മഴക്കാലമെത്തുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയിലെ വ്യതിയാനങ്ങളും ബാക്ടീരിയകളുടെയും മറ്റ് രോഗകാരികളുടെയും വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കാറുണ്ട്. ഭക്ഷ്യവിഷബാധ, വയറിളക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ പിടിപെടാനുള്ള സാധ്യതയും ഇത് ഇരട്ടിയാകുന്നു. വേവിക്കാത്ത മാംസം മുതൽ പഴകിയ അരിഭക്ഷണം വരെ മഴക്കാലത്ത് വലിയ അപകടഭീഷണി ഉയർത്താം.

To advertise here,

മാംസഭക്ഷണങ്ങൾ പൂർണമായി വെന്തതിനു ശേഷം മാത്രം കഴിക്കുക. പകുതി മാത്രം വെന്ത കോഴിയിറച്ചിയിലും മറ്റ് മാംസങ്ങളിലും സാൽമൊണെല്ല, ഇ. കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതുപോലെ പച്ചമുട്ട ഉപയോഗിച്ച് നിർമിക്കുന്ന മയോണൈസ്, ചിലതരം ഡെസേർട്ടുകൾ എന്നിവ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേവിക്കാത്ത മുട്ട ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

മഴക്കാലത്ത് കടൽമത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. മലിനമായ വെള്ളത്തിൽ നിന്നും ലഭിക്കുന്ന മീനുകളിൽ വിഷാംശങ്ങളും ബാക്ടീരിയകളും വില്ലനായേക്കാം. പാകം ചെയ്ത് മാത്രം ഉപയോഗിക്കുക. തിളപ്പിക്കാത്ത പാലും പാസ്ചറൈസ് ചെയ്യാത്ത പാൽ ഉപയോഗിച്ച് നിർമിക്കുന്ന സോഫ്റ്റ് ചീസുകളും അണുബാധയ്ക്ക് കാരണമാകാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ലിസ്റ്റീരിയ ബാക്ടീരിയ വയറിന് അസ്വസ്ഥത ഉണ്ടാക്കാം.

അന്തരീക്ഷത്തിലെ ഈർപ്പവും മലിനമായ വെള്ളവും കാരണം പച്ചക്കറികളിലും ഇലക്കറികളിലും സൂക്ഷ്മാണുക്കൾ തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണ്. നല്ലതുപോലെ കഴുകി വൃത്തിയാക്കാതെ മഴക്കാലത്ത് പഴങ്ങൾ കഴിക്കരുത്. പാകം ചെയ്ത് ഏറെ സമയം സാധാരണ താപനിലയിൽ തുറന്നുവെക്കുന്ന ചോറ്, നൂഡിൽസ്, പാസ്ത എന്നിവയിൽ ബാക്ടീരിയകൾ വേഗത്തിൽ പെരുകും. ഇത്തരത്തിലുള്ള പഴകിയ ഭക്ഷണം ചൂടാക്കാതെ കഴിക്കുന്നത് അപകടമാണ്. മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പാക്ക് ചെയ്ത സലാഡുകൾ, മയോണൈസ് ചേർത്ത ഡിഷുകൾ, ഫ്രോസൺ മീറ്റ് എന്നിവ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകും.