പലരും അടിവയറ്റിലെ വേദന അനുഭവപ്പെടുന്നുവെന്ന പ്രശ്നവുമായി ഡോക്ടറെ സമീപിക്കാറുണ്ട്. ദഹനക്കേടും നീർക്കെട്ടും വൃക്കയിലെ പ്രശ്നങ്ങളും ​ഗർഭാശയ മുഴകളുമൊക്കെ ഇതിനു കാരണമാവാം. ഇതുസംബന്ധിച്ച ഒരു ചോദ്യവും അതിന് ഡോ. ഷെർലി മാത്തൻ നല്‍കിയ മറുപടിയും വായിക്കാം. 

To advertise here,

എനിക്ക് 50 വയസ്സുണ്ട്. കുറച്ച് മാസങ്ങളായി അടിവയറ്റിൽ അസ്വസ്ഥത തോന്നിയിരുന്നു. വേദനയുമുണ്ട്. യോനീഭാ​ഗത്ത് എന്തോ തള്ളിനിൽക്കുന്നതായി ഇപ്പോൾ തോന്നുന്നു. ഇതുവരെയായി ചികിത്സ തേടിയിട്ടില്ല. ഇത് ​ഗൗരവമുള്ള പ്രശ്നമാണോ? എന്ത് ചികിത്സയാണ് തേടേണ്ടത്? 
‌
അടിവയറ്റിലെ വേദന പല കാരണങ്ങൾ കൊണ്ട് വരാം. ദഹനക്കേട്, നീർക്കെട്ട്, വൃക്കയിലെ കല്ലുകൾ, ഹെർണിയ, ​ഗർഭാശയത്തിൽ മുഴകൾ, എൻഡോമെട്രിയോസിസ്, അണുബാധ തുടങ്ങിയ കാരണങ്ങൾ കൊണ്ടെല്ലാം വയറുവേദന വരാം. അതുകൊണ്ട് തന്നെ ഡോക്ടറെ നേരിൽക്കണ്ട് ആവശ്യമായ ടെസ്റ്റുകൾ നടത്തി കൃത്യമായ കാരണം കണ്ടുപിടിച്ച് ചികിത്സ സ്വീകരിക്കണം.

യോനിയിൽ എന്തോ തള്ളിവരുന്നതുപോലെ തോന്നുന്നതിന്റെ കാരണവും പരിശോധിച്ചശേഷമേ കൃത്യമായി അറിയാൻ പറ്റുകയുള്ളു. മധ്യവയസ്കരിൽ സാധാരണമായി കാണാറുള്ളത് ​ഗർഭപാത്രം തെന്നി നീങ്ങുന്ന പ്രശ്നമാണ്. ആദ്യഘട്ടത്തിൽ ചിലപ്പോൾ യോനിയുടെ ഭിത്തിയും മൂത്രസഞ്ചിയുമായിരിക്കും താഴേക്ക് ഇറങ്ങിവരുന്നത്. അപ്പോൾ മൂത്രമൊഴിക്കുമ്പോഴും ആയാസപ്പെടുമ്പോഴും യോനിയിൽ എന്തോ തള്ളിവരുന്നതായി അനുഭവപ്പെടും. ഈ ഘട്ടത്തിൽ തന്നെ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ പിന്നീട് ​ഗർഭപാത്രവും താഴേക്ക് വരാം. മറ്റ് ചിലരിൽ യോനിയുടെ ഭിത്തിയോടൊപ്പം മലാശയവും താഴേക്ക് വരാറുണ്ട്. ഇതിനെ അതിന്റെ തീവ്രത അനുസരിച്ച് തരംതിരിക്കാറുണ്ട്. 

​ഗ്രേഡ് ഒന്നിൽ ​ഗർഭപാത്രം യോനിയിലേക്ക് എത്തുമെങ്കിലും അത് പുറത്തേക്ക് വരുന്നതായി അനുഭവപ്പെടാറില്ല. ​ഗ്രേഡ് രണ്ടിൽ അത് യോനീമുഖത്ത് എത്തുകയും ആയാസപ്പെടുമ്പോൾ കുറച്ച് പുറത്തേക്ക് വരുന്നതായി അനുഭവപ്പെടുകയും ചെയ്യും. ​ഗ്രേഡ് മൂന്നിൽ ​ഗർഭാശയം മുഴുവനായും പുറത്തേക്ക് വരുന്നു. ഇത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥയാണ്. ഇത് ഉള്ളിലേക്ക് തള്ളിവച്ചാൽ മാത്രമേ ചിലപ്പോൾ മൂത്രമൊഴിക്കാൻ പോലും സാധിക്കുകയുള്ളു. 

ഈ പ്രശ്നം പരിഹരിക്കാൻ, തള്ളിവന്ന ​ഗർഭാശയത്തെയും മൂത്രസഞ്ചിയെയുമൊക്കെ യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന ചികിത്സാരീതിയുണ്ട്. ഈ പ്രശ്നം മധ്യവയസ്സുള്ളവരിൽ മാത്രമല്ല ചെറുപ്പക്കാരിലും വരാം. അവരിൽ ലാപറോസ്കോപിവഴി സ്ളിങ് സർജറി ചെയ്ത് ​ഗർഭപാത്രത്തെ യഥാസ്ഥാനത്ത് ഉറപ്പിക്കാൻ സാധിക്കും. ഇവർക്ക് അതിനുശേഷം ​ഗർഭധാരണം സാധിക്കും. എന്നാൽ സിസേറിയൻ ചെയ്യേണ്ടതായി വരാം. 


കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വിമൻസ് ഹെൽത്ത് സീനിയർ കൺസൽട്ടന്റ് ആണ് ഷെർലി മാത്തൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്