പണ്ടേ ഇവൾ ഇങ്ങനെയാണ്, എല്ലാറ്റിനും ഒരു ഡോക്ടറെ കാണൽ. എനിക്ക് 65 വയസ്സായി, ഇതുവരെ ഒരു ആശുപത്രിയുടെ പടി കയറേണ്ടി വന്നിട്ടില്ല.

ഈ വനിതാ ദിനത്തിൽ എന്റെ അടുത്ത് വന്ന ഒരു ഉമ്മയെയും മകളെയും ആണ് ഞാൻ ഓർക്കുന്നത്. ആയിഷ 35 വയസ്സ് - അതായിരുന്നു എന്റെ കയ്യിൽ കിട്ടിയ പേഷ്യന്റ് കാർഡ്. കൂടെ വന്നത് ഉമ്മയാണ്. ഏകദേശം 70 വയസ്സ് കാണും. ആയിഷയുടെ മാറിൽ ചെറിയൊരു മുഴയുണ്ട് എന്നതായിരുന്നു പ്രശ്നം. അവൾ പറഞ്ഞുതുടങ്ങി: "മാഡം, എന്റെ മാറിൽ ചെറിയൊരു മുഴ ഏകദേശം ഒരു മാസമായി കണ്ടുതുടങ്ങിയിട്ട്. വേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല. പക്ഷേ, ഒന്ന് നോക്കണം മാഡം."
ഉമ്മയ്ക്ക് കാര്യമായി വലിയ ടെൻഷൻ ഒന്നുമില്ല. "അത്ര വല്യ പ്രശ്നം ഒന്നുമല്ലപ്പാ" എന്ന് ചെറുതായി പിറുപിറുത്തുകൊണ്ട് പറയുന്നുണ്ട്. എന്താണെന്ന് ചോദിക്കുന്നതിനുമുൻപേ തന്നെ ആയിഷ എന്നോട് പറഞ്ഞു: "ഉമ്മയ്ക്ക് ഇതുപോലത്തെ മുഴ 50 വയസ്സുള്ളപ്പോഴേയുണ്ട് എന്നാണ് പറയുന്നത്. എന്നിട്ട് ഇത്രയും കാലം ഒരു പ്രശ്നവുമില്ല എന്ന്. ഞാൻ ഉമ്മയോട് എന്റെ മുഴയുടെ കാര്യം പറഞ്ഞപ്പോൾ പറയുകയാണ്, നിനക്ക് ഇതിപ്പോഴേ വന്നോ എന്ന്; ഉമ്മയ്ക്ക് കുറച്ചുകാലമായിട്ടുണ്ട്, വേദന ഒന്നുമില്ലല്ലോ, പിന്നെന്തിനാ ഡോക്ടറെ കാണിക്കുന്നത് എന്നാണ് ഉമ്മയുടെ വശം."
ഞാൻ ആയിഷയെ പരിശോധിച്ചു. ചെറിയ ഒരു ലംമ്പ് ഉണ്ട്. മൂവബിൾ ആണ്. കണ്ടിട്ട് ഒരു വലിയ പ്രശ്നമുള്ളതായൊന്നും തോന്നുന്നില്ല. അൾട്രാസൗണ്ട് എടുത്തിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു. ചിലപ്പോൾ കുത്തിപ്പരിശോധന വേണ്ടിവരും എന്ന കാര്യവും പറഞ്ഞു. "എന്തായാലും നമുക്ക് ഉമ്മയെയും കൂടി പരിശോധിക്കാം, അല്ലേ?" ഞാൻ വളരെ സൗമ്യമായാണ് പറഞ്ഞത്.
പക്ഷേ, അവിടെ ഒരു പൊട്ടിത്തെറിയാണ് ഉണ്ടായത്. "പണ്ടേ ഇവൾ ഇങ്ങനെയാണ്, എല്ലാറ്റിനും ഒരു ഡോക്ടറെ കാണൽ. എനിക്ക് 65 വയസ്സായി, ഇതുവരെ ഒരു ആശുപത്രിയുടെ പടി കയറേണ്ടി വന്നിട്ടില്ല. ഇതൊക്കെ ഇപ്പോൾ വന്ന പായാരം അല്ലേ?" ആയിഷയുടെ മുഖമൊക്കെ മാറി. "സോറി ഡോക്ടർ" എന്നൊക്കെ പറയുന്നുണ്ട്. ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്. ഉമ്മയോട് പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ, ഉമ്മ അതിന്റെ ആവശ്യമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. പരാജയത്തിന്റെ വക്കിലെത്തി എന്നുതന്നെ പറയാം. ഏറ്റവും അവസാനത്തെ ഒരു ശ്രമമെന്ന രീതിയിൽ ഞാൻ ചോദിച്ചത് ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരാണ് എന്നായിരുന്നു. അപ്പോഴാണ് ആയിഷ ഇക്ക മജീദിന്റെ പേര് പറഞ്ഞത്. മൂത്ത മകൻ മജീദ് പറഞ്ഞാൽ മാത്രമേ ഉമ്മ അനുസരിക്കുകയുള്ളൂ. വേറെ ആര് പറഞ്ഞിട്ടും കാര്യമില്ല.
ഞാൻ ആയിഷയോട് പറഞ്ഞു, ഇവിടെ വരെ എത്തിയിട്ട് പരിശോധിക്കാതെ പോകേണ്ട എന്ന്. ആയിഷ ചോദിച്ചു, "ഡോക്ടർ ഒന്ന് ഇക്കയോട് സംസാരിക്കാമോ?" എന്ന്. മകനോട് കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞുകൊടുത്തു. പരിശോധിക്കാതിരിക്കുന്നത് അപകടമാണ്; എന്താണെങ്കിലും പരിശോധിക്കേണ്ടിവരും എന്ന് ഞാൻ പറഞ്ഞപ്പോൾത്തന്നെ മജീദിന് കാര്യം മനസ്സിലായി. മകൻ ലൗഡ്സ്പീക്കറിൽ തന്നെയാണ് ഉമ്മയോട് പിന്നീട് സംസാരിച്ചത്. ആ ഫോൺവിളിയിൽ പരിശോധിക്കണമെന്ന തീരുമാനത്തിലേക്ക് എത്തി. മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഉമ്മ സമ്മതിച്ചു. ആയിഷയുടെ മുഖം ചുമന്നിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഞാൻ ഉമ്മയെ പരിശോധിച്ചുതുടങ്ങി. മാറിൽ അത്യാവശ്യം വലിപ്പമുള്ള ഒരു മുഴയുണ്ട്. നാല് സെന്റീമീറ്ററോളം കാണും. നല്ല തിക്ക് ആയിട്ടുള്ള ലംമ്പാണ്. ഒറ്റനോട്ടത്തിൽ കാൻസർ ആണെന്ന് തോന്നുന്ന വിധത്തിലുള്ളത്. എത്ര കാലമായി ഉള്ളതാണെന്ന് ചോദിക്കുന്നതിൽ അവിടെ പ്രസക്തിയില്ല എന്നറിഞ്ഞിട്ടും ഞാൻ ചോദിച്ചു. "കുറെ ആയി" എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. പരിശോധിക്കാൻതന്നെ ഇത്ര പ്രശ്നമുള്ള ഒരാളെ മാമോഗ്രാം എങ്ങനെ ചെയ്യിപ്പിക്കും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. അതേപ്പറ്റി ഞാൻ വിശദമായി പറഞ്ഞുകൊടുത്തു.
ഒരുവിധത്തിൽ മാമോഗ്രാം എടുത്തു. വിചാരിച്ചതുപോലെതന്നെ ഏകദേശം കാൻസർ ആയിട്ടുള്ള ഒരു അസുഖം തന്നെയായിരുന്നു. ബയോപ്സിയുടെ കാര്യം പറഞ്ഞപ്പോൾ ഒരുവിധത്തിലും ഉമ്മ തയ്യാറായിരുന്നില്ല. അപ്പോഴേക്കും ആയിഷ അൾട്രാസൗണ്ട് എടുത്ത് വന്നിട്ടുണ്ടായിരുന്നു. ആയിഷയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ളതായിട്ട് ഒന്നുമില്ല; ഫോളോ അപ്പ് ചെയ്താൽ മതി. ബിറാഡ്സ് 2 ലീഷൻ ആയിരുന്നു. ആയിഷയുമായി ഞാൻ ഉമ്മയുടെ കാര്യം സംസാരിച്ചു.
"വളരെ വിഷമത്തോടെയാണ് പറയുന്നത്. ഞാൻ ഒരു ഡയാലിസിസ് ടെക്നീഷ്യൻ ആണ്. ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ആളാണ്. മെഡിക്കൽ കാര്യങ്ങളെക്കുറിച്ച് അറിയുകയും ചെയ്യാം. എന്നിട്ടും എന്റെ അവസ്ഥ ഇതാണ്. ഞാൻ പറയുന്ന ഒരു കാര്യവും ഉമ്മ കേൾക്കില്ല. എന്നെ വിശ്വാസവുമില്ല. എന്റെ മക്കളെ ഒന്ന് നോക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ അവിടെ നിൽക്കുന്നത് തന്നെ. ഉമ്മ മക്കളെ നല്ല രീതിയിൽ നോക്കും. പക്ഷേ, ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഇപ്പോൾ തന്നെ ഡോക്ടർ കേട്ടില്ലേ? ഞങ്ങൾ പെൺകുട്ടികൾ എന്തുപറഞ്ഞാലും ഉമ്മയ്ക്ക് യാതൊരു വിലയുമില്ല. ബയോപ്സിയുടെ കാര്യം ഞാൻ പറഞ്ഞാലൊന്നും കേൾക്കില്ല."
"സാരമില്ല" എന്ന് മാത്രം പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ. "എന്താണെങ്കിലും ബയോപ്സി വൈകിപ്പിക്കരുത്. നമുക്ക് അതിനുള്ള കാര്യങ്ങൾ ചെയ്യാം" എന്നായി. ഉമ്മയോട് ഞാൻ സംസാരിച്ചുതുടങ്ങി. "എന്തു വേണമെങ്കിലും ചെയ്യാം, മൂത്ത മകൻ ഇങ്ങോട്ട് വരട്ടെ" എന്നായി. ആയിഷ പിന്നെയും പറഞ്ഞു: "ഉമ്മ, ഇക്കാക്ക ഗൾഫിലല്ലേ, നാളേക്കൊന്നും വരാൻ പറ്റില്ലല്ലോ."
"നീ പറയുന്ന പോലെയാണോ കാര്യങ്ങൾ?" എന്ന് പറഞ്ഞു ആയിഷയോട് പിന്നെയും കയർത്തു. "നീ ഒരാൾ കാരണമാണ് ഈ ഗതിയായത്, നാളെ മുതൽ പണിക്കൊന്നും പോകേണ്ട, എന്നെ രോഗിയാക്കിയല്ലോ" എന്നൊക്കെ പറഞ്ഞു. ആയിഷയ്ക്ക് കേൾക്കാൻ ബാക്കിയൊന്നുമില്ലായിരുന്നു. ഉമ്മ അങ്ങനെയൊക്കെ ആണെങ്കിലും ആയിഷ എല്ലാം വളരെ സമാധാനത്തോടെ കേൾക്കുന്നുണ്ടായിരുന്നു. സമയമെടുത്ത് ആലോചിക്കൂ, എന്നാൽ അധികം ലേറ്റ് ആക്കാതെ ബയോപ്സിക്ക് വരണം എന്ന് പറഞ്ഞു ഞാൻ അവരെ വിട്ടു.
ഒരാഴ്ച കഴിഞ്ഞിട്ടാണ് ഉമ്മ പിന്നീട് വന്നത്. കൂടെ മൂത്ത മകനും ഉണ്ടായിരുന്നു. മകൻ അടുത്ത ദിവസംതന്നെ നാട്ടിലെത്തി. അന്ന് കണ്ട ഉമ്മയല്ല വന്നതെന്ന് തോന്നിപ്പോയി. എന്നോട് കുറെ ക്ഷമ പറഞ്ഞു. "ഡോക്ടർ ഒന്നും വിചാരിക്കരുത് അന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു. ആയിഷ ഒരു പാവമാണ്. ഇവർക്കൊക്കെ പിന്നെയും മനോദാർഢ്യം ഉണ്ട്. അവൾക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല. എന്നോട് ദേഷ്യമാണെങ്കിൽ ഞാൻ മരിച്ചാലും ഓൾക്ക് അത്ര പ്രയാസം വരില്ലല്ലോ. എനിക്കിനി അത്ര കാലം ഒക്കെയല്ലേ ഉള്ളൂ. ഞാൻ ഇത് മനഃപൂർവം കാണിക്കാത്തത് തന്നെയായിരുന്നു. പിന്നെ ഞാൻ കാണിക്കാൻ വരുന്നില്ലെങ്കിൽ അവളും ഡോക്ടറെ കണ്ടില്ലെങ്കിൽ ബുദ്ധിമുട്ടല്ലേ എന്ന് വിചാരിച്ചു. എന്താണെങ്കിലും അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ, അതുമതി." അതായി പിന്നീടുള്ള സംസാരം. അവർ ഈ മുഴ കണ്ടിട്ട് കുറെ ആയെങ്കിലും മകളുടെ കുട്ടികളെ നോക്കുന്ന തിരക്കിലും മറ്റും അവർ അത് മനഃപൂർവം ശ്രദ്ധിക്കാതെ വിട്ടതായിരുന്നു. മകൾ വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് അവർ അന്ന് അങ്ങനെ പെരുമാറിയത് പോലും. ഉള്ളിൽ എന്തോ ഒരു വേദനപോലെ തോന്നി. അങ്ങനെ ഉമ്മയുടെ ബയോപ്സി എടുത്തു. റിസൾട്ട് നോക്കിയപ്പോൾ കാൻസർ.
സ്റ്റേജ് 4 ആയിട്ടുണ്ട്. ചികിത്സ ബുദ്ധിമുട്ടാണെങ്കിലും നടന്നുകൊണ്ടിരിക്കുന്നു. മകൾക്ക് ഒരു പ്രശ്നം വന്നതുകൊണ്ട് മാത്രം കണ്ടുപിടിച്ച ഒരു കാൻസർ ആയിരുന്നു അത്. ഉമ്മയ്ക്ക് മക്കളോടും അവർക്ക് തിരിച്ചുമുള്ള സ്നേഹം കാണുമ്പോൾ ഇത് കുറച്ചു നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിപ്പിച്ചുപോയി. ഇത് കണ്ടപ്പോൾ തന്നെ അവർ ഏതെങ്കിലും ഒരു ഡോക്ടറെ കണ്ടിരുന്നെങ്കിൽ...
സ്ത്രീകളിൽ ഏറ്റവും പൊതുവായി കാണുന്ന കാൻസറുകളാണ് സ്തനാർബുദം, ഗർഭാശയഗള കാൻസർ, ഒവേറിയൻ കാൻസർ എന്നിവ. ഏറ്റവും കൂടുതൽ തടയാൻ പറ്റുന്നതും നേരത്തെ കണ്ടെത്താൻ പറ്റുന്നതും നേരത്തെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിക്കാൻ പറ്റുന്നതുമായ ഒരു കാൻസറാണ് സ്തനാർബുദം. അതേസമയം ലോകത്തിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഗ്ലോബോക്കൻ ഡേറ്റ അനുസരിച്ച്, 2020-ൽ മാത്രം, ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 6,85,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്.
എന്താണ് സ്തനാർബുദം?
സ്തനങ്ങളിൽ പ്രധാനമായും 3 ഭാഗങ്ങൾ ഉൾപ്പെടുന്നു: ലോബ്യൂളുകൾ (lobules), നാളങ്ങൾ (ducts), ബന്ധിത ടിഷ്യു (connective tissue). ഇതിൽ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ് ലോബ്യൂൾസ്. മുലക്കണ്ണിലേക്ക് പാൽ കൊണ്ടുപോകുന്ന കുഴലുകളാണ് നാളങ്ങൾ. നാരുകളും കൊഴുപ്പും അടങ്ങിയ ബന്ധിത ടിഷ്യു ഇവയെ താങ്ങി ഒരുമിച്ച് നിർത്തുന്നു. ഇതിലെ ഏതെങ്കിലും ഭാഗങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് സ്തനാർബുദം എന്ന് വിളിക്കുന്നത്. വിവിധ സ്തനാർബുദങ്ങൾ:
-
ഇൻവേസീവ് ഡക്റ്റൽ കാർസിനോമ (Invasive ductal carcinoma)
-
ഇൻവേസീവ് ലോബുലാർ കാർസിനോമ (Invasive lobular carcinoma)
ആരൊക്കെയാണ് സ്തനാർബുദത്തെ ഏറെ ശ്രദ്ധിക്കേണ്ടത്?
-
ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
-
അർബുദമല്ലാത്ത ചില സ്തനരോഗങ്ങളായ എറ്റിപ്പിക്കൽ ഡക്റ്റൽ ഹൈപ്പർപ്ലാസിയ അല്ലെങ്കിൽ ലോബുലാർ കാർസിനോമ ഇൻ സിറ്റു എന്നിവ സ്തനാർബുദം വരാനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
-
കൂടുതൽ ഡെൻസിറ്റിയുള്ള സ്തനങ്ങൾ ഉള്ളവർ.
-
12 വയസ്സിനു മുമ്പ് ആർത്തവം ആരംഭിച്ചവർക്ക്, 55 വയസ്സിനു ശേഷം ആർത്തവവിരാമം സംഭവിക്കുന്നവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. (ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നിലനിൽക്കുന്നതാണിതിന് കാരണം).
-
50 വയസ്സിൽ കൂടുതലുള്ളവർ - പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദ സാധ്യത കൂടുതലാണ്. 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കുന്നത്.
-
ജനിതകമാറ്റങ്ങൾ - BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലാണ്.
-
അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ് ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.
-
റേഡിയേഷൻ തെറാപ്പി സ്വീകരിച്ചവർ: 30 വയസ്സിനു മുമ്പ് നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് (ഉദാഹരണത്തിന്, ഹോഡ്ജ്കിൻസ് ലിംഫോമയുടെ ചികിത്സയുമായി ബന്ധപ്പെട്ട്) പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
-
ഡൈഈഥൈൽസ്റ്റിൽബെസ്ട്രോൾ (DES) എന്ന മരുന്നിന്റെ എക്സ്പോഷർ. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ മിക്ക ആളുകൾക്കും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം. സ്തനാർബുദത്തിന്റെ ചില മുന്നറിയിപ്പ് സൂചനകൾ ഇവയാണ്:
-
സ്തനത്തിലോ കക്ഷത്തിലോ മുഴ.
-
സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാകുകയോ വീർക്കുകയോ ചെയ്യുക.
-
സ്തനങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം.
-
മുലക്കണ്ണിന്റെ ഭാഗത്തോ സ്തനത്തിലോ ചുവപ്പ് നിറമോ അടർന്നുപോകുന്ന രീതിയിലുള്ള ചർമ്മമോ.
-
മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണിന്റെ ഭാഗത്തുള്ള വേദന, മുലക്കണ്ണിൽ നിന്നുള്ള ഡിസ്ചാർജ്, സ്തനത്തിന്റെ വലിപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലുമുണ്ടാകുന്ന വ്യത്യാസം, ഏതെങ്കിലും രീതിയിലുള്ള വേദന - ഇതെല്ലാം കാൻസറിന്റെ ലക്ഷണമാകണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത മറ്റ് അവസ്ഥകളിലും ഈ ലക്ഷണങ്ങൾ കാണാം. ലക്ഷണങ്ങൾ എന്തെങ്കിലും കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.
സ്വയം സ്തന പരിശോധന എങ്ങനെ?
-
കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും അരയിൽ കൈ വെച്ചും കണ്ണാടിയുടെ മുന്നിൽ നിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറ വ്യത്യാസമുണ്ടോ എന്നും നോക്കുക.
-
കണ്ണാടിയുടെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമ്മത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ട് സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
-
കിടന്നുകൊണ്ട് ഇടതു സ്തനം വലതുകരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കുക. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതുകൈ കൊണ്ട് ഇടത് കക്ഷവും ഇടതുകൈ കൊണ്ട് വലത് കക്ഷവും പരിശോധിക്കുക. (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്).
-
വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം. സ്തനഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക.
ഗർഭാശയഗള കാൻസർ
ലോകത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സ്ത്രീകളിൽ കാണുന്ന കാൻസറുകളിലെ 6 - 29 ശതമാനവും ഗർഭാശയഗള കാൻസറുകളാണ്. എന്നാൽ ഇന്ത്യയിൽ കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനമാണ് ഗർഭാശയഗള കാൻസറിനുള്ളത്.
കണക്കുകൾ പ്രകാരം സൗത്ത് ഈസ്റ്റ് ഏഷ്യയിൽ രണ്ട് ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ലോകത്തിലെ ഏകദേശം 32 ശതമാനമാണ്; മരണനിരക്ക് ശരാശരി ഒരു ലക്ഷം വരും. ലോകത്തിലെ തന്നെ ഗർഭാശയഗള കാൻസറിന്റെ 34 ശതമാനമാണിത്. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം സെർവിക്കൽ കാൻസർ കൊണ്ടുള്ള മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും. പക്ഷേ, അവബോധമില്ലായ്മ കാരണം സെർവിക്കൽ കാൻസർ നേരത്തെ കണ്ടെത്താനോ ശരിയായ രീതിയിൽ വാക്സിനേഷൻ എടുക്കാനോ സാധിക്കുന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.
സെർവിക്കൽ കാൻസറിന് പ്രധാന കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് തന്നെയാണ്. നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം (പ്രത്യേകിച്ച് 18 വയസ്സിനു താഴെ), ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, 18 വയസ്സിനു മുമ്പേ ഗർഭിണിയാകുന്നത്, അമിതവണ്ണം, ഗർഭനിരോധന ഗുളികകൾ അമിതമായി ഉപയോഗിക്കുന്നത്, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയൊക്കെയാണ് മറ്റു പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
ഇടവിട്ടുള്ള രക്തം പോക്ക്, വെള്ളപോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, ആർത്തവത്തിനു ശേഷമുള്ള അകാരണമായ രക്തസ്രാവം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ സെർവിക്കൽ കാൻസറിന്റെ തുടക്കത്തിൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ല.
സെർവിക്കൽ കാൻസറിന് ഏറ്റവും പ്രധാനമായ പ്രതിരോധ മാർഗ്ഗമായി കാണുന്നത് പ്രതിരോധ കുത്തിവെപ്പുകൾ തന്നെയാണ്. കൂടാതെ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് രോഗം മാരകമാകാതിരിക്കാൻ സഹായിക്കും. പക്ഷേ, ഇതിനായി നമ്മുടെ സമൂഹത്തിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണം അത്യാവശ്യമാണ്.
സെർവിക്കൽ കാൻസർ കണ്ടുപിടിക്കാനുള്ള സ്ക്രീനിംഗ് ടെസ്റ്റുകളിൽ പ്രധാനം പാപ് സ്മിയർ ടെസ്റ്റ്, ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (LB സൈറ്റോളജി), വയാ വി വിലി (VIA VILI - visual inspection with acetic acid and visual inspection using Lugol's iodine), HPV DNA ടെസ്റ്റിംഗ്, കോൾപോസ്കോപ്പി (Colposcopy) എന്നിവയാണ്. 21 വയസ്സു കഴിഞ്ഞ സ്ത്രീകൾ 3 വർഷത്തിലൊരിക്കൽ പാപ് സ്മിയർ ചെയ്യേണ്ടതുണ്ട്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. എന്നാൽ പാപ് ടെസ്റ്റിലൂടെ ഏകദേശം 10 മുതൽ 15 വർഷം മുമ്പ് തന്നെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താവുന്നതാണ്.
സ്ത്രീകളിൽ കാണുന്ന പ്രധാന കാൻസറുകളിൽ മറ്റൊന്നാണ് ഒവേറിയൻ കാൻസർ. ഇത് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. അണ്ഡാശയത്തിലെ കോശങ്ങളുടെ വളർച്ചയാണിത്; ശരീരത്തിനുള്ളിൽ മുഴയായോ ട്യൂമറായോ ഒവേറിയൻ കാൻസർ വരാം. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണുന്നതെങ്കിലും ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നുണ്ട്.
രോഗലക്ഷണങ്ങൾ
-
അമിതമായ ക്ഷീണം: ഒരാളിൽ പല കാരണങ്ങളാൽ ക്ഷീണം അനുഭവപ്പെടാം. എന്നാൽ അസാധാരണമായ രീതിയിൽ ക്ഷീണം അനുഭവിക്കുന്നത് പല തരത്തിലുള്ള രോഗങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ട്.
-
വിശപ്പില്ലായ്മ: ഒവേറിയൻ കാൻസർ ബാധിച്ചു കഴിഞ്ഞാൽ ക്രമേണ അത് ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തും. ഇതിന്റെ ഫലമായി വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്.
-
മലബന്ധം: ഒവേറിയൻ കാൻസർ കൂടുതലായി ബാധിച്ചുകഴിയുമ്പോൾ ഇത് ചെറുകുടലിന്റെയും വൻകുടലിന്റെയും പ്രവർത്തനങ്ങളെയും ദഹനവ്യവസ്ഥയെ പൂർണ്ണമായും ബാധിക്കാറുണ്ട്. ഇത് സ്ഥിരമായ മലബന്ധം ഉണ്ടാക്കാനും കാരണമാകും.
-
ബ്ലോട്ടിംഗ്: പ്രത്യേകിച്ച് പീരിയഡ് സമയങ്ങളിൽ സ്ത്രീകൾക്ക് ബ്ലോട്ടിംഗ് അനുഭവപ്പെടാറുണ്ട്. വയറിനുള്ളിൽ ഗ്യാസ് നിറഞ്ഞിരിക്കുന്നത് പോലെയും വയർ വീർത്തുവരുന്നത് പോലുള്ള അവസ്ഥയാണിത്. പീരിയഡ് സമയങ്ങളിൽ അല്ലാതെ ഇത്തരം അവസ്ഥ തുടർച്ചയായി അനുഭവിക്കുകയാണെങ്കിൽ അത് ഒവേറിയൻ കാൻസർ ബാധിച്ചതിന്റെ ലക്ഷണമാകാം.
-
അമിതമായ മൂത്രശങ്ക: ഒവേറിയൻ കാൻസർ ബാധിച്ചവർക്ക് അമിതമായ മൂത്രശങ്ക അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഓവറിയിൽ മുഴ രൂപപ്പെടുന്നതിനാൽ ബ്ലാഡർ നിറഞ്ഞുനിൽക്കുന്നതായി അനുഭവപ്പെടുകയും അത് മൂത്രശങ്കയ്ക്ക് കാരണമാകുകയും ചെയ്യും.
അസാധാരണമായ രീതിയിൽ ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്നുതന്നെ ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. ഒവേറിയൻ കാൻസർ പിടിപെട്ടതായി സ്ഥിരീകരിക്കപ്പെട്ടാൽ ചികിത്സയുടെ ഭാഗമായി ചില സർജറികൾ ആവശ്യമായി വന്നേക്കാം. എന്നാൽ ഗുരുതരമായ അവസ്ഥയിലെത്തിയാൽ ഗർഭപാത്രം, ഓവറി, ഫാല്ലോപ്പിയൻ ട്യൂബ് എന്നിവ നീക്കം ചെയ്യേണ്ടതായി വരും.
രോഗനിർണ്ണയത്തിന് ഈ രോഗം പെട്ടെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകമായ സ്ക്രീനിംഗ് ടെസ്റ്റുകൾ ഇല്ല. അണ്ഡാശയങ്ങൾ അടിവയറ്റിലെ ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ പലപ്പോഴും നിങ്ങൾക്കോ ഡോക്ടർക്കോ ട്യൂമർ അനുഭവപ്പെടണമെന്നില്ല. യു.എസ്.ജി. അബ്ഡോമൻ പെൽവിസ്, വയറ്റിലെ സി.ടി. സ്കാൻ, കാൻസറിനുള്ള ബയോ മാർക്കറായ കാൻസർ ആന്റിജൻ 125 രക്തപരിശോധന എന്നിവയാണ് വിവിധ ടെസ്റ്റുകൾ.
Content Highlights: Women’s Day Special: A Doctor’s Heart-Touching Account of a Mother, Daughter, and a Silent Killer
Published: 08 Mar 2026, 08:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented