‘രാവിലെ എഴുന്നേറ്റാൽ ഒരു ചൂടുചായ, അതു നിർബന്ധമാണ്’- എന്നുപറയുന്ന നിരവധിപേരെ കണ്ടിട്ടുണ്ടാകും. ചൂടുള്ള ആഹാരപദാർഥങ്ങൾ കരുതുന്നതുപോലെ അത്ര നിസ്സാരമല്ലെന്നും കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെയുള്ള നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിന് ആക്കംകൂട്ടുകയാണ് 'ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസർ' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയൊരു പഠനം. ചൂടുള്ള ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്നാണ് പഠനം പറയുന്നത്.
ഓക്സ്ഫോഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിൽ ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ പഠനമാണിതെന്ന് ഗവേഷകർ പറയുന്നു. ചൂടുള്ള പാനീയം കുടിക്കുന്നതും അമിതമായ ചൂടുള്ള പാനീയം എത്രമാത്രം കുടിക്കുന്നുവെന്നതും അന്നനാളത്തിൽ സ്ക്വാമസ് സെൽ കാർസിനോമ (SCC) വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. അതേസമയം ചൂടുള്ള പാനീയങ്ങൾ, അന്നനാളത്തിലെ കാൻസറിന്റെ മറ്റൊരു രൂപമായ അഡിനോകാർസിനോമ (AC) വരാനുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.
ദിവസേന ആറോ അതിൽ കൂടുതലോ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് ആറിലും താഴെ കുടിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സ്ക്വാമസ് സെൽ കാർസിനോമയ്ക്കുള്ള സാധ്യത 71% വർധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. ഓക്സ്ഫോർഡ് സർവകലാശാലയുടെ പോപ്പുലേഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ സീനിയർ ന്യൂട്രീഷണൽ എപ്പിഡെമോളജിസ്റ്റ് ഡോ. കെരൻ പാപ്പിയറുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.
യുകെയിലെ ചൂടുള്ള പാനീയങ്ങൾ ഉപയോഗിക്കുന്ന ഏകദേശം 980,000 ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്. ഇതുവരെ നത്തിയ പഠനങ്ങളിൽ ഏറ്റവും വലിയ ജനസംഖ്യ ഉൾപ്പെടുത്തിയുള്ളതാണിത്. 14 വർഷത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ചൂടുള്ള പാനീയങ്ങൾ എങ്ങനെ കുടിക്കാനാണ് അവർ താല്പര്യപ്പെടുന്നത് എന്ന് പഠനകാലയളവിൽ നിരീക്ഷിച്ചു. ചൂട് കൂടുതൽ, മിതമായ ചൂട്, ചൂട് കുറവ്, ചൂടുള്ളത് കുടിക്കാറേയില്ല എന്നിങ്ങനെയാണ് ഉത്തരങ്ങൾ ലഭിച്ചത്. തുടർന്നാണ് ചൂടുകൂടുന്നതിന് അനുസരിച്ച് കാൻസർ സാധ്യതയും കൂടുന്നുവെന്നു കണ്ടെത്തിയത്. അന്നനാളത്തിലെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ചൂടുകൂടിയ പാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കണമെന്ന് പൊതുജനങ്ങളിൽ അവബോധം പടർത്താൻ ആരോഗ്യ അധികാരികൾക്ക് ഈ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്ന് പഠനം പറയുന്നു.
ചൂടുകൂടിയ പാനീയങ്ങൾക്കുപകരം മിതമായ ചൂടുള്ളവ ഉപയോഗിച്ചിരുന്നുവെങ്കിൽ യു.കെ.യിലെ അന്നനാളത്തിലുള്ള കാൻസറുകളിൽ ഏഴിൽ ഒന്നും ഒഴിവാക്കാമായിരുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ചൂടുള്ള ഒരു പാനീയം തണുക്കാൻ എത്രസമയം വേണം എന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക ബുദ്ധിമുട്ടാണെങ്കിലും കുടിക്കാൻ പാകമാകുന്ന ചൂടാകുന്നതുവരെ കാത്തിരിക്കാനാണ് നിർദേശിക്കുന്നതെന്നും ഗവേഷകർ പറയുന്നുണ്ട്.
രോഗസാധ്യത കുറയ്ക്കുന്നതിനായി ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കി ആറിയതിനുശേഷം മാത്രം കുടിക്കുന്ന ശീലത്തിലേക്കു വരണമെന്ന് കാൻസർ വിദഗ്ദ്ധരും പറയുന്നു. ദിവസവും 65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിന്റെ ആവരണത്തിന് കേടുപാട് വരുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ക്രമേണ ഇത് കടുത്ത വീക്കത്തിനും പിന്നീട് കോശങ്ങളുടെ വ്യതിയാനത്തിനും കാരണമാകും. ചായ തയ്യാറാക്കിയതിനുശേഷം നാലഞ്ചുമിനിറ്റ് കഴിഞ്ഞ് അപകടസാധ്യത കുറഞ്ഞ താപനിലയിൽ കുടിക്കുന്നതിലൂടെ അർബുദസാധ്യത കുറയ്ക്കാനാവും.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും നേരത്തേ സമാന കണ്ടെത്തൽ നടത്തിയിരുന്നു. ചൂടുള്ള പാനീയങ്ങൾ മനുഷ്യരിൽ കാൻസറുണ്ടാക്കാൻ സാധ്യതയുള്ളവയുടെ വിഭാഗത്തിലാണെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. ശരീരത്തിന്റെ ഭക്ഷണനാളം എന്നും അറിയപ്പെടുന്ന അന്നനാളത്തിന്റെ പാളികളിലെ കോശങ്ങൾക്ക് ചൂടുമൂലം കേടുപാടുകൾ വരുത്തിയാണ് അവ രോഗസാധ്യത വർധിപ്പിക്കുന്നതെന്ന് കരുതുന്നു. മദ്യപാനവും പുകവലിയുമാണ് ഈ കാൻസറിന് കാരണമാകുന്ന മറ്റ് പ്രധാന അപകടഘടകങ്ങൾ.
ഈസോഫേജിയൽ കാൻസർ
അന്നനാളത്തിൽ കോശങ്ങൾ ക്രമാതീതമായി വളരുന്ന അവസ്ഥയാണിത്. പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്. മദ്യപാനം, പുകവലി എന്നിവയാണ് അർബുദസാധ്യത കൂട്ടുന്ന ഘടകങ്ങൾ. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, ചുമ, ഭാരം കുറയൽ, ദഹനക്കേട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് പ്രധാന വെല്ലുവിളി. അർബുദം നീക്കംചെയ്യാനുള്ള സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയവയാണ് ചികിത്സാരീതികൾ. ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചെയ്യാറുണ്ട്.
Content Highlights: New study reveals hot tea and coffee consumption may triple esophageal cancer risk, emphasizing the need for awareness and preventive measures.
Published: 12 Sept 2026, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented