നാളികേരം അരച്ചും ചതച്ചും ഒക്കെ ചേർത്ത കറികൾ എത്രത്തോളം പ്രിയങ്കരമാണോ, അത്ര തന്നേ നമ്മൾ ഇഷ്ടപ്പെടുന്നതാണ് നാളികേരപ്പാൽ ചേർത്തുള്ള വിഭവങ്ങൾ. തേങ്ങാപ്പാലിന്റെ ഇളംമധുരം ഇത്തരം കറികളുടെ രുചി ഒരു പടി ഉയർത്തുക തന്നെ ചെയ്യും. മലയാളികൾക്ക് ഓലനും സ്റ്റൂവും ഫിഷ് മോളിയും ഒക്കെ തേങ്ങാപ്പാൽ കൊണ്ടുള്ള കറികളിൽ മുൻപന്തിയിൽ നിൽക്കുന്നു. കൊങ്കണികളുടെ രുചിക്കൂട്ടിലും തേങ്ങാപ്പാൽ വിഭവങ്ങൾക്ക് സവിശേഷത ഏറും.
തേങ്ങാപ്പാൽ കൊണ്ടുള്ള കൊങ്കണി രുചികളിൽ പ്രധാനി "വൽവൽ "തന്നെ. ഓലനോട് സാമ്യമുള്ള ഇതിൽ കുമ്പളങ്ങയ്ക്കും മത്തനും പുറമെ ഉരുളക്കിഴങ്ങും ചേനയും അച്ചിങ്ങയും ചേർക്കും. രണ്ടാം പാലിൽ വേവിയ്ക്കുന്ന കഷ്ണങ്ങളിൽ, ഒന്നാം പാൽ കൂടെ ചേർത്ത് അവസാനം കായവും നിർബന്ധമായും ചേർക്കും. കായത്തിന്റെ മണം അൽപം മുന്നിട്ട് തന്നേ നിൽക്കും. പച്ച വെളിച്ചെണ്ണ ചേർത്തെടുക്കുന്നത്തോടെ വൽവൽ എന്ന ഈ കറി അതിന്റെ പൂർണതയിലെത്തും. ഇതേ കൂട്ടിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും കായവും കൂടെ താളിച്ചു ചേർത്തും ചില ഭാഗങ്ങളിൽ വൽവൽ ഉണ്ടാക്കും.
Also Read
പാവയ്ക്കയും പച്ചമാങ്ങയും തേങ്ങാപ്പാലിൽ വേവിച്ചു താളിച്ചു ചേർത്തെടുക്കുന്ന പാവക്ക " ഗൂണ " എന്ന കറിയാണേൽ രുചിയിൽ അതിവിശിഷ്ടം. മുൻപ് ഇതേ പംക്തിയിൽ ഈ രണ്ട് രുചികളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ പഴുത്ത ഞാലിപ്പൂവൻ പഴം പച്ചമുളക് ചേർത്തുടച്ചുണ്ടാക്കുന്ന " "കേള്യ പച്ചടി"യിലും തേങ്ങാപ്പാൽ ചേർക്കും.
ഇത്തരത്തിൽ അതീവ രുചികരവും തേങ്ങാപ്പാൽ പ്രധാന ഘടകമായുള്ള ഒരു കൊങ്കണി രുചിയാണിന്ന് പരിചയപ്പെടുത്തുന്നത്. ഇത് "മോർകൊൾമ്പോ". തമിഴരുടെ മോർകുളമ്പിനോട് പേരിൽ മാത്രമേ സാമ്യമുള്ളൂ താനും. മോരോ തൈരോ ഇതിൽ തീരെ ഉപയോഗിക്കാറുമില്ല. വെണ്ടയ്ക്ക ആണിതിലെ താരം. എളുപ്പത്തിൽ ചോറിനൊപ്പം വിളമ്പാനൊരു കറിയെന്നതിനു പുറമെ വെണ്ടയ്ക്ക പ്രേമികൾ തീർച്ചയായും ഇഷ്ടപ്പെടുന്ന രുചിയുമാണ് ഈ മോർകൊൾമ്പോയ്ക്ക്.
പാചകരീതിയിലേക്ക്
ചേരുവകൾ
1.വെണ്ടയ്ക്ക - 8-10 എണ്ണം
2.പച്ചമുളക് - 4-5 എണ്ണം
3.ഒന്നാം തേങ്ങാപ്പാൽ - 1 കപ്പ്
4.രണ്ടാം പാൽ - ഒന്നര കപ്പ്
5.കടുക് -1 ടീസ്പൂൺ
6.കറിവേപ്പില- 1 കതിർപ്പ്
7.വറ്റൽമുളക്- 4 എണ്ണം
8.കായപ്പൊടി- 1 ടീസ്പൂൺ
9.വെളിച്ചെണ്ണ- 2 ടീസ്പൂൺ
10. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
വെണ്ടയ്ക്ക കഷ്ണങ്ങൾ രണ്ടാം പാലിൽ പച്ചമുളക് നെടുകെ കീറിയതും ഉപ്പും ചേർത്ത് വേവിയ്ക്കുക. വെന്തു പാകമാകുമ്പോൾ ഒന്നാം പാൽ ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി വെയ്ക്കുക. കടുക് കറിവേപ്പില വറ്റൽമുളക് കായപ്പൊടി എന്നിവ താളിച്ചു ചേർക്കുക.
Content Highlights: mor kulambo konkani dish
Published: 15 May 2024, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented