തിരുവനന്തപുരം: അത്യാധുനിക 'ഡാവിഞ്ചി എക്സ്ഐ' റോബോട്ടിക് സർജറി സംവിധാനം ഉദ്ഘാടനം ചെയ്ത് നൂതന ശസ്ത്രക്രിയാ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി കിംസ് ഹെൽത്ത്;. സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യ 3 ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി മുഖ്യപ്രഭാഷണം നടത്തി.

To advertise here,

ചെറിയ മുറിവുകളിലൂടെ അതിസൂക്ഷ്മവും സങ്കീർണ്ണവുമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്ന 'മിനിമലി ഇൻവേസീവ്' (കീഹോൾ) ശസ്ത്രക്രിയാ രീതിയാണിത്.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന, രക്തനഷ്ടം, അണുബാധയ്ക്കുള്ള സാധ്യത, ആശുപത്രിവാസം എന്നിവ ഗണ്യമായി കുറയ്ക്കാനും രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും ഈ സംവിധാനം സഹായിക്കുന്നു.

യൂറോളജി, ഗൈനക്കോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോതൊറാസിക് സർജറി, സർജിക്കൽ ഓങ്കോളജി, ജനറൽ സർജറി, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

ലോകോത്തര നിലവാരമുള്ള ചികിത്സാ രീതികൾ രോഗികൾക്ക് ലഭ്യമാക്കുന്നതിനുള്ള കിംസ് ഹെൽത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും, ഇതിനോടകം 100 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ സാധിച്ചതായും ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ രോഗികളിലേക്ക് എത്തിക്കുന്ന കിംസ് ഹെൽത്ത് ഏറെ അഭിനന്ദനം അർഹിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ ഷാൻ റഹ്മാൻ വ്യക്തമാക്കി. വെറും നാല് മാസത്തിനുള്ളിൽ 100 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത് മെഡിക്കൽ സംഘത്തിന് അഭിമാനകരമാണെന്ന് വിശാൽ മഹേശ്വരി ചൂണ്ടിക്കാട്ടി. 39 ആശുപത്രികളുടെ ശൃംഖലയിലുടനീളം 10 ഡാവിഞ്ചി റോബോട്ടുകളും അതിൽ ആറെണ്ണം നൂതന എക്സ്ഐ മോഡലുകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും കോ-ഓർഡിനേറ്ററുമായ ഡോ. റെനു തോമസ് സ്വാഗതവും, ട്രാൻസ്പ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. ഷബീർ അലി ടി.യു. നന്ദിയും പറഞ്ഞു. യൂറോ-ഓൺകോളജി ആൻഡ് റോബോട്ടിക് സർജൻ ഡോ. നസറെത്ത് സോളമൻ 'ഡാവിഞ്ചി എക്സ്ഐ' സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു.