അത്യധികം ആധിയോടെയാണ് ആറുമാസം പ്രായമായ തങ്ങളുടെ കുഞ്ഞാവയേയും കൊണ്ട് ആ അച്ഛനമ്മമാരെത്തിയത്. പനിയോടൊപ്പം വായിലും കയ്യിലും കാലിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ ചിക്കൻപോക്സാണോ കുഞ്ഞിന് എന്ന് പേടിച്ചാണ് അവർ വന്നത്. കുഞ്ഞിനെ പരിശോധിച്ച് കഴിഞ്ഞ് അസുഖം ചിക്കൻ പോക്സല്ല, ഇപ്പൊൾ നാട്ടിൽ കാണുന്ന hand-foot-mouth-disease എന്നു പേരുള്ള വൈറൽ പനിയാണ് എന്ന് പറഞ്ഞപ്പോഴാണ് അവരുടെ മുഖം തെളിഞ്ഞത്.

To advertise here,

'തക്കാളിപ്പനി'.. അങ്ങനെ ഒന്നുണ്ടോ?

ഒരു അസുഖത്തിനും ഈയൊരു പേര് ആധികാരികമായി നൽകിയിട്ടില്ല. എന്നാലും, സാർവത്രികമായി കാണപ്പെടുന്ന ഈ പനിക്ക് നമ്മൾ മലയാളികൾ ഇട്ട ഓമനപ്പേര് മാത്രമാണ് 'തക്കാളിപ്പനി'. Hand Foot Mouth Disease (കൈ, കാൽ, വായ് അസുഖം) എന്നതാണ് ശരിയായ പേര്. ചെറിയ കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്.

രോഗകാരി 

പ്രധാനമായും കോക്സാക്കി വൈറസ് A16, എൻററോ വൈറസ് 71 എന്നിവയാണ് തക്കാളിപ്പനി ഉണ്ടാക്കുന്ന രോഗാണുക്കൾ. കോക്സാക്കി A, B ഗ്രൂപ്പുകളിൽ പെട്ട മറ്റ് ചില  വൈറസുകളും, ചില എക്കോ വൈറസുകളും രോഗം ഉണ്ടാക്കാറുണ്ട്.

രോഗലക്ഷണങ്ങൾ 

  • താരതമ്യേന ലഘുവായ ഒരു അസുഖമാണ് തക്കാളിപ്പനി. വൈറസ് ശരീരത്തിൽ കടന്ന് രോഗലക്ഷണം പ്രകടമാവാൻ 3 മുതൽ 6 ദിവസം വരെ സമയമെടുക്കും.
  • ചെറിയ പനിയോടെയാണ് രോഗത്തിന്റെ തുടക്കം. അതോടൊപ്പം വായ്ക്കകത്ത് നാവിലും മോണയിലും കവിളിനകത്തും കുഞ്ഞു കുമിളകളും പ്രത്യക്ഷപ്പെടും. തൊണ്ടവേദനയും ഭക്ഷണവും വെള്ളവും ഇറക്കുന്നതിന് പ്രയാസവും അനുഭവപ്പെടും. ചെറിയ കുഞ്ഞുങ്ങൾ വായിൽ നിന്ന് നേരിയ തോതിൽ ഉമിനീരുമൊലിപ്പിക്കും.
  • ഒന്ന് രണ്ട് ദിവസത്തിനകം കയ്യിലും കാലിലും ചുവന്ന തടിപ്പും കുമിളകളും വന്നു തുടങ്ങും. കൈപ്പത്തി യിലും കാൽപ്പാദത്തിലും കാൽമുട്ടിലും പൃഷ്ഠഭാഗത്തും കുമിളകൾ വരാം. കൈപ്പത്തിയിലും കാൽപ്പാദത്തിലും ഉൾഭാഗത്തും (വെള്ളയിൽ) കുമിളകൾ കാണാം.
  • ‌വേദനയും ചൊറിച്ചിലും അസ്വസ്ഥതയും ഭക്ഷണമിറക്കാനുള്ള പ്രയാസവും ഒക്കെക്കൂടി കുട്ടികൾ കരച്ചിലും വാശിയുമൊക്കെയായിരിക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനും എന്തെങ്കിലും കഴിപ്പിക്കാനും ശ്രമിച്ച്  അച്ഛനമ്മമാർ വശംകെടും.
  • ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കുമിളകൾ എല്ലാം കരിഞ്ഞുണങ്ങും.
  • രോഗം മാറി ആഴ്ചകൾക്ക് ശേഷം നഖങ്ങളും, കയ്യിലേയും കാലിലേയും തൊലിയും അടർന്നു പോകുന്നതും കണ്ടുവരാറുണ്ട്.

പകരുന്നതെങ്ങനെ?

  • രോഗിയുമായുള്ള സമ്പർക്കം വഴി.. രോഗി സ്പർശിച്ച വസ്തുക്കൾ വഴി..
  • മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ വഴി..
  • ഉമിനീർ വഴി..
  • കുമിളകളിലെ സ്രവങ്ങൾ വഴിയും മലത്തിലൂടെയും...

അംഗൻവാടികളിലും ശിശു പരിപാലന കേന്ദ്രങ്ങളിലുമൊക്കെ എളുപ്പത്തിൽ രോഗമുള്ള ഒരു കുഞ്ഞിൽ നിന്ന് മറ്റ് കുഞ്ഞുങ്ങളിലേക്ക് രോഗം പകരും.

ചികിത്സ 

  • പ്രത്യേക ചികിത്സയൊന്നുമില്ല ഇതിന്. പനിയ്ക്കും ചൊറിച്ചിലിനുമുള്ള മരുന്നുകൾ നൽകാം. കലാമിൻ ലോഷൻ പോലുള്ളവ പുരട്ടുന്നതും ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
  • ഭക്ഷണവും വെള്ളവും കഴിയ്ക്കാനുള്ള വിമുഖത കുട്ടികളിൽ നിർജലീകരണത്തിന് വഴി വെയ്ക്കാനിടയുണ്ട്. അതുകൊണ്ട് പഴച്ചാറുകളും, കുറുക്കും, സൂപ്പുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • കുഞ്ഞിനെ ദിവസേന സോപ്പ് തേച്ച് കുളിപ്പിക്കാവുന്നതാണ്. എന്നാൽ തേച്ചുരച്ച് കുമിളകൾ പൊട്ടാതെ ശ്രദ്ധിക്കണം.
  •  സോപ്പിട്ട് കൈ കഴുകുന്നതും, വ്യക്തിശുചിത്വം പാലിക്കുന്നതും, പൊതു ഇടങ്ങൾ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതും രോഗവ്യാപനം തടയും.

സങ്കീർണതകൾ

താരതമ്യേന ലഘുവായ ഒരസുഖമാണിത്. എന്നാൽ അപൂർവമായി മാരകമായ ചില സങ്കീർണതകൾക്കും തക്കാളിപ്പനി വഴി വെയ്ക്കാം.

മെനിഞ്ചൈറ്റിസ്, മസ്തിഷ്ക ജ്വരം, ശ്വാസകോശത്തിലെ നീർക്കെട്ട് തുടങ്ങിയ സങ്കീർണതകൾ ജീവഹാനിയ്ക്ക് പോലും കാരണമാകാം. ഇവ കൂടുതലും എന്റെറോ വൈറസ് 71 മൂലമുള്ള രോഗബാധയിലാണ് കാണുന്നത്.

പ്രത്യേകശ്രദ്ധയ്ക്ക് 

എളുപ്പത്തിൽ പകരുന്ന അസുഖമായത് കൊണ്ട്, നിങ്ങളുടെ കുഞ്ഞിന് അസുഖം പൂർണമായി ഭേദമാകുന്നത് വരെ അംഗൻവാടിയിലോ, ശിശു പരിപാലന കേന്ദ്രങ്ങളിലോ, സ്കൂളുകളിലോ അയയ്ക്കരുത്.‌

ഫോർട് കൊച്ചി താലൂക്ക് ആശുപത്രിയിലെ കൺസൽട്ടന്റ് പീഡിയാട്രീഷ്യനാണ് ലേഖകൻ

കടപ്പാട്: കെ.ജി.എം.ഒ.എ അമൃതകിരണം