ഡൽഹിയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6500 ശ്വാസകോശ അർബുദ കേസുകൾ. 913 മരണങ്ങൾ ഉൾപ്പെടെയാണിത്. ഡൽഹിയിലെ ഉയർന്നുവരുന്ന ശ്വാസകോശ അർബുദ നിരക്കുകളെക്കുറിച്ച് ആരാഞ്ഞ് പിടിഐ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

To advertise here,

ഇതുപ്രകാരം ആറരവർഷത്തിനിടെ എയിംസ്, റാം മനോഹർ ലോഹ്യ, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 6581 ശ്വാസകോശ അർബുദ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള കണക്കുകളാണ് ശേഖരിച്ചത്. സഫ്ദർജങ് ആശുപത്രിയിലെ രോഗികളുടെ നിരക്ക് ലഭ്യമായില്ലെങ്കിലും ശ്വാസകോശ അർബുദം ബാധിച്ചുള്ള മരണനിരക്ക് 393 ആണെന്ന് വ്യക്തമാക്കി. നാല് ആശുപത്രികളിലുമായി 913 പേരാണ് രോഗബാധിതരായി മരിച്ചത്.

2020 ജനുവരി മുതൽ 2026 മാർ‌ച്ച് വരെ എയിംസിൽ 4860 ശ്വാസകോശ അർബുദ കേസുകളും 158 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരിക്കും 2026 ജൂലൈയ്ക്കും ഇടയിൽ 1613 കേസുകളും 3354 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 2021-ൽ രണ്ട് കുട്ടികൾക്കും ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. ആറരവർഷത്തിനിടെ 351 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 108 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ശ്വാസകോശ അർബുദ കേസുകൾ ഉയരുന്നതിനുപിന്നിൽ പുകവലിയും ജനിതക ഘടകങ്ങളും മാത്രമല്ല ഡൽഹിയിലെ വായുമലിനീകരണവും പ്രധാന കാരണമാണെന്ന് വിദഗ്ധർ പറയുന്നു. പുകവലിക്കാത്ത സ്ത്രീകളിൽ ശ്വാസകോശ അർബുദം സാധാരണമായതിനു പിന്നിൽ ജനിതക ഘടകങ്ങളും വായുമലിനീകരണവുമാണ് കാരണം. മലിനമായ വായു കാലങ്ങളോളം ശ്വസിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

ശ്വാസകോശത്തിൽ രൂപപ്പെടുന്ന കാൻസറാണ് ശ്വാസകോശാർബുദം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്ന് നോൺ സ്‌മോൾ സെൽ ലംഗ് കാൻസർ (NSCLC) രണ്ടാമത്തേത്, സ്‌മോൾ സെൽ ലംഗ് കാൻസർ(SCLC). ഇതിൽ NSCLC വളരെ സാവധാനത്തിൽ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക. ഇന്ന് മിക്കവരിലും കണ്ട് വരുന്ന കാൻസറാണ് ഇത്. എന്നാൽ, SCLC വേഗത്തിൽ പടരുന്ന കാൻസറാണ്. മിക്കപ്പോഴും ഈ കാൻസർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ അർബുദത്തിന്റെ പ്രധാന കാരണങ്ങളാണ്.

പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്പര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറൽ അണുബാധ (എച്ച്.പി.വി.)

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.