
നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയിട്ടുള്ള ദേശീയ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ.) ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ 'വർഗീയം' എന്നുതന്നെ പറയേണ്ടി വരും. വോട്ട് പിടിക്കാൻ വർഗീയത പോലെ മറ്റൊരായുധവും തങ്ങളുടെ കയ്യിലില്ല എന്ന പരസ്യ പ്രഖ്യാപനമാണ് ബി.ജെ.പിയുടെയും മോദിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. മതത്തിന്റെ പേരിൽ ഒരു തരത്തിലുള്ള വിവേചനവും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ 14-ാം വകുപ്പ് നേരെചൊവ്വെ പറഞ്ഞുവെയ്ക്കുന്നത് ഇതാണ്: '' The State shall not deny to any person equality before the law or the equal protection of the laws within the territory of India' (നിയമത്തിന് മുന്നിലുള്ള തുല്ല്യതയും ഇന്ത്യൻ അതിർത്തികൾക്കുള്ളിൽ നിയമങ്ങളുടെ സമതുല്ല്യ സംരക്ഷണവും ഒരു വ്യക്തിക്കും രാഷ്ട്രം നിഷേധിക്കുന്നതല്ല.)
പൗരസമൂഹം മാത്രമല്ല, എല്ലാ വ്യക്തികളും ഇന്ത്യയിൽ നിയമത്തിനു മുന്നിൽ ഒരു പോലെ പരിഗണിക്കപ്പെടും എന്ന ഗംഭീരമായ പ്രഖ്യാപനമാണിത്. അപ്പോൾ പിന്നെ, എങ്ങിനെയാണ് ഇന്ത്യൻ പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാവുക? പാക്കിസ്താനിലും അഫ്ഘാനിസ്താനിലും ബംഗ്ളാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും അഞ്ച് വർഷം ഇന്ത്യയിൽ താമസിച്ചാൽ (2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയിട്ടുള്ളവർ) ഇന്ത്യൻ പൗരത്വം ലഭിക്കാൻ അവകാശമുണ്ടെന്നാണ് പുതിയ പൗരത്വനിയമം പറയുന്നത്. 2019-ലാണ് മോദി സർക്കാർ ഈ നിയമം പാർലമെന്റിൽ പാസ്സാക്കിയത്.
സി.എ.എയുടെ ശരിയായ ലക്ഷ്യം പൗരത്വം കൊടുക്കലല്ല, മറിച്ച് നിഷേധിക്കലാണെന്ന നിരീക്ഷണം ജനാധിപത്യ വിശ്വാസികൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദ ഹിന്ദുവിന്റെ സീനിയർ ലേഖകൻ സിയ ഉസ് സലാം ചൂണ്ടിക്കാട്ടുന്നത് പോലെ ആർക്കു കൊടുക്കുന്നു എന്നതിനേക്കാൾ പ്രധാനം ആർക്കു കൊടുക്കുന്നില്ല എന്നതാണ്. ''എത്രമാത്രം പീഡിപ്പിക്കപ്പെട്ടവരായാലും പാക്കിസ്താൻ, അഫ്ഘാനിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് ഈ നിയമപ്രകാരം ഇന്ത്യൻ പൗരത്വം കിട്ടില്ല.'' ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് വിവേചനത്തിന് നിയമപരമായ അംഗികാരം നൽകുകയാണ് ബി.ജെ.പി. സർക്കാർ സി.എ.എയിലൂടെ ചെയ്തത്.
ഇതിപ്പോൾ ഇത്ര തിടുക്കപ്പെട്ട് സി.എ.എ. നടപ്പാക്കാൻ ബി.ജെ.പി. തുനിയുന്നതിന് പിന്നിൽ ഒരാറ്റ ലക്ഷ്യമേയുള്ളു- ഏതു വിധേനയും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കണം. കേരളത്തിൽ ബി.ജെ.പിയുടെ സീറ്റ് നില രണ്ടക്കം കടക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. രണ്ടക്കം എന്ന് പറഞ്ഞാൽ പത്ത് സീറ്റ് കിട്ടണം. കേരളത്തിൽനിന്ന് ഒരു സീറ്റ് കിട്ടുമോ എന്ന കാര്യത്തിൽ തന്നെ ഒരുറപ്പുമില്ലാത്ത അവസ്ഥയിലാണ് മോദിജിയുടെ ഈ അവകാശവാദം. അപ്പോൾ അഖിലേന്ത്യാ തലത്തിൽ നാനൂറ് കടക്കുമെന്ന പറച്ചിലും ഇതുപോലെ തന്നെയായിരിക്കണം. ഉള്ളിലുള്ള മോഹം ഒന്നങ്ങോട്ട് പറഞ്ഞു എന്നു കരുതിയാൽ മതി. അതായത്, പത്തനംതിട്ടയിൽ നിന്നുകൊണ്ട് ഇത്തരം തള്ളുകൾ തള്ളുമ്പോഴും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അറിയാവുന്ന ഒരു കാര്യം അടിത്തട്ടിൽ കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല എന്നുള്ളതാണ്.

ബി.ജെ.പിയുടെ ഭയങ്ങൾ
ഉത്തരേന്ത്യയിൽ പിടിക്കാവുന്നതിന്റെ പരമാവധി സീറ്റുകൾ കഴിഞ്ഞ തവണ ബി.ജെ.പി. പിടിച്ചിരുന്നു. രാജസ്ഥാനിൽ 25-ൽ 24 ബി.ജെ.പിക്കാണ് കിട്ടിയത്. ബാക്കിയുള്ള ഒരെണ്ണം അന്ന് സഖ്യകക്ഷിയായിരുന്ന ആർ.എൽ.പിയും പിടിച്ചു. ഗുജറാത്തിൽ 27-ൽ 27 ബി.ജെ.പിക്കാണ് കിട്ടിയത്. മദ്ധ്യപ്രദേശിൽ 28-ൽ 27 മോദിയുടെ പാർട്ടി ജയിച്ചുകയറി. ഡൽഹിയിൽ ഏഴിൽ ഏഴും ബി.ജെ.പിക്കൊപ്പം നിന്നു. യു.പിയിൽ മാത്രം 2014-ൽ 71 കിട്ടിയിടത്ത് 62 ആയി. മൊത്തം കിട്ടിയ 303 സീറ്റുകളിൽ 25 കർണ്ണാടകത്തിൽ നിന്നായിരുന്നു. തെലങ്കാനായിൽനിന്നു നാല് സീറ്റ് കാവിക്കൂടാരത്തിലേക്ക് പോയി.
കർണ്ണാടകത്തിലും തെലങ്കാനയിലും കഴിഞ്ഞ തവണ കിട്ടിയ സീറ്റുകൾ ഇത്തവണ നിലനിർത്താൻ കഴിയുമെന്ന് ബി.ജെ.പിക്ക് ഒരുറപ്പുമില്ല. ബംഗാളിൽ മമത തനിച്ചാണ് പോരാട്ടമെങ്കിലും അവിടെയും കഴിഞ്ഞ തവണ പിടിച്ച 18 സീറ്റ് ഇത്തവണ കൂടെപ്പോരുമോയെന്ന കാര്യത്തിലും ബി.ജെ.പിക്ക് ആശങ്കയുണ്ട്. അണ്ണാ ഡി.എം.കെയുമായി സഖ്യമില്ലാത്ത അവസ്ഥയിൽ തമിഴകവും കൈവിട്ടുപോയേക്കും. ആന്ധ്രയിൽ ജഗനെതിരെ ചന്ദ്രബാബുവിനെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന കളി വിജയിക്കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ 40-ൽ 39 എൻ.ഡി.എ. പിടിച്ച ബിഹാറിൽ അതാവർത്തിക്കാൻ പറ്റുമോയെന്ന് സംശയമാണ്. ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയുടെ കാരുണ്യത്തിൽ എത്ര നാൾ കഴിഞ്ഞുകൂടാൻ പറ്റുമെന്നറിയില്ല. അയോദ്ധ്യയിലെ രാമക്ഷേത്രം പ്രതീക്ഷിച്ചപോലെ വോട്ട് കൊണ്ടുവരുമോയെന്നതിലും ഇപ്പോൾ ബി.ജെ.പി. ക്യാമ്പിൽ സന്ദേഹമുണ്ട്. നാനൂറ് സീറ്റെന്നൊക്കെ ഒരു ഓളത്തിൽ അങ്ങ് തട്ടിവിടാമെന്നല്ലാതെ ഒന്നിനും ഒരുറപ്പും ഇല്ലെന്നതാണ് യാഥാർത്ഥ്യം.
എല്ലാ തിരഞ്ഞെടുപ്പിന് മുമ്പും പുൽവാമയും ബാലാക്കോട്ടും പ്രതീക്ഷിക്കാനാവില്ല. ഇലക്ടറൽ ബോണ്ടിലെ കളിയായിരുന്നു കളി. പേരും ജാതകവുമൊന്നും ഒരിക്കലും പുറത്തുവരില്ലെന്ന വിശ്വാസത്തിലാണ് കമ്പനികളായ കമ്പനികളൊക്കെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ ക്യു നിന്നത്. ചിലർക്കൊക്കെ ആദ്യം ഒരു മടിയുണ്ടായിരുന്നു. മടി മാറ്റുന്നതിന് ഇ.ഡിയും ആദായ നികുതി വകുപ്പും സി.ബി.ഐയുമാണ് ബെസ്റ്റ്. ഒരു പ്രാവശ്യം ഈ ടീമുകൾ ഒന്നങ്ങോട്ട് പോയാൽ അതിന്റെ അടുത്ത ദിവസം ബോണ്ടുകളുടെ വിൽപനയിൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു.സുപ്രീം കോടതി എന്നൊരു സ്ഥാപനം ഉണ്ടെന്ന കാര്യം ഓർത്തിരുന്നില്ല. അത്യുന്നത കോടതി മൊത്തത്തിൽ കൈവെള്ളയിലാണെന്നാണ് കരുതിയിരുന്നത്. പാതിരാത്രിയിൽ സൂര്യൻ ഉദിക്കുന്നതുപോലുള്ള കലാപരിപാടിയുമായി സുപ്രീം കോടതി ഇറങ്ങിത്തിരിക്കുമെന്ന് ആരാണ് കരുതിയത്. ഇതിപ്പോൾ പുലിവാലെന്നു പറഞ്ഞാൽ ഇങ്ങനെയാരു പുലിവാലുണ്ടോ? പക്ഷേ, ഏത് പുലിവാലിനുമുള്ള എക്കാലത്തേയും ഒറ്റമൂലിയാണ് വർഗീയത. ആ ഒറ്റമൂലിക്ക് ഇപ്പോഴുള്ള പേരാണ് സി.എ.എ.
ദേശീയ ജനസംഖ്യാ രേഖ(എൻ.പി.ആർ.)യും ദേശീയ പൗരത്വ രേഖയു(എൻ.ആർ.സി.)മായി കൂട്ടി വായിക്കേണ്ട സംഗതിയാണ് സി.എ.എ. സവർക്കറും ഗോൾവാൾക്കറും മുന്നോട്ടുവെച്ച ലക്ഷ്യത്തിലേക്കുള്ള യാത്രാസാഫല്യത്തിനായി ബി.ജെ.പി. രൂപകൽപന ചെയ്ത ഉപകരണങ്ങളാണ് ഈ ത്രിത്വം എന്ന ആക്ഷേപം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത് ഇത്തരമാെരു വായനയുടെ വെളിച്ചത്തിലാണ്. അസമിൽ എൻ.ആർ.സി. നടപ്പാക്കിയപ്പോൾ 19 ലക്ഷത്തോളം പേരാണ് ഒറ്റയടിക്ക് പൗരത്വ പട്ടികയിൽനിന്നു പുറത്തായത്. ഇവരിൽ 14 ലക്ഷത്തോളം പേർ ഹിന്ദുക്കളാണെന്ന് വന്നതോടെ എൻ.ആർ.സി. മറ്റൊരു പുലിവാലായി.
എൻ.ആർ.സി. ഒരർത്ഥത്തിൽ ഒഴിവാക്കൽ പ്രക്രിയയാണ്. അന്യായമായി ഇന്ത്യയിലേക്ക് കുടിയേറിയവരെ ഒഴിവാക്കുന്ന പരിപാടി. ബംഗ്ലാദേശിൽനിന്നു വന്ന അനധികൃത കുടിയേറ്റക്കാരെ ചിതലുകൾ എന്നാണ് അന്ന് ബി.ജെ.പി. പ്രസിഡന്റായിരുന്ന അമിത് ഷാ വിശേഷിപ്പിച്ചത്. ബംഗാളിൽ 2019-ൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഷാ ഇപ്രകാരം പറഞ്ഞെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്: ''ഭാരതീയ ജനത പാർട്ടിയുടെ സർക്കാർ ഈ നുഴഞ്ഞുകയറ്റക്കാരെ ഒന്നൊന്നായി പെറുക്കിയെടുത്ത് ബംഗാൾ ഉൾക്കടലിലേക്ക് തള്ളും.''
പക്ഷേ, എൻ.ആർ.സിയിൽ ഒഴിവാക്കപ്പെടുന്നത് കൂടുതലും ഹിന്ദുക്കളാണെന്ന് വന്നതോടെ ഉൾക്കൊള്ളിക്കൽ പദ്ധതി അനിവാര്യമായി. ഇവിടെയാണ് സി.എ.എയുടെ പ്രസക്തി. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. എൻ.ആർ.സിയിൽ ഒഴിവാക്കപ്പെട്ടവർക്ക് മാത്രമേ സി.എ.എയ്ക്ക് കീഴിൽ പൗരത്വത്തിന് അപേക്ഷിക്കാൻ ആവുകയുള്ളുവെന്നും 2014-ന് ശേഷം ഇന്ത്യയിലെത്തിയ ആർക്കെങ്കിലും സി.എ.എ. വഴി പൗരത്വം കിട്ടിയാൽ താൻ രാജി വെയ്ക്കുമെന്നുമാണ് ശർമ്മ പറഞ്ഞത്.

അഭിനവ് ചന്ദ്രചൂഡിന്റെ ചോദ്യങ്ങൾ
സി.എ.എയുടെ കീഴിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ പറ്റാത്ത ഏറ്റവും പ്രധാനപ്പെട്ട വിഭാഗം മുസ്ലിങ്ങളാണ്. അതായത് അസമിലും ബംഗാളിലുമൊക്കെ എൻ.ആർ.സിയിൽനിന്നു പുറത്താക്കപ്പെട്ട മുസ്ലിങ്ങൾ അനധികൃത കുടിയേറ്റക്കാരായി മാറും. ഇവർ ബംഗ്ളാദേശിൽനിന്നും പാക്കിസ്താനിൽനിന്നും വന്ന അനധികൃത കുടിയേറ്റക്കാരാണെന്ന ഇന്ത്യൻ ഭരണകൂടത്തിന്റെ വാദം ഈ രാജ്യങ്ങൾ അംഗീകരിക്കാൻ ഒരു സാദ്ധ്യതയുമില്ല. അങ്ങിനെ വരുമ്പോൾ ഈ പാവങ്ങൾ കൂട്ടത്തോടെ തടങ്കൽ പാളയങ്ങളിലേക്ക് വലിച്ചെറിയപ്പെടും.
പാവങ്ങൾ എന്ന് പറഞ്ഞത് വെറുതെയല്ല. കാശുള്ളവർ സി.എ.എയുടെ മുകളിലും പറക്കും. അതുകൊണ്ടാണ് സി.എ.എയുടെ ലക്ഷ്യം വർഗ്ഗീയത മാത്രമല്ല ദരിദ്ര ജനവിഭാഗവും കൂടിയാണെന്ന് പറയേണ്ടി വരുന്നത്. അസമിലെയും ബംഗാളിലെയും ഹിന്ദുക്കൾക്കും സി.എ.എ. വഴി പൗരത്വം കിട്ടുന്ന കാര്യം എളുപ്പമല്ല എന്നതാണ് മറ്റൊരു വിഷയം. പാക്കിസ്താനിൽനിന്നോ ബംഗളാദേശിൽനിന്നോ അഫ്ഘാനിസ്താനിൽനിന്നോ കുടിയേറിയവരാണെന്ന് എങ്ങിനെയാണ് ഇവർ തെളിയിക്കുക. ഇതിനുള്ള രേഖകൾ ഈ സാധുക്കളുടെ കയ്യിൽ എവിടെയാണുള്ളത്? കഴിഞ്ഞ ദിവസം ഡെക്കാൻ ഹെറാൾഡ് പത്രത്തിന്റെ ഗുവാഹത്തി ലേഖകനോട് രഞ്ജിത് ദേബ്ദനാഥ് എന്ന അസംകാരൻ പറഞ്ഞത് ഇത്തരം പരിപാടിക്ക് വേറെ ആളെ നോക്കണമെന്നാണ്. എൻ.ആർ.സിയിൽനിന്നു പുറത്താക്കപ്പെട്ട ഹിന്ദുവാണ് രഞ്ജിത്. ബംഗ്ളാദേശിയെന്ന് സ്വയം പ്രഖ്യാപിക്കാൻ പറ്റില്ലെന്നാണ് രഞ്ജിത് വ്യക്തമാക്കിയത്.
അടിസ്ഥാനപരമായി സി.എ.എ. ഹിന്ദുക്കൾക്കുപോലും പ്രയോജനം ചെയ്യുന്ന കാര്യം സംശയമാണെന്ന് രാഷ്ട്രീയ നിരീക്ഷകരായ അപൂർവ്വാനന്ദും സുശിൽ ആറോണും പറയുന്നത് ഈ പരിസരത്തിലാണ്. അങ്ങിനെ വരുമ്പോൾ സി.എ.എ. ബി.ജെ.പിക്ക് സമുദായ ധ്രുവീകരണത്തിനും അതിലൂടെയുള്ള വോട്ടുകൾക്കുമുള്ള ആയുധം മാത്രമായി മാറുന്നു. സി.എ.എ. ഭരണഘടനാ വിരുദ്ധമാണെന്ന് അർത്ഥശങ്കയ്ക്കടയില്ലാത്ത വിധത്തിൽ ചൂണ്ടിക്കാട്ടുന്ന ഒരാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും മുംബൈ ഹൈക്കോടതി അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ്.
ഇതുവരെ ഇന്ത്യയിൽ പൗരത്വത്തിന് മതവുമായി ഒരു തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ല. ഇതാദ്യമായി ബി.ജെ.പി. സർക്കാർ പൗരത്വത്തെ മതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. യഹൂദരെ എന്തുകൊണ്ടാണ് സി.എ.എയിൽ ഉൾപ്പെടാത്തതെന്ന് അഭിനവ് ചന്ദ്രചൂഡ് ചോദിക്കുന്നുണ്ട്. യഹൂദർക്ക് ഇസ്രയേൽ ഉണ്ടല്ലോ അവരങ്ങോട്ട് പൊയ്ക്കോളും എന്നായിരുന്നു മറുപടി. അങ്ങിനെയാണെങ്കിൽ ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും സ്വന്തം രാജ്യമുണ്ടല്ലോ അവരെ എന്തിനാണ് സി.എ.എയിൽ ഉൾപ്പെടുത്തിയതെന്ന് മറുചോദ്യം അഭിനവ് ചോദിക്കുന്നു.
വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരെ ആശ്വസിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ നിരീശ്വര വിശ്വാസികളെയും ഉൾപ്പെടുത്തണം. കാരണം മതാധിഷ്ഠിത രാജ്യങ്ങളിൽ ദൈവമില്ലെന്ന് പറഞ്ഞാൽ വധശിക്ഷയാണ് ഫലം. ബഹായികൾ, ഹസറാസ്, അഹമ്മദീയർ എന്നീ വിഭാഗങ്ങളെയും എന്തുകൊണ്ട് ഒഴിവാക്കി എന്ന് അഭിനവ് ചോദിക്കുന്നുണ്ട്. സി.എ.എ. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കും എന്ന വിലയിരുത്തലിലാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനാധിപത്യ വിശ്വാസികളും കഴിഞ്ഞുകൂടുന്നത്. പക്ഷേ, സുപ്രീം കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോഴേക്കും ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. ഇവിടെയാണ് വർഗീയ കാർഡിറക്കിയുള്ള കളികൊണ്ട് ബി.ജെ.പിക്ക് പ്രയോജനമുണ്ടാവുക. 400 സീറ്റിനപ്പുറത്തേത്ത് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കടന്നുകയറിയാൽ പിന്നെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനഘടന തന്നെ മാറിമറിയാൻ വലിയ താമസമുണ്ടാവില്ല.

ഷഹിൻബാഗിനെ ഓർക്കുമ്പോൾ
2019-ൽ സി.എ.എയുമായി മോദി സർക്കാർ രംഗപ്രവേശം ചെയ്തപ്പോൾ ഡൽഹിയിലെ ഷഹിൻബാഗിൽ അനിതരസാധാരണമായ പ്രതിഷേധപ്രകടനങ്ങളുണ്ടായി. ജാമിയ മിലിയയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം ഓർക്കുന്നില്ലേ? തങ്ങളുടെ സഹപാഠിയായ ഒരു ചെറുപ്പക്കാരനെ പോലിസ് മർദ്ദിക്കുന്നത് തടയുന്നതിനായി അയാളെ തങ്ങളുടെ ശരീരങ്ങൾ കൊണ്ട് പൊതിഞ്ഞുനിന്ന പെൺകുട്ടികളുടെ ചിത്രം എങ്ങിനെയാണ് മറക്കാനാവുക! ഷഹിൻബാഗിനെ ഐതിഹാസികമായ പ്രക്ഷോഭമാക്കി മാറ്റിയത് സാധാരണക്കാരായ മുസ്ലിം സ്ത്രീകളാണ്.
ഇതാദ്യമായി തീർത്തും സാധാരണക്കാരായ മുസ്ലിം വനിതകൾ ഇന്ത്യയിൽ ഒരു പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് വന്നു. മൗലവിമാരെയും ഇമാമുമാരെയും മുഫ്തികളെയും മറ്റ് സമുദായ പ്രമാണിമാരേയും തള്ളിക്കളഞ്ഞുകൊണ്ട് ഈ സ്ത്രീകൾ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് തെരുവുകളിൽ നിലയുറപ്പിച്ചപ്പോൾ അത് ബി.ജെ.പി. ഭരണകൂടത്തിനുണ്ടാക്കിയ വിഷമസന്ധി ചെറുതായിരുന്നില്ല. അന്ന് ആ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബിൽക്കിസ് എന്ന എൺപത്തിരണ്ടുകാരി തൊട്ടടുത്ത കൊല്ലം ടൈം മാസികയുടെ കവറിൽ ഇടം പിടിച്ചു. ആ വർഷം ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതായി ടൈം കണ്ടെത്തിയ നൂറുപേരിൽ ഇന്ത്യയിൽനിന്നു പ്രധാനമന്ത്രി മോദിക്കൊപ്പം ബിൽക്കിസുമുണ്ടായിരുന്നു.
കോൾ വിക്ക് എന്ന ലേഖകനാണ് മോദിയെക്കുറിച്ചുള്ള കുറിപ്പ് ടൈമിന് വേണ്ടി തയ്യാറാക്കിയത്. ബിൽക്കിസനെക്കുറിച്ചെഴുതിയത് ഇന്ത്യയിൽനിന്നുള്ള പത്രപ്രവർത്തക റാണ അയൂബും. നമുക്കാദ്യം കോൾവിക്ക് എഴുതിയത് നോക്കാം: ''ജനാധിപത്യത്തിലേക്കുള്ള താക്കോൽ, വാസ്തവത്തിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളല്ല. ആർക്കാണ് കൂടുതൽ വോട്ട് കിട്ടിയതെന്ന് മാത്രമാണ് തിരഞ്ഞെടുപ്പുകൾ പറയുന്നത്. കൂടുതൽ പ്രധാനം ജേതാവിന് വോട്ടു ചെയ്യാത്തവരുടെ അവകാശങ്ങളാണ്.'' ജനാധിപത്യം ജനാധിപത്യമാവുന്നത് അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണെന്നാണ് കോൾ വിക്ക് വ്യക്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം മുസ്ലിങ്ങളാണ്. ഈ വിഭാഗം പാർശ്വവത്കരിക്കപ്പെടുമ്പോൾ ഇന്ത്യൻ ജനാധിപത്യം നിഴലിലേക്ക് കുൂപ്പുകുത്തുകയാണെന്നാണ് കോൾ വിക്ക് എഴുതിയത്.
നമുക്കിനി ബിൽക്കിസിലേക്ക് വരാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടുമുയർന്ന പ്രതിഷേധത്തിന്റെ മൂർത്തരൂപമായിരുന്നു ബിൽക്കിസ്. ഷഹിൻബാഗിൽ കേന്ദ്ര സർക്കാരിനെതിരെ വിയോജിപ്പിന്റെയും എതിർപ്പിന്റെയും കടുത്ത സ്വരമെന്ന നിലയിൽ ബിൽക്കിസ് നടന്നുകയറിയത് ജനാധിപത്യത്തിന്റെ വിശാലവും പ്രകാശഭരിതവുമായ തുറസ്സുകളിലേക്കാണ്. റാണ അയൂബിന് ബിൽക്കിസിനെക്കുറിച്ച് പറയാനുണ്ടായിരുന്നത് ഇതാണ്: ''ഞാൻ ബിൽക്കിസിനെ ആദ്യം കാണുമ്പോൾ അവർ ആൾക്കൂട്ടത്തിന് നടുവിലായിരുന്നു. വിപ്ലവത്തിന്റെ വരികളുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന യുവതികളുടെ വലിയ കൂട്ടം ഷഹിൻബാഗിലുണ്ടായിരുന്നു. അവർക്കിടയിൽ ഒരു കയ്യിൽ ജപമാലയും മറുകയ്യിൽ ദേശീയ പതാകയുമായി ബിൽക്കിസ്. അവരെന്നോട് പറഞ്ഞു: എന്റെ സിരകളിൽ രക്തപ്രവാഹം നിലയ്ക്കുന്നതു വരെ ഞാനിവിടെ ഇരിക്കും. ഈ രാജ്യത്തിന്റെ മക്കൾക്ക് നീതിയുടെയും സമത്വത്തിന്റെയും വായു ശ്വസിക്കാനാവുന്നതു വരെ ഞാൻ ഇവിടെയുണ്ടാവും.'' ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവർക്ക് അമൃതിന് സമാനമായ വാക്കുകൾ.
ഷഹിൻബാഗിലെ പ്രക്ഷോഭത്തിലേക്ക് രഹ്ന ഖത്തൂൺ എന്ന യുവതി എത്തിയത് 20 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായാണ്. ഫ്രണ്ട്ലൈൻ റിപ്പോർട്ടറോട് രഹ്ന പറഞ്ഞത് ഇതാണ്: 'ഇപ്പോൾ ഞാൻ പ്രതിഷേധിക്കുന്നില്ലെങ്കിൽ എന്റെ മകൻ വളർന്നു വലുതാവുമ്പോൾ എന്നോട് ചോദിക്കും ഇന്ത്യ മുഴുവൻ സി.എ.എയ്ക്കെതിരെ പ്രതിഷേധിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഞാൻ ഒരു ഭീരുവാണെന്ന് എന്റെ കുട്ടി ചിന്തിക്കുന്നത് ആലോചിക്കാൻ പോലും എനിക്കാവില്ല.''
70 വയസ്സുള്ള അസ്മ ബി.ബി.സി. റിപ്പോർട്ടറോട് പറഞ്ഞ വാക്കുകളും ഇവിടെ രേഖപ്പെടുത്തേണ്ടതായുണ്ട്: ''ഞാൻ ഈ രാജ്യം വിട്ടുപോവില്ല, എന്റെ പൂർവ്വികർ, എന്റെ കുട്ടികൾ, എന്റെ പേരക്കിടാങ്ങൾ- എല്ലാവരും ഇന്ത്യക്കാരാണ്. ഇതാർക്കും തെളിയിച്ചുകൊടുക്കേണ്ട ആവശ്യമില്ല.'' കൊറോണയുടെ വരവും ഡൽഹി കലാപവുമാണ് ബിൽക്കിസിന്റെയും സഹജീവികളുടെയും പ്രതിഷേധത്തിന് താൽക്കാലിക വിരാമമിട്ടത്. വർഗീയതയുടെ അൾത്താരയിൽ ഇന്ത്യയുടെ ആത്മാവും ശരീരവും വീണ്ടും ബലി കഴിക്കപ്പെടുമ്പോൾ ഇന്ത്യൻ ജനാധിപത്യം സുപ്രീം കോടതിയെ ഉറ്റുനോക്കുന്നു. സമത്വവും സാഹോദര്യവും വെറും വാക്കുകളല്ലെന്നും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജീവസ്സുറ്റ ആദർശങ്ങളാണെന്നും ഇന്ത്യയുടെ അത്യുന്നത കോടതി ഉറക്കെ ഉറക്കെ വിളിച്ചുപറയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ റിപ്പബ്ലിക്ക് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്!
വഴിയിൽ കേട്ടത്: ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങിയത് സാന്റിയാഗോ മാർട്ടിന്റെ ഗെയ്മിങ് കമ്പനി. ചൂതാട്ടവും എന്റയർപൊളിറ്റിക്കൽ സയൻസും തമ്മിലുള്ള ബന്ധം ഒരു ഗവേഷണത്തിന് പറ്റിയ വിഷയമാണ്!
Content Highlights: CAA implemented by the Narendra Modi government can be described in one word, Communal
Published: 16 Mar 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented