ഴിയോര ഹോട്ടലുകളിലെ ഫിൽറ്റർ കോഫിയുടെ ഗന്ധവും സ്റ്റീൽ പാത്രങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന താളാത്മകമായ ശബ്ദവും ബെംഗളുരുവിലെ പ്രഭാതങ്ങളുടെ ഭാഗമാണ്. നഗരത്തിലെ ഭക്ഷണ സംസ്‌കാരത്തിന്റെ അടയാളവും സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രങ്ങളുമാണ് ഇവ. എന്നാൽ റസ്‌റ്റോറന്റ് ഉടമകളും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള കമ്മീഷൻ തർക്കമാണ് ഇപ്പോൾ ആവിപറക്കുന്ന ചർച്ച.

To advertise here,

'ബൈ ടൂ കോഫി' പോലുള്ള ഹോട്ടലുകളിൽ പോയി കഴിക്കുമ്പോൾ 30 മുതൽ 35 രൂപ വരെ മാത്രം വിലവരുന്ന ഒരു പ്ലേറ്റ് ഇഡ്ഡലി, സ്വിഗ്ഗിയോ സൊമാറ്റോയോ വഴി വീട്ടിലെത്തുമ്പോൾ 90 രൂപയാകും. ഓർഡർ വിലയുടെ ഭൂരിഭാഗവും പോകുന്നത് പ്ലാറ്റ്‌ഫോമുകളുടെ പെട്ടിയിൽ. 70 ശതമാനം തുക തിരികെ ലഭിക്കുമെന്ന് ഹോട്ടലുടമകൾ പ്രതീക്ഷിക്കുമ്പോൾ പരമാവധി കിട്ടുന്നത് 40 ശതമാനം മാത്രം.

  • ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഈടാക്കുന്ന തുക-ഓർഡർ കമ്മീഷൻ ആയി പോകുന്നു.
  • ഉപഭോക്താവിൽനിന്ന് ഈടാക്കുന്ന ഫീസ് പ്ലാറ്റ്‌ഫോം ഫീയാകുന്നു.
  • ഡിജിറ്റൽ ഇടപാടുകൾക്കായി പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജും.
  • സേവന നിരക്കുകൾക്ക് മുകളിൽ ജിഎസ്ടി ബാധകം.
  • ക്യാൻസലേഷൻ ചാർജുകൾ, ലോങ് ഡിസ്റ്റൻസ് ചാർജുകൾ എന്നിങ്ങനെ മറ്റ് നിരക്കുകളും.
  • പരസ്യങ്ങൾക്കും വിലക്കിഴിവുകൾക്കുമായി പ്രൊമോഷണൽ ചെലവുകളും.

പ്ലാറ്റ്‌ഫോമുകൾ സ്വന്തം നിലയിൽ വിലക്കിഴിവും പരസ്യങ്ങളും നൽകി അതിന്റെ ബാധ്യത റെസ്റ്റോറന്റുകൾക്കുമേലിടുന്നു. റസ്റ്റോറന്റുകളുടെ അനുമതിയില്ലാതെ മറഞ്ഞിരിക്കുന്ന ചാർജുകൾ ഈടാക്കുന്നു. സമ്മതിച്ച കമ്മീഷൻ തുക മാത്രം ഈടാക്കുന്നതിന് പകരം കൂടുതൽ തുക റെസ്റ്റോറന്റുകൾക്ക് നൽകേണ്ടിവരുന്നു.

ലഭിക്കുന്നത് ഭക്ഷണത്തിന്റെ യഥാർഥ വിലയുടെ പകുതിപോലുമില്ലെന്ന് ഹോട്ടലുടമകൾ. പലപ്പോഴും വിലയുടെ 40 ശതമാനം മാത്രമാണ് എല്ലാംകഴിഞ്ഞ് കിട്ടുകയത്രേ. സേവന നിരക്ക് 20 ശതമാനത്തിൽ താഴെയാക്കണമെന്നും കിഴിവുകൾക്കും പരസ്യങ്ങൾക്കും റെസ്റ്റോറന്റുകളുടെ അനുമതി വാങ്ങണമെന്നുമാണ് റെസ്റ്റോറന്റ് അസോസിയേഷനുകളുടെ ആവശ്യം.

ഒന്നുമാത്രം മെച്ചം. സ്വിഗ്ഗിയും സൊമാറ്റോയും മൂലം കച്ചവടം കൂടി. എന്നാൽ ഈ മോഡൽ ബിസിനസ് സാധാരണക്കാരന്റെ പോക്കറ്റിന് വെല്ലുവിളിയാകുന്നു. 30 രൂപയുടെ ഭക്ഷണത്തിന് 90 രൂപ നൽകേണ്ടിവരുമ്പോൾ ആരുടെ പെട്ടിയാണ് നിറയുന്നത്. ആരുടെ പോക്കറ്റാണ് കാലിയാകുന്നത്? സൗകര്യങ്ങൾക്കും വേഗത്തിനും ഇത്രയും വിലനൽകേണ്ടതുണ്ടോ?

ബെംഗളുരുവിലെ ഭക്ഷണ സംസ്‌കാരത്തിന്റെ തനിമയും സാധാരണക്കാരന്റെ കീശയും സംരക്ഷിക്കപ്പെടണമെങ്കിൽ, ഈ അമിത ഈടാക്കലിൽ സുതാര്യതയും നീതിയും അനിവാര്യമായിരിക്കുന്നു. അല്ലെങ്കിൽ ചൂടുപറക്കുന്ന ഇഡ്ഡലിയും ഫിൽറ്റർ കോഫിയും പഴയ ബെംഗളുരു രൂചികളുടെ മായാക്കാഴ്ചയാകും.