
‘നാടോടിക്കാറ്റ്’ സിനിമയിലെ രംഗം; സഹായികൾ കൊണ്ടുവന്ന പെട്ടിയിൽ ഡോളർ പ്രതീക്ഷിച്ച് തുറക്കുന്ന അനന്തൻനമ്പ്യാർ (തിലകൻ). എന്നാൽ, കാണുന്നതോ ദാസന്റെയും വിജയന്റെയും(മോഹൻലാൽ, ശ്രീനിവാസൻ) മുഷിഞ്ഞ അടിവസ്ത്രങ്ങൾ: ''Where is the cash? (പണമെവിടെ?)'' നമ്പ്യാരുടെ അക്രോശത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന സഹായികൾ.
കാലം മാറി, വിശപ്പുമാറ്റാൻ രുചിയുള്ള ആഹാരം തേടി ഫുഡ് ആപ്പിൽകയറി വലിയ പരിശോധനയൊന്നും കൂടാതെ ഓർഡർ ചെയ്തവരുടെ അവസ്ഥയും ഏറക്കുറെ ഇതുപോലെയാണ്.
ചിക്കൻ ഫ്രൈഡ് റൈസിന്റെ ചിത്രത്തിൽ കൂടെ സാലഡ്, പുതിന ചട്‌നി, കെച്ചപ്പ്, മയോണെസ് എല്ലാമുണ്ട്. ആഹാ! അന്തസ്സ്.. നാവിൽ വെള്ളമൂറുന്ന തരത്തിൽ ആഹാരത്തെക്കുറിച്ചുള്ള കുറിപ്പും കേമം. പിന്നെ ഒന്നും നോക്കാതെ ഓർഡർ നൽകുന്നു. അങ്ങനെ ഡെലിവറി ബോയ് 'ഇല്ലോളം വൈകിയെങ്കിലും' കൃത്യസമയത്ത് ആഹാരവുമായെത്തി.
വിശപ്പിന്റെ ആർത്തിയിൽ കവർ തുറക്കുന്നു. നമ്പ്യാരെപോലെ 'ഞെട്ടുന്നു', പിന്നെയൊരലർച്ച: ''Where is the side dish?'' സാലഡും ചട്‌നിയും മയോണെസും പോട്ടെ, ഭക്ഷണത്തിലുണ്ടെന്നു പറഞ്ഞ പച്ചയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഡെലിവെറി ബോയിയെ വിളിച്ചപ്പോൾ നമ്പ്യാരുടെ സഹായികളുടെ അതേ അവസ്ഥ: ''സിഗ്നൽ എല്ലാം കറക്ടായിരുന്നു സർ'' ഞാനെന്തു ചെയ്യാനാണെന്ന് മറുപടി.
കോഴിക്കോട്ടെ പ്രമുഖ ഹോട്ടൽ ആണയിടുന്നു, ഞങ്ങളുടെ ഫുഡ് ഇങ്ങനെത്തന്നെ. ആപ്പുകാരാണ് ചിത്രമിട്ടതും വേണ്ടാത്ത(ശരിക്കും വേണ്ടുന്നത്)തൊക്കെ എഴുതിപ്പിടിപ്പിച്ചതും. ''എന്റെ ഓർഡർ ഇങ്ങനല്ലെന്ന്'' ആരോട് പറയാൻ. ഇതെന്ത് നീതി, ഇതെന്ത് ന്യായം. നീതി ബോധത്തെക്കാൾ കൂടുതൽ ഉദരബോധമുണർന്ന്, ഫ്രീയായി കിട്ടിയ ടൊമാറ്റോ കെച്ചപ്പ് പല്ലും നഖവും ഉപയോഗിച്ച് വലിച്ചു കീറി ഫ്രൈഡ്‌റൈസിലേക്കോഴിച്ചു. ദേ പിന്നേം 'റിപ്പീറ്റ് വാല്യൂ ഞെട്ടൽ' താൻ പറ്റിക്കപ്പെട്ടിരിക്കുന്നു വായിൽവെക്കാൻ കൊള്ളാത്ത ആഹാരം.
ആപ്പിന്റെ ഓഫീസിൽ നേരിട്ട് ചെന്ന് രണ്ട് വർത്തമാനം പറയാമെന്നുവെച്ചാൽ അങ്ങനെയൊന്നില്ല. ആപ്പിന്റെ 24x7 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് നേരം ഇരുട്ടിവെളുത്തു, ഫോൺ കണക്ടാകില്ല. പരാതി മെയിൽ അയച്ചും ചാറ്റു ചെയ്തും പരിഹരിക്കാമെന്നുവെച്ചാൽ ദൃശ്യം സിനിമയിൽ ജോർജുകുട്ടി പോലീസുകാരെ വട്ടംചുറ്റിച്ച അവസ്ഥ. അങ്ങനെ പൗരബോധത്താൽ 'ഉണർന്ന' ഉപഭോക്താവ് ഇതെല്ലാം കഴിയുമ്പോൾ ആറിത്തണുക്കും. ഇതൊരു ഒറ്റപ്പെട്ടസംഭവമല്ല, ഇത്തരത്തിൽ ഒട്ടേറെ പരാതികളാണ് ദിവസവും ഉണ്ടാകുന്നത്.
എന്നാൽ, താൻ കേസുകൊട്
ഓൺലൈൻ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തിൽ ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യ്ക്ക് രാജ്യത്ത് 21,042 പരാതികളാണ് ലഭിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷണംവൈകുന്നത്, ഓർഡർ മാറിപ്പോകൽ, ആപ്പുകളുടെ മോശം പ്രവർത്തനം തുടങ്ങിയ പരാതികളാണിവ. ഇതിൽ 2023-'24 -ൽ ഏകദേശം 74.12 കോടി രൂപ പിഴയിനത്തിൽ ഈടാക്കുകയും 502 കടകളുടെ ലൈസൻസ് റദ്ദാക്കുകയും 316 പേരുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡു ചെയ്യുകയും ചെയ്തു.
പലർക്കും ഇത്തരം പറ്റിക്കപ്പെടലിൽ ആർക്കാണ് പരാതി കൊടുക്കേണ്ടതെന്ന് അറിയില്ല. കേസ് കൊടുത്ത് 'വള്ളി പിടിക്കാൻ' പലർക്കും താത്പര്യവുമില്ല. ഇതാണ് ഇത്തരക്കാർക്ക് വീണ്ടും പറ്റിക്കുന്നതിന് ഊർജമാകുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ foodsafety.kerala.gov.in വെബ്‌സൈറ്റിലോ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ (NCH) ആപ്പിലോ സൈറ്റു വഴിയോ പരാതി നൽകാവുന്നതാണ്. ടോൾ ഫ്രീ നമ്പർ 1915
ഗുണമോ 'തുച്ഛം' വിലയോ 'മെച്ചം'
കടകളിൽ പോയി കഴിക്കാൻ സമയം ഇല്ലാത്തവരോ പുതുരുചി പരീക്ഷിക്കുന്നവരോ ആണ് കൂടുതലും ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നത്. ഓഫർ 'കെണി'യും ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഓഫർ ഇല്ലാത്തപ്പോൾ സാധാരണ കടയിൽ പോയി കഴിക്കുന്നതിനെക്കാൾ കൂടുതൽ പണം നൽകണം.
എന്നാൽ, അതിനനുസരിച്ചുള്ള ഗുണമേന്മയൊന്നും ഭക്ഷണത്തിൽ പ്രതീക്ഷിക്കരുത്. കടകളിൽനിന്ന് ഈ ആപ്പുകൾ 18 മുതൽ 30 ശതമാനം വരെയാണ് കമ്മിഷൻ ഈടാക്കുന്നത്. അതു പോകുന്നതാകട്ടെ ഉപഭോക്താവിന്റെ പോക്കറ്റിൽ നിന്നും. അങ്ങനെയല്ലെങ്കിൽ, വിഭവങ്ങളുടെ എണ്ണം കുറയ്ക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നാണ് ഹോട്ടലുകാരുടെ പക്ഷം.
'ജെൻസീ' ഫയറാണ്
ആലപ്പുഴയിലെ പത്രമോഫീസിലേക്ക് ഒരു പെൺകുട്ടി ദേഷ്യത്തോടെ വരുന്നു, ഒരു വാർത്ത കൊടുക്കണം. കാര്യമിതാണ് കഴിഞ്ഞദിവസം മഴയുള്ള രാത്രി കടയിൽ പോയിക്കഴിക്കാൻ കഴിയാത്തതിനാൽ കൂട്ടുകാർ ചേർന്ന് ആപ്പുവഴി രാത്രി 10-ന് ഭക്ഷണം ഓർഡർ ചെയ്യുന്നു. ഓർഡർ അപ്രൂവായി പണവും എടുത്തു. വെറും മൂന്നു കിലോമീറ്ററുള്ള ഹോട്ടലിൽനിന്ന് 12 മണിയായിട്ടും ഭക്ഷണം ലഭിച്ചില്ല. ഡെലിവറി ബോയ് ഫോൺ എടുക്കുന്നില്ല. ഹോട്ടലിൽ വിളിച്ചപ്പോൾ ഓർഡർ 10.15-നുതന്നെ എടുത്തതായി അറിയുന്നു. ആപ്പിൽ പരാതിയുമായി ബന്ധപ്പെട്ടവരെ ചാറ്റ് ചെയ്യുന്നു, അഞ്ച് മിനിറ്റ് 10 മിനിറ്റ് എന്നു പറയുന്നതല്ലാതെ സാധനം കിട്ടുന്നില്ല.
പണം തിരികെ ലഭിച്ചതാകട്ടെ അടുത്തദിവസം രാവിലെ 10-നും. ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷിച്ചതിനാൽ വേറേ ഓർഡർ ചെയ്തതുമില്ല. അന്ന് രാത്രി പട്ടിണി കിടന്നതിന്റെ ദേഷ്യത്തിലാണ് ആളുടെ വരവ്. കാര്യം കേട്ടശേഷം ബ്യൂറോ ചീഫ് സീനിയർ റിപ്പോർട്ടറുടെ അടുത്തേക്ക് പെൺകുട്ടിയെ വിടുന്നു.
അദ്ദേഹം കേസാണ് കൊടുക്കേണ്ടതെന്ന് ഉപദേശിക്കുന്നു. (കോട്ടയത്തെ വെജിറ്റേറിയൻ ഹോട്ടലിൽ ഊണിനൊപ്പം തൈര് നൽകാതെ അഞ്ച് രൂപ എടുത്തതിന് ഉപഭോക്തൃ കോടതിയിൽ കേസ് നൽകി കടക്കെതിരേ 10,000 രൂപ പിഴയും മറ്റൊരു കേസിൽ വിഷുവിന് വാങ്ങിയ പൂക്കുറ്റിയിൽ പടക്കത്തിന്റെ മരുന്നു നിറച്ചതിന് തൃശ്ശൂരിലെ പടക്ക കമ്പനിക്കെതിരേ കേസ് കൊടുത്ത് അവർ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും വഴങ്ങാതെ 50,000 രൂപ പിഴയടപ്പിച്ചയാളാണ് ഉപദേശി എന്നത് യാദൃച്ഛികം!)
അങ്ങനെ പെൺകുട്ടി എല്ലാം ഡിജിറ്റൽ തെളിവുകളുമായി അന്നുതന്നെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുന്നു. കേസ് ഇപ്പോൾ കോടതിയിലാണ്.
ക്യാച്ചിങ്ങാണ് കച്ചവടം
ആൾക്കാർ ഓൺലൈനിൽ ആഹാരം വാങ്ങിയെങ്കിലേ ഇത്തരം ആപ്പുകൾക്ക് നിലനിൽപ്പുള്ളൂ. എന്നാൽ, ഭക്ഷണസ്ഥാപനങ്ങൾക്ക് ഈ ബാധ്യതയില്ല. അതിനാൽ ആകർഷകമായചിത്രങ്ങൾ നൽകുന്നതും ഭക്ഷണത്തെക്കുറിച്ചുള്ള കുറിപ്പ് നൽകുന്നതും ഇത്തരം ആപ്പുകളുടെ മാർക്കറ്റിങ് (കു)തന്ത്രമാണ്. സ്ഥലവും സമയവും എന്നുവേണ്ട നമ്മൾ തിരയുന്ന വാക്കുകളും സാമൂഹികമാധ്യമംപോലും നകുലന്റെ ഉറക്കം അളക്കുന്ന നാഗവല്ലിയെപ്പോലെ ഇവന്മാർ ചോർത്തും. പിന്നെ ട്രാപ്പിലാക്കി ട്രാക്കിലാക്കാൻ ഓഫർ പെരുമഴയാണ്.
വർഷം, പരാതികളുടെഎണ്ണം
2024-25... 7,482
2023-24... 4,708
2022-23.... 4,321
2021-22..... 3,726
2020-21...... 805
ഗുണം ഇടനിലക്കാർക്ക്
ഭക്ഷണം ആപ്പുകൾവഴി വിതരണം ചെയ്യുന്നതിൽ ഹോട്ടലുകൾക്ക് മെച്ചമൊന്നുമില്ല. ഇടനിലക്കാരുടെ ചൂഷണമാണ് നടക്കുന്നത്. ഹോട്ടലുകൾ അറിയാതെയാണ് ഓഫർ നൽകുന്നതുപോലും. കടകളിൽ നിന്ന് കഴിക്കുന്നതിനെക്കാൾ കൂടുതൽ തുക ഉപഭോക്താവ് നൽകേണ്ടി വരും. നേരിട്ട് വന്നു കഴിച്ചാൽ ഗുണമേന്മ ഉറപ്പാക്കാനും പരാതിയുണ്ടെങ്കിൽ പരിഹരിക്കാനും കഴിയും.
ജെ. ജയപാൽ,
സംസ്ഥാന പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്‌സ് അസോസിയേഷൻ
Content Highlights: Discover the hidden truths behind online food delivery apps. Learn about misleading images, delayed orders, and how to complain effectively to get what you paid for.
Published: 07 Jan 2026, 10:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented