ഹൃദയാഘാത, പക്ഷാഘാത സാധ്യത പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രവചിക്കാനാവുമെന്ന് ഗവേഷകർ. രക്തസമ്മർദം, പ്രമേഹം, വൃക്കയുടെ പ്രവർത്തനം തുടങ്ങിയ അപകടസാധ്യതാ ഘടകങ്ങൾ വിലയിരുത്തി ഹൃദ്രോഗ, പക്ഷാഘാത സാധ്യത മുപ്പതുവർഷം മുമ്പേ പ്രവചിക്കാനാവുമെന്നാണ് ഗവേഷകരുടെ വാദം. എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ജാമാ നെറ്റ്വർക്ക് ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ പരമ്പരാഗത അപകടസാധ്യതാ ഘടകങ്ങൾ ഹൃദ്രോഗ, പക്ഷാഘാത സാധ്യത കൂട്ടുന്നുവെന്നത് സ്ഥിരമായി ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ഇവയ്ക്കൊപ്പം വൃക്കകളുടെ പ്രവർത്തനം, രക്തത്തിലെ ബയോമാർക്കറുകൾ തുടങ്ങിയവയും പ്രധാന പങ്കുവഹിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. 1985 നും 2019 നും ഇടയിൽ 100,000-ത്തിലധികം ആളുകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്.

ചെറുപ്പത്തിലേ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് പതിറ്റാണ്ടുകൾക്കു മുമ്പ് പ്രമേഹവും ഉയർന്ന ബോഡി മാസ് സൂചികയും ഉണ്ടാകാമെന്ന് ഗവേഷകർ കണക്കാക്കുന്നു. രക്തത്തിലെ ബയോമാർക്കറുകളിലെ പാറ്റേണുകളും ഗവേഷകർ പരിശോധിച്ചു. ഹൃദയസ്തംഭനം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന NT-proBNP എന്ന പ്രോട്ടീൻ്റെ അളവിലെ മാറ്റങ്ങൾ 10 വർഷം മുമ്പുതൊട്ടേ പ്രകടമാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

കാലക്രമേണ ഇത്തരം അപകടസാധ്യതാ ഘടകങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഹൃദ്രോഗ, പക്ഷാഘാത സാധ്യതകൾ പ്രവചിക്കാനാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ബഹുഭൂരിപക്ഷം ആളുകൾക്കും ഹൃദയാഘാതവും പക്ഷാഘാതവും പൂർണ്ണമായും തടയാവുന്നതാണെന്നും എന്നാൽ നമ്മളിൽ പലരും അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോഴേക്കും വൈകിയിട്ടുണ്ടാകുമെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ചീഫ് സയന്റിഫിക് ആൻഡ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ബ്രയാൻ വില്യംസും വ്യക്തമാക്കി.

ഹാർട്ട് അറ്റാക്ക് കൂടുതൽ രാവിലെകളിൽ, കാരണമെന്ത്? ഹൃദയാഘാതമില്ലാത്തവരിൽ ഇ.സി.ജി. വ്യതിയാനങ്ങൾ കാണാറുണ്ടോ? 

ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പേ ശരീരത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും രക്തസമ്മർദ്ദം, രക്തത്തിലെ പ്രോട്ടീനുകൾ, കൊളസ്ട്രോൾ നില തുടങ്ങിയവ നേരത്തേ വിലയിരുത്തി അപകടസധ്യത കണക്കാക്കാമെന്നും പറയുകയാണ് ഗവേഷകർ. ഇതിലൂടെ ആളുകൾക്ക് ജീവിതശൈലിയിൽ‌ മാറ്റങ്ങൾ വരുത്താനും ചികിത്സ വൈകിക്കാതിരിക്കാനും കഴിയും. അതിലൂടെ ഹൃദയാഘാത, പക്ഷാഘാത സാധ്യത തടയുകയും ചെയ്യാമെന്നാണ് കണക്കുകൂട്ടൽ.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണമായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണമായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

സ്ട്രോക്കിന് പിന്നിലെ നിശ്ശബ്ദ വില്ലൻ; ഹൃദയത്തിലെ താളപ്പിഴ എങ്ങനെ മസ്തിഷ്കാഘാതമായി മാറുന്നു?

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമർദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ.