വേനലവധി കുട്ടികള്‍ക്ക് കളിക്കാനുള്ളതാണ്. പഠന പുസ്തകങ്ങളുടെ ലോകത്ത് നിന്ന് കുറച്ചു നാളത്തേക്ക് ഒരു ഒഴിവ്. കളിയോടൊപ്പം തന്നേ കുട്ടികള്‍ക്ക് വേണ്ടത് ഇടവേളകളില്‍ കഴിക്കാന്‍ നാക്കില്‍ വെള്ളമൂറുന്ന പലഹാരങ്ങള്‍ കൂടെയാണ്. അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ വിഭവങ്ങള്‍ എന്നുമൊരു സമസ്യ തന്നെയാണ്. എന്നും പുതിയ രുചി തേടി അലയുമ്പോള്‍ ഇടയ്ക്ക് അവര്‍ക്കായി പഴമയുടെ രുചിക്കൂട്ടില്‍ നിന്നുള്ള വിഭവം നല്‍കാം.
പണ്ടൊക്കെ സ്‌പെഷ്യല്‍ വിഭവം എന്നാല്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അവില്‍ വിളയിച്ചത് ആയിരുന്നു. മധുരം പൊതുവേ കുട്ടികളുടെ ഇഷ്ട രുചിയാണ്. എളുപ്പത്തിലുണ്ടാക്കാം എന്ന് മാത്രല്ല, പോഷകം നിറഞ്ഞതും ഒന്നുരണ്ട് ദിവസം കേട് കൂടാതെ നില്‍ക്കുകയും ചെയ്യും.
Also Read
ഇവിടെ പരിചയപ്പെടുത്തുന്നത് കൊങ്കണി സ്‌പെഷ്യല്‍ അവില്‍ വിളയിച്ചത് അല്ലെങ്കില്‍ 'ഗോടു ഫോവു '. ഗോടു എന്നാല്‍ കൊങ്കണിയില്‍ മധുരമെന്നും ഫോവു എന്നാല്‍ അവിലെന്നുമാണ് അര്‍ത്ഥം. സാധാരണ വെള്ള അവിലാണ് ഗോടു ഫോവു ഉണ്ടാക്കാന്‍ നല്ലത്. കട്ടി കൂടിയ മട്ട അവിലിനെക്കാളും രുചിയും മാര്‍ദ്ദവവും വെള്ള അവിലിനാണ്. എന്നുവെച്ച് മട്ട അവില്‍ കൊണ്ടും ഗോടു ഫോവു ഉണ്ടാക്കാം.
ഗോടു ഫോവുവിന് കൊങ്കണികളുടെ ഇടയില്‍ അത്യധികം പ്രാധാന്യമുണ്ട്. വിശേഷ പൂജ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും പ്രസാദമായി ഉണ്ടാക്കുന്ന വിഭവങ്ങളില്‍ മുന്‍പന്തിയിലാണ് ഗോടു ഫോവു. ഇളം ചൂടോടെ വാഴയിലക്കീറില്‍ വിളമ്പുന്ന ഗോടു ഫോവുവിന് വേണ്ടി കുട്ടികള്‍ അന്നൊക്കെ കാത്തു നില്‍ക്കും. വീടുകളിലാണെങ്കില്‍ ഒരു ഞാലിപ്പൂവന്‍ കൂടെ അവിലിനൊപ്പം ഞെരടി കഴിക്കും. അതിന്റ രുചി വേറെ ലെവല്‍. രുചിയോര്‍മകളില്‍ മധുരം കിനിയുന്ന ഈ പ്രിയപ്പെട്ട വിഭവത്തിന്റെ പാചകരീതി താഴെ ചേര്‍ക്കുന്നു.
ചേരുവകള്‍
1.ശര്‍ക്കര- 1/4 കിലോ
2.അവില്‍- 3 കപ്പോളം.
3.തേങ്ങാ-ഒന്നര കപ്പ്
4.നെയ്യ്-2-3 ടീസ്പൂണ്‍
പാചകരീതി
ശര്‍ക്കര പൊടിച്ചു കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കുക. ശേഷം അരിച്ചെടുക്കുക. ഇനി ശര്‍ക്കര ഉരുക്കിയത് ചെറുതീയില്‍ ചൂടാക്കുക.
ഇടയ്ക്ക് ഇളക്കി കൊടുക്കുക.
ശര്‍ക്കര രണ്ട് നൂല്‍ പരുവത്തില്‍ പാനിയാകുമ്പോള്‍ തേങ്ങാ ചേര്‍ത്ത് നന്നായി ഇളക്കുക. നെയ്യ് കൂടി ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്.
രണ്ട് മൂന്ന് മിനിറ്റുകള്‍ കൂടി അടുപ്പില്‍ വെച്ച് ശേഷം അടുപ്പില്‍ നിന്നും മാറ്റുക.ഇനി ഇതിലേക്ക് ഉടനെ തന്നേ അവില്‍ ചേര്‍ക്കുക.
അവില്‍ ഒറ്റയടിക്ക് ചേര്‍ക്കാതെ നിങ്ങളുടെ പാനിയില്‍ പിടിക്കുന്നത്രയും ചേര്‍ക്കാം.ഏകദേശം മൂന്ന് കപ്പ് എങ്കിലും അവില്‍ ചേര്‍ക്കാവുന്നതാണ്.
താല്‍പര്യമുള്ളവര്‍ക്ക് മൂന്നുനാല് ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാവുന്നതാണ്(നിര്‍ബന്ധമില്ല). നെയ്മണം തന്നേ ധാരാളമെന്നേ എനിക്കു തോന്നാറുള്ളൂ.
ഇനി ഇളം ചൂടോടെ ഗോടു ഫോവു ആസ്വദിക്കാം.
Content Highlights: godu fodu recipe
Published: 02 May 2024, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented