ധുര പലഹാരങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നേ കൊതിയൂറുന്നവരാണ് മിക്കവരും. എന്നാല്‍ അധികമായാല്‍ മധുര പലഹാരങ്ങള്‍ ആരോഗ്യത്തിനു ദോഷകരമാകും. അവിടെയാണ് ഇലയടയ്ക്കുള്ള പ്രസക്തി. രുചിക്കു പുറമെ ആവിയില്‍ വേവിച്ചെടുക്കുന്നുവെന്ന ഗുണവും കൂടെ ശര്‍ക്കരയാണല്ലോ മധുരം കിനിയുന്നത് എന്നൊരല്പം സമാധാനവും. ഇതിനൊപ്പം ഇലകളുടെ ആ തനത് മണവും. ഒക്കെ കൂടെ ചേരുമ്പോള്‍ ഇലയപ്പത്തിന്റെ തട്ട് താണിരിക്കും.

To advertise here,

ഇനി കൊങ്കണികളുടെ വിശിഷ്ട രുചികളായ ഇലയപ്പ വിശേഷങ്ങളിലേക്ക്. വാഴയിലയ്ക്ക് പുറമെ കൊങ്കണികള്‍ മഞ്ഞളില, തേക്കില, ഉത്തര കേരളത്തില്‍ ചെമ്പകമെന്നും മറ്റിടങ്ങളില്‍ പാലപ്പൂവെന്നും വിളിക്കുന്ന പൂവിന്റെ ഇലയിലും, വട്ടയിലയിലുമൊക്കെ ഇലയപ്പം ഉണ്ടാക്കും. പത്തളി / പത്തോളി എന്നാണിവയ്ക്ക് പൊതുവായി കൊങ്കണിയില്‍ വിളിക്കുന്ന പേര്.

ഇതില്‍ മധുരം അല്ലാതെ നല്ല എരിവോടെ, ചോറിനൊപ്പം വിളമ്പുന്ന' സന്നാ ഖൊട്ടോ ' എന്ന് വിളിക്കുന്ന ഇലയപ്പവും പെടും കേട്ടോ. നാലു പ്ലാവിലകള്‍ പച്ച ഈര്‍ക്കിലി വെച്ച് കോട്ടി കുമ്പിള്‍ പോലാക്കി അതില്‍ മാവ് നിറച്ചാണ് ഈ വിഭവം തയ്യാറാക്കുക. വട്ടയിലയിലും ഇതുണ്ടാക്കാറുണ്ട്.   ഇഡ്ഡലി മാവും ഇതെ പ്ലാവില കുമ്പിളില്‍ ഉണ്ടാക്കും.

ചക്കക്കാലത്താണ് ചക്കയപ്പത്തിന്റെ വരവ്. പാലപ്പൂവിന്റെ ഇലകളിലോ തേക്കിന്റെ ഇലകളിലോ ആണ് ചക്കയപ്പം തയ്യാറാക്കുക. പോണ്‍സാ മുദ്ദോ എന്നാണിതിന്റെ പേര്.  രണ്ട് ഇലകളുടെം തനത് മണം ചക്കയപ്പത്തിന് കാണും. തേക്കില ആണെങ്കില്‍ മുദ്ദോയ്ക്ക് ഇളം ചുവപ്പ് നിറം കൂടെ  കിട്ടും.

ഇന്നത്തെ വിഭവം മഞ്ഞളിലയിലുണ്ടാക്കുന്ന ഇലയപ്പം അല്ലെങ്കില്‍ പത്തളി. പത്തോളി എന്നും പറയും. മഞ്ഞളിലകള്‍ക്ക് ഒരു പ്രത്യേക മണമാണ്. ഇലയപ്പത്തിന് ഈ മണം കൂടെ ആവുമ്പോള്‍ സ്വര്‍ഗീയം എന്ന് തന്നേ പറയാം. നടുക്ക് വെയ്ക്കുന്ന തേങ്ങാക്കൂട്ടിനെ 'ചൂര്‍ണു' എന്നാണ് കൊങ്കണിയില്‍ വിളിക്കുക.

പല വിശേഷ പൂജാ ദിവസങ്ങളിലും മറ്റും ഉച്ചയ്ക്കുള്ള സദ്യക്കൊപ്പം പത്തളി നിര്‍ബന്ധവുമാണ്. ഇതിനായി മാത്രം ഒന്നോ രണ്ട് മൂട് മഞ്ഞള്‍ കൊങ്കണികള്‍ നട്ടു പിടിപ്പിക്കും. വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പാരമ്പര്യ രുചി ആസ്വദിക്കാന്‍.

ചേരുവകള്‍ 

1.പച്ചരി - 1 കപ്പ് 
2.തേങ്ങ  - 1/4 കപ്പ്
3.ശര്‍ക്കര -1 ടേബിള്‍സ്പൂണ്‍
4. ഉപ്പ്    -1/4 ടീസ്പൂണ്‍

ചൂര്‍ണു തയ്യാറാക്കാന്‍ 
1. തേങ്ങാ - 2 കപ്പ്
2. ശര്‍ക്കര - 1/4 കിലോ

പാചകരീതിയിലേക്ക് 


നല്ല വലിയ മഞ്ഞളിലകള്‍ പറിച്ചു കഴുകി തുടച്ചു രണ്ടറ്റവും അല്പം മുറിച്ചു കളയുക.പച്ചരി ഒരു മണിക്കൂര്‍ കുതിര്‍ത്തു തേങ്ങ ചേര്‍ത്ത് നല്ല മഷി പോലെ അരച്ചെടുക്കുക.
മാവിന്റെ അയവ് അധികം നേര്‍ത്തു പോവരുത്. ഇലകളില്‍ നിന്നും മാവ് പുറത്തേക്കു ഒഴുകാന്‍ കാരണമാകും.എന്നാല്‍ തീരെ കട്ടിയുമാകാതെ നോക്കണം.

ചൂര്‍ണുവിനായി ശര്‍ക്കര അലിയിച്ചു കരട് നീക്കിയ ശേഷം പാനി തയ്യാറാക്കുക.
ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ഇളക്കി ഏതാനും മിനിറ്റുകള്‍ ചെറിയ തീയില്‍ പാകം ചെയ്യുക. നന്നായി വിളയിച്ചെടുക്കുക.

placeholder
.
ഇലയില്‍ മാവ് പരത്തേണ്ട രീതി.

ശേഷം മാവ് സ്പൂണ്‍ കൊണ്ട് മഞ്ഞളിലയില്‍ പുരട്ടുക.ഇതിന്റെ നടുക്കായി ചൂര്‍ണു  നേര്‍പ്പിച്ചു ഇട്ടു കൊടുക്കുക.ഇലകള്‍ ഓരോന്നായി വെറുതെ മടക്കി ഇഡ്ഡലിച്ചെമ്പില്‍ ഇരുപത് മിനിറ്റു മുതല്‍ അരമണിക്കൂര്‍ വരെ വേവിയ്ക്കുക. ചൂടാറിയതിനു ശേഷം കഴിക്കാം.