ഒരു കാലത്ത് കാൻസർ എന്ന വാക്ക് രോഗികളിലും ബന്ധുക്കളിലും കടുത്ത ഭീതി പടർത്തിയിരുന്നു. എന്നാൽ ആധുനിക ഓങ്കോളജി മേഖലയിലുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങൾ കാൻസറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇന്ന് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്ന കാൻസറുകളുടെ മുൻനിരയിലാണ് ലിംഫോമ. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളെ തന്നെ കാൻസറിനെതിരെ പോരാടാൻ പ്രാപ്തമാക്കുന്ന പുതിയ ചികിത്സാ രീതികൾ ലിംഫോമ ബാധിതർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
എന്താണ് ലിംഫോമ?
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയുടെ (Immune System) പ്രധാന ഭാഗമായ ലസികാ വ്യവസ്ഥയെ (Lymphatic System) ബാധിക്കുന്ന കാൻസറാണ് ലിംഫോമ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന വെള്ളരക്താണുക്കളായ ലിംഫോസൈറ്റുകൾ അനിയന്ത്രിതമായി പെരുകുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്.
ലിംഫോമ പ്രധാനമായും രണ്ടു തരത്തിലുണ്ട്:
1. ഹോഡ്ജ്കിൻ ലിംഫോമ (Hodgkin Lymphoma): പ്രായപൂർത്തിയായ ചെറുപ്പക്കാരിലും മുതിർന്നവരിലും കണ്ടുവരുന്നതും, നേരത്തെ കണ്ടെത്തിയാൽ വളരെ വേഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കുന്നതുമായ തരം.
2. നോൺ-ഹോഡ്ജ്കിൻ ലിംഫോമ (Non-Hodgkin Lymphoma): കൂടുതൽ ആളുകളിൽ കണ്ടുവരുന്നതും വിവിധ ഉപവിഭാഗങ്ങളുള്ളതുമായ തരം.
രോഗലക്ഷണങ്ങൾ
ലിംഫോമയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളവയായിരിക്കാം. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിസ്സാരമായി കാണരുത്:
- കഴുത്ത്, കക്ഷം, അരക്കെട്ട് എന്നിവിടങ്ങളിലെ ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വേദനയില്ലാത്ത വീക്കം.
- കൃത്യമായ കാരണങ്ങളില്ലാതെ വിട്ടുമാറാതെ നിൽക്കുന്ന പനി.
- ഉറങ്ങുമ്പോൾ ശരീരം അമിതമായി വിയർക്കുക.
- ശരീരഭാരം കുറയുക.
- വിശ്രമിച്ചാലും മാറാത്ത തളർച്ചയും ഊർജ്ജക്കുറവും.
- ശരീരം മുഴുവൻ അനുഭവപ്പെടുന്ന കഠിനമായ ചൊറിച്ചിൽ.
- നെഞ്ചിലെ ലിംഫ് നോഡുകൾ വീങ്ങുന്നത് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം ചുമ തുടങ്ങിയ അസ്വസ്ഥതകൾ.
കാരണങ്ങളും സാധ്യത കൂട്ടുന്ന ഘടകങ്ങളും
ലിംഫോമ വരാനുള്ള വ്യക്തമായ കാരണം പലപ്പോഴും വ്യക്തമല്ലെങ്കിലും, ചില ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കുന്നു:
- പ്രായം.
- ദുർബലമായ പ്രതിരോധശേഷി.
- എപ്സ്റ്റീൻ-ബാർ വൈറസ് (EBV), ഹെലിക്കോബാക്റ്റർ പൈലോറി തുടങ്ങിയ വൈറസ് അഥവാ ബാക്ടീരിയ തുടങ്ങിയ പ്രത്യേക അണുബാധകൾ ബാധിച്ച രോഗികളിൽ ലിംഫോമക്കുള്ള സാധ്യത വർധിക്കുന്നു.
- കീടനാശിനികൾ, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി ദീർഘകാലം സമ്പർക്കത്തിൽ വരുന്നത്.
നേരത്തെയുള്ള രോഗനിർണ്ണയം
ഏതൊരു കാൻസറിനെയും പോലെ ലിംഫോമയും ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിയുന്നത് ചികിത്സ കൂടുതൽ ലളിതവും തികച്ചും ഫലപ്രദവുമാക്കുന്നു. സാധാരണ ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും മാറാത്ത ലസികാഗ്രന്ഥികളുടെ വീക്കമോ പനിയോ ഉണ്ടെങ്കിൽ വിദഗ്ദ്ധ ഓങ്കോളജിസ്റ്റിനെ കാണേണ്ടതാണ്.
പ്രധാന രോഗനിർണ്ണയ രീതികൾ
ലിംഫ് നോഡ് ബയോപ്സി (Lymph Node Biopsy): ഒരു ട്യൂമർ ക്യാൻസറാണോ അല്ലയോ എന്ന് 100% കൃത്യതയോടെ ഉറപ്പിക്കാൻ ഏറ്റവും പ്രധാനമായി ആശ്രയിക്കുന്നത് ബയോപ്സി പരിശോധനയെയാണ്. ഇതിലൂടെ രോഗത്തിന്റെ കൃത്യമായ ഉപവിഭാഗം (Subtype) കണ്ടെത്താൻ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രിയും (IHC) തന്മാത്രാ പരിശോധനകളും (Molecular Tests) നടത്തുന്നു. കോശങ്ങളിലെ പ്രോട്ടീനുകളെയും ജനിതക വ്യതിയാനങ്ങളെയും തിരിച്ചറിയുന്ന ഈ പരിശോധനകൾ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാനും, പാർശ്വഫലങ്ങൾ കുറഞ്ഞ 'ടാർഗെറ്റഡ് തെറാപ്പി' മരുന്നുകൾ തിരഞ്ഞെടുക്കാനും സഹായിക്കുന്നു.
പെറ്റ് സ്കാൻ (PET-CT Scan): ലിംഫോമയിൽ പെറ്റ് സ്കാൻ, സി.ടി സ്കാൻ തുടങ്ങിയ പരിശോധനകൾ രോഗത്തിന്റെ ഘട്ടം നിർണയിക്കാനും ചികിത്സയോടുള്ള പ്രതികരണം വിലയിരുത്താനും സുപ്രധാനമാണ്.
രക്തപരിശോധനകളും ബോൺ മാരോ പരിശോധനയും (Bone - Marrow Test)
ശ്രദ്ധിക്കുക : ലിംഫോമ രോഗനിർണ്ണയത്തിന് എഫ്.എൻ.എ.സി (FNAC) പരിശോധന ഫലപ്രദമല്ല. എന്തെന്നാൽ എഫ്.എൻ.എ.സി പരിശോധനയിൽ കോശഘടന നഷ്ടപ്പെടുന്നതിനാലും കുറഞ്ഞ സാമ്പിൾ മാത്രം ലഭിക്കുന്നതിനാലും കൃത്യമായി ലിംഫോമയുടെ തരം തിരിച്ചറിയാൻ സാധിക്കില്ല.
ചികിത്സാരംഗത്തെ വിപ്ലവം: കീമോതെറാപ്പിയിൽ നിന്ന് സി.എ.ആർ-ടി ( CAR-T ) സെല്ലുകളിലേക്ക്
കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ലിംഫോമ ചികിത്സയിലുണ്ടായ മുന്നേറ്റം ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്.
1. പരമ്പരാഗത കീമോതെറാപ്പിയും റേഡിയേഷനും :കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്നുകളും റേഡിയേഷനും ഉപയോഗിക്കുന്ന പരമ്പരാഗത രീതിയാണിത്. പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ ഉയർന്ന കാര്യക്ഷമതയുള്ള കീമോതെറാപ്പി മരുന്നുകൾ ലഭ്യമാണ്.
2. ടാർഗെറ്റഡ് തെറാപ്പിയും മോണോക്ലോണൽ ആന്റിബോഡികളും: സാധാരണ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ, കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് നശിപ്പിക്കുന്ന നൂതന ചികിത്സാരീതിയാണിത്. റിറ്റുക്സിമാബ് (Rituximab) പോലെയുള്ള മോണോക്ലോണൽ ആന്റിബോഡികൾ ലിംഫോമ ചികിത്സയിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. ഇവ കാൻസർ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനുകളിൽ ഒട്ടിപ്പിടിക്കുകയും, ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയ്ക്ക് അവയെ തിരിച്ചറിഞ്ഞു നശിപ്പിക്കാനുള്ള കൃത്യമായ സിഗ്നൽ നൽകുകയും ചെയ്യുന്നു.
3. ബോൺ മാരോ പരിശോധനയും ആട്ടോലോഗസ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനും: ലിംഫോമ അസ്ഥിമജ്ജയെ ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ബോൺ മാരോ പരിശോധന സഹായിക്കുന്നു. ഉയർന്ന തീവ്രതയുള്ളതോ അല്ലെങ്കിൽ ചികിത്സയ്ക്ക് ശേഷം വീണ്ടും തിരികെ വന്നതോ ആയ ലിംഫോമകളെ പ്രതിരോധിക്കാൻ ആട്ടോലോഗസ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ചികിത്സ ഉപയോഗിക്കുന്നു. രോഗിയുടെ സ്വന്തം ആരോഗ്യമുള്ള സ്റ്റെം സെല്ലുകൾ മുൻകൂട്ടി ശേഖരിച്ച് വെച്ച്, അതിതീവ്ര കീമോതെറാപ്പിക്ക് ശേഷം തിരികെ ശരീരത്തിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളിൽ, അനുയോജ്യനായ മറ്റൊരാളിൽ നിന്നുള്ള രക്തം ഉണ്ടാക്കുന്ന സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ബോൺ മാരോ മാറ്റിവയ്ക്കുന്ന ചികിത്സയും സാധ്യമാണ്.
4. സി.എ.ആർ-ടി സെൽ തെറാപ്പി (കിമേറിക് ആന്റിജൻ റിസെപ്റ്റർ ടി-സെൽ തെറാപ്പി): ഓങ്കോളജിയിലെ നൂതനവും വിപ്ലവകരവുമായ കണ്ടുപിടുത്തങ്ങളിലൊന്നാണിത്. രോഗിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങളെ (ടി-സെൽസ്) ജീൻ എഡിറ്റിംഗിലൂടെ കാൻസർ ബാധിച്ച കോശങ്ങളെ വേട്ടയാടുന്ന കോശങ്ങളാക്കി മാറ്റുന്ന രീതിയാണിത്:
a. രോഗിയുടെ രക്തത്തിൽ നിന്ന് T-സെല്ലുകൾ വേർതിരിച്ചെടുക്കുന്നു.
b. ലബോറട്ടറിയിൽ വെച്ച് ഈ കോശങ്ങളിൽ കാൻസറിനെ തിരിച്ചറിയാനുള്ള ജീൻ മാറ്റങ്ങൾ (CAR പ്രോട്ടീൻ) വരുത്തുന്നു.
c. ഇത്തരത്തിലുള്ള കോശങ്ങളെ ലബോറട്ടറിയിൽ വലിയ അളവിൽ വളർത്തിയെടുക്കുന്നു.
d. ഇവ വീണ്ടും രോഗിയുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്നു. ഈ കോശങ്ങൾ ശരീരത്തിലെ ലിംഫോമ കോശങ്ങളെ കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു.
c. മറ്റു ചികിത്സകൾ ഫലപ്രദമാകാത്ത അവസ്ഥയിൽ പോലും സി.എ.ആർ-ടി സെൽ തെറാപ്പി മികച്ച ഫലം നൽകുന്നു എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ചില ലിംഫോമകൾ, പ്രത്യേകിച്ച് വളരെ സാവധാനം മാത്രം വളരുന്നവ (Indolent Lymphomas), രോഗനിർണ്ണയം നടത്തുമ്പോൾ തന്നെ ഉടൻ തന്നെ ചികിത്സിക്കേണ്ടതില്ല. വ്യക്തമായ ലക്ഷണങ്ങളില്ലാത്തതും രോഗവ്യാപനം കുറവുള്ളതുമായ രോഗികളിൽ കൃത്യമായ നിരീക്ഷണം മാത്രം നടത്തുന്ന ഈ രീതി ഏറെ അനുയോജ്യമാണ്.
എന്നാൽ ഭാവിയിൽ രോഗത്തിന് മാറ്റങ്ങൾ വരികയോ, പുതിയ ലക്ഷണങ്ങൾ കാണപ്പെടുകയോ, രക്തകോശങ്ങളുടെ അളവ് കുറയുകയോ (Cytopenias), മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയോ ചെയ്യുമ്പോൾ മാത്രമേ ഇത്തരം രോഗികളിൽ ചികിത്സ ആരംഭിക്കാറുള്ളൂ.
ലിംഫോമ രോഗനിർണ്ണയം മുൻകാലങ്ങളിൽ വലിയ ഭീതി സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നെങ്കിൽ, ഇന്ന് അത് രോഗമുക്തിയുടെയും അതിജീവനത്തിന്റെയും വലിയ പ്രതീക്ഷകളിലേക്ക് വഴിമാറിയിരിക്കുകയാണ്. പരമ്പരാഗത കീമോതെറാപ്പിയിൽ തുടങ്ങി മോണോക്ലോണൽ ആന്റിബോഡികളിലൂടെയും വിപ്ലവകരമായ സി.എ.ആർ-ടി സെൽ തെറാപ്പിയിലൂടെയും എത്തിനിൽക്കുന്ന വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ ലിംഫോമയെ ഏറ്റവും ഫലപ്രദമായി ഭേദമാക്കാവുന്ന കാൻസറുകളിലൊന്നാക്കി മാറ്റി.
കൃത്യസമയത്തുള്ള രോഗനിർണ്ണയവും ആധുനിക ചികിത്സാരീതികളും സമയോചിതമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ഏതൊരാൾക്കും രോഗത്തെ പൂർണ്ണമായി കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയും. കാൻസർ ചികിത്സയിലെ ഈ പുതിയ വെളിച്ചം ലിംഫോമ ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും നൽകുന്നത് ഭയമില്ലാത്ത, പ്രത്യാശ നിറഞ്ഞ ഒരു നാളെയാണ്.
കണ്ണൂർ ആസ്റ്റർ മിംസിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.
Content Highlights: Lymphoma cancer treatment has evolved with CAR-T cell therapy, offering new hope by transforming immune cells to target cancer effectively.
Published: 16 Sept 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented