
ശൂന്യതയില്‍ ഒന്നുമുണ്ടാവുന്നില്ല. ഈ മാര്‍ച്ച് ആദ്യവാരം പോപ്പ് ഗായിക റിഹാന ഗുജറാത്തിലെ ജാംനഗറില്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്നിനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് പിന്നാലെ റിഹാനയുടെ സ്വന്തം സംരംഭമായ ഫെന്‍ഡി ബ്യൂട്ടി ഇന്ത്യന്‍ വിപണിയിലേക്കെത്തിയത് അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ല. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ആഗോള വിപണിയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും വലിയ കച്ചവടമാണ് ഫെന്‍ഡി ബ്യൂട്ടി ലക്ഷ്യമിടുന്നത്. പറഞ്ഞുവന്നത് എന്തിനുമേതിനും ഒരു പരിസരമുണ്ടെന്നാണ്.
വ്യോമസേന മുന്‍ മേധാവി ആര്‍.കെ.എസ്. ബദൗരിയയും കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപദ്ധ്യായയും കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും ഓര്‍ക്കുക. 59,000 കോടി രൂപയുടെ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ചര്‍ച്ചകള്‍ക്ക് അവസാനഘട്ടത്തില്‍ നേതൃത്വം നല്‍കിയ കക്ഷിയാണ് ബദൗരിയ. ഈ ഇടപാടിനെതിരെയുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി തീര്‍പ്പ് കല്‍പിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വിരമിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭാംഗമായതും മറക്കാനാവില്ല. ജഡ്ജിയുടെ പദവിയില്‍ നിന്നും രാജിവെയ്ക്കുന്നതിന് മുമ്പ് ജസ്റ്റിസ് ഗംഗോപദ്ധ്യായ പറഞ്ഞത് താന്‍ ബി.ജെ.പിയുമായും ബി.ജെ.പി. താനുമായും കുറച്ചു ദിവസങ്ങളായി ബന്ധപ്പെട്ടിരുന്നുവെന്നാണ്. അതായത് സിറ്റിങ് ജഡ്ജിയായിരുന്ന ഗംഗോപദ്ധ്യായ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തി. ഒരു ദിവസം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ബദൗരിയയും ഗഗോയിയും ഗംഗോപദ്ധ്യായയും എടുത്ത തീരുമാനമായിരുന്നില്ല ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശം എന്ന് ചുരുക്കം. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ചിറകിലേറി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഉദ്ദിഷ്ട സേവനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യുന്നതില്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് ഈ മുവ്വരും ചിലപ്പോള്‍ അവരുടെ ആത്മകഥകളില്‍ എഴുതുമായിരിക്കും.
നര്‍ത്തകനും ഗവേഷകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സത്യഭാമയും സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്കെതിരെ തമിഴകത്തെ ചില പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞരും രംഗത്ത് വന്നതിനും ഇതുപോലെ വ്യക്തമായ പരിസരവും ചരിത്രവുമുണ്ട്. സത്യഭാമയും കൂട്ടരും ഉള്ളിന്റെയുള്ളില്‍ കൊണ്ടു നടക്കുന്ന വിഷം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. കാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്റെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പൊട്ടിയൊഴുകലാണ് ഈ രണ്ട് സംഭവങ്ങളിലുമുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അവയെ നമുക്ക് സമഗ്രമായും സൂക്ഷ്മമായും പരിശോധിക്കേണ്ടതായുണ്ട്.
വെറുപ്പ് സാധാരണവത്കരിക്കപ്പെടുമ്പോള്‍
രാമകൃഷ്ണനെ മാത്രമല്ല പരിഷ്‌കൃത സമൂഹത്തെ ഒന്നാകെയാണ് സത്യഭാമ അധിക്ഷേപിച്ചത്. ഇവിടെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഈ അധിക്ഷേപങ്ങള്‍ക്കെതിരെ ഇത്രയധികം ശക്തമായി കേരളീയ സമൂഹം പ്രതികരിച്ചെങ്കിലും സത്യഭാമയ്ക്ക് ഒരു തരത്തിലുള്ള മനസ്താപമോ കുറ്റബോധമോ ഉണ്ടായിട്ടില്ലെന്നതാണ്. താന്‍ പറഞ്ഞത് തീര്‍ത്തും ന്യായമായ ഒരു കാര്യമാണെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. അതായത് തന്റെ പറച്ചിലിലും ചെയ്തിയിലും അവര്‍ക്ക് ഒരു തരത്തിലുള്ള തെറ്റും തോന്നുന്നില്ല. മനുഷ്യരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതില്‍ ഒരു പ്രശ്നവും ഇല്ലെന്ന ബോദ്ധ്യമാണ് അവരെ നയിക്കുന്നത്. പല വട്ടം ഈ കാഴ്ചപ്പാട് പരസ്യമായി ആവര്‍ത്തിക്കുന്നതിനും അവര്‍ തയ്യാറാവുന്നു. ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് സത്യഭാമ എത്തുന്നത് ഒരു ദിവസം കൊണ്ടല്ല. ഇവിടെയാണ് സത്യഭാമയെ സത്യഭാമയാക്കുന്ന പരിസരം നമ്മള്‍ തിരിച്ചറിയേണ്ടത്.
സിദ്ധാര്‍ത്ഥന്‍ എന്ന ചെറുപ്പക്കാരനെ അതിഭീകരമായി കൊലപ്പെടുത്തിയവര്‍ക്ക് എന്തെങ്കിലും കുറ്റബോധമുണ്ടായോ? ടി.പി.ചന്ദ്രശേഖരനെ നിര്‍ദ്ധയമായി ഇല്ലാതാക്കിയവര്‍ക്ക് എന്തെങ്കിലും കുറ്റബോധമുണ്ടായോ? അഭിമന്യുവിനെയും ധീരജിനെയും കാമ്പസിലിട്ട് കുത്തിക്കൊന്നവര്‍ക്ക് എന്തെങ്കിലും പശ്ചാത്താപമുണ്ടായോ? ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയവര്‍ അതേച്ചൊല്ലി ദുഖിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടോ? ഗാന്ധിജിയെ വധിച്ച ഗോഡ്സെ അതില്‍ തരിമ്പ് പോലും ദുഃഖിച്ചില്ല എന്ന് മാത്രമല്ല ആ കൊടുംകൃത്യത്തെ ന്യായീകരിച്ച് പ്രബന്ധം തയ്യാറാക്കുകയും ചെയ്തു. ഈ ഗോഡ്സെയെ പ്രകീര്‍ത്തിച്ച പ്രഗ്യ ടാക്കൂറിനെ ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ നിര്‍ത്തി വിജയിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്തത്.
1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിയുടെ പ്രതികരണം കുപ്രസിദ്ധമായിരുന്നു. വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ഒന്ന് കുലുങ്ങുന്നത് സാധാരണമാണെന്നായിരുന്നു രാജീവിന്റെ നിലപാട്. സോണിയയും മന്‍മോഹന്‍സിങ്ങും ഈ വിഷയത്തില്‍ പിന്നീട് മാപ്പ് പറഞ്ഞുവെന്നത് മറ്റൊരു കാര്യം. 2005-ല്‍ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ നിന്നുകൊണ്ട് കുനിച്ചുപിടിച്ച ശിരസ്സുമായി ഇന്ത്യന്‍ ജനതയോട് മാപ്പ് പറഞ്ഞ മന്‍മോഹന്‍സിങ് നല്‍കിയത് വലിയൊരു സന്ദേശമാണ്. ആത്മപരിശോധനകള്‍, പശ്ചാത്താപങ്ങള്‍, തെറ്റ് തിരുത്തലുകള്‍- മനുഷ്യര്‍ മുന്നോ്ട്ട് നടക്കുന്നത് ഇങ്ങനെയൊക്കെയാണ്. പക്ഷേ, ഇത്തരം മനസ്താപങ്ങള്‍, ഏറ്റുപറച്ചിലുകള്‍ ഇപ്പോള്‍ വല്ലാതെ കുറഞ്ഞിരിക്കുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ മാപ്പുപറയാനുള്ള ഒരവസരമാണിത് എന്ന് കരണ്‍ താപ്പര്‍ 2007 ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദിയോട് പറഞ്ഞപ്പോള്‍ ആ അഭിമുഖം അവസാനിപ്പിക്കുകയാണ് മോദി ചെയ്തത്. ആ കലാപത്തിലെ ഏറ്റവും ദുഃഖഭരിതമായ അദ്ധ്യായമാണ് ബില്‍ക്കിസ് ബാനുവിന്റേത്. എന്നാല്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിടുക്കം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ മാലയിട്ട് സ്വീകരിക്കപ്പെടുന്നതും നമ്മള്‍ കണ്ടു. പശുവിന്റെ പേരിലുള്ള കൊലകള്‍ നടത്തുന്നവര്‍ക്കും ഇതേ തരം സ്വീകരണങ്ങള്‍ കിട്ടി.
ബാബ്രി മസ്ജിദ് തകര്‍ത്തതില്‍ മാപ്പ് പറഞ്ഞിട്ടായിരുന്നു രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നതെന്ന നിരീക്ഷണം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ പശ്ചാത്തപിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യര്‍ മനുഷ്യരാവുന്നത്. പക്ഷേ, നിലവിലുള്ള ഇന്ത്യയില്‍ തെറ്റുകള്‍ ന്യായീകരിക്കപ്പെടുകയാണ്. മൂന്ന് കൊല്ലം മുമ്പ് ഹരിദ്വാറില്‍ ചേര്‍ന്ന ധര്‍മ്മ സന്‍സദ് വംശ ഹത്യയ്ക്കാഹ്വാനം നല്‍കിയപ്പോള്‍ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിനെ ഒരു തരത്തിലും അപലപിച്ചില്ല. കലാപകാരികളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാം എന്ന് ഭരണാധികാരി തന്നെ പറയുമ്പോള്‍ വിവേചനവും വെറുപ്പും സ്ഥാപനവത്കരിക്കപ്പെടുകയും നോര്‍മലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്നവര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അക്രമങ്ങളും വിവേചനവും ഇങ്ങനെ നോര്‍മലൈസ് ചെയ്യപ്പെടുന്ന സമൂഹങ്ങളിലാണ് സത്യഭാമമാര്‍ ഉണ്ടാവുന്നത്.
നാസി ജര്‍മ്മനിയില്‍ സംഭവിച്ചത്
ജര്‍മ്മനിയില്‍ നാസി ഭരണകാലത്ത് സാധാരണ ജര്‍മ്മന്‍ സ്ത്രീകള്‍ ക്രൂരതയുടെ പര്യായങ്ങളായതിനെക്കുറിച്ച് വെന്‍ഡി ലോവര്‍ എന്ന അമേരിക്കന്‍ ചരിത്രകാരിയുടെ ഗംഭീരമായ പഠനമുണ്ട് ( 'Hitler's Furies: German Women in the Nazi Killing Fields'. ) ഈ സത്രീകള്‍ സാധാരണഗതിയില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുടപിടിക്കുന്നവരല്ല. പക്ഷേ, അവരുടെ ജീവിത പരിസരങ്ങളും അവര്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രവും അവരെ സമാനതകളില്ലാത്ത ക്രൂരതയുടെ ലോകത്തെത്തിക്കുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കാവലാളായിരുന്ന ഇല്‍സെ കൊഹ് , ഇര്‍മ ഗ്രെസ് എന്നിവര്‍ യഹൂദരോട് ചെയ്ത കഠിന പ്രവൃത്തികള്‍ സമാനതകളില്ലാത്തതാണെന്ന് ലോവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പടയാളികളും ഉദ്യോഗസ്ഥരും മാത്രമല്ല തീര്‍ത്തും സാധാരണക്കാരായിരുന്ന നിരവധി ജര്‍മ്മന്‍ വനിതകളും യഹൂദരോട് ഒട്ടും തന്നെ അനുകമ്പയില്ലാതെയാണ് പെരുമാറിയത്.
ഇവരില്‍ എര്‍ണ പെട്രി എന്ന സ്ത്രീയുടെ ചരിത്രം ലോവര്‍ രേഖപ്പെടുത്തുന്നത് ഞെട്ടലോടെ മാത്രമേ വായിക്കാനാവുകയുള്ളു. ജര്‍മ്മന്‍ അധിനിവേശ പോളണ്ടിലെ ഒരു നാസി പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു എര്‍ണ. ഒരു ദിവസം തന്റെ വണ്ടിയില്‍ റോഡിലൂടെ പോവുമ്പോള്‍ ഇവര്‍ ആറ് കുട്ടികളെ കണ്ടെത്തി. ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍. എര്‍ണയ്ക്ക് അന്ന് 25 വയസ്സാണ് പ്രായം. അവര്‍ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു.

നിങ്ങള്‍ക്ക് ഈ കുട്ടികളെ എങ്ങിനെയാണ് വെടിവെച്ചുകൊല്ലാന്‍ കഴിഞ്ഞത് ? വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂറംബര്‍ഗിലെ വിചാരണയില്‍ എര്‍ണ ഈ ചോദ്യം നേരിട്ടു. അപ്പോള്‍ എര്‍ണയുടെ മറുപടി ഇതായിരുന്നു. ''അന്നതെങ്ങിനെ ചെയ്തുപോയി എന്നെനിക്കറിയില്ല. വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ആണുങ്ങള്‍ക്ക് മാത്രമല്ല ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും ഇതൊക്കെ ചെയ്യാനാവുമെന്ന് തെളിയിക്കണമെന്ന് എനിക്ക് തോന്നി.''
ഏര്‍ണ ഒരു പ്രതീകമാണ്. ഒരു പ്രത്യേക മാനസികാവസ്ഥയാണ് വിവരണാതീതമായ ക്രൂരത തന്നെക്കൊണ്ട് ചെയ്യിച്ചതെന്നാണ് അവര്‍ പറഞ്ഞത്. ഈ മാനസികാവസ്ഥ നാസിസം സൃഷ്ടിച്ചതായിരുന്നു. യഹൂദര്‍ മനുഷ്യരല്ലെന്നും അവരെ കൊന്നൊടുക്കുന്നത് ജര്‍മ്മനിയോടുള്ള സേവനമാണെന്നുമുള്ള പ്രത്യയശാസ്ത്രമാണ് ഈ മാനസികാവസ്ഥ സൃഷ്ടിച്ചത്. ഇത്തരം മാനസികാവസ്ഥകളില്‍ ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോവും. നന്മ തിന്മയും തിന്മ നന്മയുമാവും. ഇതൊരു വല്ലാത്ത പ്രതിസന്ധിയാണ്. മനുഷ്യന്‍ മനുഷ്യനല്ലാതാവുന്ന അവസ്ഥയാണിത്. അപ്പോള്‍ തൊട്ടടുത്തുള്ളവര്‍, ഏറ്റവും അടുത്ത അയല്‍ക്കാര്‍, കഴിഞ്ഞ ദിവസം വരെ നമ്മള്‍ കൂടെ ചേര്‍ത്തുനിര്‍ത്തിയവര്‍ - ഇവരൊക്കെ അന്യരാണെന്നു തോന്നും. അവര്‍ മനുഷ്യരല്ലെന്നും ചിതലുകളാണെന്നും തോന്നും. അവരെ ഇല്ലാതാക്കുന്നത് സമൂഹത്തോട് ചെയ്യുന്ന സേവനമാണെന്നും ധര്‍മ്മമാണെന്നും തോന്നും.
ഏര്‍ണ പെട്രയെ വിചാരണയ്ക്കു ശേഷം ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഓഷ്വിറ്റ്‌സിലെ തങ്കല്‍പാളയങ്ങളില്‍ യഹൂദരുടെ കൂട്ടക്കൊലയില്‍ പങ്കാളിയായ ഇര്‍മ ഗ്രെസിനെ തൂക്കിക്കൊല്ലുകയായിരുന്നു. ഈ സ്ത്രീകളെല്ലാം തന്നെ സാധാരണ സാഹചര്യങ്ങളില്‍ നിന്നും വന്നവരായിരുന്നു. സാധാരണ സമൂഹങ്ങളില്‍ സാധാരണ അവസ്ഥകളില്‍ ഇവരാരും തന്നെ ഇത്രയും ക്രൂരതയോടെ പെരുമാറുമായിരുന്നില്ല. അസാധാരണ സാഹചര്യങ്ങള്‍ പക്ഷേ, അസാധാരണ മനുഷ്യരെ സൃഷ്ടിക്കും. ഇത്തരം മനുഷ്യരെ നമ്മള്‍ വടക്കേ ഇന്ത്യയില്‍ കാണുന്നുണ്ട്. പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ സഹജീവികളെ നിര്‍ദ്ദയം മര്‍ദ്ദിച്ച് കൊല്ലുന്നവര്‍, ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്നതുകൊണ്ട് മാത്രം മനുഷ്യര്‍ ആക്രമിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങളില്‍ നമ്മുടെ ഭരണാധികാരികള്‍ കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. ഈ മൗനത്തിലൂടെ ഇത്തരം അതിക്രമങ്ങള്‍ക്ക് പച്ചക്കൊടി വീശുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. ഭരണകൂടം തന്നെ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാവും. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ദൈനംദിന
ജീവിത വ്യവഹാരത്തിന്റെ ഭാഗമാവുകയും സാധാരണ മനുഷ്യരും ക്രൂരതയുടെ ഈ പദ്ധതിയില്‍ സ്വമേധയാ ഭാഗഭാക്കാവുകയും ചെയ്യുന്നു.
ജാതിയുടെ രാഷട്രീയം
കേരളീയ സമൂഹം ഈ വിഷവലയത്തിന് വെളിയിലാണെന്ന നമ്മുടെ ധാരണയാണ് സത്യഭാമമാര്‍ തിരുത്തിക്കുറിക്കുന്നത്. അപ്പുറത്തു നില്‍ക്കുന്നവരെ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ആട്ടിപ്പായിക്കുന്ന കാഴ്ച കാണുമ്പോള്‍ നമ്മളും എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യം ചോദിക്കുക തന്നെ വേണം. മനുഷ്യനാവുക എന്നതാണ് ഈ ലോകത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ബാക്കിയെല്ലാം തന്നെ അതിനു ശേഷം മാത്രമേ വരുന്നുള്ളു.
സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി നല്‍കാനുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ തീരുമാനത്തിനെതിരെ ഒരു സംഘം സംഗീതജ്ഞര്‍ രംഗത്ത് വന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ജാതിക്കും വരേണ്യതയ്ക്കും എതിരെയുള്ള പോരാട്ടം അടയാളപ്പെടുത്തുന്ന ജീവിതമാണ് ടി.എം. കൃഷ്ണയുടേത്. തമിഴകത്ത് സംഗീത മേഖലയില്‍ നിലനില്‍ക്കുന്ന ബ്രാഹ്‌മണിക്കല്‍ അധീശത്വത്തിനെതിരെ എഴുത്തുകൊണ്ടും സംഗീതം കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും പൊരുതുന്ന കൃഷ്ണയ്ക്ക് ഈ അധീശത്വം എല്ലാ അര്‍ത്ഥത്തിലും നിലനില്‍ക്കുന്ന മദ്രാസ് മ്യൂസിക് അക്കാദമി അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചെന്നൈയില്‍ മാര്‍കഴിയില്‍( ഡിസംബര്‍ - ജനുവരി) നടക്കുന്ന സംഗീതോത്സവങ്ങള്‍ ബ്രാഹ്‌മണ്യത്തിന്റെ കൊടിയടയാളം പേറുന്നതാണെന്നും അതുകൊണ്ട് അവയില്‍ പങ്കെടുക്കില്ലെന്നും കൃഷ്ണ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ധാരയിലെ ഏറ്റവും ശക്തമായ സാന്നിദ്ധ്യമാണ് മദ്രാസ് മ്യൂസിക് അക്കാദമി. അതുകൊണ്ടാണ് സംഗീത കലാനിധി കൃഷ്ണയ്ക്ക് നല്‍കാന്‍ അക്കാദമി എടുത്ത തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അക്കാദമിയില്‍ കൃഷ്ണ കച്ചേരി നടത്തിയത് ശ്രദ്ധിച്ചവര്‍ അക്കാദമിക്കും കൃഷ്ണയ്ക്കുമിടയില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായതായി സംശയിച്ചിരുന്നു.

കൃഷ്ണയ്ക്ക് അക്കാദമി അവാര്‍ഡ് നല്‍കിയതും കൃഷ്ണ അത് സ്വീകരിച്ചതും തര്‍ക്ക വിഷയമാണ്. പക്ഷേ, ഈ വിഷയം സത്യഭാമമാരുമായി ബന്ധപ്പെടുത്തേണ്ടി വരുന്നത് കൃഷ്ണയ്ക്കെതിരെ ഉയരുന്ന പ്രതിഷേധവും ജാതിയുടെ അടിത്തറയില്‍ നിന്നാണെന്നതുകൊണ്ടാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ ബ്രാഹ്‌മണ്യ മേല്‍ക്കോയ്മ കൃഷ്ണ ചോദ്യം ചെയ്തതാണ് രഞ്ജനി- ഗായത്രി സഹോദരിമാര്‍ അടക്കമുള്ള ഒരു സംഘം സംഗീതജ്ഞരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കര്‍ണ്ണാടക സംഗീതത്തില്‍ കൃഷ്ണയ്ക്കുള്ള മികവിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും തന്നെ ആക്ഷേപമില്ല. ആക്ഷേപം കൃഷ്ണയുടെ രാഷ്ട്രീയത്തിനെക്കുറിച്ചാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയമാണത്. പെരിയാര്‍ ഇ.വി. രാമസാമിയെ കൃഷ്ണ പിന്തുടരുന്നതും ഈ വരേണ്യ സംഗീതജ്ഞര്‍ക്ക് പിടിക്കുന്നില്ല. മതത്തിനും ജാതിക്കുമെതിരെ സകല തുറകളിലും എതിര്‍പ്പുയര്‍ത്തിയ ആളാണ് പെരിയാര്‍. നായ്കര്‍ എന്ന ജാതിവാല്‍ വലിച്ച് ദൂരെ എറിയാന്‍ പെരിയാറിന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിട്ടില്ല. 1924 ല്‍ വൈക്കത്ത് ജാതി ഭ്രാന്തിനെതിരെ സമരം ചെയ്തവരില്‍ പെരിയാറുമുണ്ടായിരുന്നു. ആ പെരിയാറിനെയും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെയും തള്ളിക്കളയുമ്പോള്‍ രഞ്ജനി - ഗായത്രിമാരും സത്യഭാമയുടെ അതേ രാഷ്ട്രീയ നിലപാടിന്റെ വക്താക്കളായി മാറുകയാണ്.
മണി അയ്യരും രാജാജിയും
ജാതിയും പശുവും ഇന്ത്യന്‍ സമൂഹത്തെ അടയാളപ്പെടുത്തുന്നുണ്ട്. ജീവിതത്തിലെന്നപോലെ സംഗീതത്തിലും ഇവ രണ്ടുമുണ്ട്. പശുവിന്റെ തോലുകൊണ്ടാണ് മൃദംഗം തീര്‍ക്കപ്പെടുന്നതെന്നതിനെ അവഗണിക്കാനാണ് ബ്രാഹ്‌മണര്‍ ശ്രമിച്ചിട്ടുള്ളതെന്ന് ടി.എം. കൃഷ്ണ പറയുന്നുണ്ട്. മൃദംഗത്തിനു പിന്നില്‍ പശുവിന്റെ രക്തമുണ്ടെന്ന യാഥാര്‍ത്ഥ്യം മൃദംഗ വിദ്വാന്‍ പാലക്കാട് മണി അയ്യരെ അലട്ടിയിരുന്നുവെന്ന് ടി.എം. കൃഷ്ണ ' സെബാസ്റ്റ്യനും മക്കളും ' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൃദംഗത്തിന് നല്ല തോല് തന്നെ വേണമെന്ന് മണി അയ്യര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അള്‍ക്കട്ടന്‍ എന്നയാളാണ് നല്ല തോലുള്ള പശുവിനെ കണ്ടെത്തിയിരുന്നത്. ഒരു ദിവസം 100 രൂപ കൊടുത്തിട്ട് അള്‍ക്കട്ടനോട് നല്ല തോല് തന്നെ സംഘടിപ്പിച്ച് മൃദംഗ നിര്‍മ്മാതാവിന് കൊടുക്കാന്‍ പറയുന്നു. കുറെക്കഴിഞ്ഞ് പുറത്ത് പോയ അയ്യര്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത് അള്‍ക്കട്ടന്‍ ഒരു പശുവുമായി നില്‍ക്കുന്നതാണ്. എന്താണ് സംഗതിയെന്ന് ചോദിച്ചപ്പോള്‍ ഈ പശുവിന്റെ തോല് വളരെ നല്ലതാണെന്നും എന്നാല്‍ പശുവിന്റെ ഉടമസ്ഥന്‍ 120 രൂപ വില പറയുകയാണെന്നും അള്‍ക്കട്ടന്‍ പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധി അയ്യരുടെ ജിവിതത്തില്‍ ഇതാദ്യമായിരുന്നു. നല്ല തോല് വേണമെന്ന് പറയുമെന്നല്ലാതെ അതിന് പിന്നില്‍ ജിവനുള്ള ഒരു പശുവുണ്ടെന്ന കാര്യം അയ്യര്‍ ആലോചിച്ചിരുന്നില്ല. ആ പശുവുമായുള്ള മുഖാമുഖം അയ്യരെ മാനസികമായി തളര്‍ത്തി. അള്‍ക്കട്ടനെ അന്നേരം ഓടിച്ചുവിട്ടെങ്കിലും ഈ സംഘര്‍ഷം അയ്യരുടെ മനസ്സില്‍ നിന്നൊഴിഞ്ഞുപോയില്ല.
ഇതിനുള്ള പ്രതിവിധി തേടി കാഞ്ചി കാമകോടി പീഠാധിപതിയെ സമീപിക്കാനാണ് മണി അയ്യര്‍ ആദ്യം തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ മകന്‍ തന്നോട് പറഞ്ഞതായി കൃഷ്ണ പറഞ്ഞു. ഒടുവില്‍ ഈ വിഷമസന്ധിയുമായി മണി അയ്യര്‍ എത്തിയത് രാജാജിയുടെ അടുത്താണ്. രാജാജിയുടെ ഉപദേശം ഇതായിരുന്നു. ''നദികളുടെയും ഋഷിമാരുടെയും മൂലം അന്വേഷിക്കരുത്. '' അതൊരു പ്രായോഗിക ഉപദേശമായിരുന്നു. അസ്വസ്ഥകരമായ കാര്യങ്ങള്‍ അധികം അന്വേഷിക്കാതിരിക്കുക എന്ന ഉപദേശം. മണി അയ്യരുടെ ആശങ്കകള്‍ പൂര്‍ണ്ണമായും ഈ ഉപദേശം അകറ്റിയില്ല. മൃദംഗം നിര്‍മ്മിക്കുന്ന ദളിത് ക്രിസ്ത്യാനിയായ പര്‍ലാണ്ടുവുമായി (ഫെര്‍ണാണ്ടസിന്റെ തമിഴ് രൂപമാണ് പര്‍ലാണ്ട്) മണി അയ്യര്‍ക്കുള്ള സങ്കീര്‍ണ്ണവും അസാധാരണവുമായ ബന്ധം രൂപപ്പെടുന്നത് ഈ സവിശേഷ പരിസരത്തിലാണ്. പര്‍ലണ്ടു രോഗബാധിതനാവുമ്പോള്‍ അദ്ദേഹത്തിന് വൈദ്യസഹായവും മറ്റും ഉറപ്പ് വരുത്തുന്നതിന് മണി അയ്യര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജാജിയുടെ ഉപദേശം പക്ഷേ, പ്രശ്നത്തിനുള്ള പരിഹാരമല്ല, മറിച്ച് ഒളിച്ചോട്ടമാണ്. അങ്ങിനെയുള്ള ഒളിച്ചോട്ടങ്ങളാണ് ജാതിയെ ഇപ്പോഴും നമ്മുടെ ഇടയില്‍ ഇത്രയും ശക്തമായ സാന്നിദ്ധ്യമാക്കുന്നത്. നേര്‍ക്ക് നേര്‍ പോരാടുന്നതിലൂടെ മാത്രമേ ജാതിയെ ഇല്ലാതാക്കാനാവുയുള്ളു എന്ന് അംബദ്കര്‍ പറയുന്നതും ഇതുകൊണ്ടാണ്.

സാധാരണഗതിയില്‍ ഒരാളും ഒരു സഹജീവിക്കെതിരെ പറയാത്ത വാക്കുകളാണ് സത്യഭാമയില്‍ നിന്നുണ്ടായത്. ഇതില്‍ വര്‍ണ്ണവെറിക്കൊപ്പമോ അതില്‍ കൂടുതലായോ ജാതി വെറിയുമുണ്ട്. ഉള്ളിന്റെയുള്ളില്‍ ഉറഞ്ഞുകിടക്കുന്ന ജാതി വെറി എത്ര പെട്ടെന്നാണ് പുറത്തേക്ക് അണപൊട്ടിയൊഴുകുന്നത്. ഒരു പ്രത്യേക ജാതിയില്‍ പിറക്കുന്നത് കൊണ്ട് മാത്രം സമൂഹത്തില്‍ ഉന്നതരാവുന്ന വൃത്തികെട്ട വ്യവസ്ഥയുടെ ബാക്കിപത്രമാണിത്. അങ്ങിനെയങ്ങ് എളുപ്പത്തില്‍ പോകുന്ന ബാധയല്ല ഇത്. അതുകൊണ്ടാണ് അമേരിക്കയിലെ ഹാര്‍വേഡ് സര്‍വ്വകലാശാലയില്‍ ഗവേഷകനായിരിക്കുമ്പോഴും ജാതി തന്നെ നിഴല്‍ പോലെ പിന്തുടരുന്നുണ്ടെന്ന് സൂരജ് യെങ്ഡെയെപ്പോലൊരു പബ്ളിക് ഇന്റലക്ച്വല്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ മനുഷ്യനെ അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച ജാതി, ഈ ജാതി ഇതാ ഇപ്പോഴും ഇവിടെ നമുക്കിടയിലുണ്ട്. ഈ ജാതിയാണ് മന്ത്രി കെ രാധാകൃഷ്ണനെ നോക്കി പല്ലിളിച്ചത്. 1924 ല്‍ വൈക്കം സത്യാഗ്രഹത്തില്‍ ഈ ജാതി പടിയിറങ്ങിപ്പേയെന്ന് കരുതിയവര്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴും ഇന്ത്യ റിപ്പബ്‌ളിക്കായപ്പോഴും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോഴും മാറാതെ നിന്ന ഒന്നുണ്ടെങ്കില്‍ അത് ജാതിയായിരുന്നു. അതെങ്ങും പോയില്ല. അതിപ്പോള്‍ പയ്യന്നൂരിലായാലും ഹത്രസിലായാലും പാര്‍ലമെന്റ് മന്ദിരത്തിലായാലും മദ്രാസ് മ്യൂസിക് അക്കദമിയിലായാലും കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയാലും ജാതി ജാതി തന്നെയാണ്.
ജാതിയില്‍ തങ്ങള്‍ക്ക് പിന്നിലായവര്‍ തങ്ങളെ മറികടക്കുന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് ദഹിക്കുന്ന സംഗതിയല്ല. അറിവിലും ആവിഷ്‌കാര മികവിലും ഇവര്‍ തങ്ങള്‍ക്ക് മുകളിലാണെന്നത് സത്യഭാമമാര്‍ ഉള്‍ക്കിടിലത്തോടെയാണ് തിരിച്ചറിയുന്നത്. അപ്പോള്‍ പിന്നെ ഇവര്‍ക്കാകെ ചെയ്യാനാവുന്നത് രാമകൃഷ്ണനെപ്പോലുള്ളവരെ അധിക്ഷേപിക്കുക എന്നതാണ്. ഇതൊരു പഴയ ഫ്യൂഡല്‍ തന്ത്രമാണ്. ഒരാളെ അയാളുടെ നിറത്തിന്റെ പേരില്‍ അപഹസിച്ച് തളര്‍ത്താന്‍ ശ്രമിക്കുക. ആധുനിക സമൂഹത്തില്‍ , ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഇത്തരം മാടമ്പിത്തരങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല.
ഒന്നാം പേജില്‍ നിന്നും നിറം ഒഴിവാക്കിക്കൊണ്ട് മാതൃഭൂമി കേരളത്തോടും മലയാളികളോടും ഇക്കാര്യം പകല്‍പോലെ വ്യക്തമാക്കി. ഈ സമീപനത്തിനൊപ്പമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അണിനിരന്നതെന്നത് ചെറിയ കാര്യമല്ല. ഇത്തരം ചെറുത്ത്നില്‍പുകളിലൂടെ മാത്രമേ നമുക്ക് വിഷസര്‍പ്പങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താനാവുകയുള്ളൂ.
വഴിയില്‍ കേട്ടത്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി. സുരേന്ദ്രന്റെ ബുദ്ധിയാണ് ബുദ്ധി. തോറ്റാല്‍ ഒരാള്‍ പോലും ചോദിക്കാന്‍ വരില്ല. വയനാട്ടില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് ഈ ചൂടില്‍ ഓടിനടന്ന് വിയര്‍ക്കേണ്ട കാര്യവുമില്ല. പോരാട്ടം രാഹുലിനെതിരെ ആയതിനാല്‍ സുരേന്ദ്രന്‍ജിയെ രാജ്യം മുഴുവന്‍ അറിയുകയും ചെയ്യും. അങ്കവും കാണാം താളിയുമൊടിക്കാം എന്നര്‍ത്ഥം.
Content Highlights: R L V Ramakrishnan, Sathyabhama, T. M. Krishna
Published: 28 Mar 2024, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented