മുതിർന്നവരിൽ വലിയൊരു വിഭാഗവും ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് തിരിച്ചറിയാതെ പോകുന്നുവെന്നു പഠനം. ഓക്സ്ഫോഡ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം മുതിർന്നവരും ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാതെ പോകുകയോ രോഗം നിയന്ത്രണവിധേയമാക്കുകയോ ചെയ്യാത്തവരാണെന്ന് ഗവേഷകർ കണ്ടെത്തി.
യുകെയിലെ അവർ ഫ്യൂച്ചർ ഹെൽത്ത് എന്ന റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായി ക്ലിനിക്കുകളിൽ നടത്തിയ രക്തസമ്മർദ പരിശോധനാ ഫലങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. 2022-നും 2025-നും ഇടയിൽ പരിശോധിച്ചവരാണ് പഠനത്തിന്റെ ഭാഗമായത്. പക്ഷാഘാതം, ഹൃദ്രോഗം, അകാലമരണം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉയർന്ന രക്തസമ്മർദം പ്രധാന കാരണമാകുമ്പോഴും വലിയൊരു വിഭാഗം രോഗനിർണയം നടത്താൻ വൈകുന്നുവെന്ന് ഗവേഷകർ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഉയർന്ന രക്തസമ്മർദത്തിന്റെ തോത് വിലയിരുത്തിയത്. സിസ്റ്റോളിക് രക്തസമ്മർദം 140 mmHg അല്ലെങ്കിൽ അതിൽ കൂടുതലോ, ഡയസ്റ്റോളിക് രക്തസമ്മർദം 90 mmHg അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ളവരെയോ, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരെയോ ആണ് ഉയർന്ന രക്തസമ്മർദമുള്ളവരായി പരിഗണിച്ചത്.
ഇതനുസരിച്ച് എത്രത്തോളം പേരിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്നും എത്രപേർ രോഗനിർണയം നടത്തിയെന്നും എത്രപേർ ചികിത്സ തേടുന്നുണ്ടെന്നും പരിശോധിച്ചു. തുടർന്നാണ് മൂന്നിലൊന്ന് ആളുകളിലും ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് കണ്ടെത്തിയത്. പതിനെട്ടിനും മുപ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ആറിലൊന്ന് പേരിലും എൺപതോ, അതിൽ കൂടുതലോ പ്രായമുള്ളവരിൽ നാലിൽ മൂന്നുപേരിലും ഉയർന്ന രക്തസമ്മർദം ഉള്ളതായി കണ്ടെത്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദം ഏകദേശം 50% അധികമാണ്.
ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ മൂന്നിൽ രണ്ട് ഭാഗത്തോളം പേർക്കും (59%) തങ്ങൾക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് അറിയുമായിരുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് ഗവേഷകർ പറയുന്നു. ചില സന്ദർഭങ്ങളിൽ മരുന്നുകൾക്ക് പകരം ജീവിതശൈലി മാറ്റങ്ങൾ മാത്രം ശുപാർശ ചെയ്യുകയും ചെയ്യുന്ന രീതി ഉയർന്ന രക്തസമ്മർദം തിരിച്ചറിയപ്പെടാതെ പോകാനോ, ചികിത്സ വൈകാനോ കാരണമാകുന്നതായും ഗവേഷകർ നിരീക്ഷിക്കുന്നു.
കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിലൂടെയും ചികിത്സ ലഭ്യമാക്കുന്നതിലൂടെയും ഹൃദായാഘാതവും പക്ഷാഘാതവും ഒഴിവാക്കാനാവും. ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തുന്നതിന് കൂടുതൽ ഫലപ്രദമായ സമീപനം ആവശ്യമാണെന്നും ലക്ഷക്കണക്കിന് ആളുകൾ തിരിച്ചറിയപ്പെടാത്ത ഹൈപ്പർടെൻഷനുമായി ജീവിക്കുന്നുണ്ടാകാം എന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
അമിത രക്തസമ്മർദം, നിസ്സാരമാക്കരുത്
അമിത രക്തസമ്മർദം മൂലമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നതും. അമിത രക്തസമ്മർദം ഉള്ളവരിൽ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകൾക്കും സാധ്യത കൂടുതലാണ്. പണ്ട് പ്രായമുള്ളവരെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ ജീവിതരീതിയാണ്. തെറ്റായ ഭക്ഷണക്രമം, ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയും അവസ്ഥ വഷളാക്കുന്നു. ഇന്ത്യയിൽ ഏകദേശം പത്തിൽ മൂന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന രക്തസമ്മർദം വർഷങ്ങളോളം രക്തക്കുഴലുകളെയും ഹൃദയത്തെയും ബാധിക്കുന്നു. എന്നാൽ, മിക്ക ആളുകൾക്കും വിഷയം ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. പ്രധാന അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്.
ഉയർന്ന രക്തസമ്മർദത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാൻ 30 വയസ്സിന് ശേഷം വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിലോ അമിതവണ്ണമുണ്ടെങ്കിലോ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പതിവായുള്ള പരിശോധനകൾ നേരത്തെയുള്ള രോഗനിർണയത്തിന് സഹായകമാകും. അതേസമയം, ഉയർന്ന രക്തസമ്മർദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കുന്നത് ദീർഘകാല അപകടസാധ്യതകൾ വർധിപ്പിച്ചേക്കും.
Content Highlights: A study by Oxford researchers finds many UK adults live with undiagnosed hypertension, risking severe health issues like stroke and heart disease.
Published: 04 Oct 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented