ലോക പ്രമേഹദിനം- നവംബർ-14

പ്രമേഹത്തിന്റെ സങ്കീർണതകളെക്കുറിച്ച് പറയുമ്പോൾ നാം ഓർക്കുന്നത് കണ്ണ്, വൃക്ക, ഞരമ്പുകൾ, ഹൃദയം, കാൽ എന്നിവയാണ്. എന്നാൽ ഈ പട്ടികയിൽ പലപ്പോഴും വിട്ടുപോകുന്ന ഒരിടമുണ്ട് - വായ. മോണരോഗത്തെ പ്രമേഹത്തിന്റെ 'ആറാമത്തെ സങ്കീർണത' എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. പക്ഷേ ഈ ബന്ധം ഒരു വഴിക്കു മാത്രമല്ല: പ്രമേഹം മോണയെ തളർത്തുമ്പോൾ, രോഗബാധിതമായ മോണ തിരിച്ച് ഷുഗർ നിയന്ത്രണത്തെയും ദുർബലമാക്കുന്നു. പ്രമേഹനിയന്ത്രണം അളക്കാൻ നാം ആശ്രയിക്കുന്ന പരിശോധനയിൽ പോലും ഈ ബന്ധം തെളിഞ്ഞുകാണാം.
ഒരു ഉദാഹരണം നോക്കാം. പ്രമേഹനിയന്ത്രണം വിലയിരുത്താൻ ഡോക്ടർമാർ ആശ്രയിക്കുന്നത് HbA1c എന്ന പരിശോധനയാണ് - കഴിഞ്ഞ രണ്ടു-മൂന്നു മാസത്തെ ശരാശരി ഷുഗർ നില അത് കാണിക്കുന്നു. HbA1c 7.5% ഉള്ള ഒരാൾക്ക് അത് 7.1% ആയി കുറയ്ക്കാൻ സാധാരണ ഒരു ഗുളിക കൂടി കുറിക്കേണ്ടിവരും. എന്നാൽ അദ്ദേഹത്തിന് മോണരോഗമുണ്ടെങ്കിൽ, അത് ചികിത്സിക്കുന്നതിലൂടെയും ഏകദേശം അത്രയും കുറവ് നേടാനാകുമെന്നാണ് ശാസ്ത്രീയ തെളിവുകൾ.
തെറ്റായ ശീലങ്ങളും വ്യായാമക്കുറവും; കുട്ടികളിലെ പ്രമേഹസാധ്യത എങ്ങനെ പ്രതിരോധിക്കാം?
35 ക്ലിനിക്കൽ പഠനങ്ങൾ വിലയിരുത്തിയ കോക്രേൻ അവലോകനത്തിൽ, മോണയുടെ ആഴത്തിലുള്ള ക്ലീനിങ് (സ്കെയിലിങ്ങും റൂട്ട് പ്ലേനിങ്ങും) മൂന്നു-നാലു മാസത്തിനുള്ളിൽ HbA1c ഏകദേശം 0.4% കുറച്ചതായി കണ്ടെത്തി. ബ്രിട്ടനിൽ ഒരു വർഷം നീണ്ട പഠനത്തിൽ, മോണചികിത്സ ലഭിച്ചവരുടെ HbA1c, സാധാരണ ക്ലീനിങ് മാത്രം ലഭിച്ചവരെക്കാൾ 0.6% കുറവായിരുന്നു. നിലവിലുള്ള ചികിത്സയോടൊപ്പം ചില പ്രമേഹ മരുന്നുകൾ ചേർക്കുമ്പോൾ ലഭിക്കുന്ന ഫലത്തോട് താരതമ്യം ചെയ്യാവുന്ന മെച്ചമാണിത്.
എന്തുകൊണ്ട്?
ഉയർന്ന ഷുഗർ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ പ്രമേഹബാധിതർക്ക് മോണരോഗം വരാനുള്ള സാധ്യത ഏകദേശം ഇരട്ടിയാണ്. തിരിച്ച്, രോഗബാധിതമായ മോണകളിൽ നിന്ന് വീക്കമുണ്ടാക്കുന്ന ഘടകങ്ങൾ രക്തത്തിലെത്തി ഇൻസുലിന്റെ പ്രവർത്തനം കുറയ്ക്കുന്നു. മോണയിലെ അണുബാധ മാറുമ്പോൾ ഷുഗർ നിയന്ത്രണവും മെച്ചപ്പെടുന്നു.
പയറുമണിയോളം മതി പേസ്റ്റ്, സ്വയംചികിത്സ ആപത്ത്; വായയുടെ ആരോഗ്യം നിസ്സാരമാക്കരുത്
കേരളം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ഐ.സി.എം.ആർ. നടത്തിയ ദേശീയ പഠനമനുസരിച്ച് (ICMR-INDIAB) കേരളത്തിലെ മുതിർന്നവരിൽ ഏകദേശം നാലിലൊരാൾക്ക് പ്രമേഹമുണ്ട് - ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. മോണരോഗമാകട്ടെ, അതിലും വ്യാപകമാണ്: ഇന്ത്യയിലെ മുതിർന്നവരിൽ പകുതിയോളം പേർക്ക് ഏതെങ്കിലും തരത്തിലുള്ള മോണരോഗവും അഞ്ചിലൊരാൾക്ക് ഗുരുതരമായ മോണരോഗവുമുണ്ട്. പരസ്പരം വഷളാക്കുന്ന ഈ രണ്ടു രോഗങ്ങളും ഇത്രയും വ്യാപകമായ ഒരു സമൂഹത്തിൽ, നമ്മുടെ പ്രമേഹ ക്ലിനിക്കുകളിൽ എത്തുന്നവരിൽ നല്ലൊരു പങ്കും തിരിച്ചറിയപ്പെടാത്ത മോണരോഗവുമായാണ് ജീവിക്കുന്നതെന്ന് അനുമാനിക്കാം.
പ്രശ്നം, അത് ആരും അന്വേഷിക്കുന്നില്ല എന്നതാണ്. മാസംതോറും ഷുഗർ നോക്കുന്ന പലർക്കും അവസാനമായി ദന്തഡോക്ടറെ കണ്ടത് എപ്പോഴാണെന്ന് ഓർമ്മയുണ്ടാകില്ല. മോണരോഗം വർഷങ്ങളോളം വേദനയില്ലാതെ വളരുന്നതിനാൽ, ബ്രഷ് ചെയ്യുമ്പോൾ ചോര വരുന്നതുപോലുള്ള ആദ്യലക്ഷണങ്ങൾ എളുപ്പത്തിൽ അവഗണിക്കപ്പെടുന്നു. പല്ലിളകുമ്പോഴോ പല്ല് നഷ്ടപ്പെടുമ്പോഴോ മാത്രമാണ് പലരും ചികിത്സ തേടുന്നത് - അപ്പോഴേക്കും മോണയ്ക്കും പ്രമേഹനിയന്ത്രണത്തിനും ഏറെ നഷ്ടം സംഭവിച്ചിരിക്കും.
ഡോക്ടറും ദന്തഡോക്ടറും ഒന്നിക്കണം
എല്ലാ പ്രമേഹബാധിതരെയും വർഷത്തിൽ ഒരിക്കലെങ്കിലും ദന്തപരിശോധനയ്ക്ക് റെഫർ ചെയ്യണമെന്ന് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ 2025 മുതൽ ശുപാർശ ചെയ്യുന്നു. നമ്മുടെ പ്രമേഹ ക്ലിനിക്കുകളിലും ജീവിതശൈലീരോഗ ക്ലിനിക്കുകളിലും 'മോണയിൽ നിന്ന് ചോര വരാറുണ്ടോ?' എന്ന ഒരു ചോദ്യം കൂടി ചേർത്താൽ വലിയ മാറ്റമുണ്ടാകും. മോണരോഗമുള്ളവരോട് ഷുഗർ പരിശോധിക്കാൻ ദന്തഡോക്ടർമാരും നിർദേശിക്കണം.
പ്രമേഹമുള്ളവർ ശ്രദ്ധിക്കാൻ:
• വേദനയില്ലെങ്കിലും വർഷത്തിൽ ഒരിക്കലെങ്കിലും മോണ പരിശോധിപ്പിക്കുക.
• ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് ചോര വന്നാൽ അവഗണിക്കരുത്.
• പ്രമേഹമുണ്ടെന്ന് ദന്തഡോക്ടറോടും, മോണപ്രശ്നമുണ്ടെന്ന് ഡോക്ടറോടും പറയുക.
• മോണചികിത്സയ്ക്ക് ശേഷം ഏകദേശം മൂന്നുമാസം കഴിഞ്ഞ് HbA1c വീണ്ടും പരിശോധിക്കുക.
ഈ ലോക പ്രമേഹ ദിനത്തിൽ ഓർക്കുക: പ്രമേഹത്തിന്റെ 'ആറാമത്തെ സങ്കീർണത'യെ ഇനി മറക്കരുത് - മെച്ചപ്പെട്ട പ്രമേഹ നിയന്ത്രണം വായിൽ നിന്നും തുടങ്ങാം.
Content Highlights: Explore how diabetes affects oral health and how treating gum disease can improve blood sugar control, based on scientific evidence.
Published: 13 Nov 2026, 01:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented