‘ആരോഗ്യകരമായി ഭക്ഷണം കഴിക്കുക’ എന്നത് പലർക്കും കർശനമായ ഡയറ്റ്, ഇഷ്ടഭക്ഷണങ്ങളോട് വിടപറയൽ, ചെലവേറിയ ഭക്ഷണരീതികൾ എന്നിവയുമായി ബന്ധപ്പെട്ട ആശയമാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം അത്ര സങ്കീർണ്ണമാണോ? ഈ ചോദ്യത്തിന് ലളിതമായ ഉത്തരങ്ങളുമായി എത്തുകയാണ് ‘ചിൽ മാഡി ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡ്.

To advertise here,

ആർ ജെ അച്ചൂവിന്റെ അവതരണത്തിൽ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസും പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ധൻ ഡോ. അനീഷ് ടി.എസും പങ്കെടുക്കുന്ന രണ്ടാം എപ്പിസോഡിൽ ദൈനംദിന ഭക്ഷണശീലങ്ങളാണ് പ്രധാന ചർച്ച.

ഓരോ ദിവസവും ചിന്തിക്കാതെ ആവർത്തിക്കുന്ന ഭക്ഷണശീലങ്ങൾ ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൽ തുടങ്ങി, കേരളത്തിന്റെ പരമ്പരാഗത ഭക്ഷണരീതി, പാക്കറ്റ് ഭക്ഷണങ്ങളുടെയും പ്രോസസ്ഡ് ഫുഡിന്റെയും വർധിച്ചുവരുന്ന ഉപയോഗം, പച്ചക്കറികളുടെ പ്രാധാന്യം, അധിക പഞ്ചസാര, മദ്യപാനം തുടങ്ങിയ വിഷയങ്ങളിലേക്കും ചർച്ച നീളുന്നു.

‘ഒരു ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം എല്ലാം തകരില്ല; നമ്മൾ പതിവായി പിന്തുടരുന്ന ഭക്ഷണരീതിയാണ് പ്രധാനമെന്ന്’ ഡോ. അനീഷ് വ്യക്തമാക്കുന്നു. അതേസമയം, പരമ്പരാഗത കേരള ഭക്ഷണത്തിലെ പ്രാദേശികവും കുറഞ്ഞ രീതിയിൽ പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളുടെ പ്രാധാന്യവും ചർച്ചയിൽ ഉയരുന്നു.

കർശനമായ ഡയറ്റ് പ്ലാനുകളേക്കാൾ ചെറിയതും തുടർച്ചയായി പാലിക്കാവുന്നതുമായ മാറ്റങ്ങൾക്കാണ് എപ്പിസോഡ് പ്രാധാന്യം നൽകുന്നത്. പ്ലേറ്റിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, ഭക്ഷണത്തിലെ ചേരുവകൾ ശ്രദ്ധിക്കുക, വെള്ളത്തിന് മുൻഗണന നൽകുക, വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നത് എളുപ്പമാക്കുക തുടങ്ങിയ പ്രായോഗിക നിർദേശങ്ങളും പങ്കുവയ്ക്കുന്നു.

ഭക്ഷണത്തെക്കുറിച്ചുള്ള കുറ്റബോധമല്ല, ബോധപൂർവമായ തിരഞ്ഞെടുപ്പുകളാണ് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി എന്ന സന്ദേശവുമായി ‘ചിൽ മാഡി’യുടെ ഈ എപ്പിസോഡ്.