പ്രമേഹം എന്നത് കേവലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഒരു രോഗാവസ്ഥ മാത്രമല്ല. നമ്മുടെ ജീവിതശൈലിയെയും ഭക്ഷണരീതികളെയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു ദീർഘകാല ആരോഗ്യ പ്രശ്‌നമാണ്. ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർവരെ പ്രമേഹത്തിന്റെ പിടിയിലാകുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. പാരമ്പര്യ ഘടകങ്ങൾക്കൊപ്പം തെറ്റായ ഭക്ഷണശീലങ്ങൾ, ശാരീരിക അധ്വാനത്തിന്റെ കുറവ്, അമിതവണ്ണം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

To advertise here,

പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ ഊർജ്ജത്തിന്റെ നിയന്ത്രണം അത്യാവശ്യമാണ്. കൂടുതൽ അളവിൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ ചെറിയ അളവിൽ അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കാതെയും തീരെ താഴ്ന്ന് പോകാതെ ഇരിക്കാനും സഹായിക്കും. ഭക്ഷണത്തിന്റെ അളവ്, കഴിക്കുന്ന സമയം, ആഹാരം പാചകം ചെയ്യുന്ന രീതി തുടങ്ങിയ പല ഘടകങ്ങളും പഞ്ചസാരയുടെ നിലയെ ബാധിക്കും.

സംസ്‌കരിച്ചെടുത്ത ഭക്ഷണ ധാന്യങ്ങൾക്ക് പകരം തവിട് കളയാത്ത അരി, തൊലിയുള്ള ഗോതമ്പ്, റാഗി, തിന, ക്യുനോവ, റോൾഡ് ഓട്‌സ് എന്നിവ ഉപയോഗിക്കാം. നാരുകൾ ധാരാളമുള്ള ഇലക്കറികൾ, പച്ചക്കറികൾ ദിവസം 300 ഗ്രാം എന്ന ക്രമത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കിഴങ്ങ് വർഗ്ഗങ്ങളിൽ കാർബോഹൈഡ്രേറ്റ്‌സ് കൂടുതലാണ്, അതിനാൽ ഉപയോഗം നിയന്ത്രിക്കണം. ദിവസം ഒന്നോ രണ്ടോ പച്ചക്കറി സാലഡുകൾ ഇടനേരങ്ങളിൽ കഴിക്കുന്നത് ഷുഗർ നില നിയന്ത്രിക്കാൻ സഹായിക്കും.

പൂരിത കൊഴുപ്പ് കൂടുതലുള്ള ഇറച്ചികൾ (ബീഫ്, മട്ടൻ, പന്നി) എന്നിവയ്ക്ക് പകരം മത്സ്യം, കോഴിയിറച്ചി, മുട്ടവെള്ള, കൊഴുപ്പ് നീക്കിയ പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്താം. പ്രമേഹ രോഗിക്ക് ഗ്ലൈസീമിക് ഇൻഡക്‌സ് കുറഞ്ഞ പഴവർഗങ്ങൾ കഴിക്കാം. ആപ്പിൾ, പേരയ്ക്ക, പപ്പായ, നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ, കിവി, സബർജിൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് അളവ് നിയന്ത്രിച്ച് കഴിക്കാം. കൂടുതൽ പഴുക്കാത്തതാകും നല്ലത്. വാഴപ്പഴങ്ങളുടെ കൂട്ടത്തിൽ പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതൽ നേന്ത്രപ്പഴത്തിനാണ്. എണ്ണ, തേങ്ങ, ഉപ്പ് എന്നിവ നിയന്ത്രിക്കണം. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും വേണം. എണ്ണയിൽ വറുത്ത ഭക്ഷണത്തിന് പകരം ആവിയിൽ വേവിച്ചതോ, തിളപ്പിച്ച് എടുക്കുന്നതോ ആയ ആഹാരം തിരഞ്ഞെടുക്കാം.

മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ബിയർ, വൈൻ തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഭക്ഷണത്തിനൊപ്പം ദിവസേന കുറഞ്ഞത് 30 മിനിട്ടെങ്കിലും വ്യായാമത്തിൽ ഏർപ്പെടണം. നടത്തം, യോഗ, സൈക്ലിംഗ് എന്നിങ്ങനെ ഏതുമാകാം.

പ്രമേഹം എന്നത് ജീവിതകാലം മുഴുവൻ ശ്രദ്ധയും പരിചരണവും ആവശ്യമായ ഒരു ആരോഗ്യാവസ്ഥയാണ്. എന്നാൽ ശരിയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹ നിയന്ത്രണം എന്നത് ഭക്ഷണം ഉപേക്ഷിക്കുക എന്നതല്ല. മറിച്ച് ഭക്ഷണത്തെ വിവേകപൂർവ്വം തിരഞ്ഞെടുക്കലാണ്.

 

(തിരുവനന്തപുരം പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ് ലേഖിക)