പലപ്പോഴും വളരെ സാധാരണമായി കാണുന്നതും നിസ്സാരമാക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. അനിയന്ത്രിതമായ രക്തസമ്മർദം ഹൃദയാരോഗ്യം തകരാറിലാക്കും. പക്ഷാഘാതം, വൃക്കയ്ക്ക് തകരാറുകൾ, കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ, മെറ്റബോളിക് തകരാറുകൾ തുടങ്ങിയവയ്ക്കും കാരണമാകും. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് ഹൃദ്രോഗവിദഗ്ധനായ ഡോ. അലോക് ചോപ്ര.
അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക എന്നതാണ്. രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നതിൽ സോഡിയത്തിന്റെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്. പാക്കറ്റിലാക്കിയതും അമിതമായി സംസ്കരിച്ചതുമായ ഭക്ഷ്യവസ്തുക്കൾക്കു പകരം പുതിയതും മുഴുധാന്യങ്ങളായതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ചിപ്സിനും ഉപ്പുള്ള ലഘുഭക്ഷണങ്ങൾക്കും പകരം ആരോഗ്യകരമായവ തിരഞ്ഞെടുക്കുക. സംസ്കരിച്ച മാംസങ്ങളും റെഡിമെയ്ഡ് സോസുകളും ഒഴിവാക്കണം. ഇതിലൂടെ സോഡിയത്തിന്റെ അളവു കുറയ്ക്കാനും അതുവഴി രക്തസമ്മർദം നിയന്ത്രിക്കാനുമാവും.
രക്തസമ്മർദം വർധിപ്പിക്കാത്തതരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊന്ന്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, കടല, മുഴുധാന്യങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഇവയിൽ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദം നിലനിലർത്തും.
മഗ്നീഷ്യം ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു നിർദേശം. പേശികളുടെയും നാഡികളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിന് മഗ്നീഷ്യം പ്രധാനമാണ്. പരിപ്പുവർഗ്ഗങ്ങൾ, വിത്തുകൾ, പയർവർഗ്ഗങ്ങൾ, ചീര, മുഴുധാന്യങ്ങൾ തുടങ്ങിയവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തി മഗ്നീഷ്യത്തിന്റെ അളവ് ഉറപ്പിക്കാം.
ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതും രക്തസമ്മർദം വർധിപ്പിക്കാതിരിക്കുന്നതിൽ പ്രധാനമാണെന്ന് ഡോ.അലോക് ചോപ്ര പറയുന്നു.
ആഴ്ചയിൽ 150 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കണം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റിൽ വേഗത്തിൽ നടക്കണം. ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദം നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ മാത്രമല്ല രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഉറക്കത്തിന് വലിയ പങ്കുണ്ടെന്ന് ഡോക്ടർ പറയുന്നു. നന്നായി ഉറങ്ങുകയും മാനസിക സമ്മർദം നിയന്ത്രിക്കുകയും വേണം. കുറഞ്ഞത് 7-9 മണിക്കൂർ ഉറക്കം ഉറപ്പാക്കണം. ഒപ്പം മെഡിറ്റേഷൻ ചെയ്യാനും ശ്വസനവ്യായാമങ്ങൾക്കും സമയംകണ്ടെത്തുന്നത് ഗുണംചെയ്യും.
അമിത രക്തസമ്മർദം, നിസ്സാരമാക്കരുത്
അമിത രക്തസമ്മർദം മൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നതും. അമിത രക്തസമ്മർദം ഉള്ളവരിൽ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകൾക്കും സാധ്യത കൂടുതലാണ്. പണ്ട് പ്രായമുള്ളവരെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ ജീവിതരീതിയാണ്. തെറ്റായ ഭക്ഷണക്രമം, ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയും അവസ്ഥ വഷളാക്കുന്നു. ഇന്ത്യയിൽ ഏകദേശം പത്തിൽ മൂന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന രക്തസമ്മർദ്ദം വർഷങ്ങളോളം രക്തക്കുഴലുകളെയും ഹൃദയത്തെയും ബാധിക്കുന്നു. എന്നാൽ, മിക്ക ആളുകൾക്കും വിഷയം ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. പ്രധാന അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്.
ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യതകൾ ഒഴിവാക്കാൻ 30 വയസ്സിന് ശേഷം വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിലോ അമിതവണ്ണമുണ്ടെങ്കിലോ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പതിവായുള്ള പരിശോധനകൾ നേരത്തെയുള്ള രോഗനിർണയത്തിന് സഹായകമാകും. അതേസമയം, ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കുന്നത് ദീർഘകാല അപകടസാധ്യതകൾ വർധിപ്പിച്ചേക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: High blood pressure, or hypertension, can lead to severe health issues like heart disease and stroke. Learn how lifestyle changes can help manage it.
Published: 24 Sept 2026, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented