ആലപ്പുഴ: രക്താതിസമ്മർദവും പ്രമേഹവും നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം. രോഗവ്യാപന നിരക്കിനെക്കാൾ ഇവയുടെ നിയന്ത്രണനിരക്ക് എല്ലാ ജില്ലകളിലും ഉയരത്തിലെത്തിയെന്നാണ് ആരോഗ്യവകുപ്പു സർവേയിലെ കണ്ടെത്തൽ. ജീവിതശൈലീ രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനായതാണ് നേട്ടത്തിനു കാരണം.

To advertise here,

സംസ്ഥാനത്തെ 1.43 കോടിയാളുകളിൽ നടത്തിയ സർവേയിൽ 26.57 ലക്ഷം പേർക്കാണ് രക്താതിസമ്മർദമുള്ളതായി കണ്ടെത്തിയത്. രോഗവ്യാപന നിരക്ക് 18.5 ശതമാനം. ജീവിതശൈലീ രോഗങ്ങൾ തടയാനുള്ള പദ്ധതികൾ ഫലപ്രദമായതോടെ നിയന്ത്രണനിരക്ക് 42.14 ശതമാനമായി. 20.66 ലക്ഷം പേർക്കാണ് ടൈപ്പ് റ്റു പ്രമേഹം ബാധിച്ചിരുന്നത്. രോഗവ്യാപന നിരക്ക് 14.4 ശതമാനമായിരുന്നു. ഇതിന്റെ നിയന്ത്രണനിരക്ക് 30.85 ശതമാനമാണിപ്പോൾ. മറ്റു ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണനിരക്ക് ഉടൻ പുറത്തുവിടും.

ഇരുരോഗങ്ങളും നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തു മുന്നിൽ ആലപ്പുഴ ജില്ലയാണ്. ഇവിടെ രക്താതിസമ്മർദ നിയന്ത്രണനിരക്ക് 63 ശതമാനവും പ്രമേഹ നിയന്ത്രണനിരക്ക് 45 ശതമാനവുമാണ്. ആശമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ നിരന്തര ശ്രമഫലമായാണീ നേട്ടം. പ്രമേഹനിയന്ത്രണനിരക്ക് കുറവ് മലപ്പുറം, എറണാകുളം ജില്ലകളിലാണ് (19 ശതമാനം വീതം). രക്താതിസമ്മർദം നിയന്ത്രിക്കുന്നതിൽ പിന്നിൽ തിരുവനന്തപുരവും (32 ശതമാനം).

പുതിയ ജീവിതശൈലീ രോഗികളെ കണ്ടെത്തി ചികിത്സിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ശൈലി ആപ്പുവഴി 30 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും വീട്ടിലെത്തി ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുന്നുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ജീവിതശൈലീ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർ, നഴ്സ് എന്നിവരുടെയുൾപ്പെടെ സേവനം ഇതുവഴി കിട്ടും. സൗജന്യ മരുന്നും ജീവിതശൈലീ മാറ്റത്തിനായി ബോധവത്കരണ പരിപാടികളുമുണ്ട്.