കണ്ണൂർ: ആയുർവേദ മേഖലയിലെ ഗവേഷണവും ശാസ്ത്രീയ മികവും പ്രോത്സാഹിപ്പിക്കുന്നതിനായി ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ എഎച്ച്എംഎ യങ് സ്‌കോളർ അവാർഡ് 2027 പ്രഖ്യാപിച്ചു. 'എമർജിങ് ട്രെൻഡ്സ് ഇൻ ആയുർവേദ' എന്ന വിഷയത്തിൽ ഓറൽ, പോസ്റ്റർ പ്രസന്റേഷൻ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 2027 ജനുവരിയിൽ തിരുവനന്തപുരത്ത് ഗ്രാന്റ് ഫിനാലെ നടക്കും. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ആയുർവേദ ബിരുദധാരികൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, പ്രാക്ടീഷണർമാർ, ഗവേഷകർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

To advertise here,

2026 നവംബർ 20-ന് 40 വയസ്സ് പൂർത്തിയാകാത്തവർക്കാണ് അർഹത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ആയുർവേദ, ക്ലിനിക്കൽ പ്രാക്ടീസിലെ നൂതന രീതികൾ, ആയുർവേദ തത്ത്വങ്ങളുടെ ശാസ്ത്രീയ പുനർവായന, സ്പോർട്സ് മെഡിസിൻ ഇൻ ആയുർവേദ, സോഷ്യൽ മീഡിയയിലൂടെ ആയുർവേദ അവബോധം, ഗവേഷണ ധാർമികതയും ശാസ്ത്രീയ സത്യസന്ധതയും തുടങ്ങിയ ആറ് വിഷയങ്ങളിലാണ് അവതരണങ്ങൾ. ഓറൽ പ്രസന്റേഷനായി 250-300 വാക്കുകളുള്ള സംഗ്രഹമാണ് (Abstract) സമർപ്പിക്കേണ്ടത്. ലഭിക്കുന്ന സംഗ്രഹങ്ങളിൽനിന്ന് 40 എണ്ണം തിരഞ്ഞെടുത്ത് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ അവതരണത്തിന് അവസരം നൽകും. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ഗ്രാന്റ് ഫിനാലെയിൽ മാറ്റുരയ്ക്കും. ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയുമാണ്. പോസ്റ്റർ പ്രസന്റേഷൻ വിഭാഗത്തിൽ യഥാക്രമം 30,000, 20,000, 15,000 രൂപ വീതം സമ്മാനമായി ലഭിക്കും. നവംബർ 25നകം ഓൺലൈനായി സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.ahmaindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഡോ. ടി.പി. സരസ (9846014060), എഎച്ച്എംഎ ഓഫീസ് സെക്രട്ടറി തൃഷ്ണ പ്രസാദ് (9778464144).