കാൻസർ പോരാട്ടത്തേക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് ബോളിവുഡ് നടി നഫീസ അലി. ഇപ്പോഴിതാ കാൻസർ ചികിത്സയുടെ പുരോഗതിയേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നഫീസ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് തന്റെ ട്രീറ്റ്മെന്റ് പ്രോട്ടോക്കോളിൽ മാറ്റംവരുത്തിയെന്നും ടാർഗെറ്റഡ് തെറാപ്പിയിലേക്ക് മാറിയെന്നും പറഞ്ഞത്.
സ്കാനിങ്ങിനൊടുവിൽ കാൻസർ പടരുന്നുവെന്ന് കണ്ടതോടെയാണ് ചികിത്സാരീതിയിൽ മാറ്റംവരുത്താൻ തീരുമാനിച്ചതെന്ന് നഫീസ അലി പറയുന്നു. പെറ്റ്, സി.ടി. സ്കാനിങ്ങുകളിൽ നിന്ന് ഒവേറിയൻ കാൻസർ കരളിലേക്ക് പടർന്നു. തുടർന്നാണ് കീമോതെറാപ്പിയിൽ നിന്ന് ടാർഗെറ്റഡ് തെറാപ്പിയിലേക്ക് മാറാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് കീമോതെറാപ്പിയിൽ ചെയ്യുന്നത്. കാൻസർ കോശങ്ങളിലെ പ്രത്യേക ലക്ഷ്യങ്ങളെ മാത്രം കേന്ദ്രീകരിച്ച് ചികിത്സിക്കുന്ന രീതിയാണ് ടാർഗെറ്റഡ് തെറാപ്പിയിലേത്. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി, രോഗിയുടെ സ്വന്തം ടി-കോശങ്ങൾ (T-cells) പുറത്തെടുത്ത്, കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ കഴിയുന്ന രീതിയിൽ ജനിതകമാറ്റം വരുത്തി, വീണ്ടും ശരീരത്തിലേക്ക് നിക്ഷേപിക്കുന്ന കാർ-ടി-സെൽ തെറാപ്പി തുടങ്ങിയവയും നിലവിലുണ്ട്.
2018-ലാണ് ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ചും മൂന്നാംഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നഫീസ അലി തുറന്നുപറഞ്ഞത്. രോഗലക്ഷണങ്ങളേക്കുറിച്ച് തുടർച്ചയായി പറഞ്ഞിട്ടും ഡോക്ടർമാർ നിസ്സാരമാക്കിയെന്നും അതാണ് രോഗസ്ഥിരീകരണം വൈകാൻ ഇടയാക്കിയതെന്നുമാണ് നഫീസ പറഞ്ഞിട്ടുണ്ട്. തനിക്ക് ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. വയറുവേദനക്ക് കാരണം കാൻസറാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ, ഡോക്ടർമാർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് കാൻസറിനെ സ്റ്റേജ് 4-ലേക്ക് നയിച്ചു എന്നാണ് നഫീസ അന്ന് പറഞ്ഞത്.
ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും സംശയം പ്രകടിപ്പിക്കുകയും വീണ്ടും പരിശോധിക്കണമെന്ന് കരഞ്ഞുപറയുകയും ചെയ്തുവെന്ന് നഫീസ പറഞ്ഞിരുന്നു. ആവർത്തിച്ച് ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അതിനെ ഗൗരവമായി എടുക്കണമെന്നും പറഞ്ഞു. അത്രത്തോളം വൈകാരികമായ നിഷിമായിരുന്നു അത്. കഠിനമായ വേദന അനുഭവപ്പെടുന്നതുവരെ മെഡിക്കൽ ടീം തന്നെ കാര്യമായി എടുത്തിരുന്നില്ലെന്നും പിന്നീടുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും നഫീസ പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. 1976-ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റർനാഷനൽ സെക്കൻഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തക, ദേശീയ നീന്തൽ താരം എന്നീ നിലകളിലും പ്രശസ്തയാണ്.
ഒവേറിയൻ കാൻസർ
സ്ത്രീകളിൽ സാധാരണമായ കാൻസറാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
മൂന്നുവിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാ ഘടകങ്ങൾ
- പ്രായം കൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
- ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
- രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
- അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
- ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.
Content Highlights: Bollywood actress Nafisa Ali discusses her cancer treatment changes, shifting from chemotherapy to targeted therapy due to cancer spread.
Published: 16 Sept 2026, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented