ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുഭവിക്കേണ്ടിവന്ന മാനസികാഘാതങ്ങളില്‍നിന്നു കരകയറാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് മിക്കവര്‍ക്കും അതിന് സാധിക്കുന്നില്ല എന്നതാണ് വസ്തുത. മനസിനേറ്റ ഈ മുറിവുകളെ ഉണക്കിയാല്‍മാത്രമേ നമുക്ക് സന്തോഷത്തോടെയും ഉത്പാദനക്ഷമമായും മുന്നോട്ടുപോകാനാവൂ.

To advertise here,

ട്രോമയില്‍നിന്ന് മനസിനെ സൗഖ്യപ്പെടുത്തണമെങ്കില്‍ ശീലിച്ചുപോന്ന ചിലതിനെ ഉപേക്ഷിക്കുകയും പുതിയ ചില ശീലങ്ങള്‍ ആരംഭിക്കുകയും വേണം. ഇതിനെക്കുറിച്ച് സൈക്കോതെറാപ്പിസ്റ്റ്  എമിലി എച്ച്. സാന്‍ഡേഴ്സ് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അവനവനോടുതന്നെ അനുകമ്പ തോന്നുകയാണ് ആദ്യം വേണ്ടത് എന്നാണ് എമിലിയുടെ അഭിപ്രായം. നമ്മള്‍ നമ്മളെത്തന്നെ 'ഇര' എന്ന രീതിയില്‍ കാണാതെ നമ്മുടെ തീരുമാനങ്ങള്‍ക്കുള്ള ഉത്തരവാദിയായി വേണം കരുതാന്‍. എങ്കിലേ ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ.

മനസിനെ ഇത്തരം ആഘാതങ്ങളില്‍നിന്ന് സുഖപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് നിലവിലുള്ള ചില ശീലങ്ങള്‍ ഒഴിവാക്കുക എന്നതാണ്. നമ്മെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന വ്യക്തികളേയും വസ്തുക്കളേയും ഓര്‍മകളേയും ബന്ധങ്ങളേയുമൊക്കെ മുറുകെപ്പിടിക്കാനുള്ള പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടണം. നമ്മെ തകര്‍ക്കുന്ന എന്തിനേയും വിട്ടുപോകാന്‍ അനുവദിച്ചാല്‍മാത്രമേ ആന്തരികസൗഖ്യം ലഭിക്കൂ. 

എന്ത് സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് ചിലപ്പോള്‍ നമുക്കുതന്നെ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. അത്തരം സാഹചര്യത്തില്‍ മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് ശക്തര്‍ക്കുചേര്‍ന്നതല്ല എന്ന ധാരണ തെറ്റാണ്. സഹായം ആവശ്യമുള്ളപ്പോള്‍ അത് ആവശ്യപ്പെടുകയും കാര്യങ്ങളെ പൂര്‍ണമായും ഗ്രഹിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മനസിന്റെ കരുത്താണ് കാണിക്കുന്നത്.

മറ്റുള്ളവരെ മനസ്സിലാക്കാന്‍ നാം നടത്തുന്ന ശ്രമം അവര്‍ തിരികെ നല്‍കാത്തപ്പോള്‍ ഉത്കണ്ഠപ്പെടുന്നത് നിര്‍ത്തണം. എങ്കില്‍ മാത്രമേ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുകയുള്ളൂ. എന്ത് വികാരമാണോ മനസ്സില്‍ തോന്നുന്നത്, അത് സാധൂകരിക്കപ്പെടേണ്ടതാണെന്നുള്ള ഉറച്ച ബോധ്യം ഉണ്ടാവണം. നമ്മുടെ പരിമിതികളേയും അതിരുകളേയും ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയായിരിക്കും. അവയെ ബഹുമാനിച്ചുകൊണ്ടുവേണം ഓരോ തീരുമാനവും സ്വീകരിക്കേണ്ടത്. മാനസികവ്യഥയുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഉചിതം.