ഇരുപത്തിയൊന്നാം വയസ്സിൽ മസ്തിഷ്കാർബുദമെന്ന് സ്ഥിരീകരണം. മാസങ്ങൾ മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ. പിന്നാലെ കീമോതെറാപ്പിയുടെ നാളുകൾ. പതിനൊന്നു വർഷത്തെ കീമോതെറാപ്പിക്കൊടുവിൽ ഇല്ലാത്ത അർബുദത്തിനാണ് ഇത്രയുംനാൾ ചികിത്സ തേടിയതെന്ന് തിരിച്ചറിയൽ. കടന്നുപോയ പ്രതിസന്ധികളേക്കുറിച്ച് ബെക്കി ജോൺസ് എന്ന യുവതിയുടെ തുറന്നുപറച്ചിൽ ശ്രദ്ധനേടുകയാണ്. ബിബിസിയിലൂടെയാണ് ബെക്കിയുടെ ജീവിതകഥ പുറത്തുവന്നത്.

To advertise here,

യു.കെ.യിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കവൻട്രി& വാർവിക്ഷെയർ എൻ.എച്ച്.എസിനെതിരെയാണ് മുപ്പത്തിമൂന്നുകാരിയായ ബെക്കി പരാതി നൽകിയിരിക്കുന്നത്. സി.സി. ടിവി ഓപ്പറേറ്ററായിരുന്ന ബെക്കി മൈഗ്രേൻ കടുത്തതോടെയാണ് ചികിത്സ തേടിയെത്തിയത്. തുടർന്ന് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പ്രൊഫസറായ ഇയാൻ ബ്രൗണിനെ കാണിച്ചപ്പോഴാണ് ഗ്രേഡ് 4 ഗ്ലിയോബ്ലാസ്റ്റോമ എന്ന മാരക മസ്തിഷ്കാർബുദമാണെന്നു പറഞ്ഞത്. കീമോതെറാപ്പി എടുക്കാതിരുന്നാൽ താൻ മരിച്ചുപോവുമെന്നാണ് ഇയാൻ ബ്രൗൺ ആവർത്തിച്ചുപറഞ്ഞതെന്ന് ബെക്കി പറയുന്നു.

കീമോതെറാപ്പി മരുന്നായ ടെമോസോളോമൈഡ് ആണ് ജീവിതകാലം മുഴുവൻ എടുക്കണമെന്ന് ബെക്കിയോട് നിർദേശിച്ചത്. പല സ്കാനിങ്ങുകൾ ചെയ്തിട്ടും ട്യൂമറിന്റെ അടയാളം പ്രകടമാകുന്നില്ലല്ലോ എന്ന ചോദ്യത്തിന് അത് നഗ്നനേത്രത്തിൽ കാണാനാവില്ലെന്നായിരുന്നു മറുപടി. 2024-ൽ ഇനിമുതൽ കീമോ എടുക്കേണ്ടെന്നു പറഞ്ഞ് മറ്റൊരു ‍ഡോക്ടർ വിളിക്കുകയായിരുന്നു. എന്താണു കാരണമെന്ന ചോദ്യത്തിന് ഇയാൻ ബ്രൗൺ റിട്ടയറായെന്ന മറുപടി മാത്രമാണ് ലഭിച്ചത്. തന്റേത് അർബുദമായിരുന്നില്ലെന്നും മസ്തിഷ്കത്തിലെ വീക്കം മാത്രമായിരുന്നുവെന്നും അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് ബെക്കി പറയുന്നു. 2025-ൽ ന്യൂറോസർജനെയും റേഡിയോളജിസ്റ്റിനെയുമൊക്കെ കണ്ടപ്പോഴാണ് ബെക്കിക്ക് അർബുദമുണ്ടായിരുന്നില്ലെന്ന് തിരിച്ചറി‍ഞ്ഞത്.

2025-ൽ ഇയാൻ ബ്രൗൺ കൈകാര്യം ചെയ്തിരുന്ന കാൻസർ കേസുകൾ നിരീക്ഷണത്തിൽ വന്നപ്പോൾ മാത്രമാണ് ബെക്കി സത്യമറിയുന്നത്. തന്നോട് ഗർഭം ധരിക്കരുതെന്ന് ഇയാൻ ബ്രൗൺ പറഞ്ഞിരുന്നുവെന്നും പിന്നീട് രണ്ടു കുട്ടികൾ ഉണ്ടായപ്പോഴും അത് അത്ഭുതമാണെന്ന് പറയുകയുണ്ടായെന്നും ബെക്കി പറഞ്ഞു.

നിരവധിപേർ ഇയാൻ ബ്രൗൺ സമാനമായി ചികിത്സിച്ചിരുന്നുവെന്ന പരാതിയുമായെത്തിയി‌ട്ടുണ്ട്. നാൽപതോളംപേരാണ് സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. പതിനഞ്ചുവർഷം വരെ കഴിക്കാവുന്ന രൂപത്തിലുള്ള കീമോതെറാപ്പി മരുന്നുകൾ സ്വീകരിക്കുന്ന രോഗികളുടെ കാര്യത്തിൽ എന്തുകൊണ്ട് ആശുപത്രിയിലെ ഓങ്കോളജി ഫാർമസി ടീം ഇടപെട്ടില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.‌

വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ആശുപത്രി പ്രസ്തുത മരുന്നിന്റെ ഉപയോഗത്തിൽ കൂടുതൽ ശക്തമായ മേൽനോട്ടം ഉറപ്പാക്കുമെന്നാണ് ബിബിസിയോട് പ്രതികരിച്ചത്.