പ്രഭാത ഭക്ഷണം, ഉച്ചയൂണ്, അത്താഴം. ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഇന്ത്യയുടെ യഥാർഥ ഭക്ഷണ ശീലം രണ്ടുനേരം കഴിക്കുന്നതായിരുന്നുവെന്ന് പറയുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സിഇഒ രജിത് പുൻഹാനി. കാലങ്ങളായി ഇന്ത്യൻ ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങളാണ് രണ്ടുനേരത്തിൽ നിന്ന് മൂന്നുനേരത്തിലേക്ക് ഭക്ഷണക്രമം മാറിയതിന് പിന്നിലെന്നും അദ്ദേഹം പറയുന്നുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ഈറ്റ് റൈറ്റ് താലിയെക്കുറിച്ച് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് സിഇഒ ഇന്ത്യൻ പരമ്പരാഗത ഭക്ഷണരീതിയെക്കുറിച്ച് രജിത് സംസാരിച്ചത്. ഒരു നേരം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു റോമക്കാർ. അങ്ങനെയാണെങ്കിൽ മൂന്നുനേരം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ആവശ്യമാണോ അതോ നാം പിന്തുടരുന്ന ശീലം മാത്രമാണോ? രണ്ടുനേരം ഭക്ഷണം കഴിച്ചാൽ മതിയോ?

To advertise here,

പ്രഭാതഭക്ഷണം രാജാവിനെപ്പോലെ എന്ന് കേട്ടാണ് നാം വളരുന്നത് തന്നെ. അതുപോലെ അത്താഴം മൂക്കുമുട്ടെ കഴിക്കരുതെന്നും. മൂന്നുനേരം ഭക്ഷണം കഴിക്കുക എന്ന ശീലം ആധുനിക ജീവിതത്തിന് അനുസരിച്ച് രൂപപ്പെടുത്തിയതാണത്രേ. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന മറ്റു ജീവജാലങ്ങളുടെ അതേരീതി തന്നെയാണ് പ്രാചീനകാലത്ത് മനുഷ്യനും പിന്തുടർന്നിരുന്നത്. മൂന്നുനേരം കൃത്യമായി ഭക്ഷണം കഴിക്കുക എന്നത് ശാസ്ത്രീയമോ ജൈവികമോ ആയ ആവശ്യങ്ങളേക്കാൾ ഉപരി, വ്യാവസായിക വിപ്ലവത്തിലൂടെ മനുഷ്യൻ നിർമിച്ചെടുത്ത ഒരു സാമൂഹിക ശീലം മാത്രമാണ്. വ്യവസായശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമത്തിന് അനുസരിച്ചാണ് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നീ ഭക്ഷണക്രമങ്ങൾ നിലവിൽ വന്നതെന്നാണ് ചരിത്രം പറയുന്നത്. പ്രഭാതഭക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പുരാതന ഗ്രീക്കുകാരാണ്. വീഞ്ഞിൽ മുക്കിയ റൊട്ടിയായിരുന്നു അവരുടെ പ്രഭാത ഭക്ഷണം. ലളിതമായ ഉച്ചയൂണും സമൃദ്ധമായ അത്താഴവുമായിരുന്നു അവരുടെ ഭക്ഷണ ക്രമം. പ്രഭുക്കന്മാർ മാത്രമാണ് ആദ്യകാലത്ത് പ്രഭാത ഭക്ഷണം കഴിച്ചിരുന്നത് എന്നും പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടോടെ പ്രഭാതഭക്ഷണം ജനപ്രിയമായി മാറി. കഴിക്കാൻ ഭക്ഷണവും സമയവും ഉള്ളവരുടെ ആഡംബര ജീവിതശൈലിയായി അത് പതിയെ പരിണമിച്ചു.

ജീവിതശൈലീരോഗങ്ങളുള്ള ഭക്ഷണസംസ്‌കാരം അടിമുടി മാറിയ ഇക്കാലത്ത് എത്ര നേരം ഭക്ഷണം കഴിക്കണം എന്നത് സത്യത്തിൽ ഓരോ വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കേണ്ടത്. എത്രനേരം ഭക്ഷണം കഴിക്കണം എന്നതിന് ഒരു യൂണിവേഴ്‌സൽ റൂളൊന്നുമില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റായ ലക്ഷ്മി മനീഷ് പറയുന്നു. 'ഒരു വ്യക്തിയുടെ പ്രായവും ജീവിതശൈലിയും നോക്കിവേണം എത്ര മീൽ ഒരു ദിവസം കഴിക്കേണ്ടത് എന്നുതീരുമാനിക്കാൻ. എല്ലാവർക്കും രണ്ടുമീൽ എന്നത് പ്രായോഗികമല്ല. എനർജി കുറയും, മൈക്രോ ന്യൂട്രിയന്റ് കുറയും, ആവശ്യമായ പ്രൊട്ടീൻ ലഭിക്കില്ല, രക്തത്തിലെ പഞ്ചസാരയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ചിലപ്പോൾ രണ്ടാമത്തെ മീൽ അധികമായി കഴിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതൊരു ആരോഗ്യകരമായ തിരഞ്ഞെടുപ്പല്ല. ശരീരത്തിന് ആവശ്യമായ പ്രൊട്ടീൻ, ഫൈബർ, ഫാറ്റ,് വെജിറ്റബിൾസ് അതായത് ശരീരത്തിന് ആവശ്യമായ കാലറി കിട്ടുന്നുണ്ടെങ്കിൽ രണ്ടുമീൽ ഓക്കേയാണ്. പക്ഷെ ഒരാൾ പ്രമേഹരോഗിയാണെന്ന് കരുതുക. രാവിലെ മരുന്നെടുക്കുന്നുണ്ടെങ്കിൽ രണ്ടുനേരം ഭക്ഷണം കഴിച്ചാൽ അത് ജീവന് തന്നെ ഭീഷണിയാകും. ആരോഗ്യമുള്ള ഒരു വ്യക്തിയാണ്, അസുഖങ്ങൾ ഇല്ല, നല്ല ഉറക്കമുണ്ട്, വ്യായാമം ചെയ്യാറുണ്ട്, ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ട് എങ്കിൽ രണ്ടുമീൽ മതി. ജോലി കഴിഞ്ഞ് രാത്രി വൈകി കിടക്കുന്ന വ്യക്തി എഴുന്നേൽക്കുന്നത് രാവിലെ പത്തുമണിയോടെയാകും. അപ്പോൾ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ചായയും മുട്ടയുമാകും. അതിനെ ഒരു മീൽ ആയി കണക്കാക്കാൻ സാധിക്കില്ല. അയാൾ ഉച്ചയൂണും അത്താഴവുമായിരിക്കും നന്നായി കഴിക്കുന്നത്. അതേ രീതി രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്ന വ്യക്തിക്ക് പിന്തുടരാൻ സാധിക്കില്ല.'

എത്ര തവണ കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനം അവയുടെ പോഷകഗുണവും കാലറിയുമാണ്. അതുപോലെ തുടർച്ചയായി ശരീരത്തിലേക്ക് ഭക്ഷണം എത്തിക്കുന്നതിനേക്കാൾ, ദഹനവ്യവസ്ഥയ്ക്ക് 12 മുതൽ 16 മണിക്കൂർ വരെ വിശ്രമം നൽകുന്നത് ഇൻസുലിൻ നിയന്ത്രണത്തിനും, കോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കും. രാവിലെയോ ഉച്ചയ്‌ക്കോ കഴിക്കുന്നതിനേക്കാൾ ലളിതമായിരിക്കണം രാത്രിയിലെ അത്താഴം എന്നുപറയുന്നത് അതുകൊണ്ടാണ്. 'നാം കഴിക്കുന്ന ഭക്ഷണം ദഹിക്കാനായി ഒന്നര-രണ്ട് മണിക്കൂർ ആവശ്യമായി വരും. അതിനാൽ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആസിഡ് റിഫ്‌ളക്‌സ് വരും. രാത്രി ഭക്ഷണം ലളിതമായിരിക്കണം. ദഹിക്കുന്നതായിരിക്കണം. ശരീരം ഏറ്റവും കൂടൽ ഊർജം എടുക്കുന്നത് ദഹനത്തിനുവേണ്ടിയാണ്. അതുകൊണ്ട് നല്ല ഉറക്കം ലഭിക്കണമെങ്കിൽ ലളിതമായ ഭക്ഷണം നേരത്തേ കഴിക്കുകയാണ് നല്ലത്.' ലക്ഷ്മി പറയുന്നു.

അതുപോലെ എപ്പോഴൊക്കെ ഭക്ഷണം കഴിക്കാതിരിക്കണം എന്ന് ചിന്തിക്കണം. നേരത്തെ അത്താഴം കഴിക്കുന്നതും രാത്രി ഉപവാസത്തിനുള്ള സമയം വർദ്ധിപ്പിക്കും. ഇത് ഗ്ലൈസെമിക് പ്രതികരണം മെച്ചപ്പെടുത്തും. രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുമെന്നും ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.