മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെ ഭക്ഷ്യസുരക്ഷയ്ക്കായി കൈക്കൊള്ളുന്ന കർശനനടപടികൾ രാജ്യമാകെ ചർച്ചയാവുകയാണ്. 'സേഫ് ഫുഡ്, സേഫ് മഹാരാഷ്ട്ര' എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി എഎഫ്ഡിഎ നടത്തിയത് ആയിരത്തി ഒരുനൂറിലധികം റെയ്ഡുകളാണ് വകുപ്പ് നടത്തിയത്. നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയ അദ്ദേഹം സാധാരണ ഹോട്ടലുകൾക്ക് മാത്രമല്ല, വമ്പൻമാർക്കും നോട്ടീസ് നൽകി. നിരോധിത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ ബോളിവുഡ് താരങ്ങൾക്ക് കർശന മുന്നറിയിപ്പും നൽകി.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരണം ഇരുപത്തൊന്നു വർഷത്തെ സർവീസിനിടയിൽ മുണ്ടെ സ്ഥലംമാറ്റപ്പെട്ടത് 25 തവണയാണ്. മേയ് മാസം ചുമതലയേറ്റ അദ്ദേഹം ഒരിക്കലും പരിശോധനകളെ നേരിട്ടില്ലാത്ത പ്രമുഖ സ്ഥാപനങ്ങളെയും വെറുതെ വിട്ടില്ല. മുംബൈ നഗരത്തിലെ പ്രമുഖ ക്ലബ്ബുകളും മുൻനിര റെസ്‌റ്റോറന്റുകളും ഡോമിനോ പോലുള്ള ബഹുരാഷ്ട്രക്കുത്തകകളും പരിശോധിച്ചു, ചിലത് പൂട്ടി, ചിലതിന് നോട്ടീസ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രം റെയ്ഡ് നടത്തുകയും സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതായി ബോംബെ ഹൈക്കോടതി വിമർശിച്ചതിന്റെ പിറ്റേന്ന് മുണ്ടെ നേരിട്ട് ഹൈക്കോടതി കന്റീനിൽ പരിശോധനയ്‌ക്കെത്തി. അവിടെ പ്രവർത്തിച്ചിരുന്ന മൂന്ന് കന്റീനുകളിൽ രണ്ടിനും സാധുവായ ലൈസൻസില്ലായിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. നാട്ടുകാർ അദ്ദേഹത്തെ 'സിങ്കം ഐഎഎസ്' എന്നുവിളിക്കുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടല്ലോ.
ഉപഭോക്തൃ സുരക്ഷയ്ക്ക് മുൻഗണന നൽകിയ അദ്ദേഹത്തെ പൊതുജനങ്ങൾ ഹീറോയായി ആഘോഷിച്ചപ്പോൾ ബിസിനസ്സ് സമൂഹത്തിൽ നിന്നും കോടതിയിൽ നിന്നും അദ്ദേഹത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. സ്വാഭാവികനീതി നടപ്പാക്കാതെ, കൃത്യമായ നോട്ടീസ് നൽകാതെ ലൈസൻസുകൾ റദ്ദാക്കിയതിനും സാധനങ്ങൾ പിടിച്ചെടുത്തതിനും ബോംബെ ഹൈക്കോടതി അദ്ദേഹത്തെ ശക്തമായി വിമർശിച്ചു. എന്നാൽ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അടിയന്തിരമായി പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും നിർഭയമായി നീതി നടപ്പാക്കുന്നതിനെക്കുറിച്ചും പൊതുസമൂഹത്തിൽ ചർച്ചകൾ ഉയർന്നുവരാൻ അദ്ദേഹത്തിന്റെ മുഖം നോക്കാതെയുള്ള നടപടികൾക്ക് സാധിച്ചു.

To advertise here,

റെയ്ഡുകളിൽ എഫ്ഡിഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക ഒന്നു കണ്ണോടിച്ചാൽ തന്നെ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാം. മുണ്ടെ ചുമതലയേറ്റ ആദ്യത്തെ രണ്ട് മാസത്തിനുള്ളിൽ മാത്രം പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തത് ടൺ കണക്കിന് കൃത്രിമ (വിലകുറഞ്ഞ സസ്യകൊഴുപ്പ് ഉപയോഗിച്ച് നിർമ്മിച്ചത്) പനീർ, ഒന്നരലക്ഷത്തിലധികം ലിറ്റർ വ്യാജപ്പാൽ... അമ്പതു കോടിയോളം രൂപ വിലവരുന്ന, ഗുണനിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ 28.66 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ. പ്രമുഖ ക്വിക്ക്‌കൊമേഴ്‌സ് (ബ്ലിങ്കിറ്റും ഇൻസ്റ്റാമാർട്ടും പോലെ അതിവേഗം ഉപയോക്താക്കൾക്ക് സാധനങ്ങളെത്തിച്ചു നൽകുന്ന സ്ഥാപനങ്ങൾ) സംഭരണശാലകളിൽ നിന്ന് കാലാവധി കഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കുകളും പഴച്ചാറുകളും വൻതോതിൽ കണ്ടുകെട്ടി നശിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും ഉപയോഗശൂന്യമായ എണ്ണയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.
മുംബൈയിലെ ക്രോഫോർഡ് മാർക്കറ്റ്, സത്താറയിലെ കരാഡ്, ഭിവണ്ടിയിലെ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത കോസ്‌മെറ്റിക്‌സ് സ്‌റ്റോക്കുകളാണ് എഫ്ഡിഎ പിടിച്ചെടുത്തത്. ചില പ്രമുഖ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ അനുവദനീയമായതിലും വളരെ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരുന്നു. അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രമുഖ കമ്പനികളുടെയും പേരിൽ വിപണിയിലിറക്കിയ വ്യാജ ലിപ്സ്റ്റിക്കുകൾ, ഫൗണ്ടേഷനുകൾ, സ്‌കിൻ ക്രീമുകൾ എന്നിവയും പിടിച്ചെടുത്തു. വ്യാജവിലാസങ്ങളിൽ പ്രവർത്തിക്കുന്ന, വ്യാജവാഗ്ദാനങ്ങൾ നൽകുന്ന ഉൽപ്പന്നങ്ങൾക്കെതിരെയും നടപടി ഉണ്ടായി. കൂടാതെ, പാകിസ്താൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച സ്‌കിൻ വൈറ്റെനിംഗ് ക്രീമുകളും ബ്ലീച്ചിംഗ് പ്രിപ്പറേഷനുകളും എഫ്ഡിഎ പിടിച്ചെടുത്തു.
നിരോധിച്ച ഗുഡ്ഖ, പാൻ മസാല, മറ്റു പുകയില ഉൽപ്പന്നങ്ങൾ, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ, ലൈസൻസില്ലാത്ത സൗന്ദര്യസംവർധക വസ്തുക്കൾ, തെറ്റിദ്ധരിപ്പിക്കുന്ന വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയും നടപടി നേരിട്ടു. നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ നടപടിയിൽ അറുനൂറോളം പേരെ അറസ്റ്റു ചെയ്തു. 56 ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസൻസുകൾ റദ്ദാക്കി. ഇതെല്ലാം സാധ്യമായത് പുതിയൊരു നിയമം കൊണ്ടുവന്നിട്ടല്ല, നിലവിലുള്ള നിയമം ഫലപ്രദമായി പ്രയോഗിക്കാൻ ഒരുദ്യോഗസ്ഥൻ തയ്യാറായതുകൊണ്ടാണ്.
ഭക്ഷ്യ വസ്തുക്കൾ: 'ഒരുമ'യോടെ നിയമവും നിയമലംഘനവും
2006 മുതൽ ഇന്ത്യയിൽ ആധുനികവും സമഗ്രവുമായ ഒരു ഭക്ഷ്യസുരക്ഷാ നിയമമുണ്ട്- 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട്'. ദേശീയതലത്തിൽ എഫ്എസ്എസ്എഐ വഴിയും, സംസ്ഥാനങ്ങളിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വഴിയുമാണ് ഇത് നടപ്പിലാക്കുന്നത്. നിരോധിച്ച കൃത്രിമനിറങ്ങൾ, രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പഴം പഴുപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലൈസൻസില്ലാത്ത ഭക്ഷ്യവ്യാപാരങ്ങൾ എന്നിവയൊന്നും ഇന്ത്യയിൽ ഒരിക്കലും നിയമവിധേയമായിരുന്നില്ല. എന്നിട്ടും കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഇതെല്ലാം അധികൃതരുടെ അനാസ്ഥയെ/ മൗനാനുവാദത്തെ കൂട്ടുപിടിച്ച് പരസ്യമായി നടന്നുവരുന്നു.
വർഷങ്ങളായി നിരോധിക്കപ്പെട്ടിട്ടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രാസവസ്തുക്കളുടെ പട്ടിക വലുതാണ്. ഇന്ത്യയിലുടനീളം ഈ പ്രവണത കാണാം. അസറ്റിലീൻ വാതകം പുറത്തുവിടുന്നതും ആർസെനിക്, ഫോസ്ഫറസ് എന്നിവയുടെ അംശങ്ങൾ അടങ്ങിയതുമായ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നത് ഉദാഹരണം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചതാണെങ്കിലും, മാമ്പഴം ഉൾപ്പെടെയുള്ള പഴങ്ങളിൽ ഈ രാസവസ്തു പരക്കെ ഉപയോഗിക്കുന്നു. തെരുവുകളിൽ വിൽക്കുന്ന ലഘുഭക്ഷണങ്ങൾക്ക് നിറം നൽകാൻ വ്യവസായ ആവശ്യങ്ങൾക്കുള്ള ചില മാരകമായ ചായക്കൂട്ടുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വ്യാപാരികളുടെ ലാഭക്കൊതി മാത്രമല്ല, പരിശോധനാ സംവിധാനങ്ങളുടെ കുറവും മന്ദഗതിയിലുള്ള നടപടികളും അഴിമതിയുമാണ് നിയമലംഘനം നടത്തുന്നതാണ് ലാഭകരം എന്ന ചിന്തയിലേക്ക് അവരെ നയിക്കുന്നത്.
യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ വികസിത മേഖലകളിൽ നിരോധിച്ചതോ കടുത്ത മുന്നറിയിപ്പോടെ മാത്രം അനുവദിച്ചതോ ആയ കൃത്രിമനിറങ്ങൾ ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡിലും ചൈനീസ് വിഭവങ്ങളിലും മിഠായികളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടാർട്രാസിൻ എന്ന രാസവസ്തു ലഡു, ജിലേബി പോലുള്ള മധുരപലഹാരങ്ങളിലും ഐസ്‌ക്രീമുകളിലും ജൂസുകളിലും സാധാരണമാണ്. എന്നാൽ യുഎസിൽ കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്യാനുള്ള നടപടികൾ ശക്തമാണ്. കൂടാതെ യൂറോപ്യൻ യൂണിയനിൽ ഇവ ചേർത്ത ഭക്ഷണങ്ങളിൽ 'കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കും ശ്രദ്ധക്കുറവിനും കാരണമായേക്കാം' എന്ന മുന്നറിയിപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ഈയിടെയാണ് ഇന്ത്യയിൽ വിൽക്കുന്ന ചില മദ്യങ്ങൾ സ്പിരിറ്റിൽ നിറം ചേർത്തവ മാത്രമാണെന്ന വാർത്ത പുറത്തുവന്നത്.
റെഡ് ഡൈ നമ്പർ 3 എന്ന രാസവസ്തു മൃഗങ്ങളിൽ അർബുദ സാധ്യത കാണിച്ചതിനാൽ യുഎസ് എഫ്ഡിഎ 2025ൽ പൂർണ്ണമായി നിരോധിച്ചു. സ്‌ട്രോബെറി മിൽക്ക്‌ഷേക്ക്, മിഠായികൾ, ചെറിപ്പഴം എന്നിവയ്ക്ക് കടുംചുവപ്പ് നിറം നൽകാൻ ഇത് ഉപയോഗിക്കാറുണ്ട്. ഇന്ത്യൻ ചൈനീസ് വിഭവങ്ങളിലും സോസുകളിലും ചേർക്കുന്ന കാർമോസിൻ, പോൺസോ 4ആർ എന്നിവ യുഎസിൽ നിരോധിതമാണ്. വ്യാവസായിക ഡൈയായ റോഡമിൻ ബി കോട്ടൺകാൻഡിയിലും മഞ്ചൂരിയനിലും ഇന്ത്യയിൽ ദുരുപയോഗിക്കപ്പെടുന്നു. ഈ നിറങ്ങളുടെ ദീർഘകാല ഉപയോഗം കുട്ടികളിൽ സ്വഭാവ വ്യതിയാനത്തിനും അലർജിക്കും കരൾ, വൃക്ക പ്രശ്‌നങ്ങൾക്കും കാരണമായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാനുള്ള നിർദ്ദേശം നടപ്പാക്കുന്നത് വൈകുന്നതിനെ സുപ്രീം കോടതി ചോദ്യം ചെയ്തത് 2026 ആഗസ്ത് രണ്ടാം വാരമാണ്. സുപ്രീം കോടതി എഫ്എസ്എസ്എഐയോട് 'ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ ആരോഗ്യത്തോടെ ജീവിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ?' എന്ന് ചോദിച്ചു. പാക്കേജിംഗ്, ചേരുവകളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നീ കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക ബുദ്ധിമുട്ടാണെന്ന് കേന്ദ്രം ബോധിപ്പിച്ചപ്പോൾ ഇന്ത്യ എന്നും അവികസിതമായിരുന്നാൽ മതിയോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ലേബലിംഗ് സംബന്ധിച്ച അന്തിമ തീരുമാനം രേഖാമൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. 'ഇത് നിങ്ങളുടെ അവസാനത്തെ അവസരമാണ്. അടുത്ത തവണ ഞങ്ങൾ വിധി പ്രസ്താവിക്കുക തന്നെ ചെയ്യും,' സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
നിരോധിത ഉൽപ്പന്നങ്ങൾക്ക് സൂപ്പർതാരങ്ങളുടെ 'പരസ്യ'പിന്തുണ
നിരോധിച്ചതോ അനധികൃതമായതോ ആയ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നാമം ഉപയോഗിച്ച് നിയമവിധേയമായ മറ്റൊരു ഉൽപ്പന്നത്തിന്റെ മറവിൽ അവ പരസ്യം ചെയ്യുന്ന രീതിയുണ്ട്. മദ്യത്തിന്റെ ബ്രാൻഡ് നെയിമുള്ള സോഡ, പ്രശസ്തരെ ഉപയോഗിച്ച് വിൽക്കുന്നതു പോലെ. സോഡ വിൽക്കാനല്ല പരസ്യമെന്ന് കൊച്ചു കുട്ടികൾക്കും മനസ്സിലാവും. ഈ ചതിക്ക് സറഗേറ്റ് പരസ്യം എന്നാണ് പറയുക. പാൻ മസാല ബ്രാൻഡുമായി ബന്ധപ്പെട്ട ഏലക്കാ ഉൽപ്പന്നത്തിന്റെ പരസ്യം ചെയ്തതിന് ഹിന്ദി സിനിമയുലെ നായകനടൻമാരായ ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര എഫ്ഡിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ജനപ്രിയ താരങ്ങളുടെ സ്വാധീനം ഉപയോഗിച്ച് നിരോധിത ഉൽപ്പന്നങ്ങളെ ജനമനസ്സുകളിൽ നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.
പുകയില പരസ്യനിരോധനത്തെ മറികടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമാവുന്നവർക്കെതിരെ നടപടിയുണ്ടാവുന്നില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്. എന്തായാലും സൂപ്പർ താരങ്ങൾക്ക് നോട്ടീസ് അയക്കാൻ മുണ്ടെ കാണിച്ച ധൈര്യം ജനങ്ങളെ വിസ്മയിപ്പിച്ചു. അവർ ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്നിൽ അണിനിരന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയനേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ജനപ്രീതി കുറച്ചുകാലത്തേക്ക് മുണ്ടയുടെ കസേര സംരക്ഷിക്കുമെന്നു വേണം കരുതാൻ. പരിശോധന ശക്തമായി തുടരുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാക്കുകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുണ്ടെ ഇഫക്ടും മറ്റു സംസ്ഥാനങ്ങളും
രണ്ടുമാസത്തെ നിരന്തരപ്രയത്‌നം വഴി രാജ്യമാകെ ഭക്ഷ്യസുരക്ഷയുടെ സന്ദേശമെത്തിക്കാൻ മാത്രമല്ല, അപകടകരമായ ചില പ്രവണതകൾ അവസാനിപ്പിക്കുന്നതിന് തുടക്കമിടാനും തുക്കാറാം മുണ്ടെയ്ക്കു കഴിഞ്ഞു. തുടർച്ചയായ എഫ്ഡിഎ പരിശോധനകളും കോട്ടൺ കാൻഡി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ചില സംസ്ഥാനങ്ങൾ നിരോധിച്ചതും ഉപഭോക്തൃവിപണിയെ മാറ്റിമറിച്ചു. ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾ കെമിക്കൽ നിറങ്ങൾ ഒഴിവാക്കി നാച്ചുറൽ ഫുഡ് കളറുകളിലേക്ക് മാറാൻ നിർബന്ധിതമായി. കെമിക്കൽ ഡൈകൾക്ക് പകരം മഞ്ഞൾ, മരമഞ്ഞൾ, ബീറ്റ്‌റൂട്ട് എക്‌സ്ട്രാക്റ്റ്, കുങ്കുമപ്പൂവ്, തക്കാളിയിലെ ലൈകോപീൻ, ഇലക്കറികളിൽ നിന്നും ആൽഗകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ക്ലോറോഫിൽ എന്നിവ ഉപയോഗിച്ചു തുടങ്ങി.
ദേശീയതലത്തിൽ മുണ്ടെ മാതൃകയിൽ വ്യാപകമായ റെയ്ഡുകൾ ആവർത്തിക്കപ്പെട്ടില്ല. കർണാടകയിൽ ബെംഗളൂരുവിലെ 26 ഹോട്ടലുകളിൽ പരിശോധന നടത്തി കാലഹരണപ്പെട്ട ഭക്ഷണവും ചീഞ്ഞ മാംസവും കണ്ടെത്തിയത് ഇതിനപവാദമാണ്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ മുണ്ടെയ്ക്കു മുമ്പുതന്നെ ഭക്ഷ്യ പരിശോധന ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾ സ്വന്തമായി വലിയ ദൗത്യങ്ങൾ തുടങ്ങിയിട്ടില്ലെങ്കിലും, കമ്പനികളും വ്യവസായ സംഘടനകളും വരാനിടയുള്ള കൊടുങ്കാറ്റുകൾക്ക് തയ്യാറെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഡോമിനോയും കെഎഫ്‌സിയും പോലുള്ള കമ്പനികൾ മഹാരാഷ്ട്രയിൽ മാത്രമല്ലല്ലോ ഉള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അവയെ പരിശോധിക്കാൻ ആരും മുമ്പോട്ടു വരാത്തത് അത്ഭുതകരമാണ്.
മഹാരാഷ്ട്രയിൽ നടക്കുന്നതുപോലെ ഭക്ഷ്യരംഗത്ത് പ്രശ്‌നങ്ങൾ വരാതിരിക്കാനുള്ള മുൻകൂർ നടപടികളല്ല, ദുരന്തങ്ങൾ സംഭവിച്ച ശേഷമുള്ള നടപടികളാണ് കേരളത്തിൽ സാധാരണ കാണാറുള്ളത്. കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ശക്തമായ നിയമ സംവിധാനങ്ങളുണ്ടെങ്കിലും മരണങ്ങളോ വലിയ ദുരന്തങ്ങളോ സംഭവിച്ച ശേഷമാണ് പൊതുവേ വ്യാപകമായ റെയ്ഡുകൾ നടക്കാറുള്ളത്. 2023 ജനുവരിയിൽ കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സ് രശ്മി രാജ് മരിച്ചപ്പോൾ, തൊട്ടടുത്ത ദിവസം സംസ്ഥാനവ്യാപകമായി 429 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 43 എണ്ണം പൂട്ടിക്കുകയും ചെയ്തു. അതിനു മുമ്പ്, കാസർകോട് ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടി മരിച്ചപ്പോഴും സമാനമായ പ്രതികരണമാണ് ഉണ്ടായത്. ഈ ദുരന്തപ്രേരിത രീതിക്ക് ഒരു അപവാദമുണ്ട്. 2023-ൽ ആരംഭിച്ച് 2026-ലും തുടരുന്ന 'ഓപ്പറേഷൻ സൗന്ദര്യ'. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ മാതൃകയിൽ ഒരു ഭക്ഷ്യസുരക്ഷാവിപ്ലവം കേരളത്തിലുണ്ടാവുമോ?
കെന്നഡി ജൂനിയറും മുണ്ടെയും
തുക്കാറാം മുണ്ടെയെയും അമേരിക്കയിലെ ആരോഗ്യവിഭാഗത്തിന്റെ തലവനായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെയും തമ്മിൽ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും. ഇരുവരും ഭക്ഷ്യ, ആരോഗ്യ മേഖലകളിലെ കോർപ്പറേറ്റ് അഴിമതികൾക്കെതിരെയും രാസവസ്തുക്കളുടെ അമിത ഉപയോഗത്തിനെതിരെയും ശക്തമായി പോരാടുന്നവരാണ്. എന്നാൽ ഇവരുടെ പശ്ചാത്തലവും പ്രവർത്തനശൈലിയും തികച്ചും വ്യത്യസ്തമാണ്. രണ്ടുപേരും വലിയ ഭക്ഷ്യോത്പന്ന കമ്പനികളുടെ ചൂഷണങ്ങൾക്കും കൃത്രിമ നിറങ്ങൾക്കും സംസ്‌കരിച്ച ഭക്ഷണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
മുണ്ടെ മഹാരാഷ്ട്രയിൽ കൃത്രിമ പനീറിനും നിരോധിത കളറുകൾക്കുമെതിരെ റെയ്ഡ് നടത്തുമ്പോൾ, ആർഎഫ്‌കെ ജൂനിയർ യു.എസ് ആരോഗ്യ സെക്രട്ടറിയെന്ന പദവിയിലിരുന്ന് അമേരിക്കയെ വീണ്ടും ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നയം രൂപീകരിക്കുന്നു. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന തുക്കാറാം മുണ്ടെ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നാണ് മാറ്റം വരുത്തുന്നത്. എന്നാൽ ആർഎഫ്‌കെയുടെ അധികാരത്തിന് അത്രയും പരിധികളില്ല. വേണ്ടിവന്നാൽ നിലവിലെ നയവും നിയമങ്ങളുമൊക്കെ പരിഷ്‌കരിക്കാൻ അദ്ദേഹത്തിനാവും.
കെന്നഡിയെപ്പോലെ മുണ്ടെയും ഭക്ഷ്യ, ഔഷധരംഗങ്ങളിലെ തട്ടിപ്പുകളെ മാത്രമല്ല ലക്ഷ്യമിടുന്നത്, തെറ്റായ ജീവിതശൈലികളെ കൂടിയാണ്. സ്‌കൂൾ വളപ്പിൽ ജങ്ക് ഫുഡ് വിൽക്കരുതെന്ന് മഹാരാഷ്ട്ര എഫ്ഡിഎ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2020-ൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ഭക്ഷ്യസുരക്ഷ, നിലവാര നിയമം കർശനമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം കൊടുത്തു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് അമിതമായ (ഹൈ ഫാറ്റ്, ഷുഗർ, സോൾട്ട്- എഛ്എഫ്എസ്എസ്) ഭക്ഷ്യവസ്തുക്കൾ സ്‌കൂളിന്റെ 50 മീറ്റർ പരിധിക്കുള്ളിൽ വിൽക്കാൻ പാടില്ലെന്നും.
എത്രകാലം ഈ രീതിയിൽ മുണ്ടയ്ക്ക് തുടരാനാവും എന്നാണ് കണ്ടറിയേണ്ടത്. ജന്തർ മന്തറിലെ ജെൻസീ കലാപത്തിന്റെ ഓളം മുണ്ടെയെ സ്ഥലം മാറ്റുന്നതും അദ്ദേഹത്തിന്റെ മുഖംനോക്കാത്ത നടപടി മാതൃകയെ ചവറ്റുകൊട്ടയിലിടുന്നതും വൈകിപ്പിച്ചേക്കും. പണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയിലിരുന്ന് ടിഎൻ ശേഷൻ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ സമ്പൂർണമായി മാറ്റിമറിച്ചതു പോലെ രാജ്യത്തെ ഭക്ഷ്യസുരക്ഷാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിമരുന്നിടുകയാണ് അദ്ദേഹം. മുണ്ടെയുടെ കസേര തെറിച്ചാലും അദ്ദേഹം വരുത്തിയ വിപ്ലവകരമായ മാറ്റം പിന്നാലെ വരുന്ന ഉദ്യോഗസ്ഥരെ മാത്രമല്ല, ജനങ്ങളെയും ദീർഘകാലം സ്വാധീനിക്കുമെന്നുറപ്പാണ്.