലർ വിലി ബ്രാൻഡ് പോയത് മാപ്പ് പറയാനായിരുന്നു. ഹിറ്റ്ലറുടെ നാസി ജർമ്മനി പോളണ്ടിലെ യഹൂദരോട് ചെയ്ത അതിക്രമങ്ങൾക്ക് അവിടത്തെ ശവകുടീരങ്ങൾക്കു മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ടാണ് ബ്രാൻഡ് മാപ്പ് ചോദിച്ചത്. 2005 ഓഗസ്റ്റിൽ സിഖ് വിരുദ്ധ കലാപത്തിന് ഇന്ത്യയോടും ലോകത്തോടും മാപ്പ് പറഞ്ഞ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഓർക്കുന്നു. മാപ്പ് ചോദിക്കൽ വിമലീകരണമാണ്. അത് മനസ്സിനെയും ഉടലിനെയും ഒരു പോലെ ശുദ്ധീകരിക്കുന്നു, മുറിവുകളിൽ സാന്ത്വനത്തിന്റെ തൈലവും ലേപനവും പുരട്ടുന്നു.

പൂക്കോട്ടെ കലാലയത്തിൽ ഒരു ചെറുപ്പക്കാരൻ നിർദ്ദയം കൊല ചെയ്യപ്പെട്ടതിൽ കേരള സമൂഹത്തോട് മാപ്പ് ചോദിക്കാൻ നമ്മുടെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾക്ക് കഴിയാതെ പോവുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഈ ക്രൂരതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റിനോ സെക്രട്ടറിക്കോ രാജി സന്നദ്ധത പ്രഖ്യാപിക്കാൻ കഴിയാതെ വരുന്നത്? ഒന്നിന്റെയും ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല. എല്ലാവരും പീലാത്തോസിനെപ്പോലെ കൈകഴുകുമ്പോൾ  ഒരു മരപ്പട്ടി മാത്രം ഭരണാധിപന്റെ വസ്ത്രങ്ങളിൽ മൂത്രമൊഴിക്കുന്നു. മനുഷ്യർ പ്രതികരിക്കാൻ മടിക്കുമ്പോൾ മൃഗങ്ങൾ ആ ദൗത്യം ഏറ്റെടുക്കുന്നു.

നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പിൽനിന്ന് ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ട എലീ വീസൽ (Elie Wiesel)  എഴുതിയ 'രാത്രി' എന്ന പേരുള്ള ഗ്രന്ഥമുണ്ട്. 1986-ൽ സമാധാനത്തിനുളള നോബൽ സമ്മാനം വീസലിനായിരുന്നു. 146 പേജ് മാത്രമുള്ള ഈ ചെറിയ പുസ്തകം ഇടിച്ചുനിറച്ച കതിന പോലെയാണ്. അമ്മയും അനിയത്തിയും നാസികളുടെ ഗ്യാസ് ചേംബറിലേക്ക് വലിച്ചെറിയപ്പെടുന്നതിന് സാക്ഷിയായ ഒരു കുട്ടിയുടെ അനുഭവങ്ങൾ അത്രയേറെ പൊള്ളിക്കുന്നതാണ്. തൊട്ടടുത്ത മുറിയിൽ നാസികൾ പീഡിപ്പിച്ചു കൊന്ന പിതാവിന്റെ നിലവിളി വീസലിനെ ജിവിതകാലം മുഴുവൻ പിന്തുടർന്നു(2016-ലാണ് വീസൽ മരിച്ചത്).

ഈയൊരു പുസ്തകം എഴുതാനായിരിക്കാം താൻ ജീവനോടെ ബാക്കിയായതെന്ന് വീസൽ പറയുമായിരുന്നു. ഓഷ്‌വിറ്റ്‌സിലെ തടങ്കൽ പാളയത്തിലെ പവർ പ്ലാന്റ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് നാസികൾ ഒരു കുട്ടിയെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് വീസൽ എഴുതുന്നത് ഹൃദയഭേദകമായാണ്. 
ഈ തൂക്കിക്കൊല കണ്ടുനിൽക്കേണ്ടി വരുന്ന തടവുകാരിൽ പലരും പിറുപിറുക്കുന്നു: ദൈവം എവിടെ? 
അപ്പോൾ ഉള്ളിന്റെ ഉള്ളിൽ വീസൽ പ്രതികരിക്കുന്നതിങ്ങനെയാണ്: ''ദൈവം എവിടെയാണെന്നോ? ദാ.. അവിടെ... ആ തൂക്കുമരത്തിൽ തൂങ്ങിയാടുന്നു.''  

ദൈവത്തേയും തന്റെ ആത്മാവിനെയും ഇല്ലാതാക്കിയ, തന്റെ സ്വപ്നങ്ങൾ ചാരമാക്കിയ ആ നിമിഷങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും വിസൽ എഴുതുന്നുണ്ട്. പൂക്കോട്ടെ കലാലയത്തിലെ കൊച്ചുമുറിയുടെ മേൽക്കൂരയിലും തൂങ്ങിയാടിയത് ദൈവം തന്നെയാണ്, നമ്മുടെ ആത്മാവും സ്വപ്നങ്ങളുമാണ്.

ഓഷ്‌വിറ്റ്‌സിന് ശേഷം കവിത അസാദ്ധ്യമാണെന്ന് ജർമ്മൻ ചിന്തകൻ തിയഡൊർ അഡൊർണൊ പറഞ്ഞതും ഇതോടൊപ്പം ചേർത്തുവായിക്കണം. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതയുടെ പരകോടിയായിരുന്നു ഓഷ്‌വിറ്റ്‌സ്. പക്ഷേ, ലോകത്ത് ക്രൂരതകൾ അവസാനിച്ചില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ലക്ഷക്കണക്കിന് മനുഷ്യരെ ചുട്ടുകൊന്നുകൊണ്ട് ക്രൂരതയ്ക്ക് അമേരിക്ക പുതിയ പദാവലികളും ബിംബങ്ങളും നൽകി. 

എല്ലാ യുദ്ധങ്ങളും അശ്ലീലമാണെന്ന ഹെർബർട്ട് മർക്യൂസ് എന്ന ജർമ്മൻ ദാർശനികന്റെ വാക്കുകളും മറക്കാനാവില്ല. ഹിപ്പികൾ തെറിപ്പാട്ടു പാടുന്നതോ, ചെറുപ്പക്കാർ നഗ്‌നത പ്രദർശിപ്പിക്കുന്നതോ അല്ല അശ്ലീലമെന്നും യുദ്ധത്തെ പിന്തുണച്ചുകൊണ്ട് പുരോഹിതർ നടത്തുന്ന പ്രസംഗമാണ് അശ്ലീലമെന്നും യുദ്ധത്തിൽ കൊന്നവരുടെ എണ്ണത്തിനനുസരിച്ച് കിട്ടുന്ന മെഡലുകൾ തോളിലണിഞ്ഞു നടക്കുന്ന പട്ടാള മേധാവിയുടെ പ്രവൃത്തിയാണ് അശ്ലീലമെന്നും മർക്യുസ് എഴുതി.

പൂക്കോട്ടെ ബനാന റിപ്പബ്ളിക്ക് കേരള സമൂഹത്തിന് മുന്നിലുള്ള അശ്ലീലമാണ്. ചെരുപ്പിടാതെ നടക്കുന്നതുകൊണ്ടോ ഗാസയിലെ നരബലികൾക്കെതിരെ കവിത എഴുതുന്നതുകൊണ്ടോ യുവതയുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതുകൊണ്ടോ ഈ അശ്ലീലം ഇല്ലാതാവുന്നില്ല. ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുന്നവർക്ക് മാത്രമേ ഈ അപചയത്തിന് അറുതി വരുത്താനാവുകയുള്ളു. അത്തരമൊരു പ്രതികരണത്തിനാണ്, അത്തരമൊരു മനസ്സ് തുറക്കലിനാണ് കേരളം കാതോർക്കുന്നത്.

വഴിയിൽ കേട്ടത്:  കേരളത്തിൽ ഇടതുപക്ഷത്തിന്റെ മത്സരം ബി.ജെ.പിയുമായിട്ടെന്ന് ഇ.പി. ജയരാജൻ. മുജ്ജന്മ ശത്രുക്കൾ ചിലപ്പോൾ കൺവീനർമാരായും ജനിക്കാറുണ്ടോ എന്ന് സഖാവ് എം.വി. ഗോവിന്ദൻ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും!