പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാൻസർ . പീഡിയാട്രിക് ക്യാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. ആളുകളിൽ ഉണ്ടാവുന്ന ക്യാൻസറുകളിൽ മൂന്ന് മുതൽ നാല് ശതമാനം വരെ പീഡിയാട്രിക് ക്യാൻസറാണ്. ഒന്ന് മുതൽ പത്തൊൻമ്പത് വയസ്സുള്ള കുട്ടികളിൽ ശരാശരി 300,000 പേർ ക്യാൻസർ ബാധിതരാവുന്നു. ലോകത്തിൽ ഇന്ന് ഓരോ മൂന്ന് മിനിട്ടിലും കുട്ടികൾ ക്യാൻസർ ബാധിതരാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഗവേഷണങ്ങളിലൂടെയും ശാസ്ത്ര സാങ്കേതികവിദ്യയിലൂടെയും കൈവരിച്ച പുരോഗതി ക്യാൻസർ ബാധിതരായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുട്ടികളിലുണ്ടാവുന്ന പീഡിയാട്രിക് ക്യാൻസറുകളെപ്പറ്റി ശ്രദ്ധിക്കേണ്ട മുഖ്യകാര്യങ്ങളും ചുവടെ പറയുന്നു.
സാധാരണയായി കണ്ടുവരുന്ന പീഡിയാട്രിക് ക്യാൻസറുകൾ
Also Read
കുട്ടികളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറുകൾ അക്യൂട്ട് ലുക്കീമിയയാണ്. സെൻട്രൽ നാഡീവ്യൂഹം മുഴകൾ, ലിംഫോമ, വിൽംസ് ട്യൂമർ, ന്യൂറോബ്ലാസ്റ്റോമ, ഓസ്റ്റിയോസാർക്കോമ പോലുള്ള അസ്ഥി മുഴകൾ എന്നിവയാണ് മറ്റുള്ളവ. കുട്ടികളിൽ ഉണ്ടായിവരുന്ന ക്യാൻസറിന്റെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പക്ഷേ ജനിതകമാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
പീഡിയാട്രിക്ക് ക്യാൻസർ കുട്ടികളിൽ ഉണ്ടാക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട്. ഉടലെടുക്കുന്ന ക്യാൻസറുകളനുസരിച്ച് പീഡിയാട്രിക് ക്യാൻസറിന്റെ ലക്ഷണങ്ങളും മാറും. എന്നാൽ ചില സാധാരണ ലക്ഷണങ്ങളിൽ ശരീരഭാരം കുറയുക, വിളർച്ച, ക്ഷീണം, സന്ധികളിൽ നീര് ഉണ്ടാവുക അല്ലെങ്കിൽ വേദനയുണ്ടാവുക, അണുബാധ മൂലമുണ്ടാകുന്ന പനി, അമിതമായ ചതവ്, തലവേദന എന്നിവയെല്ലാം ഉൾപ്പെടുന്നു. വയറിലും കഴുത്തിലും ഉണ്ടാകുന്ന മുഴ എന്നിവയും ഇതിൽ ഉൾപ്പെടും. നമ്മുടെ കുട്ടികളിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കളും പരിചരിക്കുന്നവരും വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്, കാരണം നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ഫലം മെച്ചപ്പെടുത്തും.
കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാകുക
പീഡിയാട്രിക് ക്യാൻസർ ഉടലെടുക്കുവാൻ പ്രത്യേകമായ ഒരു കാരണമില്ല. ഭൂരിഭാഗം കാരണങ്ങളും അജ്ഞാതമാണ്. ജനിതകമായ കാരണങ്ങൾ, പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം, ചില രീതിയിലുള്ള അണുബാധകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാവാം. കുട്ടികളിൽ ക്യാൻസർ രൂപപ്പെടുവാൻ റേഡിയേഷനുകൾ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, ഗർഭകാലത്തെ ക്യാൻസർ തടയുവാൻ മാർഗ്ഗങ്ങളില്ല . എന്നിരുന്നാലും, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെയും ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുന്നതിലൂടെയും പതിവായി വൈദ്യപരിശോധന നടത്തുന്നതിലൂടെയും സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുവാൻ സാധിക്കും.
ചികിത്സാരീതികൾ
പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് ക്യാൻസറിന് ആവശ്യം. സോളിഡ് ട്യൂമറിന് കീമോതെറാപ്പി, സർജിക്കലായ നീക്കം, റേഡിയേഷൻ തെറാപ്പി, മജ്ജ അല്ലെങ്കിൽ സ്റ്റെം സെൽ മാറ്റിവക്കൽ എന്നിവയുൾപ്പെടെ മൾട്ടി ഡിസിപ്ലിനറി ടീം മാനേജ്മെന്റ് ആവശ്യമാണ്. ഏതെങ്കിലും അവയവങ്ങളിലോ പേശികളിലോ ഉള്ള ക്യാൻസറിന്റെ മുഴകൾ നേരത്തെ കണ്ടുപിടിച്ചാൽ ശസ്ത്രക്രിയയിലൂടെ വളരെ വേഗം സുഖപ്പെടുത്താം. എന്നാൽ ക്യാൻസറിന്റെ മുഴകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ കീമോതെറാപ്പിയോ റേഡിയേഷനോ ആവശ്യമായി വന്നേക്കും.
അതിജീവനം
പ്രത്യേകമായ പരിചരണത്തിലൂടെ പീഡിയാട്രിക് ക്യാൻസർ ഭേദമാക്കാം. നേരത്തെയുള്ള തിരിച്ചറിയിലും ദൃഢഗതിയിലുള്ള രോഗനിർണയവും ഫലം മെച്ചപ്പെടുവാൻ ആവശ്യമാണ്. ആദ്യ രണ്ട് വർഷത്തിലെ തെറാപ്പിയിൽ രോഗം ആവർത്തിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ തുടർച്ചയായുള്ള പരിചരണം ഇതിന് ആവശ്യമാണ്. ചികിത്സയ്ക്കുശേഷം ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടവരുത്താതെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. വൈകിയുള്ള രോഗനിർണയവും ചികിത്സയും മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മാതാപിതാക്കളെ അവബോധവാന്മാരാക്കണം.
പീഡിയാട്രിക് ക്യാൻസർ കേവലം കുട്ടിയെ മാത്രമല്ല ഒരു കുടുംബത്തെ മൊത്തം ഉലച്ചുകളയുന്ന വിഷമകരമായ യാഥാർഥ്യമാണ്. എന്നാൽ കൃത്യമായി ജനങ്ങളിൽ അവബോധം വളർത്തുന്നതിലൂടെയും, രോഗം ബാധിച്ച കുട്ടികൾക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുവാനുള്ള ഊർജം നൽകാൻ സാധിക്കുന്നതിലൂടെയും ഒരു കുട്ടിക്കും ക്യാൻസർ നേരിടേണ്ടിവരാത്ത ഒരു ഭാവിയിലേക്ക് നമുക്ക് മുന്നേറാൻ കഴിയും.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. കേശവൻ എം ആർ
കൺസൽട്ടന്റ്
പീഡിയാട്രിക്ക് ഹേമറ്റോ ഓങ്കോളജി
ആസ്റ്റർ മിംസ്
കോഴിക്കോട്
Content Highlights: childhood cancer symptoms signs and treatment
Published: 20 Feb 2023, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented