
Lived Experiences Heard: Real Voices, Real Change എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ ആപ്തവാക്യം. മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അനുഭവങ്ങൾകേൾക്കാനും അവരുടെ അഭിപ്രായങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ട് , അതിനനുസരിച്ച് മാനസികാരോഗ്യ നയങ്ങളും സേവനങ്ങളും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വിഷയം തിരഞ്ഞെടുത്തത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ആരാലും കേൾക്കപ്പെടാതെ, മനസ്സിലാക്കപ്പെടാതെ, പോകുന്നതാണ് ഭൂരിഭാഗം മാനസികാരോഗ്യ പ്രശ്നങ്ങളുടെയും പ്രധാന കാരണം. സ്വന്തം സങ്കടങ്ങളും വിഷമങ്ങളും പങ്കുവെക്കാൻ ഒരിടം എന്നത് ഇന്നിന്റെ അനിവാര്യതയാണ്. മുൻവിധികൾ കൂടാതെ തുറവിയോടെ മറ്റുള്ളവരെ കേൾക്കാനും ചേർത്ത് നിർത്താനും നമുക്ക് ഓരോരുത്തർക്കും കഴിഞ്ഞാൽ നമുക്ക് ചുറ്റുമുള്ള ആത്മഹത്യകളും മറ്റു മാനസിക ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ നമുക്ക് തടയാനാകും.
ചെറിയൊരു ജലദോഷത്തിനും പനിക്കും സൂപ്പർ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റിനായി ഓടുന്ന നമുക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ല എന്നത് വിരോധാഭാസം തന്നെയാണ്. മാനസികാരോഗ്യ മേഖലയോടുള്ള ഒരുതരം സ്റ്റിഗ്മ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. സമ്പൂർണ്ണ സാക്ഷരതയിലും ജീവിത നിലവാരത്തിലും എല്ലാം മറ്റുള്ളവർക്ക് മാതൃകയാകുന്ന മലയാളികൾക്കിടയിൽ മാനസിക ആരോഗ്യവും അതിന്റെ ചികിത്സയും പലർക്കും അത്ര താല്പര്യമില്ല. മറ്റുള്ളവർ അറിഞ്ഞാൽ വലിയൊരു പോരായ്മയാണ് ഇത് എന്ന ചിന്തയാണ് ഭൂരിഭാഗം പേർക്കും. അതിന്റെ ഫലമോ മാനസികാരോഗ്യമില്ലാത്ത ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ മക്കൾ, മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എല്ലാവരും ഇന്ന് ഒരുപോലെ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. പലപ്പോഴും ഇത് തിരിച്ചറിയുകയോ വിദഗ്ധസഹായം തേടുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത. ഇത് ശാരീരികമായ മറ്റ് പ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കും. വർധിച്ചുവരുന്ന ആത്മഹത്യാ നിരക്കുകൾ ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്.
സൈക്കോളജി ഇന്ന് എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്. സ്പോർട്സ് സൈക്കോളജി, ഓങ്കോ സൈക്കോളജി,ഫുഡ് സൈക്കോളജി, കളർ സൈക്കോളജി, ഇൻഡസ്ട്രിയൽ സൈക്കോളജി,സൈക്കോ സോഷ്യൽ ഫസ്റ്റ് എയ്ഡ്, ഇങ്ങനെ വിവിധ വിഭാഗങ്ങൾ.. ടീനേജ് കൗൺസിലിംഗ്,മാരേജ് കൗൺസിലിംഗ്, പ്രീ മാരേജ് കൗൺസിലിംഗ്, കപ്പിൾ കൗൺസിലിംഗ്, വ്യകതിഗത കൗൺസിലിംഗ്, കരിയർ കൗൺസിലിംഗ്,സ്റ്റുഡന്റ് കൗൺസിലിംഗ് എന്നിങ്ങനെ വിവിധ രീതിയിലുള്ള കൗൺസിലിംഗുകൾ വേറെയും. എന്നിട്ടും ഈ സംവിധാനങ്ങളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ ഇത്തരം സേവനങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് നമ്മുടെ സമൂഹത്തിൽ ഉണ്ടോ? നമ്മുടെ പി.എച്ച്.സി കളിൽ എല്ലാം ഇത്തരം സൗകര്യങ്ങൾ ഉള്ളതായി എത്രപേർക്കറിയാം? അഥവാ അറിഞ്ഞാൽ തന്നെ അത് പ്രയോജനപ്പെടുത്താൻ എത്രപേർക്ക് സാധിക്കുന്നുണ്ട്.. Tele Manas.. പോലുള്ള സൗജന്യ സേവനങ്ങൾ നാം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? ഇനിയെങ്കിലും ഇക്കാര്യങ്ങൾ നാം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.
പ്രാദേശികമായി പ്രത്യേകിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ എല്ലാം ഇത്തരം സൗകര്യങ്ങൾ ഒരുക്കുകയും അതിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പറയപ്പെടാതെ പോകുന്ന സങ്കടങ്ങൾ, സഹായത്തിനായുള്ള നിശബ്ദ നിലവിളികൾ, ഇവയൊന്നും നമുക്ക് പലപ്പോഴും കേൾക്കാൻ കഴിയുന്നില്ല.
കാതും മനസ്സും ഒരുപോലെ തുറന്ന് കേൾക്കാൻ സന്നദ്ധരായവരെ ഇന്ന് നമുക്ക് ആവശ്യമുണ്ട്. പറയാൻ സന്നദ്ധരാവുക എന്നതും പ്രധാനപ്പെട്ടതാണ്. ഒറ്റയ്ക്ക് ചുമക്കുന്ന ഭാരം ഒന്നിറക്കിവെക്കാൻ കഴിയുന്നത് ഒരാശ്വാസമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയവരെ കേൾക്കാനും അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും നാം ഇനിയും വൈകിക്കൂടാ. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ, പരീക്ഷാ പരാജയങ്ങളിൽ, ജീവനൊടുക്കുന്ന എത്രയോ പേരാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നമ്മുടെ എത്ര കൗമാര ജീവനകളാണ് പൊലിഞ്ഞത്.. പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ജീവിതങ്ങൾ ഇല്ല. അവയെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.. പക്വതയോടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കൈകാര്യം ചെയ്യാനും മറികടക്കാനും നമുക്ക് സാധിക്കണമെങ്കിൽ മാനസികാരോഗ്യം കൂടിയേ തീരൂ. മനസ്സുകൾക്ക് കരുതൽ ആകാനും കാവലാകാനും ഉള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ഓരോ മാനസികാരോഗ്യ ദിനവും ആചാരങ്ങൾ ആയി മാത്രം കടന്നു പോയിക്കൂടാ. ഡിപ്രഷൻ സ്ട്രെസ്സും ആത്മഹത്യാ പ്രവണതയും പരീക്ഷാഭയവും പരാജയഭീതിയും നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ഈ വെല്ലുവിളികളെ അതിജീവിച്ച്, ഉറച്ച മാനസികാരോഗ്യമുള്ള ഒരു തലമുറ ഇവിടെ രൂപപ്പെടണം. ലഹരിയുടെയും സ്ക്രീനിന്റെയും സോഷ്യൽ മീഡിയയുടെയും എല്ലാം അഡിക്ഷനുകളിൽ പെട്ട് ജീവിതങ്ങൾ തീരുമ്പോൾ ഇവയെ വരുതിയിൽ നിർത്തുന്ന, പക്വതയോടെ കൈകാര്യം ചെയ്യുന്ന, ഒരു തലമുറ ഇവിടെ രൂപം കൊള്ളണം.
കേൾക്കപ്പെടാതെ പോകുന്ന ജീവിതങ്ങൾ ഇനി നമുക്ക് ചുറ്റും ഉണ്ടാകരുത്.. കേൾക്കാനും കേട്ട കാര്യങ്ങൾക്ക് അനുസരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നമുക്ക് സാധിക്കുമ്പോൾ മാത്രമാണ് ഈ ലോകം മാനസികാരോഗ്യ ദിനം അർത്ഥവത്തായി തീരുക.
Content Highlights: Explore how World Mental Health Day aims to address mental health stigma by prioritizing lived experiences and shaping policies for better mental health services.
Published: 10 Oct 2026, 11:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented