'കറികൾ' എന്നു കേൾക്കുമ്പോൾത്തന്നെ നാക്കിൻ തുമ്പത്ത് ഓടി വരുന്നത് അല്പം എരിവും പുളിയും ഒക്കെ നിറഞ്ഞ രുചിയോർമകൾ ആയിരിക്കും. എന്നാൽ അവയിൽ അല്പം മധുരം കൂടെ ചേർന്നാലോ? മധുരക്കറികൾ എന്ന ഈ വിഭാഗം കൊങ്കണികളുടെ പാചകത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്തയവയാണ്. സദ്യയാണെങ്കിൽ നിർബന്ധമായും ഒരു മധുരക്കറി കാണും. പൈനാപ്പിളും മാമ്പഴവും ചേർത്ത "സാസം", മാമ്പഴം കൊണ്ടുണ്ടാക്കുന്ന " ഹുമ്മൺ ", മധുര അമ്പഴങ്ങ കൊണ്ടുള്ള " സുക്കെ " ഒക്കെ ഈ ഗണത്തിൽ പെടും. ഇവയൊക്കെ ഈ പംക്തിയിൽ മുൻപ് പരിചയപ്പെടുത്തിയിട്ടുമുണ്ട്.
ഇതുകൂടാതെ ചില പ്രത്യേക കറികളിലും ഉപ്പേരികളിലുമൊക്കെ ഒരു കഷ്ണം ശർക്കര ചേർക്കുന്നത് പണ്ടുള്ളവരുടെ ഒരു രുചിക്കൂട്ടായിരുന്നു. സാമ്പാറിലും രസത്തിലുമൊക്കെ ഒരു കഷ്ണം ശർക്കര ചേർക്കുന്നത് അതിന്റെ രുചി പൊടിക്ക് കൂട്ടുക തന്നെ ചെയ്യും. വാഴക്കൂമ്പ്, അമരപയർ പോലേ ചെറു കയ്പ്പ് രുചി വരാൻ സാധ്യത ഉള്ള ഇത്തരം ഉപ്പേരികളിലും മുതിർന്നവർ ഒരു കഷ്ണം ശർക്കര ചേർക്കും. പീച്ചിങ്ങ, പടവലങ്ങ, മത്തങ്ങാ ഉപ്പേരികളിലും കൊങ്കണികൾ ശകലം ശർക്കര ചേർക്കാറുണ്ട്. എന്തിനേറെ മത്തനും കരിമ്പിൻ കഷ്ണങ്ങളും ചേർത്തുണ്ടാക്കുന്ന ഉപ്പേരിക്കുവരെ ആരാധകർ ഏറെ.
Also Read
ഇന്ന് പരിചയപ്പെടുത്തുന്നത് വിവിധ പച്ചക്കറികൾ ഒരുമിച്ച് ചേർത്തുണ്ടാക്കുന്ന മധുരക്കറിയായ " ഗോഡ് സുക്കെ ". ഗോഡ് എന്നാൽ മധുരം എന്നാണ് അർഥം. വെള്ളരിക്കയും മത്തനും മുരിങ്ങക്കായയും ഉരുളക്കിഴങ്ങും ഒക്കെയാണ് ഇതിലെ താരങ്ങൾ. കൂട്ട് കറിയായാണ് ഇത് ഊണിനൊപ്പം വിളമ്പുക. മധുരക്കറികളുടെ ഫാൻസ് ഉറപ്പായും ഉണ്ടാക്കിനോക്കേണ്ട വിഭവം തന്നെയാണീ ഗോഡ് സുക്കെ.
ചേരുവകൾ
- വെള്ളരിക്ക - 1/4 കപ്പ്
- മത്തൻ - 1/4 കപ്പ്
- മുരിങ്ങയ്ക്ക - 1 വലുത്
- ഉരുളക്കിഴങ്ങ് -1 ഇടത്തരം
- തേങ്ങാ - 1/2 കപ്പ്
- വറ്റൽ മുളക് - 6 - 8 എണ്ണം
- മല്ലി - ഒന്നര ടീസ്പൂൺ
- ഉഴുന്ന് - ഒരു ടീസ്പൂൺ
- വാളൻ പുളി - ഒരു കുഞ്ഞു കഷ്ണം.
- ശർക്കര - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂൺ
- ഉലുവ - മുക്കാൽ ടീസ്പൂൺ
- കറിവേപ്പില - ഒരു കതിർപ്പ്
- വെളിച്ചെണ്ണ - 2-3 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മല്ലിയും ഉഴുന്നും വറ്റൽ മുളകും ചെറുതീയിൽ ചുവക്കെ വറുക്കുക. ശേഷം ഈ കൂട്ട് തേങ്ങയും വാളൻ പുളിയും ഒപ്പം ചേർത്ത് ഒരല്പം തരുത്തരുപ്പായി അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. പച്ചക്കറികൾ അല്പം വലിയ കഷ്ണങ്ങളാക്കി ഉപ്പും ശർക്കരയും ചേർത്ത് കുക്കറിൽ ഒരൊറ്റ വിസിൽ വരുന്ന വരെ വേവിക്കുക.
ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർക്കുക. വേവിക്കാനെടുത്ത വെള്ളവും ചേർക്കാം. ഇതിലേക്ക് അരപ്പ് ചേർക്കാം. ഇനി സാവകാശം ഇളക്കി ചെറുതീയിൽ പാകം ചെയ്യുക. വെള്ളം വറ്റി ചാറ് കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. " ഗോഡ് സുക്കെ " തയ്യാർ.
Content Highlights: konkani god sukke recipe
Published: 06 Apr 2024, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented