പി.സി.ഒ.എസ് ഉണ്ടെന്നു പറയുമ്പോൾ വെറുമൊരു മൂഡ്സ്വിങ് പ്രശ്നമാണെന്നു കരുതുന്നവരുണ്ട്. അത്തരത്തിൽ ഹോർമോൺ സംബന്ധമായ ആരോഗ്യാവസ്ഥ മാത്രമാണെന്ന് കരുതിയവർക്കിടയിലേക്കാണ് ഇനിമുതൽ പി.സി.ഒ.എസ് ഇല്ല, പി.എം.ഒഎസ്. ആണെന്ന പേരുമാറ്റംവന്നത്. അതത്ര ലളിതമായി കാണേണ്ട പേരുമാറ്റവുമല്ല, മറിച്ച് ഗുരുതരമായേക്കാവുന്ന നിരവധി ശാരീരിക പ്രശ്നങ്ങളുടെ മുന്നറിയിപ്പുകൂടിയാണ് സൂചിപ്പിക്കുന്നത്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നത് പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്നായി മാറുമ്പോൾ ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന സ്ത്രീകളെ തിരിച്ചറിയാനും കരുതലേകാനും പ്രാപ്തമാക്കുകകൂടിയാണ് ചെയ്യുന്നത്. പേരുമാറ്റത്തിനുമുമ്പും പിമ്പും ഈ ആരോഗ്യപ്രശ്നമുണ്ടാക്കുന്ന സങ്കീർണതകൾ ഒന്നുതന്നെയാണ്. തിരിച്ചറിയാൻ വൈകുന്നുവെന്നുമാത്രം.

To advertise here,

എന്തുകൊണ്ട് പേരുമാറ്റം?

പേരുമാറ്റം എന്തുകൊണ്ട് പ്രസക്തമാകുന്നുവെന്നതുകാണിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം 8 ൽ 1 സ്ത്രീകളെ ബാധിക്കുന്ന വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് കണ്ടാണ് പേരുമാറ്റാൻ നിർദേശം വന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ പല സ്ത്രീകളിലും പിസിഒഎസ് രോഗനിർണയം നടത്തിയപ്പോഴും അണ്ഡാശയത്തിൽ അസാധാരണമായ സിസ്റ്റുകൾ കണ്ടെത്തിയില്ല. അണ്ഡാശയങ്ങൾക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതുകൊണ്ടുകൂടിയാണ് ആ രീതിയിൽ പേരു മാറ്റണമെന്ന വാദമുയർന്നത്.

നിസ്സാരമായി കണക്കാക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും രോഗനിർണയം വൈകുകയോ മറ്റ് സങ്കീർണതകളിലേക്ക് നയിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. ആർത്തവ തകരാറുകൾക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചർമം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ എന്നിവയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോണൽ, മെറ്റബോളിക് ഡിസോർഡർ ആണിതെന്നും ആ രീതിയിൽ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥ എന്നതാണ് പോളിഎൻഡോക്രൈൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റബോളിക് എന്നത് ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ ഷുഗർ, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയുമായി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഓവറി എന്നത് പ്രത്യുത്പാദന ആരോഗ്യം, അണ്ഡോത്പാദനം എന്നിവയേക്കുറിച്ചും സിൻഡ്രോം എന്നാൽ ഒരുമിച്ച് എന്നാൽ ഒരുമിച്ച് സംഭവിക്കുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടത്തേയും സൂചിപ്പിക്കുന്നു.

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായാണ് പിഎംഒഎസിനെ കണക്കാക്കേണ്ടതെന്ന് ഗവേഷകർ പറയുന്നു. ഡോക്ടർമാർ, ലോകമെമ്പാടുമുള്ള രോഗികൾ എന്നിവരെ പങ്കെടുപ്പിച്ച് 22,000-ൽ അധികം സർവേ പ്രതികരണങ്ങൾ ആധാരമാക്കിയാണ് പതിനാല് വർഷം നീണ്ട വിലയിരുത്തലിനൊടുവിൽ പേരുമാറ്റുന്നതാണ് അഭികാമ്യമെന്ന് കണ്ടെത്തിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ക്രമേണ അവതരിപ്പിക്കുമെന്നും 2028- ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ പൂർണ്ണമായി നടപ്പാക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തിൽ പ്രത്യുത്പാദന പ്രായത്തിലൂടെ കടന്നുപോകുന്ന പത്തുമുതൽ പതിമൂന്നു ശതമാനം സ്ത്രീകൾ വരെ പി.എം.ഒ.എസ് മൂലം വലയുന്നവരാണ്. ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമെന്തെന്നാൽ ഇവയിൽ എഴുപതുശതമാനവും തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ്. സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും സൗത് ഈസ്റ്റ് ഏഷ്യയിലും ഇന്ത്യയിലുമാണ്. ‌

ലക്ഷണങ്ങൾ

പി.എം.ഒ.എസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം, മാത്രമല്ല ഒരാളിൽ പ്രകടമാകുന്ന ലക്ഷണങ്ങളിൽ കാലക്രമേണ മാറ്റവും വരാമെന്ന് ലോകാരോഗ്യസംഘടന പറയുന്നുണ്ട്.

  • ക്രമരഹിതമായതോ, പ്രവചിക്കാൻ കഴിയാത്തോത ആയ ആർത്തവം അല്ലെങ്കിൽ ആർത്തവം തീരെ ഇല്ലാതിരിക്കൽ, ചില സ്ത്രീകളിൽ അമിതമായതോ നീണ്ടുനിൽക്കുന്നതോ, വേദനാജനകമായതോ ആയ ആർത്തവം
  • ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, വന്ധ്യത
  • മുഖത്തോ ശരീരത്തിലോ അമിതമായി മുടി വളർച്ച
  • കഷണ്ടി അല്ലെങ്കിൽ മുടി കൊഴിച്ചിൽ
  • മുഖക്കുരു, എണ്ണമയം നിറഞ്ഞ ചർമം.

പൊതുവേ പിഎംഒഎസിന്റെ ലക്ഷണങ്ങളായി ഇവ മാത്രമാണ് പറയാറുള്ളതെങ്കിലും മറ്റുചില ആരോഗ്യപ്രശ്നങ്ങൾക്കുകൂടിയുള്ള സാധ്യത കൂടുതലാണ്.

ഗർഭകാല പ്രമേഹം, ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, വയറിനുചുറ്റും അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ), ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, അമിതവണ്ണം, സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസതടസ്സം നേരിടുന്ന അവസ്ഥ), മെറ്റബോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, എൻഡോമെട്രിയൽ ഹൈപ്പർപ്ലാസിയ, എൻഡോമെട്രിയൽ കാൻസർ (ഗർഭാശയത്തിന്റെ ഉൾപാളിയുടെ അസാധാരണ വളർച്ച അല്ലെങ്കിൽ കാൻസർ) തുടങ്ങിയവ അവയിൽ ചിലതാണ്.

മേൽപ്പറഞ്ഞവ പിഎംഒഎസ് മൂലമുള്ള ശാരീരിക പ്രശ്നങ്ങൾ ആണെങ്കിൽ ഒരുകൂട്ടം മാനസികപ്രശ്നങ്ങൾക്കും ഇതു കാരണമാകാറുണ്ട്. ഉത്കണ്ഠ, വിഷാദം (ഡിപ്രഷൻ), ഭക്ഷണക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (ഈറ്റിംഗ് ഡിസോർഡേഴ്സ്) സ്വന്തം ശരീരത്തെക്കുറിച്ച് നെഗറ്റീവ് മനോഭാവം എന്നിവ അവയിൽ ചിലതാണ്. കുട്ടികൾ ഇല്ലാത്തതുമൂലവും അമിതവണ്ണം കാരണവും മുഖത്തും മറ്റും രോമവളർച്ച കൂടുന്നതിന്റെ പേരിലുമൊക്കെ സമൂഹത്തിൽ നിന്നുനേരിടുന്ന വേർതിരിവുകൾ വേറെയും.

മുടികൊഴിച്ചിലിനു കാരണംതേടുമ്പോൾ മാത്രം സ്ഥിരീകരിക്കുന്നതും കൂടുതൽ

മുടികൊഴിച്ചിലിന് കാരണം തേടുമ്പോൾ മാത്രമാണ് പലരിലും പി.എം.ഒ.എസ് സ്ഥിരീകരിക്കരുതെന്ന് അടുത്തിടെ QR678 എന്ന ഹെയർ സയൻസ് കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സ്ഥിരമായ മുടികൊഴിച്ചിലുള്ള പല സ്ത്രീകളും അതിനുള്ള ചികിത്സ ആരംഭിച്ചതിനുശേഷം മാത്രമാണ് അവരിൽ പി.എം.ഒ.എസ് സ്ഥിരീകരിക്കപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു. പി.എം.ഒ.എസിന്റെ ആദ്യസൂചകങ്ങളിലൊന്നായി മുടികൊഴിച്ചിൽ കാണണമെന്നും വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി സമീപിക്കരുതെന്നും ഓർമിപ്പിക്കുകയായിരുന്നു ഗവേഷകർ.

ഇന്ത്യയിലെ യുവതികൾക്കിടയിൽ പി.എം.ഒ.എസ് സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്നാണ് ‌അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിനു കീഴിലാണ് പഠനം നടത്തിയത്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പി.എം.ഒ.എസ് കാരണമാകുന്നുവെന്ന് പഠനം പറയുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് പി.എം.ഒ.എസ് നിരക്ക് കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി.

പി.എം.ഒ.എസ്. ഉള്ള പെൺകുട്ടികളിലും സ്ത്രീകളിലും ആത്മഹത്യാചിന്തകൾ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്വാനിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പന്ത്രണ്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള പി.എം.ഒ.എസ് സ്ഥിരീകരിച്ച 9,000 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിനൊടുവിൽ ഇവരിൽ പലരിലും ആത്മഹത്യാചിന്തകൾ ഉടലെടുത്തതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു. അമിതവണ്ണം, അമിതരോമവളർച്ച, ആർത്തവം ക്രമമല്ലാതെ വരിക, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണിവർ. ഇവയെല്ലാം സ്ത്രീകളിൽ മാനസികസമ്മർദം വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

പി.എം.ഒ.എസ് ഉള്ള സ്ത്രീകളിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്നു വ്യക്തമാക്കുന്ന പഠനവും പുറത്തുവന്നിരുന്നു. പെൻസിൽവാനിയ സർവകലാശാലയിലെയും റോചസ്റ്റർ സർവകലാശാലയിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതുമൂലം രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്ന രോഗങ്ങളുടെ ഒരു കൂട്ടമായ അതെറോസ്ക്ലെറോട്ടിക് കാർഡിയോവാസ്കുലാർ ഡിസീസും പിഎംഒഎസും തമ്മിലുള്ള ബന്ധമാണ് വിലയിരുത്തിയത്. തുടർന്നാണ് പിഎംഒഎസ് ഉള്ള സ്ത്രീകളിൽ അതെറോസ്ക്ലെറോട്ടിക് കാർഡിയോവാസ്കുലാർ ഡിസീസിനുള്ള സാധ്യത നാലരമടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയത്. പിഎംഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദയാഘാത സാധ്യത 3.45 മടങ്ങ് കൂടുതലും ഇഷെമിക് സ്ട്രോക്കിനുള്ള സാധ്യത 3.50 മടങ്ങ് കൂടുതലും ട്രാൻസിയൻ്റ് ഇഷെമിക് അറ്റാക്കിനുള്ള (TIA) സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലും പെരിഫറൽ ആർട്ടറി രോഗസാധ്യത 4.98 മടങ്ങ് കൂടുതലും ആണെന്ന് പഠനം പറയുന്നു. പി.എം.ഒ.എസ് ഉള്ളവരിൽ സ്ഥിരമായി ശരീരത്തിലുണ്ടാകുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവ ധമനികളുടെ കട്ടികൂട്ടുകയും കാലക്രമേണ കാലക്രമേണ പ്ലാക്ക് അടിഞ്ഞുകൂടാനിടയാക്കുകയും ഇത് അതെറോസ്ക്ലെറോട്ടിക് കാർഡിയോവാസ്കുലാർ ഡിസീസിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

പി.എം.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർ‍‍ഡറിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലാണെന്ന് അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അസോസിയേറ്റ് പ്രൊഫസറായ ലോറ ക്യൂനിയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. പി.എം.ഒ.എസ് ഉള്ളവരിൽ ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർ‍ഡർ ഈറ്റിങ് ഡിസോർഡറുകൾക്ക് സാധ്യത കൂടുതലാണെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. പി.എം.ഒ.എസ് ഉള്ള നിരവധി സ്ത്രീകൾ വണ്ണക്കൂടുതൽ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അത് മാനസികാവസ്ഥ തളർത്തുകയും ഈറ്റിങ് ഡിസോർഡറിലേക്ക് നയിക്കുന്നതായുമാണ് ഗവേഷകർ പറയുന്നത്. രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്ക് ജീവിതരീതിയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാരീതി നിർദേശിക്കും മുമ്പ് ഈറ്റിങ് ഡിസോർ‍ഡറുണ്ടോ എന്നതുകൂടി കണക്കിലെടുക്കണമെന്നും ഗവേഷകർ പറയുന്നു.

എങ്ങനെ തിരിച്ചറിയും ?

പൊതുവേ പി.എം.ഒ.എസിന്റേതായ ലക്ഷണങ്ങൾ നിസ്സാരമാക്കുന്നതാണ് രോഗസ്ഥിരീകരണം വൈകിക്കുന്നതും സങ്കീർണതകളിലേക്ക് നയിക്കാനും കാരണമാകുന്നത്. പുരുഷ ഹോർമോണായ ആൻഡ്രോജെൻ അമിതമായി കൂടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിലും മുഖത്തും അമിതമായ രോമവളർച്ച, മുടികൊഴിച്ചിൽ, മുഖക്കുരു, എണ്ണമയമുള്ള ചർമം, രക്തത്തിൽ ടെസ്റ്റോസ്റ്റിറോൺ നില ഉയർന്നുനിൽക്കുക തു‌ടങ്ങിയവ ലക്ഷണങ്ങളാണ്. ഇതിനൊപ്പം ക്രമരഹിതമായ ആർത്തവചക്രമോ, ആർത്തവം തീരെ ഇല്ലാതിരിക്കുകയോ ചെയ്യുന്നതും അൾട്രാസൗണ്ട് സ്കാനിങ്ങിൽ പോളിസിസ്റ്റിക് ഓവറി കാണുന്നതും അവഗണിക്കരുത്.

അതേസമയം പി.എം.ഒ.എസ് ഉള്ള എല്ലാ സ്ത്രീകളിലും പോളിസിസ്റ്റിക് ഓവറിയുണ്ടാകും എന്നു കരുതുന്നതും തെറ്റാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പി.എം.ഒ.എസ് രോഗനിർണ്ണയത്തിന് അണ്ഡാശയ സിസ്റ്റുകൾ നിർബന്ധമല്ല. രക്തപരിശോധനയിലൂടെ സാധാരണയേക്കാൾ ഉയർന്ന അളവിലുള്ള ആൻഡ്രോജൻ തിരിച്ചറിയാനാവും.കുടുബത്തിലാർക്കെങ്കിലും പി.എം.ഒ.എസ് ഉണ്ടെങ്കിലോ, ടൈപ്പ് 2 പ്രമേഹമുള്ളവരിലോ പി.എം.ഒ.എസ് വരാൻ സാധ്യത കൂടുതലായതിനാൽ രോഗനിർണ്ണയം നടത്തുമ്പോൾ ആരോഗ്യ പ്രവർത്തകർ ജനിതക അപകടഘടകങ്ങൾ കൂടി പരിഗണിക്കും. പുതുതായി പി.എം.ഒ.എസ് രോഗനിർണ്ണയം നടത്തുന്ന സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വിലയിരുത്തുന്നതിനും ഹൃദ്രോഗ സാധ്യത പരിശോധിക്കുന്നതിനുമായി മറ്റു രക്തപരിശോധനകൾക്കും നിർദേശിക്കാറുണ്ട്. തൈറോയ്ഡ് നിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടോ എന്നും ശ്രദ്ധിക്കണം.

സാറ മുതൽ ശ്രുതിഹാസൻ വരെ

ബോളിവുഡിലെയും തെന്നിന്ത്യയിലെയും നിരവധി താരങ്ങൾ പി.എം.ഒ.എസ്. സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞിട്ടുള്ളവരാണ്.

ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടാൻ തയ്യാറാകണമെന്നുപറഞ്ഞാണ് നടി സാറ അലി ഖാൻ താൻ പി.എം.ഒ.എസ് പോരാട്ടത്തിലാണെന്ന് തുറന്നുപറഞ്ഞത്. വണ്ണംവെക്കുക, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കാണാതെ പി.എം.ഒ.എസിന്റേതാണോ എന്ന് പരിശോധിക്കണം. ലക്ഷണങ്ങൾ കുറയ്ക്കാൻ ദിവസവും വ്യായാമം ശീലമാക്കണം. വലിച്ചുവാരി കിട്ടുന്നതെല്ലാം കഴിക്കുന്ന ശീലം കുറച്ച് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും ഗുണംചെയ്യുമെന്നാണ് സാറ പറഞ്ഞത്. വ്യായാമം ചെയ്യുന്നതിലൂടെ തന്റെ മാനസികനില മെച്ചപ്പെടുകയും വേദനയ്ക്ക് കുറവ് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. അധികം കഠിനമല്ലാത്ത വർക്കൗട്ടുകളും യോഗയുമൊക്കെയാണ് ആർത്തവകാലത്ത് ചെയ്യാറുള്ളതെന്നും സാറ പറഞ്ഞിരുന്നു.

പി.എം.ഒ.എസ് എന്ന അവസ്ഥ ചെറുപ്രായത്തിൽ തന്നെ സ്ഥിരീകരിച്ചതിനേക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ചികിത്സയിലൂടെയും അതിനെ അതിജീവിച്ചതിനേക്കുറിച്ചും സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറും പങ്കുവെച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുഖത്ത് കുരുക്കൾ വന്നതോടെയാണ് കാരണമെന്തെന്ന് അന്വേഷിച്ചത്. സോണോഗ്രാഫി എടുത്തപ്പോൾ അണ്ഡാശയത്തിൽ ഒന്നിലേറെ സിസ്റ്റുകൾ കണ്ടെത്തി. ആൻഡ്രോജെൻ നില കൂടുകയും രോമവളർച്ചയും മുഖക്കുരുവും എണ്ണമയമാർന്ന ചർമവും ഉണ്ടാവുകയും ചെയ്തു. ഒപ്പം എളുപ്പത്തിൽ വണ്ണംവെക്കുന്ന അവസ്ഥയും. ഇതെല്ലാം തന്റെ ആത്മവിശ്വാസം കെടുത്തിയിരുന്നു. എൻഡോക്രിനോളജിസ്റ്റിനെ കണ്ട് ജീവിതശൈലിയിൽ മാറ്റംവരുത്തുകയും വ്യായാമം ശീലമാക്കുകയും ചെയ്തതാണ് തനിക്ക് സഹാകയമായത് എന്നാണ് സാറ പറഞ്ഞത്.

വേദനാജനകമാർന്ന ആർത്തവകാലമായിരുന്നു തന്റേതെന്നും സ്കൂൾകാലം മുതൽ പി.എം.ഒ.എസ് നേരിടുന്നുമുണ്ടെന്നാണ് നടി ശ്രുതി ഹാസൻ പറഞ്ഞത്. ഇരുപത്തിയാറാം വയസ്സിലാണ് തനിക്ക് പി.എം.ഒ.എസ് . സ്ഥിരീകരിച്ചത്. പത്തുവർഷത്തോളമായി ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. പി.എം.ഒ.എസിന്റെ ഭാഗമായി അമിതമായ രോമവളർച്ചയും വയറുവീർക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടായിട്ടുണ്ട്. ആർത്തവകാലം അസഹ്യമായ വേദനയോടെയുള്ളതായിരുന്നുവെന്നും വണ്ണംവെച്ചതുമൂലം വർക്കൗട്ട് രീതികളിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയിരുന്നുവെന്നും താരം പറയുന്നു. മദ്യവും കഫീനും ഭക്ഷണത്തിൽ നിന്നൊഴിവാക്കിയത് ഏറെ ഗുണം ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തോളമായി പി.എം.ഒ.എസിനു ചികിത്സ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ആർത്തവത്തിന്റെ ആദ്യരണ്ടു ദിവസങ്ങളിൽ ഷൂട്ടുകൾ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ടെന്നും വേദന കടിച്ചമർത്തിയാണ് താൻ കടന്നുപോയിരുന്നതെന്നും നടി പറഞ്ഞിരുന്നു.

നടിമാരായ സോനം കപൂർ, വിദ്യാ ബാലൻ തുടങ്ങിയവരും തങ്ങൾ പി.എം.ഒ.സിനെ നേരിട്ടിരുന്നുവെന്ന് പങ്കുവെച്ചിട്ടുണ്ട്.

പി.എം.ഒ.എസിന് ചികിത്സയുണ്ടോ?

യഥാർഥത്തിൽ പി.എം.ഒ.എസ് പൂർണമായും ഭേദമാക്കുന്നതിനുള്ള മരുന്നുകളൊന്നും നിലവിൽ ലഭ്യമല്ല. മറിച്ച് ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെയും മരുന്നുകളിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്തലാണ് പ്രധാനലക്ഷ്യം. എൻ‍ഡോമെട്രിയൽ കാൻസർ സാധ്യത പ്രതിരോധിക്കുക, വന്ധ്യതയ്ക്കുള്ള ചികിത്സ നൽകുക, ഹൃദ്രോഗ സാധ്യതകളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും ചെയ്യാറുള്ളത്. ആർത്തവചക്രം ക്രമപ്പെടുത്താൻ കോൺട്രാസെപ്റ്റീവ് പില്ലുകളാണ് നൽകുക. അമിതരോമവളർച്ചയും മുഖക്കുരുവും തടയാൻ ആൻഡ്രോജെൻ റെസപ്റ്റർ ബ്ലോക്കേഴ്സും നൽകും. ഓവുലേഷൻ മെച്ചപ്പെടുത്താനുള്ള സർജറി, മരുന്ന്, ജീവിതനിലവാരത്തിലെ മാറ്റം എന്നിവയാണ് പ്രധാനം. പി.എം.ഒ.എസ് പ്രതിരോധത്തിൽ മരുന്നിനേക്കാൾ പ്രധാനം ജീവിതനിലവാരം മെച്ചപ്പെടുത്തലാണെന്നതും വിദഗ്ധർ എടുത്തുപറയുന്നു.

പി.എം.ഒ.എസ് ഉള്ളവർക്ക് ഗർഭധാരണം സാധ്യമോ?

പി.എം.ഒ.എസ് ഉള്ളവരിൽ ഗർഭധാരണം സാധ്യമാണ്. ഐവിഎഫ് ചികിത്സയിലൂടെയും മറ്റ് പ്രത്യുത്പാദന സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഗർഭധാരണത്തിന് സഹായിക്കുകയാണ് ചെയ്യുന്നത്. ഗർഭകാലത്ത് സങ്കീർണതകൾ ഏറാനും അപകടസാധ്യതയും കൂടുതലായതിനാൽ തന്നെ വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ പി.എം.ഒ.എസ് ഉള്ളവർ ഗർഭം ധരിക്കാവൂ.

പി.എം.ഒ.എസ് : ഭക്ഷണത്തിലെ നിയന്ത്രണം

പി.എം.ഒ.എസിന്റെ കാര്യത്തിൽ ഭക്ഷണനിയന്ത്രണം പ്രധാനമാണ്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ പരമാവധി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ചോറു കൂടുതൽ കഴിച്ച് പച്ചക്കറികൾ അളവു കുറച്ച് കഴിക്കുന്ന ശീലമാണ് മിക്കവർക്കുമുള്ളത്. അതിൽ മാറ്റം വരുത്തണം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം നന്നായി കഴിക്കണം. കുട്ടികൾ സ്കൂളിൽനിന്നു വരുമ്പോഴെങ്കിലും ബേക്കറി പലഹാരങ്ങൾക്ക് പകരം പകരം വീട്ടിലുണ്ടാക്കുന്നവ കൊടുക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഡയറ്റിലെ നിയന്ത്രണങ്ങൾക്കൊപ്പം വ്യായാമവും ശീലമാക്കണം.

ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ആഹാരങ്ങൾക്കായി ഓട്സ്, ബ്രൗൺ റൈസ്, ക്വീൻവ, ലെന്റിൽസ്, ബീൻസ്, വെള്ളക്കടല തുടങ്ങിയവ കഴിക്കാം. ചിക്കൻ, മുട്ട, മീൻ, ഗ്രീക്ക് യോഗർട്ട് എന്നിവയിലൂടെ പ്രോട്ടീനും ഒലീവ് ഓയിൽ, അവക്കാഡോ,നട്സ്, സീഡ്സ് എന്നിവയിലൂടെ ആരോഗ്യകരമായ കൊഴുപ്പും ലഭിക്കും. ഇലവർഗങ്ങൾ, ബ്രൊക്കോളി, കോളിഫ്ലവർ തുടങ്ങിയവയും ബെറീസ്, ആപ്പിൾ, പേരക്ക തുടങ്ങിയവയും ആഹാരത്തിൽ ഉൾപ്പെടുത്താം.

ഒഴിവാക്കേണ്ടവ

സംസ്കരിച്ച ധാന്യവർഗങ്ങൾ, പഞ്ചസാര എന്നിവ പരമാവധി ഒഴിവാക്കാം. പേസ്ട്രികൾ, വൈറ്റ് റൈസ്, മധുര പാനീയങ്ങൾ തുടങ്ങിയവ ഇൻസുലിൻ വർധനയ്ക്കു കാരണമാകുന്നതിനാൽ അതും കുറയ്ക്കണം. പാക്കറ്റിലുള്ള പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, മധുര പദാർഥങ്ങൾ, സംസ്കരിച്ച മാംസം തുടങ്ങിയവ ശരീരത്തിൽ വീക്കം കൂട്ടുന്നതിനാൽ അവയുടെ അളവും കുറയ്ക്കണം.